ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ രസികൻ കുറിപ്പുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാൽ ‘കാര്യം നിസ്സാരമല്ല, പ്രശ്‌നം ഗുരുതരം തന്നെയാണ്’ എന്ന് തന്റെ സിനിമാപ്പേരുകളെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

 

ബാലചന്ദ്ര മേനോന്റെ വാക്കുകൾ:

 

ഇന്ന് മെയ് 12. വേൾഡ് ഹൈപ്പെർ ടെൻഷൻ ഡേ ആണത്രെ ! കോളജ് ഫലിതങ്ങളിൽ ഒന്ന്, ബിപി ഉണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ അർഥം 'ഭാര്യയെ പേടി' എന്നാണ്. പിന്നെ ഇന്ന് മെയ് 12. ലോക നഴ്സ് ദിനം ആണത്രെ !

 

ഒരു നല്ല ഭാര്യ ഒരു നല്ല നഴ്സ് ആയിരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ തെറ്റുന്നു പറയാനാവില്ല. തീർന്നില്ല. ഇന്ന് മെയ് 12. എന്റെ സോറി , ഞങ്ങളുടെ വിവാഹ വാർഷികം ആണത്രെ ! എത്രാമത്തെയാണെന്നോ, അതറിഞ്ഞു സുഖിക്കണ്ട. പതിറ്റാണ്ടുകൾ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി.

 

ഞാൻ ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ; ഉണ്ടെങ്കിലും ഞാൻ സമ്മതിച്ചു തരില്ല. കാരണം ഞാൻ പുരുഷനാണ്. വരദ നഴ്‌സിനെ പോലെയാണോ എന്ന് ചോദിച്ചാൽ, ആവശ്യം വന്നാൽ നഴ്സ് തോറ്റു പോകും എന്ന് കെട്ടിയോനായ ഞാൻ പറയുന്നത് ഭാര്യയെ പേടിച്ചിട്ടാണ് എന്ന് കരുത്താതിരിക്കുക. ഇതുവരെയുള്ള ദാമ്പത്യ ബന്ധം ഒന്ന് വിലയിരുത്തിയാൽ പണ്ട് കാരണവന്മാർ പറഞ്ഞിട്ടുള്ളത് പോലെ 'ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം അങ്ങ് പോകുന്നു എന്ന് പറയാം. ഒന്ന് പറഞ്ഞേ പറ്റൂ. പുതു വസ്ത്രങ്ങൾ അണിയാനും സെൽഫി എടുക്കാനും ഒക്കെ എളുപ്പമാ. പക്ഷേ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാൽ 'കാര്യം നിസ്സാരമല്ല , പ്രശ്‌നം ഗുരുതരം തന്നെയാണ് ...' (ഈ പ്രയോഗങ്ങൾ എങ്ങോ കേട്ടതുപോലെ , അല്ലെ ?)

 

ഞാനും ഭാര്യയും പുതു വസ്ത്രങ്ങൾ അണിഞ്ഞു പുഞ്ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ കണ്ട ഒരു പത്ര പ്രവർത്തകൻ പണ്ടെങ്ങോ വരദയോട് ഒരു ചോദ്യം ചോദിച്ചു: മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് ?

 

വരദ രൂക്ഷമായി എന്നെ നോക്കി. ഞാൻ വിഷമിച്ചു. എന്തെന്നാൽ ...കഴിഞ്ഞു പോയ രാത്രിയിൽ ഏതോ 'കച്ചട' കാര്യത്തിന്റെ പേരിൽ കുടുംബ കോടതിയിൽ വച്ചു കാണാം എന്ന് ഞാൻ പറഞ്ഞത് എനിക്ക് ഓർമ വന്നു. എന്നാൽ വരദയുടെ മറുപടി കലക്കി. എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവൾ പറഞ്ഞു ...

 

"അത് ...ചന്ദ്രേട്ടൻ ഓന്താണ് ...."

 

ഇപ്പോൾ ഞാൻ അവളെ പരുഷമായി നോക്കി. അപ്രിയ സത്യങ്ങൾ പറയരുത് എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞത് ഇവൾ മറന്നു പോയോ ?

 

ഓന്തായ ചന്ദ്രേട്ടൻ മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും ....

 

അയ്യോ ..എന്തു കഷ്ടമാണ്, പത്രക്കാരൻ എരിതീയിൽ എണ്ണ ഒഴിച്ചു കൊടുത്തു. പത്രക്കാരന്റെ തനി ഗുണം.

 

അതു കൊണ്ടു എനിക്കു കൊഴപ്പമില്ല ...'ചിരിച്ചുകൊണ്ട് വരദ തുടർന്നു .. "കാരണം , ഞാൻ അരണയാണ് ....എല്ലാം അപ്പപ്പം മറക്കും ...എന്നിട്ടു സെൽഫി എടുക്കും ..."

 

വിവാഹം കഴിച്ചു അനുഭവിക്കുന്നവർക്കും , കഴിച്ചു അനുഭവിക്കാൻ പോകുന്നവർക്കും എന്നും ഈ 'ഒറ്റമൂലി ' ഞങ്ങൾ സധൈര്യം ശുപാർശ ചെയ്യുന്നു. വിവാഹിതരായവരെ ഇതിലെ ....(പണ്ടാരം ...ഇതും എവിടെയോ കേട്ടിട്ടുണ്ടല്ലോ ...ആ ...പോട്ട് )

 

എന്താ ചേട്ടൻ ചോദിച്ചത് ? എത്രാമത്തെ വാർഷികമാണെന്നോ ?

 

കൊച്ചു കള്ളാ ...അവിടെ തന്നെ നിൽക്കുകയാ അല്ലെ ?

 

അതിനുത്തരം അടുത്താത്ത വിവാഹ വാർഷികത്തിൽ വെളിപ്പെടുത്താം ...

 

"ഇത് കുറുപ്പിന്റെ ഉറപ്പായി പോകുമോ ?" എന്നാണു ചോദ്യം ( ..ശ്ശെടാ ..കുറുപ്പെന്നും എവിടെയോ കേട്ടിട്ടുണ്ടല്ലോ ...ആ പോട്ട് ..)

 

ഒരു കാര്യം കൂടി പറഞ്ഞോട്ടെ ...വിവാഹം സ്വർഗത്തിൽ നടക്കുന്നതാണ്. അത് കൊണ്ട് തന്നെ അതിനെ സ്വർഗീയമായി സൂക്ഷിക്കുക മാലോകരെ !...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com