ADVERTISEMENT

സലിം കുമാറിനെ നടൻ സലിം കുമാർ ആക്കിയതിൽ സന്തോഷ് ട്രോഫിക്കും ഉണ്ട് പങ്ക്. കേട്ട് ഞെട്ടേണ്ട. കേരളം വീണ്ടും സന്തോഷ് ട്രോഫി ജേതാക്കൾ ആയപ്പോൾ  ആ കഥ ഓർത്തെടുക്കുകയാണ് സലിം കുമാർ. പെനാലിറ്റി കിക്കിലൂടെ കലോത്സവ വേദികളിലെ മിന്നും താരമായ അജയനെ (ഗിന്നസ് പക്രുവിനെ)  1993ലെ എംജി സർവകലാശാല കലോത്സവത്തിനിടയിൽ മലർത്തി അടിച്ചാണ് സലിം കുമാർ ഒന്നാമതെത്തിയത്. ആ കഥ ഇങ്ങനെ...

 

1993-ലെ എം.ജി. സർവകലാശാല യുവജനോത്സവ ദിനങ്ങളിലൊന്ന്. മഹാരാജാസിൽ വച്ചാണ് യുവജനോത്സവം നടക്കുന്നത്. ഇതിൽ പങ്കെടുക്കാനായി രാവിലെ ബസിൽ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ച് വിഷയം ഒന്നും തിരഞ്ഞെടുത്തിട്ടില്ല. രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും  ശബ്ദം അനുകരിക്കുമെന്നു മാത്രം. ബസിൽ യാത്ര ചെയ്യുമ്പോഴാണ് അന്നത്തെ പത്രം കടയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. കേരളവും കർണാടകവും തമ്മിലുള്ള സന്തോഷ് ട്രോഫി മത്സരത്തിന്റെ സെമി ഫൈനൽ അന്ന് മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ  നടക്കുന്ന വാർത്ത ഒന്നാം പേജിൽ കണ്ടു. ഉടൻ മനസ്സിൽ ലഡു പൊട്ടി. 

 

ഈ മത്സരത്തിന്റെ കമന്ററി രൂപത്തിൽ മിമിക്രി അവതരിപ്പിച്ചാലോ എന്നു ചിന്തിച്ചു. ബസിൽ ഇരുന്നു തന്നെ ഒരു സ്‌ക്രിപ്റ്റ് മനസ്സിൽ തയാറാക്കി. പ്രാക്ടീസും ബസ്സിൽ ഇരുന്നു തന്നെ. യാത്രക്കാർ എല്ലാം എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് വല്ല ഭ്രാന്തും ആണെന്ന് അവർ കരുതിക്കാണും. രാജേന്ദ്ര മൈതാനത്തെ വേദിയിൽ നിന്ന്  മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ കമന്ററി ഞാൻ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ ഈ മത്സരത്തിന്റെ കമന്ററി എങ്ങനെ അവതരിപ്പിക്കുമെന്നാണ് അവതരിപ്പിച്ചത്.

 

സാധാരണ ചെയ്യുന്നപ്പോലെ അന്ന് ഞാൻ സിനിമാക്കാരുടെ ശബ്ദം അനുകരിച്ചിരുന്നില്ല. ആദ്യമായിട്ടായിരുന്നു മിമിക്രി വേദിയിൽ ഇങ്ങനെ ഒരു പരീക്ഷണം. കാണികൾ എല്ലാം എനിക്കു തന്നെ ഒന്നാം സ്ഥാനമെന്ന് ഉറപ്പിച്ചിരുന്നു. റിസൾട്ട് വന്നപ്പോഴു മാറ്റം ഒന്നും സംഭവിച്ചില്ല. അന്നത്തെ ആ പരീക്ഷണം വിജയിച്ചു. പിന്നീട് ഇങ്ങോട്ട് മിമിക്രി പരീക്ഷണങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയത് കോട്ടയം ബസേലിയോസ് കോളജിൽ നിന്നെത്തിയ അജയകുമാറിനായിരുന്നു. ഞങ്ങളുടെ ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫറുടെ മനസ്സിലും ഒന്നു രണ്ട് ലഡു ഒന്നിച്ചു പൊട്ടി. 

 

ഞാൻ അജയനെ എടുത്തുകൊണ്ട് നിൽക്കണമെന്നായി അദ്ദേഹം. ചിത്രം മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ വന്നു. ഇപ്പോഴും എന്നെ കാണുമ്പോൾ ഇടയ്ക്കിടയ്ക്ക് പക്രു ‘ചൊറിഞ്ഞു’ കൊണ്ടിരിക്കും. അജയനെ ഞാൻ എടുത്തതോടെയാണ് പ്രശസ്തനായതെന്നു പറഞ്ഞ് 'വലിയ വായിൽ വർത്തമാനം പറയും. ഞാൻ ഉയർത്തിയതോടെയാണ് നീ ഉയർന്നു തുടങ്ങിയത്' എന്ന് തിരിച്ചടിച്ച് ഞാൻ പിടിച്ചു നിൽക്കും.

 

മത്സരത്തിന് പേര് വിളിച്ചാൽ സ്റ്റേജിൽ കയറാതെ മുങ്ങും

 

സ്‌കൂളിൽ പഠിക്കുമ്പോൾ വേദികൾ എനിക്ക് ഭയമായിരുന്നു. വേദിയിൽ നിൽക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ചെറുപ്പം മുതലെ ശബ്ദങ്ങൾ ഞാൻ അനുകരിക്കുമായിരുന്നു. ഒരിക്കൽ കൂട്ടുകാരുടെ മുന്നിൽ ഞാൻ വിവിധ ശബ്ദങ്ങൾ അനുകരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂൾ യുവജനോത്സവത്തിന് എന്റെ പേരുകൊടുത്തു. വേദിയിൽ കയറുമ്പോൾ കയ്യും കാലും വിറയ്ക്കുകയും കണ്ണിൽ ഇരുട്ട് കയറുകയും ചെയ്യും. എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നത് എനിക്ക് ഭയമായിരുന്നു. എന്റെ പേരു വിളിച്ചാൽ അപ്പോൾ ഞാൻ അധ്യാപകർ കണ്ടെത്താത്തിടത്തേക്ക് ഓടിമാറും. ഈ വിനോദം പതിവായതോടെ പിന്നെ അധ്യാപകർ എന്നെ നിർബന്ധിക്കാതെയായി.

  

കോളജിൽ സ്റ്റാർ

 

യുവജനോത്സവ മത്സരങ്ങളിൽ സമ്മാനം കിട്ടിയതോടെ കോളജിൽ അറിയപ്പെടാൻ തുടങ്ങി. പെൺകുട്ടികൾ തേടി എത്തി. പലപ്പോഴും ഗോപികമാർക്കിടയിലെ കൃഷ്ണനായി നിന്ന് ഞാൻ അവർക്കു വേണ്ടി മിമിക്രി അവതരിപ്പിച്ചു. അവർ അന്നേ പറയുമായിരുന്നു ഞാൻ സിനിമാനടൻ ആകുമെന്ന്.

 

‘നശിക്കാൻ’ തുനിഞ്ഞിറങ്ങി

 

കോളജിൽ പഠിക്കുമ്പോൾ മിമിക്രി അവതരിപ്പിച്ച് നടക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ പറഞ്ഞുതുടങ്ങി ഞാൻ നശിക്കാനായി തുനിഞ്ഞിറങ്ങുകയാണെന്ന്. നാലക്ഷരം പഠിക്കാൻ ഉപദേശിച്ചു. സമ്മാനങ്ങൾ കിട്ടിയതോടെ വീട്ടിൽ ചെറിയ സന്തോഷമൊക്കെയായി എന്നല്ലാതെ കലാജീവിതത്തെ ആദ്യം അവർ പിന്തുണച്ചില്ലായിരുന്നു.

 

അവതാരകനായതോടെ കോളജിൽ തിളങ്ങി

 

യുവജനോത്സവ വേദിയിലെ പ്രകടനം കണ്ടിട്ടാണ് കലാഭവനിലേക്ക് വിളിച്ചത്. അവിടെനിന്ന് ഏഷ്യാനെറ്റിൽ അവതാരകനായി എത്തി. ഇതോടെ കോളജിലും നാട്ടിലും വലിയ പേരായി. അവിടെ നിന്നാണ് സിനിമയിൽ എത്തുന്നത്. കലാജീവിതത്തിന്റെ തുടക്കം യുവജനോത്സവവേദിയിൽ നിന്നാണ്. തുടർച്ചയായി 3 തവണ ഒന്നാം സ്ഥാനം ലഭിച്ചു എന്ന റെക്കോർഡ്  25 വർഷമായി എന്റെ പേരിലായിരുന്നു. കഴിഞ്ഞ വർഷമാണ് അതിൽ മാറ്റം ഉണ്ടായത്. അന്നത്തെ സന്തോഷ് ട്രോഫി കമന്ററി പരീക്ഷണവും പത്ര വാർത്തയും എല്ലാം ജീവിതത്തിൽ വഴി തിരിവായി. ഇന്നും സന്തോഷ് ട്രോഫി മത്സര എത്തിയമ്പോൾ മിമിക്രി വേദിയിലേക്ക് അറിയാതെ ഓർമ എത്തും. ഫ്ലാഷ് ബാക്കുകൾ സലിം കുമാറിന്റെ മനസ്സിൽ മിന്നി മറിയുന്നത് മുഖത്ത് ദൃശ്യമായിരുന്നു.

 

English Summary: Remembering Mimicry days; Interview with Actor Salim Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com