ADVERTISEMENT

ഇത് ഒരിക്കലും വായിക്കാത്ത ഒരാൾക്കായി ഈ എഴുത്ത് സമർപ്പിക്കട്ടെ: സൽമ ഹയക് എന്ന മെക്‌സിക്കൻ സുന്ദരിക്ക്. 

 

എന്തുകൊണ്ടു സൽമ എന്നതിന്റെ ഉത്തരത്തിൽ ഞാൻ ഇതുവരെ കണ്ട ഏറ്റവും അനുരാഗിയായ തിരശീലയഴകിന്റെ ഉന്മാദമുണ്ട്. ഇതിനകം ചെയ്‌തുതീർത്ത ഓരോ സിനിമയും തന്റേതാക്കി മാറ്റിയവൾ. സൗന്ദര്യം മാത്രമല്ല അഭിനേത്രിക്കു വേണ്ടതെന്ന് അറിയിച്ച് ഫ്രെയിമുകളെ ബുദ്ധിയുടെയും ബോധ്യത്തിന്റെയുംകൂടി മുദ്രാവാചകങ്ങളാക്കിയവൾ.. 

 

മൂന്നു ദിവസങ്ങളിൽ തുടർച്ചയായി ഞാൻ സൽമയുടെ മൂന്നു സിനിമകൾ കാണുകയായിരുന്നു. പെണ്ണകത്തിലെ വേവും മുറിവും അവിസ്‌മരണീയമാക്കി മികച്ച നടിക്കുള്ള അക്കാദമി നാമനിർദേശത്തോളമെത്തിച്ച ‘ഫ്രിഡ’, ഹോളിവുഡ് തട്ടുപൊളിപ്പൻ കച്ചവടസിനിമ കണ്ടുപിടിച്ചപ്പോൾ എനിക്കുകൂടി പേറ്റന്റ് ഉണ്ടായിരുന്നുവല്ലോ എന്ന ആത്മവിശ്വാസത്തോടെ വിൽ സ്‌മിത്തിനോടൊപ്പം അഭിനയിച്ച ‘വൈൽഡ് വൈൽഡ് വെസ്‌റ്റ് ’, തോക്കും സംഗീതവും പരസ്‌പരം ചേരുന്ന ചുണ്ടുകളുംകൊണ്ട് ഭൂമിവിട്ടുയരും കാഴ്‌ചാനുനുഭവമാക്കിയ ‘ ഡെസ്‌പരാഡോ’. 

 

എന്റെ മൂന്നു സ്‌ക്രീൻരാത്രികളിൽ സൽമ നിറഞ്ഞു. മൂന്നു സിനിമകളും ആദ്യം കാണുകയായിരുന്നില്ല, ഞാൻ. എന്നിട്ടും തുടർരാത്രികളിലെ കാഴ്‌ചപ്പരപ്പിലേക്ക് സൽമ ഹയക് രഥം തെളിച്ചു. പിന്നോർമകൾ നൽകാനില്ലാത്ത ആയിരം അഭിനേത്രിമാരുടെ കാഴ്‌ചകൾക്കിടയിൽ എന്തുകൊണ്ട് ഒരാൾക്ക് അതിനാവുന്നു എന്ന ചോദ്യം ഞാനെന്നോടു ചോദിക്കുകയും ചെയ്‌തു.   

salma-hayek

 

സൽമ: മുഴുവൻ പേര് Salma Valgarma Hayek Jiménez-Pinault. 

 

salma-haeyk

മെക്‌സിക്കൻ നടി. ആ ദേശത്തുനിന്ന് ഹോളിവുഡിലെത്തിയവരിൽ ഏറ്റവും ശ്രദ്ധേയ. 

 

പന്ത്രണ്ടാം വയസ്സിൽ ഡിസ്‌ലക്‌സിയ എന്ന പഠനവൈകല്യം തിരിച്ചറിഞ്ഞു. (പിൽക്കാലത്തു സൽമ പറഞ്ഞു: ഇംഗ്ലിഷ് മൊഴിയുന്ന സിനിമകളിലെല്ലാം ആ ഓർമ എന്റെ ആത്മവിശ്വാസം കെടുത്തി.) 

 

1989ൽ, ഇരുപത്തിമൂന്നാം വയസ്സിൽ ചെയ്‌ത ആദ്യത്തെ ടെലിഫിലിം ‘തെരേസ’ സൽമയെ മെക്‌സിക്കോയിൽ പരിചിതയാക്കി. 1994ൽ വേഷമിട്ട  El Callejón de los Milagros (Miracle Alley) എന്ന സിനിമ നേടിയോളം പുരസ്‌കാരങ്ങൾ മെക്‌സിക്കൻ സിനിമയുടെ ചരിത്രത്തിൽതന്നെ ഒരു സിനിമയും കരസ്‌ഥമാക്കിയിട്ടില്ല. അതിനു മൂന്നു വർഷംമുൻപേ ലൊസാഞ്ചലസിലെത്തിയിരുന്നു, സൽമ. എന്നിട്ടും ആദ്യത്തെ ഹോളിവുഡ് സിനിമയ്‌ക്കായി 1995വരെ കാത്തിരിക്കേണ്ടിവന്നു: ‘ഡെസ്‌പരാഡോ’. 

 

ഗിത്താർപെട്ടിയിൽ സംഗീതവും തോക്കുമായി പ്രതികാരയാത്ര ചെയ്യുന്ന പേരുപറയാനായകന്റെ കാമുകിവേഷമണിയാൻ സംവിധായകൻ റോബർട് റോഡ്രിഗ്യൂസും പത്നിയും സിനിമയുടെ നിർമാതാവുമായ എലിസബത്തുംചേർന്നു ക്ഷണിച്ചപ്പോൾ സന്തോഷത്തിനിടയിലും സൽമ ഡിസ്‌ലക്‌സിയയെക്കുറിച്ച് ആശങ്കയോടെ ഓർമിച്ചു. അന്യഭാഷയുടെ മൊഴിയഴക് എന്നിൽ വഴങ്ങുമോ? പക്ഷേ, ആദ്യസിനിമയിൽ, ആദ്യകാഴ്‌ചയിൽതന്നെ മെക്‌സിക്കൻ സൗന്ദര്യത്തിന്റെ ഇന്ദ്രജാലത്തിൽ ഹോളിവുഡിനെ കരുക്കാൻ കഴിഞ്ഞു, സൽമയ്‌ക്ക്. പിന്നെ, തിരിഞ്ഞുനോക്കേണ്ടിവന്നതുമില്ല. 

 

എന്റെ സ്വകാര്യ ത്രിദിന സൽമ ചലച്ചിത്രമേളയിൽ അവസാനം കണ്ടത് അവരുടെ ആദ്യ ഹോളിവുഡ് സിനിമയായിരുന്നുവെന്നതു യാദൃച്‌ഛികത.  അതുകൊണ്ട്, അതുകൊണ്ടുമാത്രം ‘ഡെസ്‌പരാഡോ’യെ ഓർമയുടെ ഈ സ്‌ക്രീനിലേക്കു പ്രണയത്തോടെ ക്ഷണിക്കട്ടെ. 

 

റോബർട് റോഡ്രിഗ്യൂസ് തന്നെ 1992ൽ മെക്‌സിക്കൻ ഭാഷയിൽ  ചെയ്‌ത ‘എൽ മാരിയാഷി’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണു മറ്റൊരു ഭാഷയിലേക്ക് ‘ഡെസ്‌പരാഡോ’യായി കൊണ്ടുവന്നത്. രണ്ടിലും നായകൻ പൗരുഷസുഭഗനും കൊല്ലുമ്പോഴും ചുംബിക്കുമ്പോൾപോലും നിർവികാരനുമായ അന്റോണിയോ ബാൻഡേരാസ്. അയാൾക്കു പേരില്ല സിനിമയിൽ. അതേസമയം, മെക്‌സിക്കോയെ ഏറ്റവും പേടിപ്പിക്കുന്ന പേരുമാണത്. നല്ല ഗിത്താർ വാദകൻ. ഗിത്താർ പെട്ടിയിൽ പക്ഷേ പലവിധ തോക്കുകളുടെയും ചെറുബോംബുകളുടെയും ശേഖരം കൂടിയുണ്ട്. കാമുകിയെ നിഷ്‌കരണം കൊന്ന മയക്കുമരുന്നു രാജാവിന്റെ കിങ്കരമാരെ കൊന്നൊടുക്കിയാണു വരവ്. 

അയാൾ നടന്നുവന്ന പാത തിരിച്ചറിയാം. അവിടെ ചോരയും പാട്ടും വീണുകിടക്കുന്നുണ്ടാവും. 

 

ആ വഴിയിൽവച്ചാണ് അയാൾ കരോലിനയെ (സൽമ) കണ്ടുമുട്ടുന്നത്. ഒരു പുസ്‌തകശാലയുടെ ഉടമയാണവൾ. അവർ പ്രേമബദ്ധിതരാവുന്നു. പിറ്റേ വർഷം എംടിവി അവാർഡ് കിട്ടാനിരിക്കുന്ന, ലോകസിനിമയിലെ ഏറ്റവും മികച്ച ചുംബനത്തിന്റെ ഉടമകളായിത്തീരുന്നു. കരോലിന തന്റെ പുരുഷനെ കണ്ടുമുട്ടുകയാണ്. ആ പ്രേമത്തിന്റെ വിലയായി അതുവരെയുള്ള സമ്പന്നജീവിതവും പുസ്‌തകശാലപോലും അവൾക്കു നഷ്‌ടപ്പെടുന്നുണ്ടെങ്കിലും. 

 

അവളെ കണ്ടുമുട്ടിയശേഷമുള്ള ബാൻഡേരാസിന്റെ ശരീരചലനങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. അയാൾ മറ്റൊരാളായിത്തീർന്നിരിക്കുന്നു. കൈപിടിച്ചു നടക്കാൻ അനുരാഗത്തിന്റെ രാജകുമാരി എത്തിക്കഴിഞ്ഞാൽ ഏതു പുരുഷനാണു മാറാതിരിക്കുക?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com