രമ രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു: ജഗദീഷ് അഭിമുഖം

jagadish-wife
SHARE

ഭാര്യ രമ ഫൊറൻസിക് സർജനാകാൻ തന്നെ ജനിച്ചയാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് നടൻ ജഗദീഷ്. മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ടെന്നും ജഗദീഷ് വെളിപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയും പൊലീസ് സർജനുമായിരുന്ന ഡോ. രമ പല കേസുകളിലും വലിയ സമ്മർദം അനുഭവിച്ചിട്ടുണ്ടെന്നും വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജഗദീഷ് പങ്കുവച്ചു. 

ജോലിയോട് എന്നും തികഞ്ഞ ആത്മാർഥത

എല്ലാ ദിവസവും വെളുപ്പിന് നാലിന് രമ ഉണരും. നേരേ ഹെൽത് ക്ലബ്ബിലേക്ക്. തിരികെയെത്തി പ്രാതലും ഉച്ചഭക്ഷണവും അടക്കമുള്ളവ തയാറാക്കി ടിഫിൻ പാക്ക് ചെയ്യും.  സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു രമ. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസും റാങ്കും വച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. മികച്ച അധ്യാപികയായിരുന്നു രമ. 200 കുട്ടികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോഴും മൈക്ക് ഉപയോഗിക്കില്ല. ഇടയ്ക്ക് കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കും.

വിവാദങ്ങളെ ഭയപ്പെട്ടില്ല

ലൊക്കേഷനിലെ തമാശകളും മറ്റും ഞാൻ പറയുമെങ്കിലും രമ ജോലിക്കാര്യം വീട്ടിൽ ചർച്ച ചെയ്യില്ല. പക്ഷേ, ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കി. ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്തത്രേ. ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ.

രമ ഫൊറൻസിക് സർജനാകാൻ തന്നെ ജനിച്ചയാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ‘ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ ‘പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും...’ രമ മറുപടി കൊടുത്തു.

പല കേസുകളിലും വലിയ സമ്മർദം അനുഭവിച്ചിട്ടുണ്ട് രമ. കേരളത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഒരു കേസ്. വിദഗ്ധ പരിശോധനാ ഫലത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തണം എന്നു സിബിഐയുടെ നിർദേശമുണ്ട്. പക്ഷേ, വകുപ്പിൽ തന്നെ പലരെയും രമയ്ക്കു വിശ്വാസമില്ല. നേരെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചെന്നു. അവിടെയുള്ള അലമാരയിൽ ഫയൽ വച്ചു പൂട്ടണം എന്ന ആവശ്യം കേട്ട് ‘ആകെ പുലിവാൽ ആയല്ലോ’ എന്നു പറഞ്ഞാണ് പ്രിൻസിപ്പൽ സമ്മതിച്ചത്.

ഒപ്പിനു നീളം കുറഞ്ഞത് രോഗ സൂചന

വർഷങ്ങൾക്കു മുൻപാണ്, പെട്ടെന്നൊരു ദിവസം രമയുടെ ഒപ്പിനു നീളം കുറഞ്ഞുവെന്ന് എനിക്കു തോന്നി. കൈകൾക്ക് വഴക്കം കുറയുന്നതിന്റെ ആദ്യലക്ഷണമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്. നടക്കാനും ജോലികൾ ചെയ്യാനുമൊക്കെ പിന്നീടു ബുദ്ധിമുട്ടായി. പാർക്കിൻസൺസിന്റെയും മോട്ടോ ന്യൂറോൺ ഡിസീസിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നു രമയുടെ രോഗത്തിൽ. പിന്നെ സെറിബെല്ലത്തിന്റെ പ്രവർത്തന തകരാറും.

വെല്ലൂരിലെ ഡോ. മാത്യു അലക്സാണ്ടർ ആണ് ആദ്യം ചികിത്സിച്ചത്. ‘വീഴാൻ സാധ്യതയുണ്ട്, വാക്കിങ് സ്റ്റിക്കോ വീൽചെയറോ ഉപയോഗിക്കണ’മെന്ന് അദ്ദേഹം പറഞ്ഞിട്ടും രമ സമ്മതിച്ചില്ല. ഡിപാർട്‌മെന്റിലേക്ക് 64 പടികൾ കയറണം. കൂടെ ചെല്ലാമെന്ന് പറഞ്ഞാൽ കേൾക്കില്ല. അവൾ മുകളിലെത്തും വരെ ചങ്കിടിപ്പോടെ നോക്കി നിന്നിട്ടുണ്ട്.

ക്രോസ് വിസ്താരത്തിൽ പതറാതെ

രമയുടെ രോഗം വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഏറെ വിവാദമായ ഒരു കേസിന്റെ വിചാരണ. നടക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് കോടതിയിൽ ചെന്ന് മൊഴി കൊടുക്കാൻ ആകില്ല എന്നു രമ പറഞ്ഞു. അങ്ങനെ വീട്ടിൽ വച്ച് കോടതി കൂടി. എല്ലാ ഡീറ്റെയിൽസും വ്യക്തമായി രമ പറഞ്ഞതു കേട്ട് എതിർഭാഗം നിരാശരായി. വീണ്ടും മൊഴിയെടുക്കണമെന്ന് അവർ വാദിച്ചു. പക്ഷേ, ആദ്യത്തേതിനെക്കാൾ വ്യക്തമായും ശക്തമായും രണ്ടാമത് രമ മൊഴി കൊടുത്തു. അത്ര വിൽപവർ ആയിരുന്നു അവൾക്ക്. വിരമിക്കാൻ രണ്ടു വർഷം കൂടി ബാക്കിയുള്ളപ്പോൾ വൊളന്ററി റിട്ടയർമെന്റ് എടുത്തു.

അവസാന മണിക്കൂറുകളിൽ

രണ്ടു വർഷത്തിനിടെയാണ് രോഗം മൂർച്ഛിച്ചത്. മിക്കവാറും കിടപ്പു തന്നെ. ലിവിങ് റൂമിൽ തന്നെയാണ് രമയുടെ കട്ടിൽ. കൊച്ചുമക്കളൊക്കെ ബെഡിൽ കയറി കിടക്കും. ഞങ്ങൾ വഴക്കു പറയുമ്പോൾ രമ അവരെ കെട്ടിപ്പിടിക്കും. മരുന്നുകൾ മുടക്കിയില്ല, മൂന്നു ദിവസത്തിലൊരിക്കൽ ഫിസിയോതെറപ്പിസ്റ്റ് വീട്ടിൽ വന്ന് എക്സർസൈസ് ചെയ്യിച്ചു. ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് വലിയ വിഷമം ആയി.

അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളിൽ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു. അതിനു ശേഷമാണ് ഞാനൊന്നു മുകളിലേക്ക് പോയത്. അപ്പോൾ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ടു. ഇറങ്ങിവരുമ്പോൾ കാണുന്നത് രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ്. മോളും ഭർത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA