മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളെയും പിന്തള്ളിയാണ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്.
ബിജു മേനോന്റെ അഭിനയമികവിനെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തൽ: പ്രായമേറിയ ഒരു മനുഷ്യന്റെ ശരീരഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയമികവിന്.
ജോജു ജോർജ്: വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓര്‍മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിന്.