ജോഷി; മലയാള സിനിമയിലെ ഷോമാൻ

HIGHLIGHTS
  • സിനിമയിലെ മായക്കാഴ്ചകൾ: 41
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
  • മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിക്ക് ജൂലൈ 18ന് എഴുപതാം പിറന്നാൾ
joshiy-kaloor
SHARE

മലയാള സിനിമയിലെ ഷോമാൻ എന്നു വിളിക്കുന്ന ഒരേ ഒരു ചലച്ചിത്രകാരനെ നമുക്കുള്ളൂ. 1980 മുതൽ വാണിജ്യ സിനിമയുടെ അജയ്യ പ്രജാപതിയായി മാറിയ ആ സര്‍ഗപ്രതിഭയെ നമ്മൾ ജോഷി എന്നു വിളിക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടുകൾ കടന്നു പോയിരിക്കുന്നു. മലയാള സിനിമയിൽ പുതിയൊരു ചിത്രീകരണ ചടുലത കൊണ്ടു വന്ന ജോഷിയും ഞാനും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നതും അതേ വർഷത്തിൽ തന്നെയാണ്. ആ ചലച്ചിത്ര പ്രതിഭയുമായുണ്ടായ സൗഹൃദവും ഇണക്കവും പിണക്കവുമൊക്കെയാണ് ഈയാഴ്ചയിലെ സിനിമയിലെ മായക്കാഴ്ചയിൽ ഞാൻ പറയുന്നത്. അതിന്റെ നാൾവഴികളിലേക്കു വരാം.

1980 ഡിസംബറിൽ പി. ചന്ദ്രകുമാറിന്റെ ‘സംഭവം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തു നടക്കുകയാണ്. പുതിയ തിരക്കഥാകൃത്തുക്കളായി രംഗത്തുവന്ന ജോൺ പോളും ഞാനും ലൊക്കേഷനിലുണ്ട്. ഞങ്ങളുടെയും സിനിമയിലെ തുടക്കകാലമാണത്.

സത്യൻ അന്തിക്കാടാണ് അന്ന് ചന്ദ്രന്റെ അസോഷ്യേറ്റ് ഡയറക്ടർ. തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലാണ് ഷൂട്ടിങ്. താരങ്ങളും പ്രധാനപ്പെട്ട െടക്നീഷ്യൻസുമൊക്കെ ഇതേ ഹോട്ടലിലാണ് താമസിക്കുന്നത്. മധുവും സോമനും സുകുമാരനും തമ്മിലുള്ള കോംബിനേഷൻ സീനാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഹോട്ടലിന്റെ ഒരു സ്യൂട്ട് റൂമിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ മിനുങ്ങുന്ന കറുത്ത താടിയും കസവു മുണ്ടും കാപ്പി കളറിലുള്ള ജൂബ്ബയുമണിഞ്ഞ് ഒരു ചെറുപ്പക്കാരൻ അങ്ങോട്ടു കടന്നു വന്നു. അയാൾ ചന്ദ്രകുമാറിനെ ശ്രദ്ധിച്ചുകൊണ്ടാണ് വരുന്നത്. ചിരപരിചിതനെപ്പോലെ അയാൾ ചന്ദ്രകുമാറിന്റെ അടുത്തേക്കു വന്ന് കുശലം പറയുന്നതിനിടയിൽ ചന്ദ്രൻ ചോദിക്കുന്നത് ഞാൻ കേട്ടു.

‘‘മൂർഖൻ എന്നാണ് റിലീസ്?’’

‘‘അടുത്തമാസം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ജയന്റെ ഒന്നു രണ്ടു സീൻസ് കൂടി എടുക്കാനുണ്ട്. അത് ആരെയെങ്കിലും വച്ചു ഡ്യൂപ്പിട്ടെടുക്കണം.’’

പിന്നെ അവർ ജയന്റെ സാഹസികതയെക്കുറിച്ചും ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതു കണ്ടു. അപ്പോഴാണ് മൂർഖന്റെ സംവിധായകനായ വർക്കല ജോഷിയാണതെന്ന് എനിക്കു മനസ്സിലായത്. ചന്ദ്രകുമാർ എന്നെ അയാൾക്കു പരിചയപ്പെടുത്തികൊടുത്തു. പിന്നെ അയാൾ സോമനോട് എന്തോ സംസാരിച്ചതിനു ശേഷം ഞങ്ങളോടു യാത്ര പറഞ്ഞു പോവുകയും ചെയ്തു.

ഈ സമയത്താണ് ഭരതൻ സംവിധാനം ചെയ്ത ‘ചാമര’ത്തിന്റെ നിർമാതാവായ ജഗൻ പിക്ചേഴ്സ് അപ്പച്ചന്റെ സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാനുള്ള ഭാഗ്യം എനിക്കു വന്നു ചേർന്നത്. അപ്പച്ചനെ എനിക്കു നേരത്തേ അറിയാം. നസീറിനെയും മധുവിനെയും വച്ച് ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യാൻ പറ്റിയ നല്ല കൊമേഴ്സ്യൽ കഥയുണ്ടോ എന്ന് അപ്പച്ചൻ എന്നോടു ചോദിച്ചു. ഞാൻ പല കഥകളും ആലോചിച്ചെങ്കിലും നസീറിനും മധുവിനും തുല്യ പ്രാധാന്യമുള്ള ഒരു തീമും എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്നില്ല. അപ്പോൾ എന്റെ സുഹൃത്ത് കിത്തോ ചോദിച്ചു.

joshiy-mammoootty
ജോഷി, അമിതാഭ് ബച്ചൻ, മമ്മൂട്ടി, സത്യരാജ്

‘‘എടോ താൻ നേരത്തേ ചിത്രകൗമുദിയിൽ എഴുതിയ ‘ആകാശത്തിനു കീഴെ’ എന്ന കഥ ഇവർക്ക് പറ്റിയതല്ലേ? അത് നോക്കിക്കൂടെ?’’

വർഷങ്ങൾക്കു മുൻപ് ഞാൻ എഴുതിയ ആ നീണ്ട കഥയുെട കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു. ആ കഥയിലെ കേശുവും മാധവൻ കുട്ടിയും നസീറിനും മധുവിനും പറ്റുന്ന വേഷമാണ്. ഞാൻ അന്നു വൈകുന്നേരംതന്നെ ചെന്ന് അപ്പച്ചനോട് ‘ആകാശത്തിനു കീഴെ’യുടെ കഥ പറഞ്ഞു. കേട്ടപ്പോൾ അപ്പച്ചനും ഇഷ്ടമായി.

സ്ക്രീൻ പ്ലേ ഉണ്ടാക്കാൻ വേണ്ടി എറണാകുളത്ത് എയർലൈൻസ് ഹോട്ടലിലാണ് അപ്പച്ചൻ എനിക്കു മുറിയെടുത്തു തന്നത്. അപ്പോൾ സംവിധായകനെ ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നില്ല. സ്ക്രീൻ പ്ലേ എഴുതിക്കഴിഞ്ഞതിനു ശേഷം പറ്റിയ സംവിധായകനെ കണ്ടുപിടിക്കാമെന്നാണ് അപ്പച്ചൻ പറഞ്ഞിരിക്കുന്നത്. ഇതിനിടയിൽ ഞാൻ ചില സംവിധായകരുെട പേരുകൾ പറഞ്ഞെങ്കിലും അപ്പച്ചന് അവരോടാരോടും അത്ര താൽപര്യമുണ്ടായില്ല. സംവിധായകന്റെ ഭൂതവും ഭാവിയും പ്ലസും മൈനസുമൊക്കെ നോക്കിയിട്ടേ അപ്പച്ചൻ ഒരു തീരുമാനത്തിലെത്തുകയുള്ളൂ. ഒരു പുതുമുഖ സംവിധായകനായാലും മര്യാദക്കാരനും സിൻസിയറുമായിരിക്കണമെന്ന പക്ഷക്കാരനാണ് അപ്പച്ചൻ.

അപ്പോഴാണ് എന്റെ മനസ്സിൽ മൂർഖൻ ചെയ്ത ജോഷിയുടെ മുഖം തെളിഞ്ഞു വന്നത്. അന്നു ഗീത് ഹോട്ടലിൽ ചന്ദ്രകുമാറിനെ കാണാൻ ജോഷി വന്നപ്പോൾ സോമനും സുകുമാരനും ജോഷിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് എന്റെ മനസ്സിൽ കിടന്നിരുന്നു. ഞാൻ ജോഷിയുടെ കാര്യം പറഞ്ഞപ്പോൾ അങ്ങനെ ഒരാളെപ്പറ്റി അപ്പച്ചൻ കേട്ടിട്ടുപോലുമില്ല.

kaloor-dennis-mammootty
രാമനാഥനും സത്യരാജിനും മമ്മൂട്ടിക്കുമൊപ്പം കലൂർ ഡെന്നിസ്

‘‘പുതിയ ആളല്ലേ? എങ്ങിനെയുണ്ടാവും?’’ അപ്പച്ചൻ സംശയം പ്രകടിപ്പിച്ചപ്പോൾ ജയനെ വച്ച് മൂർഖൻ ചെയ്ത ആളാണെന്നും അടുത്ത ആഴ്ച മൂർഖൻ റിലീസാകുമ്പോൾ നമുക്കു പോയി കണ്ടിട്ട് തീരുമാനിക്കാമെന്നും ഞാൻ പറഞ്ഞു.

മൂർഖൻ റിലീസായ ദിവസം ഞാനും അപ്പച്ചനും കിത്തോയും കൂടി മാറ്റിനി തന്നെ പോയി കണ്ടു. ആ ചിത്രത്തിന്റെ തുടക്കം തന്നെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ജയൻ ജയിൽചാടുന്നതും നിയമപാലകരും പൊലീസ് നായ്ക്കളും ജയനെ ഫോളോ ചെയ്യുന്നതും എല്ലാം വളരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ജോഷി എടുത്തു വച്ചിരിക്കുന്നത്. മലയാള സിനിമ അന്നേ വരെ കാണാത്ത പുതിയൊരു വിഷ്വൽ ട്രീറ്റ്മെന്റ് കണ്ട് ജനം എഴുന്നേറ്റു നിന്ന് കൈയടിക്കുകയായിരുന്നു. ഇന്റർവെല്ലിന് ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ അപ്പച്ചന്റെ മുഖത്തു നിറഞ്ഞ സംതൃപ്തി.


‘‘ഇയാളെത്തന്നെ ഉറപ്പിക്കാമല്ലേ?’’

അപ്പോൾത്തന്നെ ഞാനും കിത്തോയും പച്ചക്കൊടി കാട്ടി. അങ്ങനെ മൂർഖന്റെ രണ്ടാം പകുതി കാണുന്നതിനു മുൻപേ തിയറ്റർ കന്റീനിൽ വച്ച് ചിത്രത്തിന്റെ സംവിധായകനായി ജോഷിയെ ഞങ്ങൾ ഫിക്സ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഞങ്ങളറിയാതെ അപ്പച്ചൻ ജോഷിയെക്കുറിച്ചുള്ള ഒരു പ്രിലിമിനറി അന്വേഷണം കൂടി നടത്തുകയും ചെയ്തു.

ജോഷിയെ അപ്പച്ചനു പരിചയമില്ലാത്തതുകൊണ്ട് ഞാനാണ് ജോഷിയെ കാണുന്നതിനുള്ള അവസരമൊരുക്കിയത്. എന്റെ സുഹൃത്തും ജോഷിയുടെ ആത്മമിത്രവുമായിരുന്ന ഹനീഫ വഴിയാണ് അതിനുള്ള അവസരമൊരുക്കിയത്. അന്ന് ജോഷിയും ഹനീഫയും ഒരുമിച്ച് മദ്രാസിൽ ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഞാൻ ജോഷിയെ പരിചയപ്പെടുത്താനായി ഹനീഫയ്ക്ക് കൊടുത്ത ഒരു കത്തുമായിട്ടാണ് അപ്പച്ചൻ മദ്രാസിലേക്കു പോയത്.

പറഞ്ഞതുപോലെ തന്നെ അപ്പച്ചൻ മദ്രാസിൽചെന്ന് ജോഷിയെക്കണ്ട് സംസാരിച്ച് അഡ്വാൻസും കൊടുത്ത് പോരുകയും ചെയ്‌തു. ആ സമയത്ത് ജോഷി എവർഷൈൻ പ്രൊഡക്‌ഷൻസിന്റെ ‘ഇതിഹാസ'വും കമ്മിറ്റു ചെയ്തിരുന്നു. രണ്ടും ഓണചിത്രങ്ങളുമായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ജോഷി വന്ന് തിരക്കഥ വായിച്ചു. താരങ്ങളെയും െടക്നീഷ്യൻസിനെയുമൊക്കെ ഫിക്സ് ചെയ്തിട്ട് വർക്കലയിലേക്ക് പോയി. നസീർ, മധു, സോമൻ, ശ്രീവിദ്യ, ചെമ്പരത്തി ശോഭ, ബാലൻ കെ. നായർ, ക്യാപ്റ്റൻ രാജു (ക്യാപ്റ്റന്റെ ആദ്യത്തെ ചിത്രമാണ്), മാള അരവിന്ദൻ തുടങ്ങിയ വലിയ താരനിരയാണ് ഇതിൽ അണിനിരന്നത്.

മേയ് അവസാനത്തിലാണ് എല്ലാ ആർട്ടിസ്റ്റുകളുടെയും ഡേറ്റ് കിട്ടിയിരിക്കുന്നത്. കൂടുതൽ ഔട്ട് ഡോർ രംഗങ്ങളുള്ളതിനാൽ മേയ്-ജൂൺ മാസങ്ങളിൽ കേരളത്തിൽ കാലവർഷം തുടങ്ങുന്നതു കൊണ്ട് ഞങ്ങൾ മദ്രാസിൽ പോയി ലൊക്കേഷൻ കാണുകയുണ്ടായി. എന്നാൽ യാതൊരു പച്ചപ്പുമില്ലാതെ വരണ്ടുണങ്ങിക്കിടക്കുന്നതു കൊണ്ട് അവിടെയും ലൊക്കേഷൻ ഫിക്സ് ചെയ്യാൻ കഴിഞ്ഞില്ല. പടം നീട്ടി വയ്ക്കാനും പറ്റില്ല. നസീറിന്റെയും മധുവിന്റെയും ഡേറ്റ് മാറിയാൽ പിന്നെ ഉടനെയൊന്നും കോൾഷീറ്റും കിട്ടില്ല. പിന്നെന്താ ചെയ്യുക. അവസാനം അപ്പച്ചൻ ഒരു തീരുമാനം പറഞ്ഞു.

‘‘ഈ കഥ മാറ്റുക. ഡെന്നി വേഗം തന്നെ പുതിയൊരു കഥ ഉണ്ടാക്ക്.’’

കേട്ടപ്പോൾ ഞാനാകെ വല്ലാതായി. ഈ ചുരുങ്ങിയ ദിവസം കൊണ്ട് എങ്ങനെയാണ് പുതിയൊരു കഥയുണ്ടാക്കുക. ഒരു തുടക്കക്കാരന് ആദ്യമായി കിട്ടുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രമാണ്. സമയത്ത് ഷൂട്ടിങ് നടന്നില്ലെങ്കിൽ പ്രോജക്ട് തന്നെ മാറിപ്പോകും.

മദ്രാസ് വുഡ്‌ലാന്റ്സിൽ ഇരുന്നു രണ്ടു ദിവസം കൊണ്ട് ഞാനൊരു കഥയുണ്ടാക്കി. ശേഷം എറണാകുളത്ത് വന്നാണ് സീൻ ഓർഡർ ഉണ്ടാക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ആകാശത്തിനു കീഴേക്കു പകരം ‘രക്ത’മെന്ന സിനിമ ജനിക്കുന്നത്. ചിത്രം ഓണത്തിന് റിലീസായപ്പോൾ ബംപർ ഹിറ്റുമായി. അതേത്തുടർന്ന് അപ്പച്ചൻ നിർമിച്ച് മധു, സോമൻ, രവികുമാർ, തമിഴിലെ ശ്രീപ്രിയ, ജഗതി തുടങ്ങിയവർ അഭിനയിച്ച ‘കർത്തവ്യ’വും ഞങ്ങളാണ് ചെയ്തത്. അതും വലിയ വിജയം നേടി.

ഈ രണ്ടു ചിത്രങ്ങളുടെയും വിജയത്തോടൊപ്പം ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദവും വളരുകയായിരുന്നു. ഞാൻ മദ്രാസിൽ ചെന്നാൽ ഹോട്ടലിൽ മുറി ഉണ്ടെങ്കിലും ജോഷിയുടെ ഫ്ലാറ്റിൽ ഒന്നിച്ച് ഒരു ബെഡ്ഡിലാണ് പല ദിവസങ്ങളിലും കിടന്നുറങ്ങിയിരുന്നത്. ജോഷി ഷൂട്ടിങ് കഴിഞ്ഞു വന്നാൽ മറ്റ് ആക്ടിവിറ്റീസ് ഒന്നുമില്ലാതെ ഒന്നിച്ചു റൂമിലിരുന്ന് സിനിമ കാണുക, രാത്രിയിൽ ഏറെ മുന്തിയ ഹോട്ടലിൽ പോയി വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക, പിറ്റേ ദിവസം ഷൂട്ടിങ്ങിനു പോവുക ഇതായിരുന്നു ജോഷിയുടെ അന്നത്തെ ദിനചര്യ.

ആ സമയത്താണ് ജൂബിലി ജോയ് തോമസിന്റെ ‘ആ രാത്രി’ എന്ന സിനിമയും ഞങ്ങളിൽ വന്നു ചേരുന്നത്. മമ്മൂട്ടിയായിരുന്നു നായകൻ. ഞങ്ങളുടെ ടീമിലേക്ക് മമ്മൂട്ടി എത്തുന്ന ആദ്യ സിനിമകൂടിയായിരുന്നു അത്. ഈ ചിത്രത്തിലൂടെയായിരുന്നു ജോഷി –കലൂർ ‍െഡന്നിസ്– മമ്മൂട്ടി കൂട്ടുകെട്ടുണ്ടാകുന്നത്. കലയും കച്ചവടവും സമന്വയിപ്പിച്ചു കൊണ്ടുള്ള കുടുംബചിത്രങ്ങളൊരുക്കാനായി പല നിർമാതാക്കളും ജോഷിയെ തേടിയെത്താൻ തുടങ്ങി. ‘ആ രാത്രി’യും ‘സന്ദർഭ’വും കൂടി ഹിറ്റായപ്പോൾ മലയാള സിനിമ ജോഷിക്കു ചുറ്റും വലംവയ്ക്കുകയായിരുന്നു. ആറു വർഷം കൊണ്ട് ഞാനും ജോഷിയും കൂടി പതിനഞ്ച് ചിത്രങ്ങളാണ് ചെയ്തത്.

രക്തം, കർത്തവ്യം, ആ രാത്രി, കോടതി, സന്ദർഭം, കഥ ഇതുവരെ, മുഹൂർത്തം 11.30, ഒന്നിങ്ങു വന്നെങ്കിൽ, ഒരു കുടക്കീഴിൽ, ക്ഷമിച്ചു എന്നൊരു വാക്ക്, വന്നു കണ്ടു കീഴടക്കി, ഇടവേളയ്ക്കു ശേഷം, ഇനിയും കഥ തുടരും, അലകടലിനക്കരെ, ജനുവരി ഒരു ഓർമ ഇവയായിരുന്നു ആ ചിത്രങ്ങൾ. കോടതി ഒഴിച്ച് മറ്റെല്ലാ ചിത്രങ്ങളും വൻ വിജയം വരിച്ചവയായിരുന്നു. അതോടെ ഞങ്ങളുടെ ടീമിന് എറണാകുളം ബെൽറ്റ് എന്നൊരു പുതിയ പേരുമുണ്ടായി.

ഇതിനിടയിൽ ഞങ്ങള്‍ തമ്മിൽ ചെറുതായിട്ട് പിണങ്ങാനും ഇടയായി. അത് സിനിമാ ജ്യോത്സ്യനായ കോരച്ചേട്ടന്റെ ചീട്ടു വരുത്തിവച്ച ഒരു വിനയാണെന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഞങ്ങൾ തമ്മിലുള്ള പിണക്കം കാലത്തിന്റെ കാറ്റിൽ പറന്നില്ലാതാവുകയായിരുന്നു. വീണ്ടും അതൊരു സൗഹൃദക്കൂട്ടായ്മയുടെ തനിയാവർത്തനമായി മാറിയെങ്കിലും അതിനു ശേഷം പല കാരണങ്ങൾ കൊണ്ട് ഞങ്ങളൊരുമിച്ച് സിനിമകൾ ചെയ്യാനായില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ കണ്ടിട്ടുള്ള സംവിധായകരിൽ വച്ച് ഒത്തിരി പ്ലസ് പോയിന്റുള്ള ആളാണ് ജോഷി. മറ്റുള്ള സംവിധായകരെപ്പോലെ തന്റെ സൃഷ്ടികൾ മഹത്തരമാണെന്നൊന്നും ജോഷി ഒരിക്കലും പറയാറില്ല. അതെല്ലാം തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന പക്ഷക്കാരനാണ് ജോഷി. തന്റെ ഒരു ചിത്രം പരാജയപ്പെട്ടാൽ തിരക്കഥാകാരനെ പഴിക്കുന്ന പല സംവിധായകരെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ജോഷി അതിനൊരു അപവാദമാണ്. തിരക്കഥയിൽ ചെറിയൊരു കറക്‌ഷൻ ഉണ്ടായാൽ ആ എഴുത്തുകാരനെ വിളിച്ച് കറക്ട് ചെയ്യിക്കുകയല്ലാതെ മറ്റു പല സംവിധായകരും ചെയ്യുന്നതു പോലെ മുറിവൈദ്യൻമാരുടെ പണി ഒരിക്കലും ചെയ്യില്ല ജോഷി.

ജനുവരി ഒരു ഓർമയുടെ ഷൂട്ടിങ് കൊടൈക്കനാലിൽ നടക്കുമ്പോൾ എനിക്കുണ്ടായ ഒരനുഭവം പറയാം. ഞാൻ കൊടൈക്കനാലില്‍ താമസിച്ച് ഫുൾ സ്ക്രിപ്റ്റ് എഴുതിക്കൊടുത്ത് വീട്ടിലേക്കു തിരിച്ചു പോന്നതിന്റെ പിറ്റേന്ന് പാതിരാത്രിയോടടുത്ത സമയത്ത് ജോഷിയുടെ അസിസ്റ്റന്റായ എ. ആർ. മുകേഷ് ടെൻഷനോടെ കാറിൽ എന്റെ വീട്ടിൽ വന്നു.

‘‘എടോ ജോഷിയേട്ടൻ അത്യാവശ്യമായിട്ട് തന്നെ കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞിരിക്കുകയാ. സ്ക്രിപ്റ്റിൽ എന്തോ കറക്‌ഷനുണ്ടത്രേ. നാളെ രാവിലെ തന്നെ അവിടെയെത്തിയില്ലെങ്കിൽ ഷൂട്ടിങ് നടക്കില്ലെന്നാണ് തരംഗിണി ശശി വിളിച്ചറിയിച്ചത്.

തരംഗിണി ശശി ആ ചിത്രത്തിന്റെ നിർമാതാവാണ്. തലേന്നു രാത്രി ഞാൻ വളരെ വൈകി വന്നു വീട്ടിൽ കയറിയതേയുള്ളൂ, ഷൂട്ടിങ് നടക്കില്ലെന്ന് കേട്ടപ്പോൾ ഞാൻ അപ്പോൾഥഅതന്നെ മുകേഷിന്റെ കൂടെ കാറിൽ കയറി കൊടൈക്കനാലിലേക്ക് തിരിച്ചു.

പിറ്റേന്ന് രാവിലെ ഏഴുമണിയോടെ ഞങ്ങൾ കൊടൈക്കനാലിൽ എത്തി. ഞാൻ ഹോട്ടലിൽ ചെന്ന് ജോഷിയെ കണ്ടപ്പോൾ ഒരു സീൻ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു: ‘‘എടേയ് ഈ ഒരു ലൈൻ മാറ്റി എഴുതണം.’’ പിന്നെ അവിടെ േചർക്കേണ്ട ഏകദേശ രൂപവും പറഞ്ഞു തന്നു. അതു കേട്ടു ഞാൻ അദ്ഭുതംകൂറി ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘‘അത്രേയുള്ളോ? ഇത് തനിക്ക് ചെയ്യാനുള്ള ഒരു കുഞ്ഞു കറക്‌ഷനേയുള്ളല്ലോ.’’

‘‘അതെന്റെ ജോലിയല്ല. നിന്റെ ജോലിയാണ്. എനിക്ക് സ്ക്രിപ്റ്റ് എഴുതാനറിയാമെങ്കിൽ പിന്നെ മറ്റൊരാളെ വയ്ക്കേണ്ട കാര്യമില്ലല്ലോ.’’
ഞാൻ ഉടനെ ആ ഒരു ലൈൻ മാറ്റി എഴുതിയിക്കൊടുത്തിട്ട് അപ്പോൾത്തന്നെ കാറിൽ കയറി എറണാകുളത്തേക്കു തിരിച്ചു. അതാണ് ജോഷി. നമ്മൾ നന്നായിട്ട് സ്ക്രിപ്റ്റ് എഴുതിക്കൊടുത്താൽ അതിന്റെ പതിന്മടങ്ങു നന്നായിട്ട് വിഷ്വലൈസ് ചെയ്തു തരും.

ആദ്യകാലത്ത് കുടുംബ ചിത്രങ്ങളുടെ സംവിധായകനായി അറിയപ്പെട്ടിരുന്നെങ്കിലും എല്ലാത്തരം ചിത്രങ്ങളും അണിയിച്ചൊരുക്കിയിട്ടുള്ള ജോഷിയുടെ അന്നത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ ന്യൂഡൽഹി മലയാളികളുടെ വിഷ്വൽ കൾച്ചർ മാറ്റി എഴുതി. അതുകൊണ്ടാണ് ഈ ന്യൂജെൻ തരംഗത്തിലും ഇപ്പോഴും അജയ്യനായി, മലയാളസിനിമയിലെ ഷോമാനായി ജോഷി പുതുതലമുറയോടൊപ്പം നിൽക്കുന്നത്.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA