പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ‘ഭൂതകാലം’ എന്ന ചിത്രം അന്തിമ ജൂറി വിളിച്ചു വരുത്തിയതു വഴിത്തിരിവായി. അതിലെ പ്രകടനമാണു രേവതിയെ മികച്ച നടിക്കുള്ള അവാർഡിന് അർഹയാക്കിയത്. നിമിഷ സജയൻ (നായാട്ട്), പൂർണിമ ഇന്ദ്രജിത്ത് (ഹാർബർ), കനി കുസൃതി (നിഷിദ്ധോ) എന്നിവർ മികച്ച നടിക്കുള്ള മത്സരത്തിന്റെ അവസാന റൗണ്ടിൽ വരെ എത്തിയിരുന്നു.
മികച്ച നടനുള്ള അവാർഡിന്റെ അവസാന റൗണ്ടിൽ ബിജു മേനോനും ജോജു ജോർജും എത്തിയതാകട്ടെ ഫഹദ് ഫാസിൽ (ജോജി), കുഞ്ചാക്കോ ബോബൻ (നായാട്ട്) എന്നിവർ ഉയർത്തിയ വെല്ലുവിളി മറികടന്ന്. ‘ആവാസവ്യൂഹ’ത്തിലെ നായകൻമാരായ രാഹുൽ രാജഗോപാൽ, ശ്രീനാഥ് ബാബു എന്നിവരും രംഗത്തുണ്ടായിരുന്നു.
വൃദ്ധ കഥാപാത്രമായി ബിജു മേനോൻ ജീവിച്ചപ്പോൾ 4 ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയാണു ജൂറിയെ ജോജു അദ്ഭുതപ്പെടുത്തിയത്. ഇവരിൽ ഒരാളെ തഴയാതെ 2 പേരെയും അംഗീകരിക്കാൻ ഒടുവിൽ ജൂറി ധാരണയിൽ എത്തുകയായിരുന്നു.
‘ഭൂതകാല’ത്തിനു പുറമേ പ്രാഥമിക ജൂറി തഴഞ്ഞ ‘അന്തരം’ എന്ന ചിത്രവും അന്തിമ ജൂറി വിളിച്ചു വരുത്തിയിരുന്നു. ട്രാൻസ്ജൻഡർ വിഭാഗത്തിനുള്ള അവാർഡ് ഈ ചിത്രത്തിനാണു കിട്ടിയത്.
വിജയ് ബാബു നിർമിച്ച ‘ഹോം’ എന്ന ചിത്രം അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് അവാർഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. എന്നാൽ ഈ സിനിമ തഴയപ്പെട്ടു. ഒരു അവാർഡ് പോലും നൽകിയില്ല.
മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ ‘ആവാസവ്യൂഹ’ത്തിന് ഒപ്പം ‘ജോജി’, ‘നായാട്ട്’, ‘ചവിട്ട്’, ‘നിഷിദ്ധോ’, ‘ചുരുളി’, ‘പ്രാപ്പെട’, ‘അവനോവിലോന’ എന്നീ ചിത്രങ്ങളും അവസാന റൗണ്ട് വരെ എത്തി. ദൃശ്യഭാഷയുടെ പ്രത്യേകതയാണ് ‘ആവാസവ്യൂഹ’ത്തിനു ഗുണമായത്. നർമം കലർത്തിയുള്ള അവതരണവും ജൂറിക്ക് ഇഷ്ടപ്പെട്ടു. അവസാന റൗണ്ടിൽ എത്തിയ എല്ലാ ചിത്രങ്ങളെയും മറ്റെന്തെങ്കിലും അവാർഡുകൾ നൽകി ജൂറി അംഗീകരിച്ചിട്ടുണ്ട്. ഷേക്സ്പിയറിന്റെ ‘മാക്ബത്തി’ൽനിന്നു പ്രചോദനം ഉൾക്കൊണ്ട ‘ജോജി’ എന്ന ചിത്രം ഗംഭീരമായി അവതരിപ്പിച്ച ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. സംവിധായകന്റെ ചിത്രമാണ് ജോജി എന്നു ജൂറി വിലയിരുത്തി. ദിലീഷിനു കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല.
മത്സരിച്ച 142 സിനിമകളിൽ 31 എണ്ണമാണ് അന്തിമ ജൂറിയുടെ മുന്നിലെത്തിയത്. ഇതിൽ രണ്ടെണ്ണം ജൂറി വിളിച്ചു വരുത്തിയതാണ്. മത്സരിച്ച സംവിധായകരിൽ 65 പേരും നവാഗതരാണ്. 6 വനിതാ സംവിധായകരും ഉണ്ടായിരുന്നു.