ADVERTISEMENT

മോഹൻ: ഇപ്പോഴും, എപ്പോഴും ആഗ്രഹം അഭിനയം തന്നെയാണ്.
രഞ്ജിത്: അതു കൊള്ളാം. പക്ഷേ, ആഗ്രഹം കൊണ്ടു മാത്രം ഒരാൾ നല്ല നടനാകില്ല.
മോഹൻ: അതെനിക്കറിയാം സർ, എ ഫോർ ആക്ടിങ്, സി ഫോർ കോൺസൻട്രേഷൻ, ടി ഫോർ ടൈമിങ്. ഇതൊക്കെ ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട് സർ.
രഞ്ജിത്: വായനയും കൊള്ളാം, പക്ഷേ നല്ല നടനാകണമെങ്കിൽ ജീവിതാനുഭവങ്ങൾ വേണം. നല്ല നിരീക്ഷണബോധം വേണം. നമുക്കു ചുറ്റുമുള്ള ആളുകളെ, സുഹൃത്തുക്കളെ, ശത്രുക്കളെ, പരിചയം പോലുമില്ലാത്തവരെ കഥാപാത്രങ്ങളാക്കി പഠിക്കാനുള്ള മനസ്സുണ്ടാകണം. അതൊക്കെ അവതരിപ്പിക്കാനുള്ള പ്രതിഭയുമുണ്ടാകണം.

മ്മൂക്കയ്ക്ക് ബെസ്റ്റ് ആക്ടർ സിനിമയിൽ പറയാൻ വേണ്ടി ഈ ഡയലോഗെഴുതിയിട്ട് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിനു വേണ്ടി ഒരുപാടൊരുപാട് എഴുതണമെന്നാഗ്രഹമുണ്ടെങ്കിലും അതിനുള്ള അവസരം എന്തുകൊണ്ടൊക്കെയോ ഒത്തുവന്നില്ല എന്നതാണ് സങ്കടം. മമ്മൂക്കയോട് വയറുനിറച്ചൊന്നു വർത്തമാനം പറഞ്ഞിട്ടുതന്നെ കാലങ്ങളായിരുന്നു. അടുത്തിടെ അതിനുള്ള സൗഭാഗ്യം കിട്ടി. സംസാരത്തിനിടെ ഒരു ചോദ്യം വന്നു.
‘‘പുഴു കണ്ടിരുന്നോ?’’
ചമ്മലോടെ മറുപടി പറഞ്ഞു: ‘‘ഇല്ല മമ്മൂക്ക. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രി ഓട്ടങ്ങളിലായിരുന്നു.’’
കാരവനിൽനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ‘‘സമയം കിട്ടുമ്പോൾ ഒന്നു കണ്ടു നോക്കിയിട്ട് വിളിക്ക്.’’

നാണക്കേടു കൊണ്ട് തലകുനിച്ചാണ് വീട്ടിലേക്കു പോന്നത്. ഭൂമിമലയാളത്തിലും അതിനപ്പുറത്തുമുള്ളവരെല്ലാം പുഴു കണ്ടു കഴിഞ്ഞിരിക്കുന്നു. മലയാളസിനിമാക്കാരനെന്ന് മേനി നടിച്ചു നടക്കുന്ന ഞാൻ മാത്രമതു കണ്ടിട്ടില്ല. ചതിക്കാത്ത ചന്തു സിനിമയിലെ ഡാൻസ് മാസ്റ്റർ വിക്രം, ജയസൂര്യയുടെ കഥാപാത്രത്തെ വിളിച്ചതു പോലെ ‘ജാഡത്തെണ്ടീ’ എന്ന് എന്നെ വിളിക്കാഞ്ഞത് മമ്മൂക്കയുടെ മാന്യത. സത്യമായും ജാഡ കൊണ്ട് കാണാഞ്ഞതല്ല പുഴു.

‘ഉഡുരാജമുഖി മൃഗരാജകടി
ഗജരാജവിരാജിത മന്ദഗതി.
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപ ക്വ തപ ക്വ സമാധി വിധി’
എന്ന് കേട്ടിട്ടില്ലേ.

നക്ഷത്രശോഭയുള്ള മുഖവും സിംഹത്തിന്റേതുപോലെ ഒതുങ്ങിയ അരക്കെട്ടും ആനയുടെതുപോലെ മന്ദമായ ചലനവുമുള്ള സുന്ദരിയായ യുവതി ഹൃദയത്തിൽ താമസിക്കുമ്പോൾ എന്തു ജപം എന്തു തപം എന്തു സമാധി. ഒരു കാരണവശാലും മനസ്സമാധാനം തരാത്ത കാക്കത്തൊള്ളായിരം ജീവിതപ്രശ്നങ്ങൾ ചുറ്റുംനിന്ന് അറ്റാക്ക് ചെയ്യുമ്പോൾ എന്തു സിനിമ, എന്ത് ഓടിടി, എന്തു പുഴു, എന്ത് എന്റർടെയ്ൻമെന്റ്, എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഇരുപതു കാലും നാൽപതു കൈയുമായി ജീവിതത്തിനോടു പൊരിഞ്ഞ പടവെട്ട് നടത്തുന്നതിനിടെ പടം പോയിട്ട് പരസ്യം പോലും കാണാൻ പറ്റാത്ത പരുവത്തിലായിരുന്നു.

‘ഇരുകൈ കൊണ്ടു ചുമക്കുന്നൂ ഞാൻ
ഇരുപതു കയ്യിൻ ഭാരത്തെ
ഇരുകാൽ കൊണ്ടു മെതിക്കുന്നൂ ഞാൻ
ഇരുപതു കാലിൻ ദൂരത്തെ.’

അക്കിത്തം കവിതയൊക്കെ പണ്ട് വായിച്ചതിനേക്കാൾ നന്നായിട്ടിപ്പോൾ പിടികിട്ടുന്നുണ്ട്.

കോണകം പുരപ്പുറത്ത് നനച്ചുവിരിച്ചിടുന്ന ഷോ ഓഫ് കൊണ്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് കുളിയൊക്കെ പാടേ ഒഴിവാക്കിയിരുന്ന ടൈമാണ്. കണ്ടമാനം കാശു കളയാൻ കയ്യിലില്ലാത്ത സമയമായതുകൊണ്ട് സോണി ലിവ് പോലത്തെ സംഗതികളൊന്നും ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. കയ്യിലിരിക്കുന്ന കിടുതാപ്പിന്റെ ജാഡയല്ലേ നാട്ടുകാർ ശ്രദ്ധിക്കൂ. അകത്തുള്ള ആപ്പുകളുടെ കണക്കൊന്നും ആൾക്കാർ എണ്ണി നോക്കില്ലല്ലോ.

സ്വയം ന്യായീകരിക്കാൻ കുറേ ശ്രമിച്ചെങ്കിലും മമ്മൂക്കയുടെ ചോദ്യം മനസ്സിൽ കിടന്നു ഡാൻസ് കളിച്ചു കൊണ്ടിരുന്നു. വീട്ടിൽ വന്നു കുനിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ നല്ലപാതി കാര്യം തിരക്കി. പുഴു കാണാത്ത കാര്യം പറഞ്ഞപ്പോൾ പെൺപിറന്നോത്തി ഒരു പ്രത്യേക എക്സ്പ്രഷനിട്ടു. പണ്ട് ഒമ്പതാം ക്ലാസിൽ പഠിക്കാനുണ്ടായിരുന്ന വള്ളത്തോൾക്കവിതയിലെ പാർവതിയെ ഓർമ്മവന്നു.

‘ഉടൻ മഹാദേവിയിടത്തുകയ്യാ–
ലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി–
പ്പാർശ്വസ്ഥനാകും പതിയോടുരച്ചു’

ഇവിടെ പക്ഷേ ഭാര്യാമണി കലിച്ചും ജ്വലിച്ചുമൊന്നുമില്ല. പകരം പരമപുച്ഛം മൊത്തം കൂടി കാച്ചിക്കലക്കിക്കുറുക്കി ഒരു ഡയലോഗടിച്ചു: ‘‘പടമൊന്നും കാണാത്ത താൻ എവിടുത്തെ സിനിമാക്കാരനാണ്. സിനിമയൊന്നും കാണാതെ ഔട്ട്ഡേറ്റഡായിട്ട് പുതിയതരം സിനിമ ചെയ്യണമെന്ന് പറഞ്ഞു നടന്നാലൊന്നും അരി വേകില്ല.’’

ശരിയാണ്. എനിക്ക് വേണ്ടി ഞാനല്ലാതെ മറ്റാരാണു സിനിമ കാണേണ്ടത്. ആ പറച്ചിൽ എന്നെ പിന്നെയും പിടിച്ചുകുലുക്കി. കാട്ടാളനെ കവിയാക്കിയതും പണ്ടൊരു പത്നിയുടെ പറച്ചിലായിരുന്നല്ലോ. പുതിയ കാര്യങ്ങൾ പഠിക്കാതെ, കണ്ടതിനെയും കാണാത്തതിനെയും മൊത്തം കുറ്റം പറഞ്ഞു നടന്നിട്ട് വല്ല കാര്യവുമുണ്ടോ. പുച്ഛോമാനിയാക്കാരായ ചില സിനിമാക്കാരുടെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. എന്തു പുതുമ കണ്ടാലും ഒന്നരകിലോമീറ്റർ മാറി നടക്കുന്ന ചിലരുടെ മുഖങ്ങൾ. കാഴ്ചപ്പാടിന്റെ കാര്യത്തിൽ പതിനെട്ടാംനൂറ്റാണ്ടു കടക്കാത്ത ചിലരുടെയൊക്കെ മുഖസാദൃശ്യം എനിക്കും വരുന്നുണ്ടോ എന്നൊരു സംശയം തോന്നി. അയ്യോ എന്നൊരു നിലവിളിശബ്ദത്തോടെ അന്നേരം തന്നെ ഉള്ളിൽ അപായസൈറൺ മുഴങ്ങി. സെൻസും സെൻസിബിലിറ്റിയുമൊക്കെ ഉണ്ടായാൽ മാത്രം പോരല്ലോ. അത് പൊടിപിടിച്ചു പഴഞ്ചനാകാതെയും തുരുമ്പടിച്ചു തകരാറാകാതെയും സംരക്ഷിക്കുക കൂടി വേണമല്ലോ.

അടിയന്തരമായി അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചു. ശടുപുടോന്നായിരുന്നു പിന്നെ കാര്യങ്ങൾ. എന്തിനേറെപ്പറയുന്നു, ഒറ്റയിരിപ്പിൽ പുഴു കണ്ടുതീർത്തു. പൊണ്ടാട്ടിയെയും പിള്ളേരെയും കാണിച്ചും കൊടുത്തു.

ചില വിസ്കിയുടെയൊക്കെ പടുതിയായിരുന്നു ആ സിനിമയ്ക്ക്. കുടിക്കുമ്പോൾ നമുക്കു തലയ്ക്കു പിടിക്കില്ല. പിടിക്കുമ്പോൾ നമ്മളെ കടപുഴക്കി താഴെ വീഴിക്കുകയും ചെയ്യും. സിംഗിൾമാൾട്ട് വിസ്കി സിപ്പ് ചെയ്തിരിക്കുന്നതു പോലെ തന്നെയാണ് പുഴു കണ്ടു തീർത്തത്. പക്ഷേ അതിന്റെ ഹാങ്ങോവറിൽനിന്ന് പെട്ടെന്നൊന്നും പുറത്തുകടക്കാൻ കഴിയുമെന്നു തോന്നുന്നില്ല. സിരാകോശങ്ങളിൽ പതിയെപ്പതിയെ ലഹരി കിനിഞ്ഞിറങ്ങുന്നതുപോലെയാണ് വേറിട്ടൊരു ചലച്ചിത്രാനുഭവമായി പുഴു അരിച്ചരിച്ചു കയറിയത്.

പുഴുവിലെ കുട്ടനും കുട്ടപ്പനും പ്രതിനിധീകരിക്കുന്നത് എന്തിനെയൊക്കെയെന്നും പുഴുരൂപത്തിൽനിന്ന് ചിലതൊക്കെ തക്ഷക ഭാവത്തിലേക്ക് പരിണമിക്കുന്നതെങ്ങനെയെന്നുമൊക്കെ പലരും ഇതിനോടകം വിസ്തരിച്ചു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിവിടെ ആവർത്തിക്കുന്നതിൽ കാര്യമില്ലല്ലോ.
എങ്കിലും എസ്.ശാരദക്കുട്ടി ടീച്ചർ ഒരു കുറിപ്പിൽ പറഞ്ഞത് വളരെ ശ്രദ്ധേയമായി തോന്നി.

‘‘മമ്മൂട്ടിയുടെ നിസ്സംഗമെന്നും നിർവ്വികാരമെന്നും നിർമമമെന്നും തോന്നിപ്പിക്കുന്ന ആ ചലനങ്ങൾ എത്രമാത്രം ഭയപ്പെടുത്തുന്നതാണ് !!
ജാത്യധികാര ഭീകരതയുടെയും സാമ്പത്തികാധികാര ധാർഷ്ട്യത്തിന്റെയും പാട്രിയാർക്കൽ അധികാരഘടനയുടെയും ക്രൂരവും കഠിനവുമായ ദുർവ്വാശികൾ കുട്ടന്റെയുള്ളിൽ എത്രയുണ്ടോ അത്ര തന്നെ നമ്മുടെയുള്ളിലുമുണ്ട് എന്നത് ഓർമിപ്പിക്കുക മാത്രമാണ് ആ നിർവികാരതയിലൂടെ സിനിമ ചെയ്യുന്നത്.

ഇതൊരു കുട്ടപ്പന്റെയും ഭാരതിയുടെയും കുട്ടന്റെയും കിച്ചന്റെയും അമീറിന്റെയും പോളിന്റെയും സ്വകാര്യ പ്രശ്നമല്ല. ജാത്യധികാര - പുരുഷാധികാര ശാസനകളെ ചോദ്യം ചെയ്തതിന്റെ പേരിൽ രക്തസാക്ഷികളാകേണ്ടി വന്ന നിരവധി പേർ നമ്മുടെ ചരിത്രത്തിലുണ്ട്. മാനസികമായും ശാരീരികമായും ജാതീയമായും സാമ്പത്തികമായും സാമൂഹികമായും അവർ നേരിട്ട സംഘർഷങ്ങൾ വലിയ മാറ്റമൊന്നുമില്ലാതെ ഇന്നും നിലനിൽക്കുന്നു എന്ന് ഉറപ്പിക്കേണ്ടി വരുന്നത് എത്ര ലജ്ജാകരമായ അവസ്ഥയെന്ന് ചലച്ചിത്രം ഓർമിപ്പിക്കുമ്പോൾ ഞാൻ പലവട്ടം തലകുനിച്ചു. കുട്ടൻ എന്റെയുള്ളിലുമുണ്ട്. ഉറപ്പായും ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.’’

ടീച്ചർ വളരെ വൃത്തിയായി പറഞ്ഞതിൽ കൂടുതലൊന്നും അക്കാര്യത്തിൽ പറയാനില്ല. ജാതിപ്രശ്നങ്ങളെ ധീരമായി അഭിസംബോധന ചെയ്യുന്ന കുറച്ച് ചിത്രങ്ങളെങ്കിലും പല ഇന്ത്യൻ ഭാഷകളിലുമായി ഇപ്പോൾ പുറത്തു വരുന്നുണ്ട്. അത്തരം ചില സിനിമകളെക്കുറിച്ചുള്ള ചർച്ചകളിൽ നേരത്തേ പറഞ്ഞ കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല. പുഴു എല്ലാംകൊണ്ടും പെർഫെക്റ്റ് ആയ ഒരു ചലച്ചിത്രമാണ് എന്നൊന്നും പറയുന്നില്ല. പ്രതിനിധാനത്തെ സംബന്ധിക്കുന്ന എതിരഭിപ്രായങ്ങൾ ചിലരൊക്കെ അതിനെക്കുറിച്ച് ഉന്നയിച്ചിട്ടുമുണ്ട്. ചർച്ചകൾ നടക്കട്ടെ. നടക്കേണ്ടതുമാണ്. ജനാധിപത്യത്തെ നിലനിർത്തേണ്ടത് ആരോഗ്യകരമായ ചർച്ചകളാണല്ലോ. മസാലദോശയുടെ മേന്മയെക്കുറിച്ചും ബീഫ് റോസ്റ്റിന്റെ ടേസ്റ്റിനെക്കുറിച്ചും തുറന്നുപറയാൻ സ്പേയ്സ് ഉള്ളിടത്താണല്ലോ ജീവിക്കാൻ കുറച്ചുകൂടി സുഖമുണ്ടാവുക.

എന്നെ വ്യക്തിപരമായി പല തരത്തിലും തലത്തിലും ബാധിച്ച ഒരു ചലച്ചിത്രമാണ് പുഴു. അതിൽനിന്നു വെളിപ്പെട്ട രണ്ടു കാര്യങ്ങൾ മാത്രം എടുത്തു പറയാൻ ആഗ്രഹിക്കുന്നു.

1. എന്നിലെ രക്ഷിതാവിൽ പമ്മിയും പതുങ്ങിയും ഒളിച്ചു താമസിച്ചിരുന്ന ഒരു അധികാരി ഹിറ്റ്ലറിനെ എനിക്കുതന്നെ കൃത്യമായി വ്യക്തമാക്കിത്തരുന്ന വിധത്തിലാ ചലച്ചിത്രം വെളിച്ചത്തു കൊണ്ടുവന്നു നിർത്തി.

2. ഇനിയുമിനിയും എക്സ്പ്ലോർ ചെയ്യാൻ അനന്തവൈചിത്ര്യങ്ങളും അറ്റമില്ലാത്ത വൈവിധ്യങ്ങളും ബാക്കി കിടക്കുന്നൊരു വൻകരയാണ് മമ്മൂട്ടിയെന്ന നടനെന്നാ സിനിമ സാക്ഷ്യപ്പെടുത്തി.

സിനിമ കഴിഞ്ഞു. ഇനി ജീവിതത്തിലേക്കു വരട്ടെ. പുഴു കാണാൻ സമയം കിട്ടാഞ്ഞത് അമ്മയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ട ചില ഓട്ടങ്ങൾ കൊണ്ടാണെന്നു പറഞ്ഞല്ലോ. അങ്ങോട്ടുതന്നെ തിരിച്ചുവരാം. അമ്മയുടെ മനസ്സിന്റെ മരത്തിൽ ചേക്കേറിയിരുന്ന ഓർമയുടെ പക്ഷികളിൽ അധികമൊന്നുമിപ്പോൾ ബാക്കിയില്ല.
കിടക്കയിൽ അറിയാതെ മൂത്രം ഒഴിച്ചു പോയപ്പോൾ അടുത്ത വന്ന നേഴ്സ് അമ്മയോട് ചിരിയോടെ ചോദിച്ചു: ‘‘ങാഹാ , പറയാതങ്ങ് മൂത്രമൊഴിക്കാനാണോ ഇനി പ്ലാൻ?’’
ബ്രൂട്ടലി ഓണസ്റ്റ് എന്നൊരു പ്രയോഗമുണ്ടല്ലോ. ഉടൻതന്നെ വന്നു അത്തരത്തിലൊരു മറുപടി: ‘‘ങാ , ഇനി അങ്ങനെയാണ് പ്ലാൻ.’’
എനിക്ക് ചിരിയും കരച്ചിലും വന്നു.
അതുകഴിഞ്ഞപ്പോൾ എന്റെ നേർക്ക് വന്നു അമ്മയുടെ മാരകമായൊരു ചോദ്യം: ‘‘ഞാൻ ആരാ മോനേ?’’
ശങ്കരൻ മുതലുള്ള തത്ത്വജ്ഞാനികളൊക്കെ തേടി നടന്നിട്ടും കൃത്യമായ ഉത്തരം കിട്ടാത്ത ചോദ്യമായതുകൊണ്ടു ഞാനതിനു മറുപടി പറഞ്ഞില്ല. പകരം അമ്മയോട് തിരിച്ചൊരു ചോദ്യം ചോദിച്ചു: ‘‘ഞാനാരാ അമ്മേ?’’
ഒട്ടും സംശയം കൂടാതെ അപ്പോൾ തന്നെ വന്നു മറുപടി: ‘‘എന്റെ മോൻ.’’
ഒന്നുകൂടി ഞാൻ ചോദിച്ചു: ‘‘എന്റെ പേരെന്താ?’’
നിസ്സംഗമായ ഒരു ചിരിയോടെ അമ്മ പറഞ്ഞു: ‘‘അത് ഞാൻ ഓർക്കുന്നില്ല.’’

ഒരുപാട് തരത്തിലുള്ള ചിന്തകളുടെ വേലിയേറ്റത്തിൽ അടിമുടി നനഞ്ഞുകുതിർന്നു ഞാൻ നിന്നു. അപ്പോൾ, അടുത്തു കിടന്ന മലയാള മനോരമ പത്രത്തിന്റെ മുൻപേജ് മുഴുവനായി നിവർത്തി എന്റെ മകൻ ആദിത്യൻ അവന്റെ അമ്മൂമ്മയെ കാണിച്ചു. അതിൽ പുഴു സിനിമയുടെ ഫുൾപേജ് പരസ്യം നീണ്ടുനിവർന്നു കിടപ്പുണ്ടായിരുന്നു. അതിലെ നടന്റെ പടത്തിൽ ചൂണ്ടി ആദി എന്റെ അമ്മയോട് ചോദിച്ചു: ‘‘ഇതാരാ അമ്മൂമ്മേ?’’
അൽപം കാഴ്ചക്കുറവുള്ള അമ്മ പത്രത്തിലേക്കു സൂക്ഷിച്ചുനോക്കി. എന്നിട്ട്, ഇതൊക്കെ പ്രത്യേകിച്ച് ചോദിക്കാനുണ്ടോ എന്ന ഭാവത്തിൽ, ലവലേശം സംശയമില്ലാതെ അവനോട് തറപ്പിച്ചു പറഞ്ഞു: ‘‘മമ്മൂട്ടി.’’
ഓർമയുടെ ഇലകളൊക്കെ പുഴു തിന്നുപോയ പരുവത്തിലുള്ള ഒരു എൺപത്തിയേഴുകാരി പോലും സ്വന്തം മകന്റെ പേര് മറന്നു പോയിട്ടും മമ്മൂട്ടിയുടെ മുഖവും പേരും ഓർത്തിരിക്കുന്നു!!!

Mammootty-മമ്മൂട്ടി
പുഴു സിനിമയിൽ നിന്നും

ഓർമകൾ ഉണ്ടായിരിക്കണം എന്നത് മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയുടെ തലക്കെട്ടാണ്. ഓർമ ഒരു രാഷ്ട്രീയായുധം കൂടിയാണ്. ഓർമ കൊണ്ടു പുലരുന്ന മലയാളിയുടെ സമൂഹമനസ്സിൽ എത്രമാത്രം ആഴത്തിലായിരിക്കണം ആ മഹാനടൻ മുദ്രപ്പെട്ടിരിക്കുന്നത്. പുറമേക്കു പച്ചപിടിച്ചു കാണുന്ന പലതും അകം ദ്രവിച്ചതാണെന്നു തിരിച്ചറിയാൻ അടുത്തേക്കു ചെല്ലേണ്ടിവരും ആൾക്കാർക്ക്. തഴച്ചുവളരുമെന്നു തോന്നിപ്പിക്കുന്ന പല ചെടികളെയും പൊടുന്നനെ പുഴു തിന്നുതീർത്തു കളയും.

വേനലിൽ കരിയാതെയും വർഷത്തിൽ ചീയാതെയും കൊടുങ്കാറ്റിൽ വീഴാതെയും ചില മഹാമരങ്ങൾ അപ്പോഴും പിടിച്ചുനിൽക്കും. മായമോ മന്ത്രമോ കൊണ്ടല്ല, സ്വയംപുതുക്കലിന്റെ പ്രയത്നം കൊണ്ടാണത് സാധ്യമാകുന്നത്. പുതുമയുള്ള മണ്ണടരുകളിലേക്കു വേരുകൾ നീട്ടിയും ആകാശങ്ങളുടെ അതിരുകളിലേക്ക് ചില്ലകൾ നീർത്തിയും നിരന്തരമവ വളർന്നുകൊണ്ടേയിരിക്കും.

പട്ടു പോകാതെയും പുഴുവരിക്കാതെയും അഭിനയാകാശങ്ങളിലേക്ക് അനുസ്യൂതം പടരുന്നൊരു മഹാമരത്തിനെ സിനിമാതൽപരർ മമ്മൂട്ടി എന്നു പേരു വിളിക്കുന്നതിൽ വലിയ അദ്ഭുതമൊന്നും തോന്നേണ്ടതില്ല. അതിനുള്ള പണി ആ മനുഷ്യൻ ഇപ്പോഴും എടുത്തുകൊണ്ടേയിരിക്കുന്നുണ്ട്. പുഴു അതിനുള്ള ദൃഷ്ടാന്തങ്ങളിൽ ഒന്നുമാത്രം. ആ വഴിയേ പോകാനാഗ്രഹിക്കുന്നവർക്കു വേണ്ടി ഒരു പുസ്തകത്തിലെ വരികൾ വെറുതെ പറഞ്ഞു തരാം.

‘‘ഓരോ സിനിമയിലൂടെയും ഞാൻ അഭിനയം പഠിക്കുകയായിരുന്നു. എന്റെ ഓരോ സിനിമയും എനിക്ക് ഓരോ പാഠങ്ങളായിരുന്നു എന്നു ചുരുക്കം.’’ - ചമയങ്ങൾ: മമ്മൂട്ടി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com