ADVERTISEMENT

ഒരു കാലത്ത് തന്റെ മെക്കിട്ടു കേറാൻ വരുന്നവരെ താൻ ചെങ്കൽച്ചൂളക്കാരനാണെന്ന് പറഞ്ഞാണു വിരട്ടി ഓടിച്ചിരുന്നതെന്ന് നടൻ മണിയൻപിള്ള രാജു. ‘മൊട’ കാണിക്കാൻ വരുന്നവർ അതോടെ വാലു ചുരുട്ടി പൊയ്ക്കോളും. ഭീഷണിപ്പെടുന്നവരെ ചെങ്കൽച്ചൂളയിലേക്കു വാടാ കാണിച്ചുതരാം എന്നാണു പറഞ്ഞിരുന്നതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. 

 

‘‘ഇപ്പോൾ ചെങ്കൽച്ചൂളയല്ല. പേരു മാറ്റി. രാജാജി നഗർ എന്നാണ് ഇപ്പോൾ അറിയുന്നത്. ഈ കോളനിയോടു ചേർന്നുള്ള മോഡൽ സ്കൂളിലാണ് താൻ പഠിച്ചിരുന്നത്. ഇവിടെ ഒത്തിരി സുഹൃത്തുക്കളുണ്ട്. രാജാജി നഗറിന് അധികം ദൂരെയല്ലാതെയാണ് ഇപ്പോഴത്തെ താമസം.  അതുകൊണ്ട് താൻ ഇവിടത്തുകാർക്ക് അയൽവാസിയാണ്.’’ – മണിയൻ പിള്ള പറഞ്ഞു.

sneha-maniyan

 

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സ്നേഹ അനുവിനെ അനുമോദിക്കാൻ സ്നേഹയുടെ രാജാജി നഗറിലുള്ള വീട്ടിലെത്തിയതായിരുന്നു മണിയൻ പിള്ള. പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷന്റെ (പിആർ ഫൗണ്ടേഷൻ) ആഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് നടത്തിയത്. രാജാജി നഗറിൽ നിന്നുള്ള ഒരു കുട്ടി സിനിമാ മേഖലയിൽ തിളങ്ങുന്നത് അഭിമാനമാണെന്നും മണിയൻ പിള്ള പറഞ്ഞു. 

 

‘‘സ്നേഹയ്ക്ക് സിനിമയിൽ കൂടുതൽ തിളങ്ങാനാകും. കുട്ടിയുടെ അഭിനയം ശ്രദ്ധിച്ചിരുന്നു. ഫൊട്ടോജനിക് ആയ മുഖമാണ് സ്നേഹയുടേത്. ഭാവങ്ങളും എളുപ്പത്തിൽ ചെയ്യാനാകുന്നു. സിനിമയിൽ കൂടുതൽ ശോഭിക്കട്ടെയെന്ന് ആശംസിക്കുന്നു.’’ –മണിയൻ പിള്ള പറഞ്ഞു. പഠനത്തോടൊപ്പം തന്നെ സിനിമയിലും മുന്നേറുന്നതു കാണാൻ താൻ കാത്തിരിക്കുകയാണെന്ന് സ്നേഹയോടു പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നാടിന്റെ അഭിമാനമാണ് ഈ കുട്ടി. എല്ലാവർക്കും മതൃകയായി വളരട്ടെയെന്നും അഭിനയരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കട്ടേയെന്നും പന്ന്യൻ പറഞ്ഞു. 

 

സ്നേഹയെ അദ്ദേഹം ഷാൾ അണിയിച്ചു. ഉപഹാരവും സമ്മാനിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സ്നേഹ അനു. ‘തല’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. മഹാനഗരത്തിലെ ഒരു ചേരിപ്രദേശത്തു കഴിയുന്ന പെൺകുട്ടിയുടെ അരക്ഷിതമായ ജീവിതവും അതിജീവന ശ്രമങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് പുരസ്കാരം തേടിയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com