ADVERTISEMENT

ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ 221 ബി എന്ന മുറി ഷെർലക്ഹോംസെന്ന കുറ്റാന്വേഷകനിലൂടെ ലോകപ്രശസ്തമാണ്. തലസ്ഥാനത്തെ ചെങ്കൽ ചൂളയെന്ന രാജാജി നഗർ കോളനിയിലെ ഫ്ലാറ്റ് നമ്പർ 3 ബിയും ഇപ്പോൾ പ്രശസ്തിയുടെ പടവുകളിലാണ്. സംസ്ഥാനത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച സ്നേഹ അനു താമസിക്കുന്നത് ഈ ഫ്ലാറ്റിലാണ്. 

 

വലിയ തിരക്കിലാണ് സ്നേഹ. അഭിനന്ദനവുമായി നിരവധി സംഘടനകളും വ്യക്തികളും വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു. അഭിനന്ദന പ്രവാഹങ്ങൾക്കിടയിലാണ് കോട്ടൺ ഹിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ സ്നേഹ ഇന്ന് സ്കൂളിലേക്കെത്തുന്നത്; സഹപാഠികളുടെയും അധ്യാപകരുടെയും സ്നേഹം  ഏറ്റുവാങ്ങാൻ. സ്കൂളിൽ സ്നേഹയ്ക്കായി അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള തിരക്കിനിടയിൽ ഇന്നലെ രാത്രിയാണ് പുതിയ സ്കൂൾ വസ്ത്രങ്ങളും ബാഗുമെല്ലാം വാങ്ങാനായത്. കൂട്ടുകാരെ ഒരിടവേളയ്ക്കുശേഷം കാണുന്ന സന്തോഷത്തിലാണ് ബാലതാരം. 

 

‘സിനിമയിൽ അഭിനയിക്കുന്ന കാര്യം കൂട്ടുകാരോട് സൂചിപ്പിച്ചിരുന്നു. അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ അവരെല്ലാം ത്രില്ലടിച്ചിരിക്കുകയാണ്. ഇന്നു നേരിട്ട് കൂട്ടുകാരെ കണ്ട് സന്തോഷം പങ്കിടണം’–സ്നേഹ പറയുന്നു. അവാർഡ് പ്രഖ്യാപിച്ചശേഷം കൂട്ടുകാരിൽ മിക്കവരെയും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. അവാർഡ് വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കൂട്ടുകാരും അധ്യാപകരും ഫോണിൽ വിളിച്ചു. ചിലരെല്ലാം കാണാൻ സമ്മാനങ്ങളുമായി വീട്ടിലെത്തി. കാണാൻ കഴിയാത്തവർ സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അഭിനന്ദനങ്ങൾ കൈമാറി. ഷൂട്ടിങ് വിശേഷങ്ങളും എന്നാണ് അവാർഡ് വാങ്ങുന്നതെന്നുമാണ് കൂട്ടുകാർക്ക് അറിയേണ്ടത്. ഷൂട്ടിങ് അനുഭവങ്ങളെല്ലാം സ്നേഹ ഫോണിലൂടെ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നുണ്ട്. ക്ലാസ് ആരംഭിക്കുന്നതോടെ ഇനി വിശേഷങ്ങളെല്ലാം മുഖാമുഖം ചർച്ച ചെയ്യാം.

 

കയസ് മിലൻ സംവിധാനം ചെയ്ത തല എന്ന സിനിമയിലെ അഭിനയത്തിനാണ് സ്നേഹയ്ക്ക് അവാർഡ് ലഭിച്ചത്. വർഷങ്ങളെടുത്താണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. സ്കൂൾ അധികൃതർ മികച്ച പിന്തുണയാണ് നൽകിയതെന്നും ഇല്ലെങ്കിൽ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലായിരുന്നെന്നും സ്നേഹ പറയുന്നു. ഷൂട്ടിങും പഠനവും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രദ്ധിച്ചത്. ഷൂട്ടിങ് ഉള്ള ദിവസങ്ങൾ നേരത്തെ സ്കൂളിൽ അറിയിക്കും. അനുവാദം വാങ്ങിയശേഷമാണ് ഷൂട്ടിങിനായി പോയിരുന്നത്. ഹാജരല്ലാത്ത സമയത്തെ പാഠഭാഗങ്ങൾ പഠിക്കാൻ അധ്യാപകരും കൂട്ടുകാരും സഹായിച്ചു. അപ്രതീക്ഷിതമായി അവാർഡ് എത്തിയതോടെ സ്കൂളിലെ എല്ലാവരും സന്തോഷത്തിലാണ്.

 

പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ച് നല്ലൊരു ജോലി വാങ്ങണമെന്നാണ് സ്നേഹയുടെ സ്വപ്നം. അഭിനയിക്കാൻ അവസരം ലഭിച്ചാൽ തുടർന്നും അഭിനയിക്കും. വിദ്യാഭ്യാസത്തിന് അൽപം കൂടുതൽ പരിഗണന നല്‍കാനാണ് സ്നേഹയുടെ തീരുമാനം. രാജാജി നഗർ കോളനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര പുരസ്കാരം ഇവിടേയ്ക്കെത്തുന്നത്. നഗരത്തിലെ ചേരിയിൽ ജീവിക്കുന്ന പെൺകുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സിനിമയിൽ അവതരിപ്പിക്കേണ്ടി വന്നത്. പരിചയമുള്ള സാഹചര്യമായതിനാൽ മികവോടെ അവതരിപ്പിക്കാനായി. യാദൃശ്ചികമായാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. കോളനിയിലെ കുട്ടികൾക്കായി നടന്ന ഓഡിഷനിൽ സ്നേഹയും പങ്കെടുത്തിരുന്നു. പ്രകടനം കണ്ട് സിനിമയിലേക്കു തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ കൊച്ചുപ്രേമൻ നായകനായി അഭിനയിച്ച രൂപാന്തരം എന്ന ഷോർട് ഫിലിമിൽ അഭിനയിച്ചിരുന്നു. ഇതിലെ അഭിനയത്തിന് ഗോവ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. നഗരസഭയിലെ ദിവസവേതനക്കാരനാണ് സ്നേഹയുടെ അച്ഛൻ അനു. അമ്മ നിഷ വീട്ടമ്മയാണ്. അനുജത്തി അനുഷ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com