ADVERTISEMENT

കമല്‍ഹാസന്‍ ചിത്രം വിക്രമിൽ വേലക്കാരിയുടെ വേഷത്തിലെത്തിയ ‘പുതുമുഖ’ നടിയെ സിനിമ കണ്ടിറങ്ങുന്നവർ പെട്ടന്ന് മറക്കാനിടയില്ല. സിനിമാ ഇൻഡസ്ട്രിയിൽ കഴിഞ്ഞ 30 വർഷമായി നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നൃത്തകലാകാരി വസന്തിയുടെ ആദ്യ ചിത്രമായിരുന്നു വിക്രം. 

 

ഡാൻസ് കൊറിയോഗ്രാഫർ ദിനേശിന്റെ അസിസ്റ്റന്റ് ആണ് വസന്തി. മാസ്റ്റർ സിനിമയിലെ വാത്തി കമിങ് എന്ന പാട്ടിന്റെ ഷൂട്ടിനിടയിലാണ് സംവിധായകൻ ലോകേഷ് കനകരാജ് വസന്തിയെ ശ്രദ്ധിക്കുന്നത്. പാട്ടിനിടയിലെ നൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം നൃത്തം െചയ്യാനെത്തിയതായിരുന്നു വസന്തി. പിന്നീട് ദിനേശിനെ വിളിച്ച് ലോകേഷ് തന്നെയാണ് വിക്രത്തിലെ വസന്തയുടെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ദിനേശ് മാസ്റ്ററിൽ നിന്നും ഇക്കാര്യം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയെന്ന് വസന്തി പറഞ്ഞു.

 

മാസ്റ്റർ ദിനേശിനും ടീമിനുമൊപ്പമാണ് വസന്തി വിക്രം കണ്ടത്. തന്റെ മുഖം സ്ക്രീനിൽ കണ്ട് ആളുകൾ കയ്യടിക്കുന്ന ഒരു ദിവസം വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് വസന്തി പറയുന്നു. 

 

‘‘വർഷങ്ങളായി ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. ഇതുവരെ ഒരു സംവിധായകനും ഞങ്ങളെ ആരെയും വിളിച്ച് ഇതുപോലെ പറഞ്ഞിട്ടില്ല. ലോകേഷ് സർ വേറെ െലവൽ ആണ്. ബ്രില്യന്റ് സംവിധായകൻ എന്നു തന്നെ പറയാം. എന്റെ കഥാപാത്രത്തെക്കുറിച്ച് പൂർണമായ രൂപരേഖ അദ്ദേഹം എനിക്കു പറഞ്ഞുതന്നിരുന്നു. ഷോട്ട് എടുക്കുമ്പോൾ കൂടെ തന്നെ നിൽക്കും. നമ്മുടെ അതേ എനർജിയിലാണ് ലോകേഷും നിൽക്കുന്നത്. 

 

ആദ്യ ഷോട്ട് ഫഹദ് ഫാസിൽ സാറിനൊപ്പമായിരുന്നു. സത്യം പറഞ്ഞാൽ വിറക്കുകയായിരുന്നു. രണ്ട് മൂന്ന് ഷോട്ട് എടുത്തിട്ടും ശരിയായില്ല. പക്ഷേ അദ്ദേഹം എന്നെ ഒത്തിരി സഹായിച്ചു. കോമഡി പറഞ്ഞ് ആ സിറ്റുവേഷന്‍ രസകരമാക്കി. ഏറെ എളിമയുള്ള കലാകാരനാണ് ഫഹദ്.

 

16 ദിവസമായിരുന്നു ഞാൻ വിക്രമിൽ അഭിനയിച്ചത്. ആക്‌ഷൻ രംഗം മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. അൻപ് അറിവ് മാസ്റ്റേഴ്സിന്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടണം, എന്റെ പേരും ലോകം അറിയണം എന്ന ആവേശം മനസിലുണ്ടായിരുന്നു. ആ ആവേശത്തിലാണ് അതൊക്കെ ചെയ്തത്.

 

ഭഗവതി സിനിമ മുതൽ വിജയ് സാറിന് എന്നെ അറിയാം. ഭയങ്കര സ്വീറ്റ് ആണ് വിജയ്. നയൻതാരയുമായി നല്ല സൗഹൃദമുണ്ട്. കീർത്തി സുരേഷിനും എന്നെ ഒരുപാട് ഇഷ്ടമാണ്. മലയാള ചിത്രമായ റിങ് മാസ്റ്ററിൽ ഞാൻ പ്രവർത്തിച്ചിരുന്നു. എന്റെ വീട്ടിൽ വരെ കീർത്തി വന്നിട്ടുണ്ട്. പുതിയ കാർ മേടിച്ചപ്പോൾ അവർ എന്റെ വീട്ടിലേയ്ക്കാണ് ആദ്യം വന്നത്. എന്നെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും മറ്റുമൊക്കെ മേടിച്ച് തന്നു. അത്രയ്ക്ക് സ്നേഹമാണ് എന്നോട്. 

 

ചാച്ചി 420 എന്ന ചിത്രത്തിൽ കമൽ സാറിനൊപ്പം ഞാൻ ഡാൻസ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ അകലെ നിന്നു മാത്രമേ കണ്ടിട്ടുള്ളൂ. അടുത്ത് ചെല്ലാൻ പോലും പേടിയായിരുന്നു. ലോകേഷ് സർ ആണ് കമൽ സാറിനെ എനിക്കു പരിചയപ്പെടുത്തി തരുന്നത്. അതിനൊക്കെ ലോകേഷിന് നന്ദി പറഞ്ഞേ തീരൂ. കാരണം കമൽ സാറിനൊപ്പമുളള ഷൂട്ട് വരുമ്പോൾ മറ്റുള്ളവർ വന്ന് അഭിനയിച്ചുപോകുക മാത്രമേ ഒള്ളൂ.’’-വസന്തി പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com