ADVERTISEMENT

മലയാള സിനിമയുടെ സുവർണ കാലഘട്ടമായി എല്ലാവരും ഒരുപോലെ വിശേഷിപ്പിക്കുന്ന 1980 കളിലാണ് ആർട്ട്– മധ്യവർത്തി– കച്ചവട ശ്രേണിയിലുള്ള ചിത്രങ്ങളുമായി ഒരു കൂട്ടം നവാഗത സംവിധായകരുടെ വരവറിയിപ്പ് ഉണ്ടാകുന്നത്. പുതുവഴികൾ വെട്ടിത്തുറന്ന് സവിശേഷമായ ഭാവുകത്വ പരിണാമമുണ്ടാക്കിയ ഈ പുതുമുഖ ചലച്ചിത്രകാരന്മാരാണ് പിന്നീട്, നീണ്ട ഒന്നര പതിറ്റാണ്ടു കാലം മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത്. ഇതിൽ മധ്യവർത്തിക്കും വാണിജ്യത്തിനുമിടയിലുള്ള ഒരു സെമി നവധാരാരീതി കൊണ്ടു വന്ന് മലയാള സിനിമയിൽ പുതിയൊരു ലാവണ്യം വിരിയിച്ചതിൽ പ്രധാനി നമ്മുടെ ആലപ്പുഴക്കാരനായ ഫാസിൽ എന്ന ചലച്ചിത്രകാരനാണ്.

ഫാസിൽ തന്റെ ആദ്യ സിനിമയായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ ഏകനായി വന്നയാളല്ല. തന്നെപ്പോലെ തന്നെ പുതുമുഖങ്ങളായ മോഹൻലാലിനെയും ശങ്കറിനെയും പൂർണിമ ജയറാമിനെയുമൊക്കെ കൂടെക്കൂട്ടി മലയാളത്തിൽ ഒരു പുതു തരംഗം തന്നെ സൃഷ്ടിക്കുകയായിരുന്നു.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം എറണാകുളത്തെ നവോദയയുടെ വിതരണ സ്ഥാപനത്തിന്റെ മാനേജരായ രാജന്റെ ഒരു ഫോൺ വന്നു. ചിത്രപൗർണമി സിനിമാ വാരിക നടത്തുന്ന സമയം മുതൽ രാജനെ എനിക്കറിയാം. വളരെ സ്മാർട്ടായ, സൗമ്യനായ ചെറുപ്പക്കാരനാണ് രാജൻ.


‘‘നാളെ ഞങ്ങളുടെ പുതിയ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ’ ഒരു പ്രിവ്യൂ ഷോ ലിറ്റിൽ ഷേണായിസിൽ വച്ചിട്ടുണ്ട്. പത്രക്കാർക്കും വിശിഷ്ട വ്യക്തികൾക്കും വേണ്ടിയുള്ള ഒരു ഷോയാണ്. താങ്കളും വരണം. ..’’

ഞാനപ്പോൾ ഒന്നുരണ്ടു സിനിമകൾക്ക് കഥ എഴുതിയ േശഷം ഈസ്റ്റ്മാൻ ആന്റണിയുടെ പ്രഥമ ചിത്രമായ ‘വയലി’ന്റെ തിരക്കഥ എഴുതാൻ തുടങ്ങിയ സമയമാണ്. എന്റെ ആദ്യത്തെ തിരക്കഥയാണ് വയൽ. മനസ്സിൽ പുതിയ സിനിമാസങ്കല്പങ്ങളുമായി നടന്നിരുന്നതുകൊണ്ട് ഫാസിൽ എന്ന പുതുമുഖ സംവിധായകന്റെ പ്രഥമ ചിത്രം എങ്ങനെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയോടെയാണ് ഞാൻ പ്രിവ്യൂ കാണാൻ പോയത്.

ഞാൻ ചെല്ലുമ്പോൾ തിയറ്റർ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. എറണാകുളത്തെ പത്രക്കാരും ചലച്ചിത്ര നിർമാതാക്കളും വിതരണക്കാരുമൊക്കെയാണ് കൂടുതലും. ഫാസിലിനെ സിനിമാ വാരികകളിൽ കണ്ടിട്ടുള്ളതുകൊണ്ട് എനിക്ക് ആളിനെ കണ്ടാലറിയാം. വളരെ ആകാംക്ഷയോടെയാണ് ഞാൻ സിനിമ കാണാൻ തുടങ്ങിയത്. ചിത്രം കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് അതിലെ വില്ലൻ കഥാപാത്രമായ നരേന്ദ്രനായി അഭിനയിച്ച പുതുമുഖ നടൻ മോഹൻലാലായിരുന്നു. ഒരു സവിശേഷ മുഖമുള്ള ലാലിന്റെ തോളൽപം ചരിഞ്ഞുള്ള നടത്തവും നടനരീതികളും മാനറിസവുമൊക്കെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഞാൻ ഫാസിലിന്റെ അടുത്തേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
‘‘പടം വളരെ നന്നായിട്ടുണ്ട്. നായകനടനേക്കാൾ നന്നായത് പ്രതിനായകനാണ്.’’

അതുകേട്ട് ഫാസിലിന്റെ മുഖത്ത് വിരിഞ്ഞ വിസ്മയം ഇന്നും എന്റെ മനസ്സിൽ നിറം മങ്ങാെത കിടപ്പുണ്ട്. എന്നാൽ എന്റെ അഭിപ്രായമല്ലായിരുന്നു സിനിമാ തമ്പുരാക്കന്മാർക്ക്. മോഹൻലാലിനെ അവർക്ക് അത്ര ഇഷ്ടമായില്ല. ഈ നാണംകുണുങ്ങി പയ്യന് ഭാവിയില്ലെന്നായിരുന്നു അവരുടെയെല്ലാം പ്രവചനം. അവരെപ്പോലെ സിനിമയെക്കുറിച്ച് കൂടുതൽ അനുഭവസമ്പത്തൊന്നുമില്ലാത്ത ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സായിരുന്നതു കൊണ്ടായിരിക്കാം ഒരുപക്ഷേ മോഹൻലാൽ നന്നായെന്ന് എനിക്കു തോന്നാൻ കാരണം.

പിറ്റേന്ന് പടം റിലീസായപ്പോൾ ഈ പുതുമുഖനടനെ കാണിക്കാനായി എന്റെ ചങ്ങാതികളെയെല്ലാം വിളിച്ചു കൊണ്ടു പോയി ഞാൻ അവരോടൊപ്പം ഇരുന്നു സിനിമ ഒന്നു കൂടി കണ്ടു. കൂട്ടുകാർക്കും എന്റെ അഭിപ്രായം തന്നെയായിരുന്നു. ആദ്യത്തെ രണ്ടു മൂന്നു ദിവസം തിരക്കനുഭവപ്പെട്ടില്ലെങ്കിലും തുടർന്നുള്ള ദിവസങ്ങൾ മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ദിനങ്ങളായിരുന്നു. ഈ ചിത്രം അന്നത്തെ ഒരു ന്യൂജെൻ ചിത്രമായി വിശേഷിപ്പിച്ചാലും ആർക്കും എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. തുടർന്ന് ‘എന്റെ മാമാട്ടിക്കുട്ടിയമ്മ'യും 'നോക്കെത്താദൂരത്തും' കൂടി വന്നപ്പോൾ ഫാസിലിന് വാണിജ്യ സിനിമയുടെ പുതിയൊരു അമരക്കാരൻ എന്ന വിശേഷണം കൂടി നിരൂപക സുഹൃത്തുക്കൾ ചാർത്തിക്കൊടുത്തു. അവർ ഇങ്ങനെയാണ് എഴുതിയത്.

‘‘മധ്യവർത്തി– പോപ്പുലർ സിനിമയ്ക്ക് മഞ്ഞിൽവിരിഞ്ഞ പൂവിലൂടെ പുതിയൊരു മാനം നൽകിയിരിക്കുകയാണ് ഫാസിൽ.’’

മഞ്ഞിൽ വിരിഞ്ഞ പൂക്കളും എന്റെ മാമാട്ടിക്കുട്ടിയമ്മയും നോക്കെത്താ ദൂരത്ത് കണ്ണും നട്ടും ഒന്നിനൊന്നോട് സാമ്യമില്ലാത്ത പ്രമേയങ്ങളായതുകൊണ്ട് യുവാക്കളും കുടുംബ പ്രേക്ഷകരും ഫാസിൽ ചിത്രങ്ങളുടെ സ്ഥിരം കാഴ്ചക്കാരായി മാറുകയായിരുന്നു. പിന്നെ കുറേക്കാലം മലയാള സിനിമ ആലപ്പുഴയിലെ ഫാസിലിന്റെ വീടിനു മുൻപിൽ ചുറ്റിക്കറങ്ങുകയായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രി, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, കാതലുക്ക് മര്യാദൈ (തമിഴ് ), വർഷം 16, ഹരികൃഷ്ണൻസ് തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ ഒരു നീണ്ട നിരയാണ് പിന്നീടുണ്ടായത്.

ബാലതാരമായിരുന്ന ബേബി ശാലിനിയെ നായികയായും പുതുമുഖനടനായ കുഞ്ചാക്കോ ബോബനെ നായകനായും ഫാസിൽ ഒരുക്കിയ ഒരു പരീക്ഷണ ചിത്രമായിരുന്നു 'അനിയത്തിപ്രാവ്'. മലയാളത്തിൽ അതിനു മുൻപൊന്നും കാണാത്ത പുതുമയുള്ള ഒരു പ്രണയകഥ ജനം നെഞ്ചിലേറ്റി സ്വീകരിച്ചിരിച്ചു. എന്നാൽ 1993 ൽ പുറത്തു വന്ന ‘മണിച്ചിത്രത്താഴാ’ണ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറിയത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അംഗീകാരവും അവാർഡുകളുമൊക്കെ കരസ്ഥമാക്കിയ മണിച്ചിത്രത്താഴ് മലയാളി മനസ്സുകൾക്ക് പുതിയൊരു കാഴ്ചാനുഭവമായിരുന്നു. മണിച്ചിത്രത്താഴിന്റെ ഹാങ്ഓവർ മലയാള സിനിമയിൽനിന്ന് ഇപ്പോഴും പോയിട്ടില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലരുമായും സിനിമാ വിശേഷങ്ങൾ പങ്കിടുമ്പോൾ പലപ്പോഴും മണിച്ചിത്രത്താഴ് കടന്നു വരാറുണ്ട്.

fazil-mammootty

ഇനി ഞാനും ഫാസിലും തമ്മിൽ വീണ്ടും കണ്ടുമുട്ടാനുണ്ടായ ആ നാൾവഴിയിലേക്ക് വരാം.

‘രക്ത’ത്തിനും ‘കർത്തവ്യ’ത്തിനു ശേഷം ജഗൻ പിക്ചേഴ്സിന്റെ അടുത്ത ചിത്രമായ ‘ചക്കരയുമ്മ’യുടെ പണിപ്പുരയിലായിരിക്കുമ്പോഴാണ് ‘മാമാട്ടിക്കുട്ടിയമ്മ’ റിലീസാകുന്നത്. ചക്കരയുമ്മയുെട കഥയെഴുതിയത് ഇന്നത്തെ പ്രശസ്ത തിരക്കഥാകാരനായ എസ്.എൻ. സ്വാമിയായിരുന്നു. അതിൽ മധുവും മമ്മൂട്ടിയും കാജൽ കിരണുമൊക്കെ ഉണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രം മൂന്നര വയസ്സുള്ള ഒരു കൊച്ചുകുട്ടിയായിരുന്നു. അങ്ങനെയൊരു കുട്ടിയെ ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ‘എന്റെ മാമാട്ടിക്കുട്ടിയിലെ ബേബി ശാലിനിയെക്കുറിച്ച് ഞങ്ങൾ കേട്ടത്. ഞങ്ങൾ ഉടനെ പോയി ആ സിനിമ കണ്ടു. കണ്ടാൽ ആരും ഇഷ്ടപ്പെട്ടു പോകുന്ന വളരെ ക്യൂട്ടായ ആ പെൺകുരുന്നിന്റെ അഭിനയം വളരെ മനോഹരമായിരുന്നു. ആ കുട്ടി ചക്കരയുമ്മയിലെ ഞങ്ങളുടെ കഥാപാത്രത്തിന് പറ്റിയതാണെന്ന് ഞങ്ങൾക്കും തോന്നി.

അന്ന് മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ പ്രിവ്യൂ ഷോയ്ക്ക് ലിറ്റിൽ ഷേണായിസിൽ വച്ച് ഫാസിലിനെ പരിചയപ്പെട്ടതിന്റെ ഒരു ഓർമ പുതുക്കലെന്നവണ്ണം ഞാൻ അദ്ദേഹത്ത വിളിച്ചു. ശാലിനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഫാസിലിനോട് ചോദിച്ചു. ശാലിനിയെക്കുറിച്ച് ഫാസിലിൽനിന്നു നല്ല അഭിപ്രായമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഫാസിൽ ശാലിനിയുടെ അച്ഛൻ ബാബുവിന്റെ ഫോൺ നമ്പറും തന്നു.

‘ചക്കരയുമ്മ’യുടെ പ്രൊഡക്‌ഷൻ കൺട്രോളറായ ഷൺമുഖം പിറ്റേന്നു തന്നെ ശാലിനിയുടെ അച്ഛൻ ബാബുവുമായി സംസാരിച്ചു ശാലിനിയുെട കോൾഷീറ്റു വാങ്ങി. ചക്കരയുമ്മ റിലീസായപ്പോൾ വൻ വിജയമായി. ഒരു ബേബി ശാലിനി തരംഗം തന്നെയാണു പിന്നീടുണ്ടായത്.

ഇതുപോലെ തന്നെയായിരുന്നു ഞാനും ജോഷിയും കൂടി ചെയ്ത ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രതിനു വേണ്ടി നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലൂടെ ഫാസിൽ കൊണ്ടുവന്ന നദിയ മൊയ്തുവിലേക്കും ‍‍ഞങ്ങൾ എത്തിയത്. ഇതിൽ നായകനായ മമ്മൂട്ടിയുടെ സഹോദരിയുടെ േവഷം നദിയാ മൊയ്തുവിനെക്കൊണ്ടു ചെയ്യിക്കാമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്.

ഞാനും എന്റെ സുഹൃത്തും സ്ക്രിപ്റ്റ് അസിസ്റ്റന്റുമായ എ. ആർ. മുകേഷും കൂടിയാണ് ആലപ്പുഴയിൽ ഫാസിലിനെ കാണാൻ പോയത്. അവിടുത്തെ ബ്രദേഴ്സ് ഹോട്ടലിൽ വച്ചാണ് ഞങ്ങൾ ഫാസിലിനെ കണ്ടത് എന്നാണ് എന്റെ ഓർമ. നദിയാ മൊയ്തുവിന്റെ അഭിനയത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമൊക്കെ വിശദമായി ചോദിച്ചറിയാനാണ് ഞങ്ങൾ നേരിട്ടു പോയി ഫാസിലിനെ കണ്ടത്. ചിത്രത്തിന്റെ കഥാംശവും ഫാസിലിനോടു പറഞ്ഞു. ഫാസിൽ അപ്പോൾത്തന്നെ ബോംബെയിലുള്ള നദിയയുടെ ഫാദർ മൊയ്ദുവിനെ വിളിച്ചു സംസാരിച്ചു.

നല്ല കഥയാണെന്നും ജോഷി എന്ന പ്രഗത്ഭനായ സംവിധായകനാണ് പടം ചെയ്യുന്നതെന്നുമൊക്കെയുള്ള പ്രശംസാവചനങ്ങളൊക്കെ അവരോട് പറയുകയും െചയ്തു. അങ്ങനെയാണ് നദിയ മൊയ്തു ‍ഞങ്ങളുടെ ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിൽ നായികയായി വരുന്നത്.

അതോടെ ഞാനും ഫാസിലും തമ്മിലുള്ള സൗഹൃദം പതുക്കെ വളരുകയായിരുന്നു. പിന്നീട് ഫാസിൽ ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ തമിഴ് പതിപ്പായ ‘വർഷം പതിനാറി’ന്റെ പ്രിവ്യൂ ആലപ്പുഴയിലെ ശീമാട്ടി കോംപ്ലക്സിൽ വച്ചപ്പോൾ ഫാസിൽ എന്നെ വിളിച്ചു. ‘‘ഡെന്നിസ്, എന്റെ ‘വർഷം പതിനാറ്’ എന്ന തമിഴ് ചിത്രത്തിന്റെ ഒരു പ്രിവ്യൂ ഷോ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികൾക്കു വേണ്ടി ആലപ്പുഴയിൽ വച്ചിട്ടുണ്ട്, ഡെന്നിസ് എന്തായാലും വരണം. നിങ്ങളെപ്പോലെയുള്ളവരുടെ തുറന്ന അഭിപ്രായമാണ് എനിക്ക് അറിയേണ്ടത്’’ എന്ന് പറഞ്ഞു. പ്രിവ്യൂ വച്ചിരുന്ന ദിവസം എനിക്കൽപം തിരക്കുണ്ടായിരുന്നെങ്കിലും ഫാസിൽ എന്നെ പ്രത്യേകം ക്ഷണിച്ച സ്ഥിതിക്ക് പോകാതിരുന്നാൽ മോശമല്ലേ എന്ന് ഞാൻ ഓർത്തു.

‘എന്നെന്നും കണ്ണേട്ടന്റെ’ ഞാൻ കണ്ട സിനിമയാണ്. അത് വിചാരിച്ചതുപോലത്ര നന്നായുമില്ല. തമിഴ് വേർഷനിലെ കഥയും കഥാപാത്രവുമെല്ലാം ഇതു തന്നെയായിരിക്കുമല്ലോ എന്നോർത്ത് പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനിലിരിക്കുമ്പോഴാണ് പ്രിവ്യൂ ഷോയുടെ തലേന്ന് പ്രൊഡക്‌ഷൻ കൺട്രോളർ കബീർ ഫാസിൽ പറഞ്ഞത് പ്രകാരം എന്നെ വിളിക്കുന്നത്. ഇനി പോകാതിരിക്കാനാകില്ല. ഞാൻ ജോലിത്തിരക്കുകളൊക്കെ മാറ്റിവച്ച് സിംപിൾ പ്രൊഡക്‌ഷൻസിന്റെ ബഷീറിനെയും കൂട്ടിയാണ് ആലപ്പുഴയിലേക്കു പോയത്.

പ്രിവ്യൂ ഷോ തുടങ്ങുന്നതിനുമുൻപായി ലൈറ്റുകളെല്ലാം ഓഫ് ചെയ്ത സമയത്ത് ഞങ്ങൾ ഓടിപ്പിടിച്ചാണ് തിയേറ്ററിനകത്തേക്കു കയറിയത്. ഫാസിലിനെയും കബീറിനെയും ഒന്നും തന്നെ ഇരുട്ടിൽ കാണാൻ കഴിഞ്ഞില്ല. ഒരുകണക്കിന് തപ്പിത്തടഞ്ഞാണ് ഞങ്ങൾ ഒരു സീറ്റിൽ ചെന്നിരുന്നത്.

കാർത്തിക്കും ഖുഷ്ബുവുമാണ് വർഷം പതിനാറിലെ നായികാനായകന്മാർ. പടം തുടങ്ങിക്കഴിഞ്ഞപ്പോൾ എന്നെന്നും കണ്ണേട്ടന്റെ റീമേക്കു തന്നെയാണോ ഞാനീ കാണുന്നത് എന്ന സന്ദേഹമായിരുന്നു എനിക്ക്. തമിഴ് പതിപ്പിൽ മലയാളത്തിൽനിന്നു വളരെയധികം മാറ്റം വരുത്തിയിരിക്കുന്നത് കണ്ടു ഞാൻ അദ്ഭുതം കൂറിയിരുന്നു പോയി. കാർത്തിക്കിന്റെയും ഖുഷ്ബുവിന്റെയും ഹൃദ്യമായ പ്രണയ രംഗങ്ങളും സെന്റിമെന്റ്സുമൊക്കെ മനോഹരമായ ഒരു പെയിന്റിങ് പോലെയാണ് ഫാസിൽ വരച്ചു വച്ചിരിക്കുന്നത്. ഫാസിലിന്റെ ഏറ്റവും നല്ല സിനിമ വർഷം പതിനാറാണെന്ന് പറയാനാണെനിക്കിഷ്ടം. മണിച്ചിത്രത്താഴിനെ മറന്നുകൊണ്ടല്ല ഞാൻ ഇങ്ങനെ അഭിപ്രായം പറയുന്നത്. വർഷം പതിനാറിനോട് അറിയാതെ അല്പം ഇഷ്ടം കൂടുതലുണ്ടെന്നേയുള്ളൂ.

പിന്നീട് 1993 അവസാനമായപ്പോഴാണ് ഞങ്ങൾ ചലച്ചിത്രപ്രവർത്തകരെല്ലാം കൂടി മാക്ട തുടങ്ങിയത്. പിന്നെ പല ദിവസങ്ങളിലും അവിടെവച്ചു പലവട്ടം കാണാനുള്ള അവസരങ്ങലുമുണ്ടായി.

fazil-kalloor
ഡിനു ഡെന്നിസിനൊപ്പം ഫാസിൽ

രണ്ടായിരത്തിന്റെ പകുതിയിൽ എന്റെ മൂത്ത മകൻ ഡിനു ഡെന്നിസ് ആദ്യമായി അഭിനയിക്കുന്ന ഒറ്റനാണയം എന്ന ചിത്രത്തിന്റെ പൂജയ്ക്ക് ഞാൻ ഫാസിലിനെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. ഒരു മടിയും കൂടാതെ ഫാസിൽ വരാമെന്ന് അപ്പോൾത്തന്നെ പറയുകയും ചെയ്തു. അങ്ങനെ പറഞ്ഞ ദിവസം കൃത്യ സമയത്ത് വന്നു പൂജയിൽ പങ്കുകൊണ്ടു ഫാസിൽ എന്റെ മകനെ ചേർത്തുപിടിച്ച് തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com