ADVERTISEMENT

പുതുമുഖ സംവിധായകരുടെ വേതന പരാമര്‍ശത്തിൽ വിശദീകരണവുമായി നടൻ അജു വര്‍ഗീസ്.  പുതുമുഖ സംവിധായകര്‍ക്ക് പണം കൊടുക്കില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ച് അർഥം മാറ്റിയതാണെന്നും അജു പറയുന്നു.  പുതുമുഖ സംവിധായകര്‍ക്ക് വേതനം നൽകേണ്ട ആവശ്യമില്ല എന്ന് താൻ പറഞ്ഞെന്ന രീതിയിൽ  വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.  നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന "പ്രകാശന്‍ പറക്കട്ടെ" എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.  ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതിയ "പ്രകാശന്‍ പറക്കട്ടെ" അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

 

അജു വർഗീസിന്റെ വാക്കുകൾ:

 

‘‘പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.

 

1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.

 

 2) ശംഭു(വിശാഖ് സുബ്രഹ്മണ്യം) വിനെ ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളൂ എന്നും അല്ലേല്‍ 'മാസം ഒന്നുമില്ലെന്നോ' ആദ്യം പറയും.

 

ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി'

 

aju-post

ശരിക്കും പറഞ്ഞാൽ അത് തമാശ ആയിട്ടുള്ള ഒരു ചർച്ചയായിരുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.’’

 

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും അജു വർഗീസും ഒരു യൂട്യൂബ് ചാനലിന് വേണ്ടി പങ്കെടുത്ത ചർച്ചയിലാണ് വിവാദത്തിനു ആസ്പദമായ പരാമർശം ഉണ്ടായത്.

 

അഭിമുഖത്തിലെ വിവാദമായ അജുവിന്റെ പ്രസ്താവന ഇങ്ങനെ: ‘‘ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുമ്പോൾ ശംഭു നിർമാതാവാണെങ്കിൽ ഞാൻ ശംഭുവിനോട് കാശ് ചോദിക്കില്ല. എനിക്ക് അവിടെ പ്രധാനം സിനിമയാണെങ്കിൽ ഞാൻ ചോദിക്കില്ല.  പക്ഷേ ഞാൻ നിർമിക്കുമ്പോൾ എനിക്ക് മുടക്കുമുതൽ എങ്കിലും തിരിച്ചു കിട്ടണ്ടേ? എനിക്ക് അതെ ഉള്ളൂ, ബാക്കി ബോണസ് ആണ്.  മുടക്ക് മുതൽ തിരിച്ചു കിട്ടാനുള്ള എല്ലാ കള്ളത്തരവും സിനിമയ്ക്ക് മുൻപ് പറയണം.  അത് ലവ് ആക്‌ഷൻ ഡ്രാമ ചെയ്തപ്പോൾ നമ്മൾ ചെയ്തതാണ്.

 

ഒരു രൂപയെങ്കില്‍ ഒരു രൂപ പണിയെടുക്കുന്നവര്‍ക്ക് കൊടുക്കണം. എന്റെ കോണ്‍സെപ്റ്റില്‍, പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കുന്നില്ലെങ്കില്‍ അത് ആദ്യമേ പറയണം, നിനക്ക് ഈ സിനിമയില്‍ കാശില്ല, എന്ന്. അത് ഞാന്‍ ചെയ്യും. അതായത്, ശംഭു ഇപ്പൊ എന്റെ അടുത്ത് വര്‍ക്ക് ചെയ്യാന്‍ വരികയാണെങ്കില്‍, ശംഭുവിന് മാസം ഇത്ര രൂപയേ ഉള്ളൂ എന്നോ, അല്ലെങ്കില്‍ മാസത്തില്‍ കാശ് ഇല്ല എന്നോ ആദ്യം തന്നെ പറയും. പൂര്‍ണമായും മനസിന് സമ്മതമാണെങ്കില്‍ മാത്രം ചെയ്താല്‍ മതി. സന്തോഷത്തോടെയും വേണം.  ഇല്ലെങ്കില്‍ സന്തോഷത്തോടെ എനിക്ക് കാശ് വരുമ്പോള്‍ പിന്നെ നമുക്ക് ചെയ്യാം.”  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com