ADVERTISEMENT

സ്വഭാവ ദൂഷ്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ടാണ് തന്നെ സ്വഭാവനടനുള്ള അവാർഡിന് പരിഗണിക്കാത്തതെന്ന ഷൈൻ ടോം ചാക്കോയുടെ പ്രതികരണം ശരിയായില്ലെന്ന് അവാർഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദർ ദാസ്. കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണ്.  ഒരു സിനിമ അവാർഡിന് അയയ്ക്കുന്നത് കമ്മറ്റിയുടെ മാനദണ്ഡങ്ങൾ എല്ലാം അംഗീകരിച്ചിട്ടാണെന്നും അവാർഡ് കിട്ടിയില്ല എന്നുകരുതി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും സുന്ദർ ദാസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.    

 

‘‘ഒരു സിനിമ അവാർഡിന് അയക്കുമ്പോൾ ആ കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ആ സിനിമയുടെ സൃഷ്ടാക്കൾ അയക്കുന്നത്.  ഞാൻ എന്റെ സിനിമ അയച്ചാലും അങ്ങനെയാണ്. എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാർഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല. അവാർഡ് കമ്മിറ്റിയിലേക്ക് സിനിമ അയക്കുന്നവർക്കെല്ലാം അവരുടെ സിനിമ  വലുതാണ്. ഈ വിഭാഗത്തിൽ അവാർഡ് കിട്ടിയേക്കും എന്ന പ്രതീക്ഷയോടെ ആയിരിക്കും ഓരോരുത്തരും അയക്കുക.  ‌‌

 

പക്ഷേ ജൂറിയുടെ മുന്നിൽ വരുന്നത് ആ ഒരാളുടെ സിനിമ മാത്രമല്ലല്ലോ.  ഈ പറയുന്ന കുറുപ്പ് എന്ന ചിത്രം മാത്രമല്ലല്ലോ ജൂറിയുടെ മുന്നിൽ വന്നത്, ഇത്തവണ 142 സിനിമകളാണ് ജൂറിയുടെ മുന്നിൽ വന്നത്. അതിൽ ഒന്നുരണ്ട് സിനിമകൾ മാത്രം ജൂറി കണ്ടില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.  ഉറപ്പായും കുറുപ്പ് ജൂറി കണ്ടിട്ടുണ്ട്. അഞ്ചു ദിവസങ്ങൾ കൊണ്ട് ഇത്രയും സിനിമ കണ്ടു എന്നൊക്കെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. 27നു സ്ക്രീനിങ് തുടങ്ങിട പതിമൂന്നാം തീയതി വരെ സ്ക്രീൻ ചെയ്ത് രണ്ടു സബ് കമ്മറ്റികളാണ് സിനിമ കണ്ടത് ഒരു ദിവസം നാലും അഞ്ചും സിനിമകളാണ് കാണുന്നത്. അതിൽ കൂടുതൽ സിനിമ ഒരാൾക്ക് കാണാൻ കഴിയില്ല.  ഏതൊക്കെ സിനിമ കണ്ടു, സിനിമകൾക്ക് എത്ര ദൈർഘ്യം ഉണ്ടായിരുന്നു എന്നുള്ളതിന്റെയെല്ലാം തെളിവ് ഉള്ളതാണ്, അന്വേഷിച്ചാൽ അതിന്റെ ഡാറ്റ കിട്ടും. ഈ സിനിമകൾ എല്ലാം സബ് കമ്മിറ്റി കണ്ട് അതിൽ നിന്നും സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഫൈനൽ ജൂറിയിലേയ്ക്ക് അയയ്ക്കുന്നത്. അതിനു ശേഷാണ് ഫൈനൽ ജൂറി കണ്ട്‌ മികച്ചവ തെരഞ്ഞെടുക്കുന്നത്.

 

സ്വഭാവ ദൂഷ്യം ഉള്ള കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാണ് ഒരാളെ അവാർഡിന് പരിഗണിക്കാത്തത് എന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണ്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർക്ക് അവാർഡ് കൊടുക്കരുത്‌ എന്നൊരു മാനദണ്ഡം ഇതുവരെ അവാർഡ് പരിഗണിക്കുമ്പോൾ ഉണ്ടായിട്ടില്ല. സൂപ്പർ താരങ്ങൾ ഉൾപ്പടെ നിരവധി താരങ്ങളുടെ സിനിമകൾ ഇത്രയും വർഷങ്ങൾക്കിടെ അവാർഡിന് പരിഗണിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരമൊരു ആരോപണം ആരും നടത്തിയിട്ടില്ല. അങ്ങനെയല്ല ഇതിനെ കാണേണ്ടത്. 

 

ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോന് മികച്ച നടനുള്ള അവാർഡ് കൊടുത്തപ്പോൾ ജോജു ജോർജിന്റെ പ്രകടനം കാണാതിരിക്കാനാകില്ല എന്ന് കമ്മിറ്റിക്ക് തോന്നായതുകൊണ്ടാണ് ഇത്തവണ അവാർഡ് രണ്ടുപേർക്കായി പകുത്തു കൊടുത്തത്.  രണ്ടുപേരുടെയും അഭിനയം ഒന്നിനൊന്ന് മികച്ചതായിരുന്നതുകൊണ്ടാണ് ഫൈനൽ ജൂറി അങ്ങനെ തീരുമാനിച്ചത്. സുരേഷ് ഗോപിക്ക് കളിയാട്ടത്തിന് നാഷ്നൽ അവാർഡ് കിട്ടിയപ്പോൾ അതെ സമയം തന്നെ സമാന്തരങ്ങൾ എന്ന സിനിമക്ക് ബാലചന്ദ്രമേനോനും അവാർഡ് കിട്ടിയിരുന്നു.  കള്ളുകുടിക്കുന്ന ബീഡി വലിക്കുന്ന കഥാപാത്രത്തിന് അവാർഡ് കൊടുക്കില്ല എന്നൊരു തീരുമാനം ഒരു കമ്മിറ്റിയും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ജൂറിയെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് ഇത്തരം പ്രതികരണങ്ങൾക്ക് കാരണം. 

 

ജൂറി സിനിമ കണ്ടില്ല എന്ന് 'ഹോം' എന്ന സിനിമയെക്കുറിച്ചും പലരും പറയുന്നത് ശ്രദ്ധയിൽ പെട്ടു.  ഹോം എന്ന സിനിമ ഫൈനൽ ജൂറി കണ്ടതാണ്. നിർമാതാവിനെതിരെ ആരോപണം വന്നതുകൊണ്ടാണ് ഹോം പരിഗണിക്കാത്തത് എന്ന് പറയുന്നത് ഒട്ടും ശരിയല്ല.  നിർമാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത് ഓരോ വിഭാഗത്തിലും അതാത് മേഖലയിൽ പ്രാവീണ്യം ഉള്ളവരാണ് സിനിമ കാണുന്നത്.  ഓരോ സിനിമ കാണുമ്പോഴും അതിൽ എന്താണ് മികച്ചത് എന്ന് നോട്ട് ചെയ്താണ് പോകുന്നത് അല്ലാതെ 'ആർക്കറിയാം' കണ്ട ഉണ്ടനെ ‘‘ആ ബിജു മേനോന് അവാർഡ് കൊടുക്കാം’’ എന്ന് തീരുമാനിക്കുകയല്ല.  ഹോം, കുറുപ്പ് തുടങ്ങി എല്ലാ സിനിമയും ജൂറി കണ്ടിട്ടാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായത്.  ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ ഇല്ലേ എന്ന് അന്വേഷിച്ചാൽ മനസിലാകും. കണ്ട സിനിമകളുടെയെല്ലാം ഡാറ്റ ഉണ്ട്.  എന്തുകൊണ്ട് ഒരു സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല എന്ന് അന്വേഷിക്കുമ്പോൾ എന്തുകൊണ്ട് മറ്റൊരു സിനിമയ്ക്ക് അവാർഡ് കിട്ടി എന്നുകൂടി അന്വേഷിക്കണം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com