മക്കളോട് ചാൻസ് ചോദിക്കാറില്ല, അവരുടെ സെറ്റിൽ ഞാൻ ആര്‍ട്ടിസ്റ്റ് മാത്രം; ‘മറിമായം സുമേഷേട്ടൻ’ അന്ന് പറഞ്ഞത്

khalid-sons
SHARE

‘‘മക്കൾ പറയും വിശ്രമിക്കാൻ... അധികം ദൂരത്തേക്കൊന്നും ഷൂട്ടിന് പോകണ്ട എന്നൊക്കെ. എങ്കിലും എന്റെ ആഗ്രഹം മരണം വരെ ഈ രംഗത്തു നിൽക്കണം എന്നാണ്. മക്കൾ എത്ര വലിയ നിലയിൽ ആയാലും തളർന്നു വീഴും വരെ അധ്വാനിച്ചു തന്നെ ജീവിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ’’- കോവിഡ് ലോക്ഡൗണിനിടെ ഫോർട്ടുകൊച്ചിയിലെ വീട്ടിൽ വച്ച് മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വി.പി. ഖാലിദ് എന്ന, ആരാധകരുടെ പ്രിയപ്പെട്ട മറിമായം സുമേഷേട്ടൻ പറഞ്ഞതായിരുന്നു ഈ വാക്കുകൾ. അതു സത്യമായി. വൈക്കത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വി.പി. ഖാലിദ് ഓർമയാകുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം നടന്നു തീർത്ത വഴികളും ആ ജീവിതം അടയാളപ്പെടുത്തിയ കലാലോകവുമാണ്.

വലിയകത്ത് പരീത് മകൻ ഖാലിദിനെ ആദ്യം കൊച്ചിക്കാർ സ്നേഹപൂർവം വിളിച്ചത് കൊച്ചിൻ നാഗേഷ് എന്നായിരുന്നു. സ്റ്റൈലായി റെക്കോർഡ് ഡാൻസ് ചെയ്യുന്ന ചെറുപ്പക്കാരന് ഫാ. മാത്യു കോതകത്ത് ഇട്ട പേരാണത്. സൈക്കിൾ യജ്ഞവുമായി നാടുചുറ്റി നടന്നിരുന്ന കാലത്ത് മേൽവിലാസം ഈ പേരായിരുന്നു. എന്നാൽ ജീവിതത്തിന്റെ മറുപാതിയിൽ വി.പി. ഖാലിദിനെ പ്രശസ്തനാക്കിയത് ‘മറിമായം’ എന്ന ആക്ഷേപഹാസ്യ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രമാണ്. എന്നാൽ, പലർക്കും അറിയാത്ത മറ്റൊരു മേൽവിലാസം കൂടിയുണ്ട് മറിമായത്തിലെ ഈ സുമേഷേട്ടന്– യുവചലച്ചിത്രകാരന്മാരിൽ ഏറെ ശ്രദ്ധേയരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവ്.

ഒരു മകളടക്കം അഞ്ചു മക്കളാണ് ഖാലിദിന്. മൂത്തമകൻ ഷാജിയാണ് ആദ്യം സിനിമയിലെത്തിയത്. അനുജന്മാരെ ക്യാമറ പഠിപ്പിച്ചതും അവരെ സിനിമയിലേക്ക് വഴി തിരിച്ചു വിട്ടതും ഷാജിയായിരുന്നു. എന്നാൽ 2012 ൽ ഷാജി മരിച്ചു. പിന്നീടാണ് ഷൈജു ഖാലിദും ജിംഷി ഖാലിദും ഖാലിദ് റഹ്മാനും സിനിമയിൽ സജീവമാകുന്നതും പേരെടുക്കുന്നതും. മക്കൾ സിനിമയിൽ പ്രശസ്തരായപ്പോഴും അവരോട് അവസരങ്ങൾ ചോദിക്കാനൊന്നും ഖാലിദ് ഒരുക്കമായിരുന്നില്ല. ‘‘അവർക്ക് അവരുടെ വഴി, എനിക്ക് എന്റേതും’’ എന്നതായിരുന്നു ഖാലിദിന്റെ രീതി. ‘‘ഞാൻ അവസരമൊന്നും ചോദിക്കാറില്ല. അവർ വിളിച്ചാൽ പോയി ചെയ്യും. സെറ്റിൽ ഞാൻ അവരുടെ ബാപ്പയല്ല. അവിടെ ഞാൻ ആർടിസ്റ്റ് മാത്രമാണ്. അവർക്ക് അവരുടെ പണി. എനിക്ക് എന്റെ ജോലി’’– ഖാലിദ് പറഞ്ഞു.

സത്യത്തിൽ, കൊച്ചിയിൽ ഇത്രയും സിനിമാക്കാരുള്ള വീട് വേറെയുണ്ടോ എന്നു സംശയമാണ്. അച്ഛനും മൂന്നു മക്കളും സിനിമയിൽ! അതിനെക്കുറിച്ചു പറയുമ്പോൾ നിറയെ അഭിമാനമായിരുന്നു ഖാലിദിന്. ‘‘ഒരുപാടു സന്തോഷമുണ്ട്. ഇനി മരിച്ചാലും അതിൽ സങ്കടമില്ല. കലയിലൂടെ എനിക്ക് കിട്ടിയിരിക്കുന്ന പേര്... അത് എന്നും നിലനിൽക്കും!’’- അന്നത്തെ അഭിമുഖം ഖാലിദ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
അതെ, മലയാളികൾ ഒരിക്കലും മറക്കില്ല, ആ പേരും പുഞ്ചിരിയും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS