ADVERTISEMENT

സുരേഷ്‌ ഗോപിയുടെ പിറന്നാൾ ദിവസം പ്രഖ്യാപിച്ച ഹൈവേ 2 എന്ന പ്രോജക്ട് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ലെന്ന് സംവിധായകൻ ജയരാജ്. 27 വർഷം മുൻപ് റിലീസ് ചെയ്ത ‘ഹൈവേ’യുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് കുറേനാളായുള്ള ആഗ്രഹമാണ്. സുരേഷ്‌ ഗോപിയുടെ തിരക്കുകൾ ഒഴിയാൻ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമാണ് അത് പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമെന്നു തോന്നിയതുകൊണ്ടാണ് അന്ന് പ്രഖ്യാപിച്ചതെന്നും ജയരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

സംവിധായകൻ ജയരാജിന്റെ വാക്കുകൾ:

27 വർഷം മുൻപ് സുരേഷ്‌ ഗോപിയെ നായകനാക്കി ഞാൻ ചെയ്ത മിസ്റ്ററി ത്രില്ലർ ആയിരുന്നു ഹൈവേ. അതിന്റെ രണ്ടാംഭാഗം ചെയ്യണമെന്ന് വളരെ മുൻപേ തീരുമാനിച്ചതാണ്. തിരക്കഥ എഴുതി പൂർത്തിയാക്കി വച്ചിരിക്കുകയായിരുന്നു. സുരേഷ്‌ ഗോപി രാഷ്ട്രീയ തിരക്കുകളൊഴിഞ്ഞ് സിനിമയിലേക്കു തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. ഇപ്പോൾ അദ്ദേഹം വീണ്ടും സിനിമകൾ ചെയ്തു തുടങ്ങി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം തന്നെയാണ് ഹൈവേ 2 പ്രഖ്യാപിക്കാൻ ഏറ്റവും നല്ലതെന്നു തോന്നി.

highway-2-movie

ഹൈവേയിൽ അഭിനയിച്ച താരങ്ങളിൽ സുരേഷ് ഗോപിയെ മാത്രമേ പുതിയ സിനിമയ്ക്കു വേണ്ടി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളൂ. ഏതൊക്കെ പഴയ താരങ്ങളും അണിയറപ്രവർത്തകരും പുതിയ സിനിമയിൽ ഉണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. ഹൈവേയുടെ കഥ ഞാനും തിരക്കഥ സാബ് ജോണുമാണ് എഴുതിയത്. ഇക്കുറി കഥയും തിരക്കഥയും എന്റേതു തന്നെയാണ്. ഈ അടുത്ത ദിവസങ്ങളിലാണ് ഈ ചിത്രം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. പാൻ ഇന്ത്യൻ ഫോക്കസ് ആണ് ഉദ്ദേശിക്കുന്നത്. ഹൈവേയെക്കാൾ കുറച്ചുകൂടി വൈഡർ ക്യാൻവാസ് ആയിരിക്കും. ടെക്‌നിക്കലി അപ്ഡേറ്റഡ് ആയ സിനിമയായിരിക്കും ഹൈവേ 2.

ഹൈവേ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനു ശേഷം കിട്ടുന്ന പ്രതികരണങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുകയാണ്. ഞാനും സുരേഷ്‌ ഗോപിയും അതേപ്പറ്റി ചർച്ച ചെയ്യുകയായിരുന്നു. ഹൈവേ പ്രേക്ഷകർ ഇന്നും ആരാധിക്കുന്ന ചിത്രമാണെന്ന് ഇപ്പോഴാണു ബോധ്യമായത്. ആ കാലഘട്ടത്തേക്കാൾ മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു ഹൈവേ. ഇന്നത്തെക്കാലത്ത് സിനിമകളെല്ലാം മികച്ച സാങ്കേതികത ഉള്ളവയാണ്.

ഹൈവേ 2 വും വ്യത്യസ്തത പുലർത്തണമെന്നാണ് ആഗ്രഹം. ഇന്നത്തെ പുതിയ തലമുറ പോലും ഹൈവേ ഇഷ്ടപ്പെടുന്നു എന്നാണ് പ്രതികരണങ്ങളിൽനിന്നു മനസ്സിലാകുന്നത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം കൂട്ടുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത വിധത്തിലുള്ള ഒരു മേക്കിങ് ആയിരിക്കും ഹൈവേ 2. വരുന്ന ആഴ്ചകളിൽ കാസ്റ്റിങ് പൂർത്തിയാക്കി ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങണമെന്നാണ് കരുതുന്നത്. കൂടുതൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com