ADVERTISEMENT

മലയാള സാഹിത്യത്തിൽ ചെറുകഥാ പ്രസ്ഥാനത്തിനg പുതിയൊരു ഭാവുകത്വ പരിണാമമുണ്ടാക്കിയ കഥാകാരനാരാണെന്നg ചോദിച്ചാൽ ആദ്യം ചുണ്ടിൽ ഓടിയെത്തുന്ന ഒരേ ഒരു നാമധേയമേ നമുക്കുള്ളൂ - ടി. പത്മനാഭൻ. മലയാളിയുടെ കഥാവായനശീലത്തിന് പുതിയ മാനം നൽകിയ കഥയുടെ കുലപതിയെ ടി. പത്മനാഭൻ എന്ന പേരിൽ നമ്മളറിയാൻ തുടങ്ങിയിട്ട് നീണ്ട എഴുപതാണ്ടുകളാണ് ഓടി മറഞ്ഞിരിക്കുന്നത്.

ഇതിവൃത്തപരമായ സവിശേഷതകൾ കൊണ്ടും ആഖ്യാനശൈലിയുടെ ലാളിത്യം കൊണ്ടും ഈ തൊണ്ണൂറ്റിമൂന്നാം വയസ്സിലും അദ്ദേഹത്തിന്റെ അക്ഷരക്കൂട്ടുകളിൽ ഇന്നും നിറയൗവനം നിറഞ്ഞു നിൽക്കുന്നതു കാണുമ്പോൾ ആ സർഗപ്രതിഭയുടെ മുന്നിൽ വിസ്മയംകൂറി നമിച്ചു നിൽക്കാനേ നമുക്കാവുകയുള്ളൂ. അദ്ദേഹം കഥ എഴുതാന്‍ തുടങ്ങിയിട്ട് നീണ്ട എഴുപതാണ്ടുകൾ കഴിഞ്ഞിരിക്കുന്നു എന്നു കേട്ടപ്പോൾ ഒരു കാൽപനിക കഥ പോലെയാണ് എനിക്കു തോന്നിയത്. കേരളത്തിലെന്നല്ല ലോകഭാഷയിൽത്തന്നെ ഈ പ്രായത്തിലും സാഹിത്യസേവനം നടത്തുന്ന മറ്റൊരു കഥാകാരനെ കണ്ടെത്താനാവുമെന്ന് തോന്നുന്നില്ല.

കൗമാര, യൗവന കാലങ്ങളിൽ ഞാൻ വായനാ ലോകത്തേക്കു കടന്നു ചെന്നപ്പോൾ എന്നെ ഏറെ സ്വാധീനിച്ചത് ജനപ്രിയ നോവലിസ്റ്റായ മുട്ടത്തു വർക്കി സാറിന്റെ മനോഹരങ്ങളായ പ്രണയകഥകളായിരുന്നു. തുറന്നു പറഞ്ഞാൽ എന്റെ വായനയുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നതു തന്നെ അദ്ദേഹത്തിന്റെ നോവലുകൾ വായിച്ചു കൊണ്ടാണ്. ബുദ്ധിജീവികൾ മുട്ടത്തു വർക്കിയെ പൈങ്കിളി എഴുത്തുകാരൻ എന്ന് വിളിച്ചു പരിഹസിച്ചെങ്കിലും മലയാളിയിൽ വായനാശീലം വളർത്തിയത് അദ്ദേഹത്തിന്റെ നോവലുകളായിരുന്നെന്നു പറഞ്ഞാൽ അഭിപ്രായവ്യത്യാസമുള്ളവർ ഉണ്ടായാലും അതിന്റെ നേർപൊരുൾ അതാണെന്നാണ് എന്റെ വിശ്വാസം. പിന്നെ എന്റെ വായനാവഴികൾ ബഷീർ, തകഴി, കേശവദേവ്, പാറപ്പുറം, കാക്കനാടൻ, എംടി, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പുറകെയായിരുന്നു.

ഇതിനിടയിലാണ് ഞങ്ങളുടെ കലൂരുള്ള സഹൃദയ വായനശാലയിൽ വച്ച് ടി. പത്മനാഭന്റെ ഒരു ചെറുകഥ വായിക്കാനിടയായത്. കഥയുടെ പേര് ഞാനിപ്പോൾ ഓര്‍ക്കുന്നില്ല. ഇദ്ദേഹത്തിന്റെ ഒരു കഥ ഞാൻ ആദ്യമായാണ് വായിക്കുന്നത്. അതിന്റെ ഇല്ലസ്ട്രേഷനൊക്കെ കണ്ടപ്പോൾ ഒരു അൾട്രാമോഡേൺ കഥയാണെന്നാണ് എനിക്ക് തോന്നിയത്. കഥ എത്ര പേജുണ്ടെന്ന് ഞാൻ മറിച്ചു നോക്കി. നാലു പേജ് കഷ്ടിയേയുള്ളൂ. ഞാൻ അവിടെയിരുന്നുതന്നെ കഥ വായിക്കാൻ തുടങ്ങി. മറ്റുള്ള എഴുത്തുകാരിൽനിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ വളരെ ലളിതമായ ഭാഷയും സ്വാഭാവികമായ ആഖ്യാന ശൈലിയും എന്നെ വളരെ ആകർഷിച്ചു.

t-padmanabhan

കൊള്ളാം, ചെറുകഥ എന്നുവച്ചാൽ ഇങ്ങനെയായിരിക്കണമെന്ന് മനസ്സിൽ തോന്നുകയും ചെയ്തു. ഇന്നത്തെ പുതിയ തലമുറയിലുള്ള എഴുത്തുകാരുടെ ചെറുകഥകൾ പലപ്പോഴും നീണ്ടകഥ പോലെയാണ്. പത്തും പതിനഞ്ചും പേജാണുണ്ടാവുക. വായിച്ചു തീർക്കുക എന്നത് വലിയൊരു യജ്ഞം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവിടെയാണ് ടി. പത്മനാഭൻ എന്ന ചെറുകഥാകാരന്റെ ഭാവനയുടെ ഔന്നിത്യം നാം മനസ്സിലാക്കേണ്ടത്. ഇന്നുവരെ ചെറുകഥകൾ അല്ലാതെ ഒരു നോവലോ നീണ്ട കഥയോ എഴുതിയതായി എന്റെ അറിവിൽ പെട്ടിട്ടില്ല. ചെറുകഥകൾ കൊണ്ട് വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കഴിയുക എന്നത് ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയവർക്ക് മാത്രമേ കഴിയൂ.

അല്ലെങ്കിൽ ഈ തൊണ്ണൂറ്റി മൂന്നാം വയസ്സിലും നവനവങ്ങളായ കഥാബീജങ്ങൾ കണ്ടെടുത്ത് നമ്മളിൽ വായനയുടെ വസന്തം തീർക്കാനാവില്ല. മാത്രമല്ല ഇന്നും വാരികകളുടെ വാർഷിക പതിപ്പിലും ഓണപ്പതിപ്പിലുമൊക്കെ ടി. പത്മനാഭന്റെ കഥകളാണ് ഒന്നാം സ്ഥാനത്ത് കൊടുക്കുന്നത്. അത് കഴിഞ്ഞേ മറ്റുള്ളവരുടെ സാഹിത്യസൃഷ്ടികൾ വരാറുള്ളൂ.

ഇങ്ങനെയുള്ള ആ മഹദ് വ്യക്തിത്വത്തെ ഒന്നു നേരിൽ കാണണമെന്നും പരിചയപ്പെടണമെന്നുമുള്ള മോഹം എന്നിൽ വളര്‍ന്നെങ്കിലും അതിനുള്ള അവസരം ഇതുവരെ എനിക്ക് വന്നു ചേർന്നില്ല. ഇനി അങ്ങനെ ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. അങ്ങനെ ടി. പത്മനാഭൻ എന്ന സർഗപ്രതിഭയെ പാടെ മറന്ന ഒരവസ്ഥയിലിരിക്കുമ്പോഴാണ് ഒരു നിമിത്തം പോലെ അവിചാരിതമായ ഒരു ചെറു സന്ദേശം വരുന്നത്.

2021 ഫെബ്രുവരി അവസാനവാരത്തിലെ ഒരു ദിവസം. ഞാൻ ഉച്ചയൂണു കഴിഞ്ഞ് ചെറിയൊരു മയക്കത്തിന് തയ്യാറെടുക്കുമ്പോഴാണ് എന്റെ മൊബൈൽ ഫോൺ പെട്ടെന്ന് ആലസ്യത്തിൽ നിന്നും ഉണർന്നത് പോലെ ശബ്ദിക്കാൻ തുടങ്ങിയത്. ഞാൻ ഫോണെടുത്തു നോക്കി. മാധ്യമം വീക്കിലിയിലെ ബിനുരാജിന്റെ പേരും നമ്പരും തെളിഞ്ഞു വന്നു. എപ്പോഴും അങ്ങനെ വിളിക്കുന്ന ആളല്ല ബിനുരാജ്. വളരെ അത്യാവശ്യം എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം തെളിഞ്ഞു വരുന്ന നമ്പറാണത്.
ഞാൻ ഫോണെടുത്തു ഓൺ ചെയ്തപാടെ ബിനുരാജിന്റെ പതിഞ്ഞ ശബ്ദം ഉയർന്നു കേട്ടു.
‘‘മാഷേ, താങ്കളെ എഴുത്തുകാരൻ ടി. പത്മനാഭൻ സാറ് വിളിക്കും. എന്നോട് ഫോൺ നമ്പർ വാങ്ങിച്ചിട്ടുണ്ട്.’’
ടി. പത്മനാഭൻ എന്നു കേട്ടപ്പോൾ പെട്ടെന്ന് എന്നിൽ അദ്ഭുതം വിടര്‍ന്നു. ഞങ്ങൾ തമ്മിൽ ഒരു പരിചയവുമില്ല. പിന്നെ എന്തിനാണാവോ അദ്ദേഹം എന്നെ വിളിക്കുന്നത് ഞാൻ ബിനുരാജിനോട് ചോദിച്ചു.
‘‘എന്തിനാണ് അദ്ദേഹം വിളിക്കുന്നത്’’
‘‘അറിയില്ല. എന്നോട് താങ്കളുടെ ഫോൺ നമ്പർ ചോദിച്ചു. ഞാൻ കൊടുക്കുകയും ചെയ്തു. അതിൽ കൂടുതൽ ഒന്നും എന്നോട് പറഞ്ഞില്ല.’’

ബിനുരാജ് ഉടനെ ഫോൺ വയ്ക്കുകയും ചെയ്തു. എന്റെ ഉച്ചമയക്കത്തിന് തെല്ലുനേരം അവധി കൊടുത്തു കൊണ്ട് ഞാൻ ടി.പത്മനാഭനെക്കുറിച്ചോർക്കുകയായിരുന്നു. ഇത്രയും കാലത്തിനിടയിൽ ഞങ്ങൾ തമ്മിൽ എവിടെയെങ്കിലും വച്ച് കാണുകയോ ഫോണിൽ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഇനി മാധ്യമം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതുന്ന ‘നിറഭേദങ്ങൾ’ എന്ന എന്റെ ആത്മകഥയിൽ ആരെക്കുറിച്ചെങ്കിലും അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പരാമർശങ്ങൾ വന്നത് കണ്ടിട്ടാണോ അദ്ദേഹം വിളിക്കുന്നതെന്നുള്ള ചെറിയ ഒരു സന്ദേഹം എന്റെ മനസ്സിൽ അറിയാതെ കടന്നു വരികയും ചെയ്തു. മറ്റുള്ള സാഹിത്യകാരന്മാരേക്കാൾ വ്യത്യസ്തമായി പ്രത്യേക ഒരു സ്വഭാവക്കാരനാണ് പത്മനാഭൻ സാറെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.

പെട്ടെന്നെങ്ങനെ ആരോടും അടുക്കില്ല. അത്ര അത്യാവശ്യമുള്ള എന്തെങ്കിലും കാര്യത്തിനല്ലാതെ ആരെയും വിളിക്കുകയോ കുശലങ്ങൾ പറയുകയോ ചെയ്യുന്ന ആളുമല്ലെന്നു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ആളാണ് എന്റെ നമ്പർ ചോദിച്ചു വാങ്ങി ഇങ്ങോട്ടു വിളിക്കാൻ പോകുന്നത്. നിമിഷനേരം ഞാൻ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചില ചെറുകഥാ സമാഹാരങ്ങളുടെ പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. കൂടെ, സംവിധായകൻ ജയരാജ് അദ്ദേഹത്തിന്റെ ഏതോ ഒരു കഥ സിനിമയാക്കാൻ പോകുന്നു എന്നു കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞ കാര്യവും അപ്പോൾ മനസ്സിൽ തെളിഞ്ഞു വന്നു.

അങ്ങനെ അദ്ദേഹത്തെക്കുറിച്ച് ഓരോന്ന് ഓർത്തിരുന്നപ്പോൾ വീണ്ടും എന്റെ മൊബൈൽ ശബ്ദിച്ചു. ഇത് അദ്ദേഹമായിരിക്കുമോ? ഉടനെ തന്നെ അദ്ദേഹം വിളിക്കണമെന്നില്ല. ഞാൻ ഫോണെടുത്തു നോക്കി. ഞാൻ ഫീഡ് ചെയ്തു വച്ചിരിക്കുന്ന പേരുകാരാരുമല്ല. പുതിയൊരു നമ്പറാണ് തെളിഞ്ഞു വന്നത്. അപ്പോൾ അതാ വരുന്നു ഇതുവരെ ഞാൻ കേൾക്കാത്ത ആ പെക്കുലിയർ സ്വരം.
‘‘കലൂർ ഡെന്നിസല്ലേ? കണ്ണൂർ നിന്ന് ടി. പത്മനാഭനാണ് വിളിക്കുന്നത്.’’

ആമുഖമായി എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ വാക്കുകൾക്കു വേണ്ടി പരതിയപ്പോൾ വീണ്ടും അദ്ദേഹം തുടർന്നു.

‘‘ങാ ഡെന്നിസ്, മാധ്യമം ആഴ്ചപ്പതിപ്പു കിട്ടിയാൽ ഞാൻ ആദ്യം വായിക്കുന്നത് നിങ്ങളുടെ പംക്തിയാണ്. നന്നായിട്ടുണ്ട്.’’

ആ വാക്കുകൾക്ക് പൊന്നിന്റെ വിലയുള്ളതു പോലെയാണ് എനിക്കു തോന്നിയത്. ഒരു സാധാരണ സിനിമാ തിരക്കഥാകാരന്റെ ആത്മകഥാ കുറിമാനം വായിച്ചിട്ട് മലയാള സാഹിത്യത്തിലെ അക്ഷരഗുരുവാണ്‌ എന്നെ വിളിച്ചു അഭിനന്ദിച്ചിരിക്കുന്നത്. എന്തു വാക്കുകള്‍ കൊണ്ടാണ് ഞാനതിനെ വാരിപ്പുണരേണ്ടത്. അപ്പോൾ എന്റെ മനസ്സിൽ തോന്നിയത് വളരെ ഭവ്യതയോടെ ഞാൻ ഉരുവിട്ടു.
‘‘സർ എന്നെ വിളിച്ച് അഭിനന്ദിച്ചതിൽ അതിയായ സന്തോഷമുണ്ട്.’’
‘‘ഞാൻ അങ്ങനെ ആരെയും വിളിക്കാറില്ല. നിങ്ങളുടെ നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങൾ കണ്ടപ്പോഴാണ് ഒന്നു വിളിച്ചു സംസാരിക്കണമെന്ന് എനിക്കു തോന്നിയത്.’’

ടി. പത്മനാഭൻ (ചിത്രം: മനോരമ)
ടി. പത്മനാഭൻ (ചിത്രം: മനോരമ)

ഞാൻ ആ പദഗരിമയിൽ ലയിച്ചിരുന്നപ്പോൾ അദ്ദേഹം വീണ്ടും വാചാലനായി.

‘‘കഴിഞ്ഞ ലക്കത്തില്‍ നിങ്ങൾ ‘വെൽക്കം ടു കൊടൈക്കനാൽ’ എന്ന സിനിമയെക്കുറിച്ച് എഴുതിയില്ലേ? ഞാൻ പലവട്ടം കണ്ടിട്ടുള്ള, എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണത്. ഇടയ്ക്ക് ടിവിയിൽ വരുമ്പോഴൊക്കെ ഞാൻ ഇരുന്ന് കാണാറുണ്ട്. എന്റെ ചില സുഹൃത്തുക്കളൊടും ഞാൻ ആ സിനിമയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.’’

‘‘താങ്ക് യു സാർ.’’ ഞാൻ ഭവ്യതയോടെ ഉരുവിട്ടു.
‘‘എത്രവർഷമായി ഈ സിനിമ വന്നിട്ട്? പത്തിരുപത്തിയെട്ടു വർഷമെങ്കിലും കഴിഞ്ഞു കാണില്ലേ?’’ അദ്ദേഹം ചോദിച്ചു.
‘‘ഇരുപത്തിയൊൻപതു വർഷം കഴിഞ്ഞു സാർ. ശരിക്കും ജഗദീഷ് ചെയ്ത വേഷം മോഹൻലാല്‍ ചെയ്യേണ്ട കഥാപാത്രമാണ്. ഞങ്ങൾ ജഗദീഷിനെ വച്ച് ഒരു പരീക്ഷണം നടത്തി നോക്കിയതാണ്.’’

‘‘ഹേയ്, ജഗദീഷ് നന്നായി ചെയ്തിട്ടുണ്ട്. അന്ന് ആ കഥയ്ക്ക് ചെറിയ ഒരു പുതുമയും ഉണ്ടായിരുന്നല്ലോ. അതുകൊണ്ടാണ് ആ സിനിമ നന്നായിട്ട് ഓടിയത്.’’

പിന്നെ അദ്ദേഹം ആ സിനിമയിലെ ഓരോ കഥാപാത്രത്തെക്കുറിച്ചും അതിലെ ചില മുഹൂർത്തങ്ങളെക്കുറിച്ചും നടീനടന്മാരുടെ അഭിനയരീതികളെക്കുറിച്ചും അതിന്റെ നിർമാതാവ് ഇപ്പോൾ സിനിമ എടുക്കുന്നുണ്ടോ എന്നുമൊക്കെ എന്നോടു ചോദിച്ചു കൊണ്ടിരുന്നു. ഞാൻ പോലും ചിന്തിക്കാത്ത ആ ചിത്രത്തിലെ കഥ പറഞ്ഞ രീതിയെക്കുറിച്ചൊക്കെ പത്മനാഭൻ സാർ വളരെ സൂക്ഷ്മതയോടെ മനസ്സിലാക്കി വച്ചിരിക്കുന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നിയത്.

പിന്നെയും അദ്ദേഹം ഓരോ കാര്യങ്ങൾ ചോദിക്കുന്നതിനിടയിലാണ് എന്റെ വലതുകാൽ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

നിമിഷനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. :‘‘ഷുഗർ വളരെ അപകടകാരിയാണ് ഡെന്നിസ് ശ്രദ്ധിച്ചില്ലേ? വളരെ സൂക്ഷിക്കേണ്ടതല്ലേ.’’

ഓരോ വാക്കും അദ്ദേഹത്തിന്റെ കഥ പോലെ വളരെ ഷാർപ്പായിട്ടാണ് ഉപയോഗിക്കുന്നതെന്ന് എനിക്കപ്പോൾ തോന്നി. പിന്നെ കൂടുതലൊന്നും സംസാരിക്കാതെ അദ്ദേഹം ഉടനെ ഫോൺ വയ്ക്കുകയും ചെയ്തു.

അന്നത്തെ ഫോൺ വിളിക്കു ശേഷം ഞാൻ ഇടയ്ക്ക് അദ്ദേഹത്തെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കും. അദ്ദേഹം വളരെ സൗമ്യതയോടെ ചെറിയ വാചകങ്ങളിൽ മറുപടി പറയുകയും ചെയ്യും. ഒരിക്കലും അദ്ദേഹത്തെ മൂ‍ഡൗട്ടായി കണ്ടിട്ടില്ല. ഈ പ്രായത്തിലും അദ്ദേഹം എപ്പോഴും പോസിറ്റീവ് എനർജി ഉൽപാദിപ്പിക്കുന്ന ഒരു നന്മ മരമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഞാൻ മാധ്യമം വാരികയിൽ എഴുതിക്കൊണ്ടിരുന്ന ‘നിറഭേദങ്ങൾ’ എന്ന എന്റെ ആത്മകഥ പുസ്തകമാക്കാൻ തയാറായി ഡിസി ബുക്സ് വന്നപ്പോൾ ആരെക്കൊണ്ടാണ് അവതാരിക എഴുതിക്കാൻ പോകുന്നതെന്ന് മാധ്യമത്തിലെ ബിനുരാജ് എന്നോട് ചോദിച്ചു. എന്റെ മനസ്സിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. അപ്പോൾ ബിനുരാജാണ് പറഞ്ഞത് പത്മനാഭൻ സാറിനോട് ഒന്നു ചോദിച്ചു കൂടേയെന്ന്. എഴുതിക്കിട്ടിയാൽ നല്ലതാണ്. അതുകേട്ടപ്പോൾ കൊള്ളാവുന്ന ബുദ്ധിയാണന്നും ഒന്നു ചോദിച്ചു നോക്കാമെന്നും ഞാൻ കരുതി. മടിച്ചു മടിച്ചാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. ഞാൻ കുശലം പറയുന്നതിനിടയിൽ പതുക്കെ വിഷയം അവതരിപ്പിച്ചു. ഒരു താൽപര്യക്കുറവും പറയാതെ എഴുതി തരാമെന്ന് അപ്പോൾത്തന്നെ അദ്ദേഹം പറയുകയും ചെയ്തു. പറഞ്ഞതു പോലെ കൃത്യമായിത്തന്നെ അദ്ദഹത്തിന്റെ കൈപ്പടയിൽ അവതാരിക എഴുതി എനിക്ക് അയച്ചു തരികയും ചെയ്തു.

എന്റെ ആത്മകഥയിൽ ഞാനെഴുതിയ വാചകപ്പൊരുളുകളേക്കാൾ എത്രവലിയ പദമൊഴികളാണ് അദ്ദേഹം എന്നെക്കുറിച്ച് അവതാരികയിൽ എഴുതിയിരിക്കുന്നത്. അതിനേക്കാൾ വലിയൊരു അംഗീകാരം വേറെ എന്തുണ്ട്.

‘‘ഡെന്നിസിന്റെ എഴുത്തിന്റെ ശക്തിയെയും ഭംഗിയേയും കുറിച്ച് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ എന്നെ ഏറെ ആകർഷിച്ചത് ഡെന്നീസിന്റെ തീർത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളാണ്.’’

(തുടരും...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com