ലോകേഷ് കനകരാജ്- കാര്‍ത്തി ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് അജയ് ദേവ്ഗൺ തന്നെ സംവിധാനം ചെയ്യും. ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അജയ് ദേവ്ഗണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല.
ചിത്രത്തില്‍ അജയ് ദേവ്ഗൺ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച സിനിമ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം.
2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്‌സ് ഓഫിസ് വിജയവും നേടിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണം സ്വന്തമാക്കി.