ADVERTISEMENT

മലയാള സിനിമയുടെ നിർമാണ ചിലവ് 10 കോടിയും 20 കോടിയും 50 കോടിയും എല്ലാം പിന്നിട്ട് നാം മുൻപ് ഇത് വരെ ആരും പറഞ്ഞു പോലും കേട്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്..അതിനൊപ്പം മലയാളം സിനിമയുടെ വിപണന സാധ്യതകളും, മലയാളത്തിന്റെ അതിരുകളും കടന്ന് പുറത്തേക്ക് പോയിരിക്കുന്നു. ശതകോടികളുടെ മണിയൊച്ചകൾ നിറഞ്ഞ ഈ കാലത്ത് തന്നെയാണ് ഇവിടെ മലയാളത്തിൽ ഒരു കൊച്ചു ചിത്രം ചിത്രീകരണം ആരംഭിച്ചത്. ആളും ആരവഹും ബഹളവും ഒന്നും ഇല്ലാതെ ഒരു ചിത്രം: ഹെഡ്മാസ്റ്റർ.

 

അധ്യാപകരുടെ കഥകളായിരുന്നു ഏറെയും കാരൂർ പറഞ്ഞത്. അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ചോരതുള്ളികൾ വീണു നനഞ്ഞവയായിരുന്നു ആ കഥകൾ പലതും. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടായിരുന്നു കാരൂരിന്റെ കഥകൾ ജനം വായിച്ചത്, അവയെല്ലാം അവരുടെ ഉള്ളിൽ സ്ഥിര സ്ഥാനം നേടുകയും ചെയ്തു. അങ്ങിനെയുള്ള ഒരു കഥയാണ് പൊതിച്ചോർ.. വിധിയുടെയും ജീവിതത്തിന്റെയും മുന്നിൽ പകച്ചു നിന്ന് പോയ ഒരു അധ്യാപകന്റെ കഥ. അത് വായിച്ച് മലയാളികൾ ഒന്നാകെ പൊള്ളിപ്പോയി. ആ കഥയാണ് രാജീവ് നാഥ് ഹെഡ്മാസ്റ്റർ എന്ന പേരിൽ സിനിമയാക്കുന്നത്.

 

ചിത്രീകരണം ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കു ഉള്ളിൽ തന്നെ ഹെഡ്മാസ്റ്റർ വാർത്താ മാധ്യമങ്ങളിൽ ഇടം നേടാൻ തുടങ്ങി.. ഇതിന് കാരണങ്ങൾ പലതായിരുന്നു..

നമ്മുടെ സിനിമയിൽ നിന്നും പതിയെ പതിയെ പടിയിറങ്ങി തുടങ്ങിയ നന്മയുടെ, കാപട്യം അറിയാത്ത സ്നേഹത്തിന്റെ തിരിച്ചു വരവ് അറിയിക്കുന്ന സിനിമയായിരിക്കും ഹെഡ്മാസ്റ്റർ എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. അതിനൊപ്പം മലയാളിയുടെ ഓർമ്മകളിലേക്ക്, ഒരു നാൾ അവൻ നെഞ്ചേറ്റിയ കാരൂർ എന്ന എഴുത്തുകാരന്റെ സ്നേഹസ്പർശം ഒരിക്കൽ കൂടി കൊണ്ട് വരുന്ന ചിത്രം.

 

കാരൂരിന്റെ പൊതിച്ചോർ എന്ന തീരെ ചെറിയ കഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ എന്ന അറിവ് ഓരോ മലയാളിയും അറിഞ്ഞത് നൊമ്പരം കലർന്ന ആഹ്ലാദത്തോടെ ആയിരുന്നു.. പൊതിച്ചോർ വായിച്ചപ്പോൾ അറിഞ്ഞ നൊമ്പരം ഇന്നും അവന്റെ ഉള്ളിലുണ്ടാവും. അതുമാത്രമായിരുന്നില്ല ഹെഡ്മാസ്റ്റർ. ദേശീയ രാജ്യാന്തര അവാർഡുകൾ നേടിയ സംവിധായകൻ രാജീവ് നാഥിന്റെ ചിത്രം. ആദ്യ ചിത്രമായ സുഭദ്രത്തിലൂടെ ക്രിറ്റിക്സ് അവാർഡ് നേടിയ ശ്രീലാൽ ദേവരാജ് നിർമിക്കുന്ന ചിത്രം.

 

രാജീവ് നാഥ്, ശ്രീലാൽ ദേവരാജ്, മധുപാൽ, കെ.ബി. വേണു, ശങ്കർ രാമകൃഷ്ണൻ, ആർ.കെ., ഷിബു ഗംഗാധരൻ എന്നിങ്ങനെ മലയാളത്തിലെ ഏഴ് സംവിധായകർ വിവിധ മേഖലകളിൽ ഒന്നിക്കുന്ന ചിത്രം. കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി സംഗീതം ഒരുക്കുന്ന ചിത്രം. മലയാള ചലച്ചിത്ര പിന്നണിയിലെ രണ്ട് തലമുറകളെ അടയാളപ്പെടുത്തുന്ന ജയചന്ദ്രനും നിത്യ മാമ്മനും ഒന്നിക്കുന്ന ചിത്രം. തമ്പി ആന്റണിയും സഹോദരൻ ബാബു ആന്റണിയും ആദ്യമായി ഒരേപോലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം, ജലജയുടെ മകൾ ദേവി നായികയാവുന്ന ചിത്രം, കലാ സംവിധായകൻ ആർ.കെ. അമ്പത് വർഷം പൂർത്തിയാക്കുന്ന ചിത്രം.. രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജ് ആദ്യമായി അഭിനയിക്കുന്ന ചിത്രം.

 

ഈ പറഞ്ഞതും ഇതിലേറെയും ഉണ്ട് ഹെഡ്മാസ്റ്ററിന്റെ കൗതുക വിശേഷങ്ങൾ. മൂന്ന് നാല് വർഷങ്ങൾ ആയി രാജീവ് നാഥും കെ.ബി. വേണുവും ചേർന്ന് പൂർത്തിയാക്കിയിട്ട്. ഒന്നാംസാർ എന്നായിരുന്നു അന്ന് അവർ നിശ്ചയിച്ച പേര്. പലരോടും കഥ പറഞ്ഞ കൂട്ടത്തിൽ രാജീവ് നാഥ്, മോഹൻലാലിനോടും സിനിമയുടെ കഥ പറഞ്ഞു.

തനിക്ക് വേണ്ടി അഹവും, പകൽ നക്ഷത്രങ്ങളും ഒരുക്കിയ രാജീവ് നാഥിനെ ഒരു നിമിഷം നോക്കി ലാൽ ഇരുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന സ്കൂളിന്റെ, നിഴൽ വീണു കിടക്കുന്ന വരാന്തയിലൂടെ തല കുമ്പിട്ടു നടക്കുന്ന അധ്യാപകന്റെ ചിത്രം ലാൽ ഓർത്തുകാണും. അദ്ദേഹം ഒന്നാം സാർ ചെയ്യാം എന്ന് സമ്മതിക്കുന്നു..

 

കാലം നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് എങ്ങിനെയാണ് അറിയുക.. പല കാരണങ്ങൾ കൊണ്ട് ഒന്നാം സാർ ലാലിനൊപ്പം സംഭവിച്ചില്ല. പിന്നെ, ഇന്ദ്രൻസ് കഥ കേട്ട് ഇഷ്ട്ടപെട്ടു, അഭിനയിക്കാൻ സമ്മതം അറിയിച്ചു. അതും നടന്നില്ല. മോഹൻലാൽ ആഗ്രഹിച്ച, ഇന്ദ്രൻസ് ആഗ്രഹിച്ച വേഷത്തിൽ ഇപ്പോൾ തമ്പി ആന്റണി എത്തുന്നു.

 

മലയാള സിനിമയിലും മലയാളികളുടെ നെഞ്ചിലും ജലജയ്ക്ക് ഒരിടം ഉണ്ട്. പ്രഭാത സൂര്യന്റെ ഇളം ചൂട് തട്ടി ഉരുകുന്ന മഞ്ഞു തുള്ളിയെയാണ് ജലജ ഓർമ്മിപ്പിക്കുന്നത്. ഇന്നും നമ്മുടെ ഉള്ള് ഉലയ്ക്കുന്ന എത്രയോ ചിത്രങ്ങൾ.. രാധ എന്ന പെൺകുട്ടി. ശാലിനി എന്റെ കൂട്ടുകാരി. യവനിക. മർമ്മരം. വേനൽ.ചില്ല്... ഇന്നും ഒരു നോവാണ് ജലജയുടെ ചിത്രങ്ങൾ. ആ ജലജയുടെ മകൾ ദേവി നായികയായി എത്തുകയാണ് ഹെഡ്മാസ്റ്ററിൽ...വിശേഷങ്ങളുടെ പെരുമഴക്കാലം ഒരുക്കി ഹെഡ്മാസ്റ്റർ ഒരുങ്ങുകയാണ്..

 

അങ്ങനെ അങ്ങനെ വളരെ പെട്ടെന്നായിരുന്നു എങ്ങും നിറഞ്ഞ ഹെഡ്മാസ്റ്റർ, ഇപ്പോൾ ചിത്രാഞ്ജലിയിൽ ഡബ്ബിങ് പുരോഗമിക്കുകയാണ്. സെൻസറിങ് പൂർത്തിയായി കഴിഞ്ഞു. സിനിമ ജൂലൈ 29ന് റിലീസ് ചെയ്യും. തമ്പി ആന്റണിക്കും ബാബു ആന്റണിക്കും പുറമേ മധുപാൽ, സഞ്ജു ശിവരാം, ജഗദീഷ്, ശങ്കർ രാമകൃഷ്ണൻ, പ്രേംകുമാർ,മഞ്ജു പിള്ള, ദേവി,സേതുലക്ഷ്മി, ബാലാജി, ആകാശരാജ്,ദേവ് നാഥ്, വേണു ജി. വടകര എന്നിവരും ഹെഡ്മാസ്റ്ററിൽ വേഷമിടുന്നു. തിരക്കഥ കെ.ബി. വേണുവും രാജീവ് നാഥും ചേർന്ന് ഒരുക്കിയിരിക്കുന്നു. ക്യാമറ പ്രവീൺ പണിക്കർ. എഡിറ്റിങ് ബീന പോൾ. ഗാനങ്ങൾ പ്രഭാവർമ്മ. ചീഫ് അസോഷ്യേറ്റ് ഷിബു ഗംഗാധരൻ. മലയാളവും മലയാളികളും കാത്തിരിക്കുന്ന ഹെഡ്മാസ്റ്റർ, മലയാളം കാത്തിരിക്കുന്ന പുതുമ നിറഞ്ഞ ഒരു മാറ്റം തന്നെയാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com