ADVERTISEMENT

സിനിമകളുടെ ഉത്പാദനച്ചെലവിന്റെ 10% പോലും തിയറ്ററുകളിൽ നിന്നു വരുന്നില്ല. വൻകിട മൾട്ടി സ്റ്റാർ ആക്‌ഷൻ ത്രില്ലർ സിനിമകൾ മാത്രം ജനം തിയറ്ററിൽ പോയി കാണുന്നു, സാധാരണ സിനിമകളെ ഒടിടിയിൽ കാണാമെന്നു വയ്ക്കുന്നു. ഉടമകൾ തിയറ്ററുകളുടെ ഷോ റദ്ദാക്കുകയും അടച്ചിടുകയും ചെയ്യുന്ന സ്ഥിതിയായി. വർഷം ശരാശരി 200 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളും  ഉണ്ടെങ്കിലും ശരാശരി 3.5 കോടി ഒരു സിനിമയ്ക്ക് ഉത്പാദന ചെലവ്. അങ്ങനെ നോക്കിയാൽ വർഷം 700 കോടിയാണ് സിനിമകളിലെ മുതൽമുടക്ക്. പക്ഷേ 70 കോടി രൂപ പോലും തിയറ്റർ കലക്‌ഷനിൽ നിന്നു വരുന്നില്ല. 

 

അടുത്തിടെ റിലീസ് ചെയ്ത 2 പ്രമുഖ താരങ്ങളുള്ള ചിത്രത്തിന് ഇതിനകം 30 ലക്ഷം മാത്രമാണ് തിയറ്ററുകളിൽ നിന്നുള്ള വരുമാനം. 2 പ്രമുഖ താരങ്ങൾ അഭിനയിച്ച മറ്റൊരു പടത്തിന് ഒടിടിയിലെ റിലീസ് തിയതി പ്രഖ്യാപിച്ചതോടെ പെട്ടെന്നു കലക്‌ഷൻ കുറഞ്ഞു. ഒടിടി, സാറ്റലൈറ്റ് വരുമാനത്തെ കൊണ്ടു മാത്രം മുടക്കുമുതൽ തിരിച്ചു പിടിക്കണമെന്നതാണു സ്ഥിതി. മിക്കവർക്കും അതു കഴിയാറില്ല. 8 കോടിയോളം ചെലവിൽ നിർമ്മിച്ച മറ്റൊരു പടത്തിന്  തിയറ്റർ കലക്‌ഷനുമില്ല, ഒടിടി,സാറ്റലൈറ്റ് ബിസിനസ് ഇതുവരെ നടന്നിട്ടുമില്ല.

 

ഒടിടി ബിസിനസ് ലക്ഷ്യമിട്ടു സിനിമ നിർമിച്ചവർ നിരാശയിലാണ്. പുതിയ ഒടിടി പ്ളാറ്റ്ഫോം വന്ന് നിരവധി പടങ്ങൾ വാങ്ങിയപ്പോൾ, നിലവിലുള്ള മറ്റുള്ളവരും കുറേ വാങ്ങി. ഇക്കൊല്ലത്തെ ബജറ്റ് തീർന്ന നിലയിലായി. താരങ്ങളുണ്ടെങ്കിൽ മാത്രമേ ഇനി പടം എടുക്കൂ എന്ന നയമായി. 200 പടങ്ങൾ വർഷം ഇറങ്ങുമ്പോൾ പരമാവധി 50 എണ്ണം ഒടിടി കമ്പനികൾ വാങ്ങിയേക്കും. ബാക്കിയുള്ളവർ നിരാശരാവുന്നു.

 

കെ.വിജയകുമാർ (ഫിയോക് പ്രസിഡന്റ്): കാണികൾ കുറവായതിനാൽ എന്റെ തിയറ്റർ ചില ദിവസങ്ങളിൽ അടച്ചിടുകയാണ്. സ്ക്രീനുകളുടെ ബാഹുല്യവും വിനോദ നികുതിയും വൈദ്യുതി നിരക്കു വർധനയും അതിജീവനം അസാധ്യമാക്കി. അന്യ ഭാഷാ ചിത്രങ്ങൾ കൊണ്ടാണു പിടിച്ചു നിൽക്കുന്നത്.നമ്മുടെ സംവിധായകർ പടച്ചു വിടുന്ന മിക്ക സിനിമകൾക്കും കാണികളെ തിയറ്ററിലേക്ക് ആകർഷിക്കാനുള്ള കരുത്തില്ല. 

 

ബി.രാകേഷ് നിർമാതാവ്: ആദ്യ ഷോ കഴിയും മുമ്പു തന്നെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് പ്രതികരണം നല്ല പടങ്ങളേയും നശിപ്പിക്കുന്നു. പരസ്യ പ്രചാരണങ്ങളുടെ കുറവും കാരണമാണ്. 50 ദിവസം തികച്ച് തിയറ്ററിലോടുന്ന പടം ഇല്ലെന്നായിരിക്കുന്നു. 

 

കോവിഡ് കാലത്തിനു ശേഷം മലയാളം സിനിമാ പ്രേക്ഷകരുടെ കാഴ്ച ശീലത്തിൽ വന്ന മാറ്റം സിനിമയുടെ ബിസിനസിനെ ആകെത്തന്നെ ബാധിച്ചിരിക്കുകയാണ്. 4 പേരുള്ള കുടുംബം തിയറ്ററിൽ പോയാൽ 1000 രൂപയെങ്കിലും ചെലവു വരുമെന്ന സ്ഥിതിയിൽ വീട്ടിലിരുന്നു സിനിമ കാണുന്നതിലാണു താൽപ്പര്യം. വൻ ആക്‌ഷൻ പടങ്ങൾക്കു മാത്രം തിയറ്ററിൽ പോകും. അന്യ ഭാഷകളിലെ ബിഗ്ബജറ്റ് പടങ്ങളാണ് ഈ സാഹചര്യം മുതലാക്കുന്നത്. മലയാളത്തിലെ അപൂർവം ഹിറ്റുകളും തിയറ്ററുകൾക്ക് ആശ്വാസമാകുന്നു. 

 

മൾട്ടിപ്ളെക്സുകളുടെ മോഡലിൽ അടുത്ത കാലത്തു തിയറ്റർ നവീകരിച്ചവർ കടം തിരിച്ചടയ്ക്കാനാവാതെ പ്രതസിന്ധിയിലാണ്. തിയറ്റർ ബിസിനസിനെക്കുറിച്ചു തന്നെ പലരും പുനരാലോചനയിലാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com