നയൻതാര–വിഘ്നേഷ് വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നില്ലെന്ന് നെറ്റ്ഫ്ലിക്സ്?

Mail This Article
തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നല്‍കിയതായി വാർത്തയുണ്ടായിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ വിവാഹച്ചിത്രങ്ങൾ വിഘ്നേഷ് ശിവൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് നെറ്റ്ഫ്ലിക്സ് ടീമിനെ ചൊടിപ്പിച്ചതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവൻ ചിത്രങ്ങളും പുറത്തുവന്നതിനാൽ വിഡിയോയ്ക്കായി പ്രത്യേക താൽപര്യം ആളുകളിൽ ഉണ്ടാകില്ലെന്ന് ഇവർ വിലയിരുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
വിവാഹം നടന്ന് ഒരുമാസം പിന്നിടുമ്പോൾ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ്.
മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം നടന്നത്. താലിയെടുത്തു നൽകിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.
വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു.
സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കത്തൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.