ADVERTISEMENT

പ്രതാപ് പോത്തനെ അനുസ്മരിച്ച് സഹപ്രവർത്തകരായ മണിയൻപിള്ള രാജു, രൺജി പണിക്കർ, രവീന്ദ്രൻ, സംവിധായകൻ മോഹൻ എന്നിവർ...

 

നല്ല വിടർന്ന കണ്ണുകളായിരുന്നു പ്രതാപിന്റേത്

 

മണിയൻപിള്ള രാജു

 

സിനിമാ ചർച്ചകൾക്കായി സംവിധായകൻ ഭരതന്റെ വീട്ടിൽ വരുമ്പോഴാണു പ്രതാപ് പോത്തനെ ഞാൻ ആദ്യമായി കാണുന്നത്. ധനിക കുടുംബാംഗം. മലയാളം പോലും ഇംഗ്ലിഷ് ചുവയോടെ പറയുന്നയാൾ. ഇങ്ങനെ ഒരാൾ എങ്ങനെ മലയാള സിനിമയിൽ അഭിനയിക്കുമെന്നു ഞാൻ ഭരതേട്ടനോടു ചോദിച്ചു. പ്രതാപ് പോത്തന് അഭിനയിക്കാൻ താൽപര്യം ഇല്ലായിരുന്നു. സംവിധായകൻ ആകാനായിരുന്നു ആഗ്രഹം. ഭരതേട്ടനാണു നിർബന്ധിച്ചു നടൻ ആക്കിയത്.

 

നല്ല വിടർന്ന കണ്ണുകളായിരുന്നു പ്രതാപിന്റേത്. ഞങ്ങളൊക്കെ മുഖത്തു ഭാവങ്ങൾ വരുത്താൻ എടുക്കുന്ന ശ്രമത്തിന്റെ പകുതി പോലും അദ്ദേഹത്തിന് ആവശ്യമില്ല. നിമിഷ നേരം കൊണ്ടാണ് ആ മുഖത്തു വിവിധ വികാരങ്ങൾ മാറിമറിയുന്നത്. അതു കണ്ടെത്തി എന്നതാണു ഭരതേട്ടന്റെ വിജയം. ‘ആരവം’ എന്ന ചിത്രത്തിലാണു ഞങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ‘ചാമരം’ ഉൾപ്പെടെ പല ചിത്രങ്ങളിലും ഒപ്പം വേഷമിട്ടു. അടുത്ത കാലത്ത് ‘ഇടുക്കി ഗോൾഡി’ൽ ഒരുപാടു ദിവസങ്ങൾ ഒപ്പം ഉണ്ടായിരുന്നു.

ഉറക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നയാളാണു പ്രതാപ് പോത്തൻ. സ്ഥലം എവിടെയാണെന്നൊന്നും നോക്കില്ല. തൊട്ടടുത്തു ഗവർണർ ഇരിപ്പുണ്ടെങ്കിലും ചിരി നിയന്ത്രിക്കില്ല.  മറ്റുള്ളവരെ ചിരിപ്പിക്കാനും മിടുക്കനായിരുന്നു. 

 

ശിവാജി ഗണേശനെയും മോഹൻലാലിനെയും നായകന്മാരാക്കി സംവിധാനം ചെയ്ത ‘ഒരു യാത്രാ മൊഴി’യിൽ എനിക്കും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. സെറ്റിൽ എല്ലാ താരങ്ങളെയും ശിവാജിയെപ്പോലെ തന്നെ പരിഗണിക്കാൻ ശ്രദ്ധിച്ചിരുന്ന പ്രതാപ് എന്ന സംവിധായകനെയും അവിടെ കണ്ടു.

 

വേറിട്ട പ്രസാദം, സന്തോഷവാനായിരുന്നു എപ്പോഴും

 

രൺജി പണിക്കർ

 

മദ്രാസ് കാലം മുതലേ അറിയാമെങ്കിലും പ്രതാപ് പോത്തനും ഞാനും ഒരു സിനിമയിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ – സിബിഐ 5’.  വളരെ രസകരമായി ഇടപെടുന്ന, പ്രസാദമുള്ള പെരുമാറ്റ രീതിയായിരുന്നു പ്രതാപിന്റേത്. സന്തോഷവാനായിരുന്നു എപ്പോഴും. എല്ലാറ്റിലും എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നയാൾ. ഞങ്ങൾ സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. 

 

സിനിമയിലേക്കു വരുമ്പോൾ കുടുംബത്തിന്റെയും മറ്റും വലിയ പ്രൊഫൈൽ ഉണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ, അതിലൊന്നും ഊന്നിയല്ല, അദ്ദേഹം വളർന്നതും നിലനിന്നതും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ട്രാക്കും രീതിയും ഉണ്ടായിരുന്നു. വേറിട്ട വ്യക്തിത്വമുള്ള ആളായിരുന്നു പ്രതാപൻ

 

മദ്രാസ് ടാക്കീസ് 

 

എന്തും ചർച്ച ചെയ്യാവുന്ന കൂട്ടായ്മയായിരുന്നു ഞങ്ങളുടേത്

 

രവീന്ദ്രൻ (നടൻ)

 

1978ൽ ആണ് പ്രതാപ് പോത്തനുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം ‘ആരവം’ എന്ന സിനിമ കഴിഞ്ഞുനിൽക്കുന്ന സമയം. സംവിധായകൻ അരവിന്ദന്റെ അസോഷ്യേറ്റ് ആയിരുന്ന സി.പി.പത്മകുമാർ സംവിധാനം ചെയ്ത ‘അപർണ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണു സൗഹൃദത്തിന്റെ തുടക്കം. ഞാൻ അന്നു മദ്രാസിൽ പഠിച്ചുകൊണ്ടിരുന്ന കാലമാണ്. പത്മകുമാറിന്റെ കൂടെ സിനിമയിൽ സഹായത്തിനുമുണ്ട്. പ്രതാപ് പോത്തനാണ് ആ സിനിമയിലെ നായകൻ. ഇതിനിടെ ‘തകര’യൊക്കെ വന്നു ഹിറ്റായി പ്രതാപ് സ്റ്റാറായി. നെടുമുടി വേണു ഉൾപ്പെടെയുള്ളവരുമായി അക്കാലത്താണു സൗഹൃദം ഉണ്ടായത്. പ്രതാപ് പോത്തന്റെ സഹോദരൻ ഹരി പോത്തനുമായും അടുപ്പമായിരുന്നു. അന്നത്തെ ആ കൂട്ടായ്മയിലാണു വളർന്നുവന്നത്. ലോക സിനിമ, സാഹിത്യം, കല എങ്ങനെ എന്തും ചർച്ച ചെയ്യാവുന്ന ഒരു കൂട്ടായ്മ.

 

‘ഒരു തലൈ രാഗം’ റിലീസായതോടെ ഞാനും താരമായി. ഞങ്ങൾക്കു രണ്ടു പേർക്കും തമിഴിൽ തിരക്കുമായി. മൗലി എന്ന സംവിധായകൻ ചെയ്ത ‘നന്ദ്രി, മീണ്ടും വരുഗ’ എന്ന തമിഴ് സിനിമയിൽ ഒന്നിച്ചുണ്ടായിരുന്നു. അങ്ങനെ പല സിനിമകളിലും ഒന്നിച്ചുവന്നു. എന്നാലും ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത രീതിയിലുള്ള സിനിമകളാണ് അന്നു ചെയ്തുവന്നത്.

ഞങ്ങൾ രണ്ടുപേരും കൂടുതൽ ദിവസം ഒന്നിച്ചു താമസിച്ചത് ‘ഇടുക്കി ഗോൾഡി’ന്റെ സമയത്താണ്, ഒരു മാസത്തിലധികം. പഴയ കാര്യങ്ങളും ഓർമകളുമെല്ലാമായി ഇടുക്കിയിലൂടെ ഒരു ഗംഭീര യാത്ര അന്നു നടത്തി. ആ സിനിമയിൽ പ്രതാപ് പോത്തന്റെ ചെറുപ്പകാലം അഭിനയിച്ചത് എന്റെ ഇളയ മകനാണ്. അവനോടു വലിയ കാര്യമായിരുന്നു പ്രതാപിന്.

 

സ്നേഹക്കണ്ണി 

 

ചെയ്യരുതായിരുന്നു എന്നു തോന്നിപ്പിക്കുന്ന ഒരു വേഷവും അദ്ദേഹം ചെയ്തി‌ല്ല

 

മോഹൻ (സംവിധായകൻ)

 

പ്രതാപ് പോത്തൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മനസ്സിൽ തട്ടുന്നതായിരുന്നു. നല്ല പെർഫോമൻസ്. അദ്ദേഹത്തെ ആ വേഷങ്ങളിലേക്കു തിരഞ്ഞെടുത്തവർ ചെയ്തത് ഏറ്റവും കൃത്യമായ കാസ്റ്റിങ്ങായിരുന്നു. ചെയ്യരുതായിരുന്നു എന്നു തോന്നിപ്പിച്ച ഒരു വേഷവും അദ്ദേഹം ചെയ്തതായി തോന്നിയിട്ടില്ല.പ്രതാപ് പോത്തന്റെ സഹോദരൻ ഹരി പോത്തൻ നിർമിച്ച ‘രാജഹംസം’ എന്ന ചിത്രത്തിൽ ഞാൻ അസോഷ്യേറ്റ് ഡയറക്ടറായിരുന്നു; ഹരിഹരനായിരുന്നു സംവിധായകൻ. പക്ഷേ, അതിനു മുൻപു തന്നെ ഞാനും പ്രതാപും സുഹൃത്തുക്കളായിരുന്നു. മദ്രാസിൽ ഞങ്ങൾക്കൊരു ‘ബെൽറ്റ്’ ഉണ്ടായിരുന്നു. ഞാനും ഭരതനും കെ.ജി.ജോർജും പത്മരാജനും മറ്റു ചില സുഹൃത്തുക്കളുമൊക്കെ ഉൾപ്പെട്ട ആ സർക്കിളിൽ പ്രതാപും വരുമായിരുന്നു. അങ്ങനെ ഞങ്ങളും സുഹൃത്തുക്കളായി.

 

എന്റെ ‘കൊച്ചു കൊച്ചു തെറ്റുകൾ’ എന്ന പടത്തിൽ അദ്ദേഹത്തിനായി ഒരു വേഷം നിശ്ചയിച്ചു. പക്ഷേ, പ്രതാപ് വന്നില്ല. ഞാൻ അതെക്കുറിച്ചു പിന്നീടു ചോദിച്ചില്ല; അദ്ദേഹം പറഞ്ഞതുമില്ല. കലാശാല ബാബുവാണ് ആ വേഷം പിന്നീടു ചെയ്തത്. അക്കാലത്ത്, ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടു ഞാനും പത്മരാജനും തമ്മിൽ മാനസികമായി ചെറിയ അകൽച്ചയുണ്ടായി. ഭരതന്റെയും പത്മരാജന്റെയുമൊക്കെ വളരെ അടുത്ത സുഹൃത്തായിരുന്നു പ്രതാപ്. അദ്ദേഹത്തിന് എന്നെക്കാൾ കൂടുതൽ അടുപ്പം അവരുമായുണ്ടായിരുന്നു. ഒരുപക്ഷേ, അതാകാം അദ്ദേഹം വരാത്തതിനു കാരണം. 

 

പക്ഷേ, ഞങ്ങൾ തമ്മിൽ എക്കാലത്തും സൗഹൃദം നിലനിന്നു. സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല. വ്യക്തി ജീവിതത്തിൽ ഒരുപാടു മാനസിക സമ്മർദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. എനിക്കു വളരെ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നതിനാൽ അദ്ദേഹം എന്റെ സിനിമയിൽ അഭിനയിക്കാത്തതിൽ പ്രയാസം തോന്നിയതുമില്ല. ഞാൻ അതിനു ശേഷവും സിനിമകൾ ചെയ്തു. പക്ഷേ, ആ ചിത്രങ്ങളിലൊന്നും പ്രതാപിനു പറ്റിയ വേഷമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഞങ്ങളൊരുമിച്ച് ഒരു ചിത്രം സംഭവിച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com