ADVERTISEMENT

അടിമുടി വയനാടൻ സിനിമയായ ‘പക’ ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക്. നവാഗതനായ മാനന്തവാടി എടവക അയിലമൂല സ്വദേശി നിധിൻ ലൂക്കോസാണ് സംവിധായകൻ. വയനാട്ടുകാരനായ ബേസിൽ പൗലോസും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നാടകരംഗത്തു സജീവമായ ജോസ് കിഴക്കനും പകയിൽ പ്രധാന വേഷത്തിലെത്തുന്നു. അഭിനയരംഗത്തു ജോസിന്റെ ശിഷ്യനാണ് നിധിൻ ലൂക്കോസ്. 

 

മനുഷ്യരുടെ രക്തത്തിനായി ദാഹിക്കുന്ന പുഴയാണു പകയിലേത്. പ്രതികാരത്തിനായി മനുഷ്യരെ കൊന്നു കെട്ടിത്താഴ്ത്തുന്നതും തള്ളിയിട്ടു കൊല്ലുന്നതുമെല്ലാം ഈ പുഴയിലാണ്. പ്രതികാരത്തിന്റെ കഥ പറയുന്ന പക സിനിമയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരിലേറെയും പുതുമുഖങ്ങളാണ്. അക്ഷരാർഥത്തിൽ വയനാട്ടുകാരുടെ സ്വന്തം സിനിമയാണു പക. എടവക പഞ്ചായത്തിലെ ഒരപ്പിലായിരുന്നു ചിത്രീകരണം. മാനന്തവാടി ടൗൺ, വീണാ തിയറ്റർ തുടങ്ങിയ സ്ഥലങ്ങളും ലൊക്കേഷനായി. പ്രധാന വേഷങ്ങളിലെത്തിയ ബേസിൽ പൗലോസ്, ജോസ് കിഴക്കൻ എന്നിവരും ആശാരിയേട്ട് ജോസ്, പുലി ജോണി, അതുൽ ജോൺ, മാണിക്കൽ ജോസഫ് തുടങ്ങിയവരും വയനാട്ടുകാർ. പൊലീസിലെ കലാകാരന്മാരായ സാദിർ തലപ്പുഴ, ബഷീർ പനമരം, അനൂപ്, റോബിൻ എന്നിവരും സിനിമയിലുണ്ട്. ഒരപ്പിലെ പുഴയും കുട്ടികളും ഈ ചിത്രത്തിൽ അഭിനയിച്ചു. പലരും സ്വന്തം പേരുകളിൽത്തന്നെയാണ് സിനിമയിലും.

 

ഗുരുവിന്റെ സ്വന്തം ശിഷ്യൻ 

 

paka-scene
ജോസ് കിഴക്കന്‍, പക സിനിമയിലെ ഒരു രംഗം

കുട്ടിക്കാലത്ത് മാനന്തവാടി മാരുതി തിയറ്ററിലാണ് ജോസ് കിഴക്കൻ ആദ്യമായി സിനിമ കാണുന്നത്. മാനന്തവാടി ടൗണിൽ നടന്ന ഒരു കൂടിക്കാഴ്ചയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നതും. പതിറ്റാണ്ടുകളായി കുട്ടികളുടെ തിയറ്റർ മേഖലയിലെ നിറസാന്നിധ്യവും കേരളത്തിലുടനീളം വലിയ ശിഷ്യസമ്പത്തുള്ള കലാകാരനുമായ ജോസിന്റെ ശിഷ്യന്മാരിലൊരാളാണു സംവിധായകൻ നിധിൻ ലൂക്കോസ്. സ്കൂളിൽ പഠിക്കുമ്പോൾ നിധിനെ ജോസ് മോണോ ആക്ട് പഠിപ്പിച്ചു. കോളജിലായപ്പോൾ നാടകവും. പകയുടെ ആലോചനകൾ നടക്കുന്നതിനിടെ മാനന്തവാടി ടൗണിൽവച്ചു കണ്ടുമുട്ടിയപ്പോൾ ഗുരുവിനെ കെട്ടിപ്പിടിച്ചു നിധിൻ ചോദിച്ചു, ‘‘നമുക്കൊരു സിനിമ ചെയ്താലോ?’’ അങ്ങനെ ജോസ് സിനിമയിലെത്തി. 

 

സർക്കാർ ജോലിയല്ല സിനിമ

basil-paulose-2
നടന്‍ ബേസില്‍ പൗലോസ്

 

സർക്കാർ സ്കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ചാണ് നിധിൻ ലൂക്കോസ് സിനിമ പഠിക്കാൻ പുണെ ഫിലിം ആൻ‍‍ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയത്. പ്രവേശനപ്പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ രണ്ടാം റാങ്ക് ഉണ്ടായിരുന്നു. സ്വന്തമായി സിനിമ ചെയ്യണമെന്നതായിരുന്നു എക്കാലത്തെയും സ്വപ്നം. സർക്കാർ ജോലി വേണ്ടെന്നു വയ്ക്കാൻ ഇവനു വട്ടാണോ എന്നു നെറ്റി ചുളിച്ചവരായിരുന്നു ഏറെയുമെന്നു നിധിൻ പറയുന്നു. തിരഞ്ഞെടുത്ത മാർഗം ശരിയായെന്നു തോന്നിയപ്പോൾ എല്ലാവരും അംഗീകരിച്ചുവെന്നതിന്റെ സന്തോഷമുണ്ട്. ശബ്ദസന്നിവേശത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ നിധിൻ ഇരുപതോളം ചിത്രങ്ങളുടെ ശബ്ദസംവിധായകനായി. ബെന്നറ്റ് മില്ലർ, ജൂലി ടോമോർ തുടങ്ങിയ ഹോളിവുഡ് സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

 

ഒരു നാടിന്റെ കഥ പറയുമ്പോൾ ആ നാട്ടുകാരെത്തന്നെ കഥാപാത്രങ്ങളാക്കുക എന്ന സങ്കേതമാണ് പകയിൽ ഉപയോഗിച്ചതെന്നു നിധിൻ പറയുന്നു. അത്തരം ചിത്രങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ട്- പകയിൽ പ്രധാന വേഷങ്ങളിലേറെയുമെത്തിയതു വയനാട്ടുകാർ ആയതിന്റെ കാരണം നിധിൻ വെളിപ്പെടുത്തുന്നതിങ്ങനെ. നിധിന്റെ വല്യമ്മച്ചി മറിയക്കുട്ടിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തിനു ശബ്ദം നൽകി. അഭിനയം പഠിപ്പിച്ച ശിഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ച് പകയിൽ ജോസ് തകർത്തഭിനയിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കൊച്ചേപ്പിനെയാണ് ജോസ് കിഴക്കൻ അവതരിപ്പിച്ചത്. 

 

നാടകക്കാരന്റെ കയ്യടക്കത്തിൽ പകയിലെ കൊച്ചാപ്പൻ 

 

തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന പ്രതികാരത്തിന്റെയും തീരാത്ത വൈരാഗ്യത്തിന്റെയും കഥയാണു പക പറയുന്നത്. മധ്യകേരളത്തിൽനിന്നു വയനാട്ടിലേക്കു കുടിയേറിയ കുടുംബങ്ങൾ തമ്മിലുള്ള കൊടിയ പകയ്ക്കു പിൻതലമുറ ഇരയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോണി എന്ന കഥാപാത്രത്തിന്റെ കൊച്ചാപ്പൻ ആണ് ജോസ് കിഴക്കൻ അവതരിപ്പിച്ച കഥാപാത്രം. നാടകക്കാരന്റെ കയ്യടക്കത്തോടെ ജോസ് കൊച്ചാപ്പനായി. പകയുടെ കനൽ എരിഞ്ഞടങ്ങിത്തീരുന്നൊരു കാലത്തു മറ്റൊരു ജീവിതം കാത്തിരിക്കുന്ന കൊച്ചേപ്പിനു പക്ഷേ കാലം കരുതിവച്ചതു വേറൊന്നായിരുന്നു. സിനിമ കണ്ടുതീർത്താലും പ്രേക്ഷകന്റെ കൂടെപ്പോരുന്നയത്ര ശക്തമാണു സിനിമയിലെ കൊച്ചാപ്പന്റെ സാന്നിധ്യം. ‘മാനത്ത് ചന്തിരൻ പൂത്തപോലൊരു പെണ്ണൊരുത്തി, പാതിരാവിൽ പൂത്തിറങ്ങിയ ചെമ്മരുത്തി’ ...എന്നു തുടങ്ങുന്ന ഒരു പാട്ടും ചിത്രത്തിൽ ജോസ് പാടിയിട്ടുണ്ട്. 

സിനിമയാണ് ഇനി അരങ്ങ് 

 

25 വർഷമായി ജോസ് കിഴക്കൻ നാടകരംഗത്തുണ്ട്. എക്കാലത്തും നാടകത്തോടാണു ജോസിന്റെ പ്രണയം. സിനിമ അദ്ദേഹത്തിനു മറ്റൊരു അരങ്ങു മാത്രം. റവന്യു കലോത്സവത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി താലൂക്ക് ടീം അവതരിപ്പിച്ച ‘കടുവ കിടുവ’യുടെ സംവിധായകൻ ആയിരുന്നു. സംസ്ഥാനതല സംസ്കൃതമേളയിൽ കണിയാരം ഫാ. ജികെഎം സ്കൂൾ വിദ്യാർഥികൾക്കായി അണിയിച്ചൊരുക്കിയ ‘അതിജീവിതം’ എന്ന ഷോർട്ഫിലിം ഒന്നാമതെത്തി. എക്സൈസ് വകുപ്പിന്റെ ‘പൂട്ട്’ എന്ന ഷോർട്ഫിലിമിൽ പ്രധാന വേഷവും ചെയ്തിട്ടുണ്ട് ജോസ് കിഴക്കൻ. മുംബൈ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ജോസ് തിയറ്റർ ക്യാംപുകൾ നടത്തി. സുഹൃത്തുക്കളായ നാടകക്കാർക്കൊപ്പമാണ് എന്നും ജോസ് കിഴക്കൻ. നല്ല അവസരം കിട്ടിയാൽ ഇനിയും കൂടുതൽ സിനിമകളിൽ വേഷമിടണമെന്നുമുണ്ട്. 

 

‘പക’യെക്കുറിച്ച് 

 

എൻഎഫ്ഡിസി വർക്ക് ഇൻ പ്രോഗ്രസ് ലാബിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പക പ്രസാദ് ലാബ് ഡിഐ അവാർഡ് നേടി. ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പുതുമുഖ സംവിധായകരുടെ ചിത്രങ്ങളുടെ ഗണത്തിലേക്കു പക തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂത്തോനും ജെല്ലിക്കെട്ടിനും ശേഷം ടൊറന്റോ രാജ്യാന്തര മേളയിലെത്തിയ ആദ്യചിത്രം കൂടിയാണു പക. പിംഗ്യാവോ ഫിലിം ഫെസ്റ്റിവൽ, സൗദി അറേബ്യ റെഡ് സീ ഫിലിം ഫെസ്റ്റിവൽ, പാം സ്പ്രിംഗ്സ്, സാന്റാ ബാർബറ, ലണ്ടൻ ഇന്ത്യൻ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സ്റ്റുട്ഗാർട്ട് തുടങ്ങി ഒട്ടേറെ രാജ്യാന്തര വേദികളിൽ ചിത്രം പ്രദർശിപ്പിച്ചു. സംവിധായകൻ അനുരാഗ് കശ്യപും രാജ് ആറുമാണു ചിത്രം നിർമിച്ചത്. 

 

സജീവമാകാൻ ബേസിലും 

 

2012ൽ റിലീസായ ‘സിനിമാ കമ്പനി’ എന്ന ചിത്രത്തിലൂടെയാണു വയനാട്ടുകാരനായ ബേസിൽ പൗലോസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ജിബു ജേക്കബിന്റെ ‘വെള്ളിമൂങ്ങ’, പ്രേംശങ്കറിന്റെ ‘രണ്ടുപേർ’, അഞ്ജലി മേനോന്റെ ‘കൂടെ’ തുടങ്ങിയ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തു. എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്നു വാശിയില്ലെന്നും ആസ്വദിക്കുമെന്ന് ഉറപ്പുള്ള ചിത്രങ്ങളാണെങ്കിൽ ചെയ്യുമെന്നും ബേസിൽ പറയുന്നു. ജോണി എന്നാണു പകയിലെ കഥാപാത്രത്തിന്റെ പേര്. ഒടിടി റിലീസ് ആയതിനാൽ കൂടുതൽ പേരിലേക്കു സിനിമ എത്തുമെന്നതിന്റെ സന്തോഷവുമുണ്ട് ബേസിലിന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com