ADVERTISEMENT

ബിരുദാനന്തര ബിരുദത്തിൽ മികച്ച വിജയം കരസ്ഥമാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക മികച്ച വിജയം നേടിയത്. കലയോടൊപ്പം പഠനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് മാളവിക പറയുന്നു. ജീവിതത്തിൽ പിന്നീടൊരിക്കലൂം നേടാൻ കഴിയാത്ത കോളജ് കാലം നഷ്ടപ്പെടാതിരിക്കാൻ, എംഎക്ക് പഠിക്കുമ്പോൾ ഒരു ദിവസം പോലും ക്ലാസ് മുടക്കിയിട്ടില്ലെന്നും മാളവിക മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഞാൻ തൃശൂർ സ്വദേശിയാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഞങ്ങൾ എന്റെ പഠന സൗകര്യത്തിനായി എറണാകുളത്തേക്കു താമസം മാറിയിരുന്നു. ബിഎക്കും എംഎക്കും എറണാകുളം സെന്റ് തെരേസാസിൽ ആണ് പഠിച്ചത്. ഒരു ദിവസം പോലും ക്ലാസ് നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുമായിരുന്നു. പഠനം പൂർത്തിയാക്കി ഇപ്പോൾ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഹൈ ഡിസ്റ്റിങ്ഷൻ ഉണ്ടെന്നാണ് കോളജിൽനിന്നു വിളിച്ചു പറഞ്ഞത്. ഇപ്പോൾ എല്ലാം ഗ്രേഡിങ് സിസ്റ്റം ആണല്ലോ. അച്ഛനും അമ്മയും ഏട്ടനും എന്റെ പഠനകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് എനിക്കിപ്പോൾ ഈ വിജയം നേടാൻ കഴിഞ്ഞത് ഇത് അവർക്കുള്ള ഒരു സമ്മാനം കൂടിയാണ്.

സ്കൂളിൽ പഠിക്കുമ്പോൾ നന്നായി പഠിക്കുമായിരുന്നെങ്കിലും ഒരുപാട് ക്ലാസ് മുടങ്ങിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസിൽ വല്ലപ്പോഴുമേ പോകാൻ കഴിഞ്ഞട്ടുള്ളൂ. അതുവരെ ഞാൻ ഒരുപാട് സിനിമകളിൽ സജീവമായിരുന്നു. സ്കൂൾ ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ എനിക്ക് പറയാൻ അധികമൊന്നുമില്ല. എനിക്ക് കോളജ് ജീവിതം ആസ്വദിക്കണം എന്നുള്ളതുകൊണ്ടാണ് ട്വൽത് കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തത്. ഈ പ്രായം കഴിഞ്ഞാൽ പിന്നെ കിട്ടുന്ന ജീവിതമല്ലല്ലോ അതൊന്നും. അതാണ് അത്തരമൊരു തീരുമാനമെടുത്തത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ കുറച്ചു ലീവ് ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ പിജി ആയപ്പോൾ ലീവ് ഒന്നും എടുത്തില്ല. കോളജിൽ ആദ്യം പോകുമ്പോൾ എല്ലാവർക്കും ഒരു സിനിമാതാരം എന്ന നിലയിൽ ഒരു കൗതുകം ഉണ്ടായിരുന്നു. പക്ഷേ പിന്നെ സഹപാഠികളുമായി നല്ല കൂട്ടായി.

അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങൾക്കും നല്ല സപ്പോർട്ട് ആണ്. അവർക്ക് സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഒടുവിൽ ചെയ്ത സിനിമ സിബിഐ അഞ്ചാംഭാഗം ആണ്. പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കൂടുതൽ പഠിക്കണം എന്നുണ്ട്, എന്തെങ്കിലും ജോലി കണ്ടെത്തണം എന്നും കരുതുന്നു. സിനിമയും എന്റെ പാഷനാണ്, നല്ല തിരക്കഥകളും കഥാപാത്രങ്ങളും എന്നെത്തേടി എത്തിയാൽ സിനിമ ചെയ്യും. സിനിമയും പഠനവും ഒരുമിച്ചുകൊണ്ടുപോകണം എന്നാണ് ആഗ്രഹം.’’ മാളവിക പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com