ADVERTISEMENT

ദേശീയ അംഗീകാരത്തിന്റെ നിറവിൽ അപർണ തിളങ്ങുമ്പോൾ സുരരൈ പോട്ര് സിനിമയുടെ മേക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ഉണ്ടായിരുന്നു.

 

സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങളും നടി പറയുന്നുണ്ട്. ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിനും ക്ലാസുകൾക്കും േശഷമാണ് അപർണയും മറ്റ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നത്.

 

അപർണയുടെ അദ്ഭുതലോകം 

 

aparna-3

‘സുധ മാഡം എന്നോടു പാവാടയും ബ്ലൗസുമിട്ടു കാണാൻ വരാ‍ൻ പറഞ്ഞപ്പോൾ അത് മാമിന്റെ പുതിയ സിനിമയിലേക്കുള്ള അവസാന പടവുകളാണെന്നു വിചാരിച്ചിരുന്നില്ല. ഒരു വർഷം ഞാനാ സിനിമയ്ക്കു വേണ്ടി അധ്വാനിച്ചു. ബൊമ്മിയായി മാറി.  ഒന്നുമറിയാതെ അഭിനയിക്കാനെത്തിയ എന്നെ അവർ കൂടെ നി‍ർത്തി പഠിപ്പിച്ചെടുക്കുകയായിരുന്നു’. സുരരൈ പോട്ര് എന്ന തമിഴ് സിനിമയിലൂടെ രാജ്യത്തെ മികച്ച നടിയായ അപർണ ബാലമുരളി പറഞ്ഞു. 

 

പൊള്ളാച്ചിയിൽ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ സെറ്റിൽ മധുരം വിളമ്പിയായിരുന്നു അപർണയ്ക്കു കൂട്ടുകാർ അഭിനന്ദനമൊരുക്കിയത്.

thrissur-aparna-balamurali-national-award-for-best-actress-image-845-440-1-
ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളി പൊള്ളാച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പാട്ടുരായ്ക്കലിലെ വീട്ടിലേക്കു വിഡിയോ കോൾ വിളിച്ചപ്പോൾ അച്ഛൻ ബാലമുരളിയും അമ്മ ഡോ. ശോഭയും സന്തോഷത്തിൽ.

പല തവണ തിരക്കഥ വായിപ്പിച്ചു. തമിഴ് പറയുന്ന രീതി ശരിയാക്കാനായി അധ്യാപികയെ നിയോഗിച്ചു. അഭിനയം ശരിയാക്കാനായി അഭിനയ ശിൽപശാലയിലയച്ചു. 60 ദിവസം കൊണ്ട് ഷൂട്ട് തീർത്തു. പക്ഷേ, അതിനു മുൻപ് ഒരു വർഷത്തോളം നടത്തിയ തയാറെടുപ്പ് വളരെ വലുതായിരുന്നു. 

 

‘ഒരാൾ നമ്മളെ വിശ്വസിക്കുന്നുവെന്നതിന്റെ ശക്തി ഞാനറിഞ്ഞത് സുധ കൊങ്കര പ്രസാദ് എന്ന സംവിധായികയിലൂടെയാണ്. ഓരോ ദിവസവും അവർ എന്നെ വിശ്വസിച്ചു. സിനിമ പുറത്തു വന്നു മാസങ്ങൾക്കു ശേഷവും പലരും എന്നോട് അതേക്കുറിച്ചു സംസാരിച്ചു.’– അപർണ പറഞ്ഞു. ഗായികയാകാൻ എത്തിയ അപർണ തീരെ അപ്രതീക്ഷിതമായാണു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ താരമാകുന്നത്. 

 

കലയെ ഉപാസിച്ച അച്ഛനും അമ്മയ്ക്കും മകൾ നൽകിയ സമ്മാനം

 

പൊള്ളാച്ചിയിൽ നിന്ന് ആ വിഡിയോ കോൾ എത്തിയത് കല ജീവിതമായി മാറിയ ‘കൃഷ്ണകടാക്ഷം’ വീട്ടിലേക്കാണ്. സ്ക്രീനിന്റെ മൂലയിൽ മകളുടെ പുഞ്ചിരിക്കുന്ന മുഖം നിറഞ്ഞപ്പോൾ ഇപ്പുറത്ത് ബാലമുരളിയും അ‍ഡ്വ. ശോഭയും സന്തോഷം കൊണ്ടു നിറഞ്ഞു. എന്താണു പറയേണ്ടതെന്നറിയാതെ വാക്കുകൾ മുറിഞ്ഞു. സ്ക്രീനിൽ തെളിഞ്ഞ മുഖം മകൾ അപർണയുടേത് മാത്രമല്ല; ഇന്ത്യയിലെ മികച്ച നടിയെന്ന് രാജ്യം ആദരം നൽകുന്ന അഭിനേത്രിയുടേതുമാണ്. ജീവിതകാലം മുഴുവൻ കലയെ ഉപാസിച്ച അച്ഛനും അമ്മയ്ക്കും മകൾ നൽകിയ സമ്മാനം കൂടിയായിരുന്നു ആ പുഞ്ചിരി.

 

‘തൃശൂരിലെ എല്ലാവരോടുമുള്ള നന്ദി’ പറഞ്ഞുറപ്പിച്ച അപർണ ഒരാളെ മറന്നില്ല. തനിക്ക് എന്നും പ്രോത്സാഹനം നൽകിയിരുന്ന മുത്തച്ഛൻ എം.സി.എസ് മേനോനെ. മുത്തച്ഛന് അവർഡ് സമ്മാനിക്കുന്നതായി അപർണ പറഞ്ഞു. അവരുടെ സംഭാഷണം നീളുമ്പോൾ ഇവിടെ ബാലമുരളിയുടെയും പൊള്ളാച്ചിയിൽ അപർണയുടെയും ഫോണുകളിൽ നൂറുകണക്കിന് അഭിനന്ദന വിളികൾ ക്യൂ നിൽക്കുകയായിരുന്നു. അപർണ പൊള്ളാച്ചിയിലെ ഷൂട്ടിങ് ലോക്കേഷനിലാണെങ്കിലും വീട്ടിൽ അച്ഛൻ ബാലമുരളിയുടെയും അമ്മ അഡ്വ.ശോഭയുടെയും മൊബൈൽ ഫോണുകളിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

 

വ്യാഴാഴ്ച വൈകിട്ട് ലൊക്കേഷനിലേക്ക് പോകുമ്പോൾ വിളിച്ചിരുന്നു. മാധ്യമങ്ങളിൽ അവാർഡ് സാധ്യത നിറഞ്ഞു നിൽക്കുന്ന കാര്യം സംസാരിച്ചെങ്കിലും ചെറിയ ആശങ്കയുണ്ടായിരുന്നതായി അമ്മ ശോഭ പറഞ്ഞു. നിറഞ്ഞ സന്തോഷമായിരുന്നു സംഗീതത്തെ ഉപാസിക്കുന്ന അച്ഛൻ ബാലമുരളിയുടെ വാക്കുകളിൽ. ഈ വീട്ടിൽ നിന്ന് പഠനകാലത്ത് മികച്ച നർത്തകി, പാട്ടുകാരി എന്നീ നിലകളിൽ നേടിയ സമ്മാനങ്ങളിൽ നിന്നാണ് ഈ ഐതിഹാസിക യാത്രയുടെ തുടക്കം. ചെറിയ കുട്ടിയായിരിക്കുമ്പോൾ സംഗീതവും നൃത്തവും പഠിച്ചു.

 

ആറാം ക്ലാസിൽ പഠിക്കുമ്പോൾ അരവിന്ദൻ നെല്ലുവായ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലൂടെ അഭിനയത്തിനു തുടക്കമിട്ടു. 2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം മുതൽ സൂററൈ പോട്ര് എന്ന തമിഴ് സിനിമ വരെയുള്ള തേരോട്ടമായി അതുമാറി. ഖത്തറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തൃശൂർ ദേവമാതാ സ്‌കൂളിൽ. കെ.പി. കേശവമേനോൻ, കെ.പി. ഉദയഭാനു എന്നിവരുടെ തലമുറയിൽപെട്ട അച്ഛൻ ബാലമുരളി മികച്ച ഗായകനാണ്. അമ്മയും ബാലമുരളിക്കൊപ്പം വേദികളിൽ പാടിയിട്ടുണ്ട്. അപർണയും സനിമയിൽ പാടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com