ADVERTISEMENT

വിശപ്പിന്റെ രാഷ്ട്രീയമാണ് ഈ കഥ ചര്‍ച്ച ചെയ്യുന്നത്. ഈ കഥ രചിക്കപ്പെടുന്ന കാലത്തെ കഥകളിലും സിനിമകളിലും മറ്റെല്ലാ കലാരൂപങ്ങളിലും ഈ രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നിട്ടും വിശപ്പിനും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും ഒരു മാറ്റവുമില്ലായിരുന്നു. അറുപതുകളില്‍പ്പോലും മുഴങ്ങിക്കേട്ട മുദ്രാവാക്യം 'അരിയെവിടെ, തുണിയെവിടെ' എന്നതായിരുന്നു. അത്തരം മുദ്രാവാക്യങ്ങളുമായി നടന്നുനീങ്ങുന്നവരുടെ ജാഥയെ 'പട്ടിണിജാഥ' എന്നായിരുന്നു വിളിച്ചിരുന്നത്. 

 

വീട്ടില്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചു ജീവിക്കേണ്ടിവന്ന കുട്ടികളുടെ ആരോഗ്യനിലവാരമുയര്‍ത്താനാണ് അക്കാലത്തു സ്‌ക്കൂളില്‍ ഭക്ഷണവിതരണം ഏര്‍പ്പാടാക്കിയത്. അതിലും വളരെ മുമ്പുള്ളതാണ്, 'ഹെഡ്മാസ്റ്റര്‍' എന്ന സിനിമയ്ക്കാധാരമായ 'പൊതിച്ചോര്‍' എന്ന കഥയുടെ പശ്ചാത്തലം. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച 'ഹെഡ്മാസ്റ്റര്‍' വെറുമൊരു സിനിമയായല്ല പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്; മറിച്ച്, ഒരുകാലഘട്ടത്തിലെ അധ്യാപകരുടെ കഷ്ടപ്പാടിന്റെയും വിശപ്പിന്റെയും ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായിക്കൂടിയാണ്. ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് അതൊക്കെ അവിശ്വസനീയമായി തോന്നിയേക്കാം. അക്കാലത്തെ കലാരൂപങ്ങളിലെല്ലാം വിശപ്പ് ഒരവിഭാജ്യഘടകമായിരുന്നത് എന്തുകൊണ്ടെന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകാം. ആ അദ്ഭുതത്തിനു കാരണം മറ്റൊന്നുമല്ല, ഇന്ന് ആഘോഷങ്ങളും പാര്‍ട്ടികളുമൊക്കെ കഴിയുമ്പോള്‍ ബാക്കിയാകുന്ന ആഹാരസാധനങ്ങള്‍ ഉപേക്ഷിക്കുന്നതു കണ്ടു വളരുന്നവരാണ് ഇന്നത്തെ 'ന്യൂ ജെന്‍' എന്നതാണ്. അതുകൊണ്ട് അവര്‍ക്കതു പെട്ടെന്നു മനസ്സിലാവണമെന്നില്ല. 

 

head-master-thampi

നാല്‍പ്പതുകള്‍ തൊട്ട് എഴുപതുകളുടെ തുടക്കംവരെയും കുട്ടികള്‍ക്കു നാലക്ഷരം പറഞ്ഞുകൊടുത്തിരുന്ന അധ്യാപകര്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം ഒരുപാടു ത്യാഗം സഹിച്ചിട്ടുണ്ട് എന്നത് ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്കു കേട്ടുകേള്‍വിപോലുമില്ലാത്തതായിരിക്കാം. പന്ത്രണ്ടു രൂപയും എട്ടു രൂപയുമൊക്കെ ശമ്പളം പറ്റി, സ്തുത്യര്‍ഹമായ സേവനം നടത്തിയിരുന്ന അധ്യാപകരുടെ കഷ്ടപ്പാടുകള്‍ നേരിട്ടനുഭവിച്ച കാരൂര്‍, അവയുടെ തീവ്രത ഒട്ടും ന്ഷ്ടപ്പെടാതെയാണ് പൊതിച്ചോറിലെ 'ഒന്നാം സാ'റിന്റെ (ഹെഡ്മാസ്റ്റര്‍) കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസപരിഷ്‌ക്കരണബില്‍ അവതരിപ്പിച്ചത് ഈ കഥ നിയസഭയില്‍ വായിച്ചുകൊണ്ടായിരുന്നു. ആദ്യാവതരണത്തില്‍ ബില്‍ പാസ്സായില്ലെങ്കിലും പിന്നീടു വന്ന ഗവണ്‍മെന്റുകള്‍ ആ ബില്ലിലെ മിക്ക വ്യവസ്ഥകളും അംഗീകരിക്കുകയും അങ്ങനെ അധ്യാപകരുടെ ശമ്പളം പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്തു. 

 

പിന്നീട് പല പരിഷ്‌ക്കരണങ്ങളും വന്നെങ്കിലും എല്ലാത്തിനും കാരണമായത് ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ പൊതിച്ചോര്‍ എന്ന കൊച്ചു കഥയാണ്. കഥാനായകനായ അധ്യാപകന് മികച്ച അധ്യാപകനുള്ള ബഹുമതി ലഭിച്ചപ്പോള്‍ അദ്ദേഹം സഹപ്രവര്‍ത്തകരോടും സ്വന്തം മകനോടും മറ്റു കുട്ടികളോടുമായി പറയുന്ന കാര്യം ശ്രദ്ധേയമാണ്: 'ഒരംഗീകാരം കിട്ടിയതുകൊണ്ട് മികച്ച അധ്യാപകനാമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കുട്ടികള്‍ക്കു നാലക്ഷരം പറഞ്ഞുകൊടുക്കാന്‍ മാത്രമേ എനിക്കറിയൂ. ഞാനത് ആത്മാര്‍ത്ഥമായി ചെയ്യുന്നു. അതിനുള്ള ഏതൊരംഗീകാരവും ഞാന്‍ സ്വീകരിക്കും. എന്റെ കയ്യില്‍ എന്റെ കുട്ടികള്‍ക്കു കൊടുക്കാന്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. മരിക്കുന്നതുവരെ അതുണ്ടായിരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.'

 

ഈ നിലപാടുകൊണ്ടാണ് വിദ്യാർഥികള്‍ അവരുടെ ഗുരുവിനെ ദൈവത്തെപ്പോലെ കാണുന്നത്. ആരാണു ഗുരു എന്നതു സംബന്ധിച്ച് പൗലോ കൊയ്‌ലോ പറയുന്നു: ‘നിങ്ങളുടെയരികില്‍ ഉത്തമഗുരുവിനെ ഇപ്പോഴും സങ്കല്‍പ്പിക്കൂ. അദ്ദേഹത്തെ ആദരിക്കാനും ആ പാഠങ്ങളെ മാനിക്കാനും കഴിയുന്നതെല്ലാം ചെയ്യൂ. ആ ഗുരുവിനെയാണ് നിരവധി പേര്‍ ദൈവമെന്നു വിളിക്കുന്നത്.’

 

head-master-movie

ഇതല്ലേ സത്യം?!

 

‘വല്ല കൂലിപ്പണിക്കാരനെയും കെട്ടിയാ മതിയായിരുന്നു’ എന്ന് ഒന്നാംസാറിന്റെ ഭാര്യ ഒരവസരത്തില്‍ അറിയാതെ പറഞ്ഞുപോയി. അതുകേട്ട് മാസ്റ്ററുടെ അമ്മ പറയുന്നു: 

head-master

 

‘അവന് അന്തസ്സുള്ള ഒരു ജോലിയില്ലേ?’

 

‘അന്തസ്സുകൊണ്ടു വയര്‍ നിറയത്തില്ലല്ലോ അമ്മേ!’ എന്ന് ഉടന്‍ കൊടുക്കുന്ന മറുപടിക്കും ഒരുപാടർഥങ്ങളുണ്ട്. ആരുടെയും കണ്ണു നനയിക്കുന്ന സംഭാഷണശകലങ്ങള്‍ വളരെ തന്‍മയത്വത്തോടെയാണ് കെ.ബി. വേണു രചിച്ചിരിക്കുന്നത്.

 

ഏതാണ്ട് എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പു തിരക്കഥയെഴുതിയിട്ടും പല കാരണങ്ങള്‍കൊണ്ടു നടക്കാതെപോയ, രാമകൃഷ്ണമേനോന്‍ എന്ന അധ്യാപകന്റെ കഥ ഹെഡ്മാസ്റ്റര്‍ എന്ന പേരില്‍ ചലച്ചിത്രമായപ്പോള്‍ ആ അധ്യാപകനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്കാണു ലഭിച്ചത്. അതെങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം, പ്രശസ്തസംവിധായകനായ രാജിവ് നാഥിന്റെ ചിത്രമാണിത്. കൂടാതെ ഞാനേറ്റവും ഇഷ്ടപ്പെടുന്ന നടനായ നെടുമുടി വേണു ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമാകുമായിരുന്നു ഈ വേഷമെന്നത് തര്‍ക്കമറ്റ കാര്യമാണ്. എന്നിട്ടും പല പ്രതികൂലസാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട്, അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം ഇത് എന്നെത്തേടിയെത്തി. യേശുദാസ് പറയാറുള്ളതുപോലെ, ഓരോ പാട്ടും ആരു പാടണമെന്നു നേരത്തേ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതാണ്. അതുപോലെയാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങളുടെയും കാര്യമെന്ന് ഇപ്പോള്‍ എനിക്കും തോന്നുന്നു. 

 

നെടുമുടിയുടെ അകാലനിര്യാണത്തിനുശേഷം ഏതാണ്ടുപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ സിനിമ കെ.ബി. വേണുവും സംവിധായകന്‍ രാജീവ് നാഥുംകൂടി വികസിപ്പിച്ച ഇതിന്റെ തിരക്കഥയെപ്പറ്റി വളരെ യാദൃച്ഛികമായാണ് ശ്രീലാല്‍ എന്ന നിമാതാവിനോട് ഒരിക്കല്‍ സംസാരിക്കുന്നത്. മറ്റെന്തോ കാര്യത്തിനു വിളിച്ചപ്പോള്‍ സംഭാഷണമധ്യേ പരാമര്‍ശിക്കപ്പെട്ടതാണ്. അപ്പോള്‍ത്തന്നെ ശ്രീലാല്‍ പറഞ്ഞു:അധ്യാപകന്റെ വേഷം ചെയ്യാന്‍ ഒരാളുണ്ട്. രാജീവേട്ടന് ഇഷ്ടപ്പെട്ടാല്‍ നമുക്കൊന്നാലോചിക്കാവുന്നതേയുള്ളു.'

 

രാജീവേട്ടനു വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നെങ്കിലും ആരാണെന്ന് ആകാംക്ഷയോടെ അന്വേഷിച്ചു. അപ്പോള്‍ മാത്രമാണ് ശ്രീലാല്‍ എന്റെ പേരു പറഞ്ഞത്. രാജീവ് ചേട്ടന്‍ അല്‍പ്പനേരത്തെ മൗനത്തിനുശേഷം, 'തമ്പി വേഷമിട്ടാല്‍ നന്നാകും' എന്നു മാത്രം പറഞ്ഞു. അപ്പോള്‍ത്തന്നെ ശ്രീലാല്‍ എന്നെ വിളിക്കുകയായിരുന്നു. 

 

പൊതിച്ചോറിലെ ഒന്നാം സാര്‍! ഞാനേറ്റവും ഇഷ്ടപ്പെടുന്ന കഥാകാരന്റെ അവിസ്മരണീയകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം, ഒരു വെല്ലുവിളിപോലെ മുമ്പില്‍ വന്നു വീഴുകയായിരുന്നു. കേട്ടപ്പോള്‍ത്തന്നെ, അഭിനയിച്ചു ഫലിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാമായിരുന്നിട്ടും ഞാനാ വെല്ലുവിളി സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ഏതൊരു നടനും സിനിമയില്‍ വല്ലപ്പോഴും വീണുകിട്ടുന്ന സൗഭാഗ്യമാണ് നല്ല കഥാപാത്രം എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ശ്രീലാല്‍ ഏറ്റെടുത്ത പൊതിച്ചോറിന്റെ കഥയ്ക്ക് സാമ്പത്തികമായി സഹായിക്കാമെന്നു പ്രേമയും പറഞ്ഞപ്പോള്‍ ഇതിന്റെ പിന്നില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച രാജീവ് നാഥിന്റെയും കെ ബി വേണുവിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. 

 

പിന്നീട്, മകന്റെ വേഷം ആരു ചെയ്യുമെന്നതായി വെല്ലുവിളി. പലരുടെയും പേരുകള്‍ പറഞ്ഞെങ്കിലും പ്രേമ ബാബു ആന്റണിയുടെ പേരു പറഞ്ഞപ്പോള്‍, ശ്രീലാല്‍ രാജീവേട്ടന്റെ വീട്ടില്‍പ്പോയി നേരിട്ട് അതവതരിപ്പിച്ചു. അദ്ദേഹം അപ്പോഴേ എഴുന്നേറ്റു കൈകൊടുത്തു. ആദ്യത്തെ ഷോട്ടില്‍, ഞാന്‍ അധ്യാപകന്റെ വേഷത്തില്‍ സ്‌ക്കൂളിന്റെ വരാന്തയിലൂടെ നടന്നപ്പോള്‍ രാജീവേട്ടന്റെ കണ്ണുകള്‍ നിറയുന്നതു ശ്രീലാല്‍ കണ്ടു. ഷോട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹമെഴുന്നേറ്റ് ശ്രീലാലിനെ കെട്ടിപ്പിടിച്ചു. ഒരു സംവിധായകന്‍കൂടിയായ ശ്രീലാലിന്റെ സിനിമാജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമായിരുന്നു അതെന്നു ഷൂട്ട് കഴിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു. 'well begun is half done' എന്നൊരു അമേരിക്കന്‍ പഴഞ്ചൊല്ലുണ്ട്. അതുപോലെ തുടക്കം നന്നായി പര്യവസാനിച്ചു. രാജീവ് നാഥിന്റെയും കെ.ബി. വേണുവിന്റെയും മാത്രമല്ല, ഞങ്ങള്‍ ഓരോരുത്തരുടെയും സ്വപ്നങ്ങള്‍ പൂവണിയുകയായിരുന്നു. 

 

ഇതില്‍ അതീവതാല്‍പ്പര്യത്തോടെ സഹകരിച്ച പ്രഭാ വര്‍മ്മ, കാവാലം ശ്രീകുമാര്‍, ഗായകന്‍ പി. ജയചന്ദ്രന്‍, ബാബു ആന്റണി, മധുപാല്‍, ജഗദീഷ്, മഞ്ജു പിള്ള, പ്രേം കുമാര്‍, മകന്റെ ചെറുപ്പകാലത്തെ അവതരിപ്പിച്ച ആകാശ് രാജ്, എന്നിവരെക്കൂടാതെ മറ്റഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു. തീര്‍ച്ചയായും അവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന ഒരു ചലച്ചിത്രമായിരിക്കും 'ഹെഡ്മാസ്റ്റര്‍' എന്ന  കാര്യത്തില്‍ സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com