ADVERTISEMENT

‘ആൻ‍ഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന സിനിമയുടെ കഥ ആദ്യം കേട്ടു വേണ്ടെന്നു വച്ചയാളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ. എല്ലാവരുടെയും തീരുമാനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ആ നഷ്ടത്തിന്റെ അനുഭവത്തിൽ സംവിധായകൻ രതീഷിനോട് ചോദിച്ചുവാങ്ങിയതാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രമെന്നും ചാക്കോച്ചൻ പറഞ്ഞു. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ന്നാ താൻ കേസ് കൊട് എന്ന ചിത്രം തിയറ്ററിൽ വന്നു കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം ഞങ്ങൾക്കില്ല. കാരണം ഇതൊരു നല്ല സിനിമയാണ് എന്ന ആത്മവിശ്വാസമുണ്ട്. ഒരുപാട് ടാലന്റുകൾ ഈ സിനിമയ്ക്കു പിന്നിലുണ്ട്. ഈ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ ആൻഡ്രോയ്ഡ്‌ കുഞ്ഞപ്പൻ നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. അത് കാലഘട്ടത്തിനു മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു. ആ പ്രമേയം ഏറ്റവും സാധാരണക്കാരനു പോലും ഇഷ്ടപ്പെടുന്ന രീതിയിൽ തിയറ്ററിൽ എത്തിച്ച സംവിധായകൻ ആണ് അദ്ദേഹം. അതേ സിനിമയുടെ പ്രൊഡ്യൂസർ ആണ് സന്തോഷേട്ടൻ (സന്തോഷ് ടി. കുരുവിള). ആ ടീം വീണ്ടുമൊരു സിനിമ തിയറ്ററിൽ എത്തിക്കുമ്പോൾ അത് ആൾക്കാരിൽ എത്തും എന്ന് ഒരുറപ്പ് എനിക്കുണ്ടായിരുന്നു.

ആഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ എന്നോടു പറഞ്ഞപ്പോൾ പറ്റില്ല എന്നു പറഞ്ഞിരുന്നു. ആ സിനിമ വൻ വിജയമായി. എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. കുറേ തവണ അങ്ങനെ പറ്റിയിട്ടുണ്ട്. ടാലന്റ് ഉളളവരെ തിരിച്ചറിഞ്ഞാൽ വൈകിയാലും ഞാൻ പോയി അവരുടെ കാലുപിടിക്കും. അടുത്ത പടം എന്നെ വച്ച് ചെയ്യണമെന്നു പറഞ്ഞ് രതീഷിനോടു ചോദിച്ചുവാങ്ങിയ സിനിമയാണ് ഇത്. ഇതിനു മുൻപ് ഞാൻ ചോദിച്ചുവാങ്ങിയ സിനിമ നായാട്ട് ആണ്. എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമയായി അത്. ഇതും അങ്ങനെതന്നെയാകുമെന്ന് വിശ്വാസമുണ്ട്.

മുൻപ് നിങ്ങൾ എന്നെ കണ്ടിട്ടുള്ള രൂപത്തിലും ഭാവത്തിലുമൊന്നുമല്ല ഈ ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രം. ടീസറുകളിൽ നിങ്ങൾ അതു കണ്ടതാണ്. എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമയും കഥാപാത്രവുമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്. അതിന്റെ ചെറിയ സൂചന എന്ന് പറഞ്ഞാൽ, നിറം അല്ലെങ്കിൽ അനിയത്തിപ്രാവ് പോലെയുള്ള സിനിമകൾ റിലീസ് ചെയ്തപ്പോൾ ഒരു ചോക്ലേറ്റ് ബോയ് ഇമേജ് ആയിരുന്നു എനിക്ക്. അന്നുമുതൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ആയിരുന്നു എന്റെ ആരാധകർ. പക്ഷേ ഈ സിനിമയിലേക്ക് വരുമ്പോൾ അത് മാറി. ആ പാട്ട് റിലീസ് ആയിക്കഴിഞ്ഞത് മുതൽ ഞാൻ പുറത്തിറങ്ങിയാല്‍ ചേട്ടൻമാർ മുതൽ പ്രായഭേദമന്യേ പലരും ‘‘അനിയാ, എന്ത് സാധനം അടിച്ചിട്ടാ ഡാൻസ് ചെയ്തേ’’ എന്ന് ചോദിക്കുന്നു. അവർക്ക് പിറക്കാതെ പോയ ഒരു അനിയൻ എന്ന രീതിയിൽ എന്നെ കാണാൻ തുടങ്ങി. ഒരു നടൻ എന്ന നിലയിൽ അതു സന്തോഷം തരുന്ന കാര്യമാണ്. മുൻപോട്ടുള്ള യാത്രയിൽ എനിക്ക് അതൊരുപാട് ഊർജ്ജം തരുന്നുണ്ട്. ഒരു പ്രത്യേക ഇമേജിൽ തളയ്ക്കപ്പെടാതെ നല്ല നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കുമ്പോൾ അതിന്റെ തുടർച്ചയായി നല്ല സിനിമകൾ സംഭവിക്കുകയും കഥാപാത്രങ്ങൾ ഉണ്ടാവുകയും ചെയ്യും.

ആ സിനിമകളും കഥാപാത്രങ്ങളും എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷമുണ്ട്. അതിന്റെ ഒരു സന്തോഷവും ഉത്തരവാദിത്തവും എനിക്കുണ്ട്. നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും അത് നിറവേറ്റണം എന്നാണ് ഞാൻ കരുതുന്നത്. സിനിമ ആസ്വദിക്കാനുള്ള മാധ്യമമാണ്. ആ രീതിയിൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയും അതിലെ രാജീവ് എന്ന കഥാപാത്രവും എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.’’–ചാക്കോച്ചൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com