ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആമിർ ഖാൻ ചിത്രം ലാല്‍ സിങ് ഛദ്ദ പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്ന് റിപ്പോർട്ട്. ചിത്രം പൂർണമായും നിരാശപ്പെടുത്തിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് കുറിച്ചു. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും പ്രദർശനത്തിനെത്തിയിരുന്നു. 2018ൽ റിലീസ് ചെയ്ത തഗ്സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷം റിലീസിനെത്തുന്ന ആമിർ ഖാൻ ചിത്രം കൂടിയായിരുന്നു ലാല്‍ സിങ് ഛദ്ദ.
ഇരുപതുകാരനായും നാല്‍പതുകാരനായും ആമിർ ചിത്രത്തിലെത്തുന്നു. ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. ഹോളിവുഡ് സിനിമയുടെ തിരക്കഥ ഹിന്ദിയിലേയ്ക്ക് പകർത്തിയിരിക്കുന്നത് നടൻ അതുൽ കുൽക്കർണി. സംഗീതം പ്രിതം. ഛായാഗ്രഹണം സേതു. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. അതേസമയം ആമിർ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബഹിഷ്കരണ ക്യാംപെയ്നും നടന്നിരുന്നു. 2015ൽ ആമിർ പറഞ്ഞൊരു പ്രസ്താവനയോട് ബന്ധപ്പെടുത്തിയാണ് ചില ആളുകൾ നടനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിൽ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ എന്ന ഹാഷ്ടാഗും ട്രെൻഡിങ് ആയി.