ADVERTISEMENT

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ​ഗോകുലം മൂവിസിന്റെ  വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബർ 8ന് തിയറ്ററുകളിലെത്തും. ​ഗോകുലം ​ഗോപാലൻ നിർമിച്ച പാൻ ഇന്ത്യൻ മെ​ഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ  ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്. 

 

സംവിധായകൻ വിനയൻ ആണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത്  ചിത്രം തിയറ്ററുകളിലെത്തും. ഓണത്തിന് എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. 

 

‘‘പത്തൊൻപതാം നുറ്റാണ്ട് സെപ്റ്റംബർ 8ന്  തിരുവോണ നാളിൽ തിയറ്ററുകളിൽ എത്തുകയാണ്. മലയാളം കൂടാതെ തമിഴ് , തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്.  ആക്‌ഷൻ പാക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടന്റെ കരിയറിലെ നാഴികക്കല്ല് ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. 

 

ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിങും ശബ്ദമിശ്രണവും തിയറ്റർ എക്സ്പിരിയൻസിന് പരമാവധി സാധ്യത നൽകുന്നു. എം. ജയച്ചന്ദ്രന്റെ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണന്റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിങ് മലയാളത്തിൽ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്‌ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എന്റെ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു പ്രതീക്ഷിക്കുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു.’’–വിനയൻ പറഞ്ഞു.

   

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

 

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്‌ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിം​ഗ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ സംഗീത് വി.എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ,  പ്രൊഡക്‌ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com