‘അന്ന് അസുഖത്തിന് അവൻ മരുന്നായി പറഞ്ഞത് പ്രിയന്റെ ബോയിങ് ബോയിങ്’

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 54
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
kaloor-priyan
പ്രിയദർശൻ, കലൂർ ഡെന്നിസ്
SHARE

സിനിമ കലയും കച്ചവടവും സമം ചേർന്ന ഒരു കലാരൂപമാണെങ്കിലും ആത്യന്തികമായി ഒരു വിനോദോപാധിയായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ടാണല്ലോ ഓസ്കർ അവാർഡ് വാണിജ്യ സിനിമകൾക്കു മാത്രമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. അവാർഡുകൾ ഇന്ത്യയിൽ‌, പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിലാണ് സമാന്തര സിനിമകളിലേക്കു മാത്രമായി പരിമിതപ്പെട്ടു പോകുന്നത്. ഇപ്പോൾ മാറ്റത്തിന്റെ മിന്നലാട്ടം പോലെ ചില ശുഭസൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം.

മലയാള സിനിമയുടെ ആരംഭകാലത്ത് രണ്ടാനമ്മയുടെ ക്രൂരകഥകളും ചില പുരാണ ഇതിഹാസ കഥകളുമൊക്കെയായിരുന്നു പ്രധാന വിഷയമായി കണ്ടെത്തിയിരുന്നത്. മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള ഇത്തരം സിനിമകൾ കണ്ട് വല്ലാതെ മുഷിഞ്ഞിരുന്ന പ്രേക്ഷകരുടെ മനസ്സിനു സന്തോഷം പകരാൻ വേണ്ടിയാണ് കോമഡി ലുക്കുള്ള നടന്മാരെക്കൊണ്ടു വന്ന് പുട്ടിന് പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ചില തമാശകൾ പറയിപ്പിക്കാൻ തുടങ്ങിയത്. വർഷങ്ങൾ മാറുന്നതനുസരിച്ച് തമാശകളും തമാശക്കാരും മാറിയെങ്കിലും ഈ വിദൂഷകന്മാരുടെ തമാശകൾ വല്ലാതെ വളിപ്പാകാൻ തുടങ്ങിയ സമയത്താണ് 1980 ഓടെ ഒരു രസായന ഔഷധം പോലെ സ്ലാപ്‌സ്റ്റിക് കോമഡിയുമായി പ്രിയദർശൻ എന്ന യുവ സംവിധായകന്റെ രംഗപ്രവേശം.

പ്രിയന്റെ ആദ്യ സംവിധാന സംരംഭമായ ‘പൂച്ചയ്ക്ക് ഒരു മൂക്കുത്തി’ ട്വന്റി ഫോര്‍ കാരറ്റ് സ്വർണം പോലെ ശുദ്ധ ഹാസ്യത്തിന്റെ ചിരിവിരുന്നായിരുന്നു. അടുത്തതായി വന്ന ‘ഓടരുതമ്മാവാ ആളറിയാം’ അതിലുമേറെ ചിരിമയമായിരുന്നു. പ്രിയൻ സംവിധായകന്റെ മേലങ്കിയണിയുന്നതിനു മുൻപ് മറ്റു പല സംവിധായകരുടെ സിനിമകൾക്കു വേണ്ടി കഥകളും തിരക്കഥയുമൊക്കെ എഴുതിയിട്ടുണ്ട്. കുയിലിനെ തേടി, ഹലോ മദ്രാസ് ഗേൾ, എന്റെ കാണാക്കുയിൽ, എങ്ങനെ നീ മറക്കും, നദി മുതൽ നദി വരെ, കടത്തുകാരൻ തുടങ്ങിയവയാണവ. ആ ചിത്രങ്ങളിലെ പുതുമയുള്ള കോമഡി നമ്പരുകൾ കണ്ട് ഒത്തിരി ചിരിച്ചിട്ടുള്ള പ്രേക്ഷകന് അത് പ്രിയന്റെ കഥയും തിരക്കഥയുമാണെന്നുള്ള അറിവ് അന്നുണ്ടായിരുന്നില്ല.

തുടർന്ന് പ്രിയൻ അണിയിച്ചൊരുക്കിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ, അരം പ്ലസ് അരം കിന്നരം, ധിം തരികിട ധോം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അയൽവാസി ഒരു ദരിദ്രവാസി, ഹലോ മൈഡിയർ റോംഗ് നമ്പർ, ബോയിങ് ബോയിങ് തുടങ്ങിയ ചിത്രങ്ങൾ കൂടി വന്നതോടെ പ്രിയൻ മലയാളസിനിമയുടെ ചാർളി ചാപ്ലിനായി മാറുകയായിരുന്നു.

ഇങ്ങനെയുള്ള കോമഡി സിനിമകളുമായി അരങ്ങു തകർത്തു നടക്കുമ്പോഴാണ് അധികമായാൽ അമൃതും വിഷമെന്ന് തോന്നിയതുകൊണ്ട് അൽപം റൊമാൻസും സെന്റിമെൻസും ഇഴചേർന്ന സിനിമകൾ എടുക്കണമെന്ന് പ്രിയനു തോന്നി. അങ്ങനെയാണ് മോഹൻലാലിനെയും കാർത്തികയെയും നായികാനായകന്മാരാക്കി 'താളവട്ടം' ഒരുക്കുന്നത്. പ്രിയന്റെ സിനിമകളുടെ സ്ഥിരം കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായിരുന്നു അത്. മോഹൻലാൽ മിന്നുന്ന പ്രകടനമാണ് ‘താളവട്ട’ത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഈ ചിത്രത്തോടെയാണ് മോഹൻലാലിന് പുതിയ താരപരിവേഷമുണ്ടായതും.

ഇതിനിടയിലുണ്ടായ രസകരമായ ഒരു സംഭവം പറയാം. എന്റെൊരു അടുത്ത സുഹൃത്ത് ഓഫിസിൽനിന്ന് വന്നു വല്ലാതെ ടെൻഷൻ അടിച്ച് വിഷമിച്ചിരിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു: ‘‘പ്രഷർ വല്ലതും കൂടിയിട്ടുണ്ടാകും നീ പോയി ഒരു ഡോക്ടറെ കാണിക്ക്’’
അതിനു കൂട്ടുകാരൻ പറഞ്ഞ രസകരമായ ഒരു മറുപടി ഉണ്ട്: ‘‘അതിന്റെയൊന്നും ആവശ്യമില്ല, മൈമൂണിൽ കളിക്കുന്ന പ്രിയന്റെ 'ബോയിങ് ബോയിങ്' എന്ന കോമഡി ചിത്രം പോയി കണ്ടൊന്നു ചിരിച്ചാൽ മാറാവുന്നതേയുള്ളൂ.’’

അസുഖത്തിന് റമഡി ആയി അവൻ പറഞ്ഞത് കേട്ട് ഞാൻ അദ്ഭുതം കൂറി ഇരുന്നു.

തുടർന്നു വന്ന ചിത്രം, ചെപ്പ്, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, വെള്ളാനകളുടെ നാട്, അദ്വൈതം, കിലുക്കം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, അഭിമന്യു, ചന്ദ്രലേഖ, ഒപ്പം തുടങ്ങിയ ചിത്രങ്ങളുടെ കഥയും ആഖ്യാനരീതിയും പുതുമകളുടെ നറുനിലാവെട്ടം ചാർത്തിയവയായിരുന്നു. പ്രിയന്റെ ഈ ചിത്രങ്ങൾ കൂടി വന്നതോടെ ലാലിന്റെ സ്റ്റാർഡം പതിന്മടങ്ങു വർധിക്കുകയായിരുന്നു.

പ്രിയന്റെ വളർച്ചയും ഇതേപോലെ തന്നെയായിരുന്നു. മോഹൻലാലിനെ നായകനാക്കി മാത്രം പ്രിയൻ മുപ്പതിൽപരം സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ തിരക്കോടു തിരക്കായി ഓടി നടക്കുമ്പോഴാണ് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള നിർമാതാക്കൾ പ്രിയനെക്കൊണ്ട് സിനിമ ചെയ്യിക്കാൻ വേണ്ടി മദ്രാസിൽ വന്ന് തമ്പടിക്കാൻ തുടങ്ങിയത്. 27 സിനിമകളാണ് പ്രിയൻ ഹിന്ദിയില്‍ മാത്രമായി ചെയ്തിട്ടുള്ളത്. കൂടാതെ തമിഴിൽ കാഞ്ചീവരം എന്ന സിനിമയ്ക്ക് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാം വലിയ ബാനറുകളും വലിയ വാല്യുവുമുള്ള നായകനടന്മാരുമുള്ള ചിത്രങ്ങളായിരുന്നു.

ഞാനും പ്രിയനും തമ്മിൽ അത്ര ആത്മബന്ധമോ സൗഹൃദമോ ഒന്നുമില്ലെങ്കിലും അകലം കൊണ്ടുള്ള ഒരടുപ്പം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പിന്നെ മദ്രാസിൽ വച്ച് ഇടയ്ക്കു കാണുമ്പോൾ ‍ഞങ്ങൾ ഇരുവര്‍ക്കും തിരക്കുള്ള സമയമായിരുന്നതിനാൽ രണ്ടു വാക്കിലുള്ള കുശലം പറച്ചിലും തുറന്നുള്ള വിശാലമായ ചിരിയും സമ്മാനിച്ചുകൊണ്ട് പ്രിയൻ കടന്നുപോകുകയാണ് പതിവ്. അതേപോലെ എറണാകുളത്ത് ഏതെങ്കിലും ഫങ്ഷനിൽ വച്ചു കാണുമ്പോൾ പ്രിയനെക്കാൾ ഒരു പണത്തൂക്കം സീനിയോറിറ്റി ഉള്ള എന്നോട് സ്നേഹാദരങ്ങളോടെയുള്ള നിഷ്കളങ്കമായ ചിരിയും താൻ ബഹുഭാഷാ ചിത്രങ്ങളുടെ വിലപിടിപ്പുള്ള സംവിധായകനാണെന്നുള്ള തലക്കനമൊന്നുമില്ലാതെ വിനയാന്വിതനായിട്ടാണ് പെരുമാറാറുള്ളതും.

ഞാൻ പ്രിയനെ ആദ്യമായി കാണുന്നത് നാൽപതാണ്ടുകൾക്ക് മുൻപുള്ള ഒരു മധ്യാഹ്നത്തിലാണ്. 1982 ലാണെന്നാണ് എന്റെ ഓർമ. സ്ഥലം എറണാകുളം ദ്വാരകാ ഹോട്ടലിലെ റൂഫ് ഗാർഡന്‍. അവിടെ ജോഷി സംവിധാനം ചെയ്യുന്ന ‘ഭൂകമ്പം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. നസീർ സാറും മോഹൻലാലുമാണ് അഭിനേതാക്കൾ. ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ‘രക്ത’ത്തിന്റെ വൻ വിജയത്തിനു ശേഷം ഞങ്ങൾ അടുത്തു ചെയ്യാൻ പോകുന്ന കർത്തവ്യത്തെക്കുറിച്ച് ചില കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ഞാൻ ജോഷിയെ കാണാൻ ചെല്ലുമ്പോൾ നല്ല ഉയരമുള്ള മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ജോഷിയുമായി സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്. ഞാൻ ജോഷിയുടെ അടുത്തേക്കു ചെന്നു. ജോഷിയാണ് ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയത്.
‘‘ഇത് പ്രിയദർശൻ. ഈ ചിത്രത്തിന്റെ കഥാകാരനാണ്’’
ഞാൻ പ്രിയനെ നോക്കി ഹൃദ്യമായി ഒന്ന് ചിരിച്ചു.
‘‘പ്രിയനു കലൂർ ഡെന്നിസിനെ അറിയാമല്ലോ?’’ പ്രിയൻ അറിയാമെന്ന് പതുക്കെ തലകുലുക്കി.

അപ്പോഴേക്കും അടുത്ത ഷോട്ടെടുക്കാനായി അസോഷ്യേറ്റ് ഡയറക്ടറോടൊപ്പം നസീർ സാർ അങ്ങോട്ടു വന്നു. സാറ് ഞാനെഴുതിയ ‘രക്ത’ത്തിൽ അഭിനയിച്ചിട്ടുള്ളതുകൊണ്ട് അൽപ സമയം അദ്ദേഹവുമായി കുശലം പറഞ്ഞു നിന്നിട്ട് ഞാനും പ്രിയനും അൽപ്പം മാറി നിന്നു സിനിമാ വിശേഷങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

priyadarshan-2

പിന്നീട് ഞാൻ പ്രിയനെ കാണുന്നത് 1983 ൽ മദ്രാസിൽ ഈരാളിയുടെ ഫ്ലാറ്റിൽ വച്ചാണ്. ഈരാളിയും ഞാനും ജോൺ പോളും ആന്റണി ഈസ്റ്റുമാനും ചിത്രപൗർണമി കാലം മുതലേയുള്ള വലിയ കമ്പനിക്കാരാണ്. അന്ന് ഈരാളി സ്വന്തമായി ‘കട്ട് കട്ട്’ എന്ന ഒരു രാഷ്ട്രീയ ഹാസ്യ മാസികയും നടത്തുന്നുണ്ട്. അതിലുപരി ഈരാളി ഒരു അഭിനയമോഹി കൂടിയായിരുന്നു. കോളജിൽ പഠിക്കുമ്പോൾ തുടർച്ചയായി മൂന്നു വർഷം ഏറ്റവും മികച്ച നടനുള്ള അവാർഡും വാങ്ങിയിട്ടുണ്ട്. ചില കോളജ് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രധാന ലക്ഷ്യം സിനിമാ നടനാവുക എന്നതായിരുന്നു.

അതിനുവേണ്ടിയാണ് ഈരാളി മദ്രാസിേലക്കു കളം മാറ്റി ചവിട്ടിയത്. എന്നാൽ നമ്മൾ മോഹിക്കുന്നിടത്ത് അല്ലല്ലോ പലപ്പോഴും എത്തിച്ചേരുന്നത്. ഈരാളിക്കൊരു നടനാവാൻ കഴിഞ്ഞില്ലെങ്കിലും സിനിമാ യൂണിറ്റിനെ മൊത്തം നിയന്ത്രിക്കുന്ന വലിയൊരു നിർമാതാവാകാനായിരുന്നു കാലം കരുക്കൾ നീക്കിയിരുന്നത്. ഷർമിള ടാഗോർ അഭിനയിച്ച ചുവന്ന ചിറകുകൾ, കമലഹാസനും ലക്ഷ്മിയും അഭിനയിച്ച അന്തിവെയിലിലെ പൊന്ന്, മമ്മൂട്ടി നായകനായി വിജയാനന്ദ് സംവിധാനം ചെയ്ത നദി മുതല്‍ നദി വരെ, അഥർവം തുടങ്ങിയ പതിനാറോളം സിനിമകൾ ഈരാളി നിർമിച്ചിട്ടുണ്ട്

ഞാൻ ഈരാളിയുടെ മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ രണ്ടു മൂന്നു പേരിരുന്ന് സ്ക്രിപ്റ്റ് ഡിസ്കഷൻ നടത്തുന്നതാണ് കണ്ടത്. ഒരാളെ എനിക്കു മനസ്സിലായി, പ്രിയനാണ്. കൂടെയുള്ള ആളെ ഞാൻ ആദ്യമായി കാണുകയാണ്. ഈരാളി രണ്ടു പേരെയും എന്നെ പരിചയപ്പെടുത്തിയപ്പോൾ പ്രിയനെ അറിയാമെന്ന് ഞാൻ പറഞ്ഞു. കൂടെയുള്ള ചെറുപ്പക്കാരൻ പ്രിയന്റെ തിരുവനന്തപുരത്തുള്ള സുരേഷ്കുമാർ എന്ന സുഹൃത്താണെന്ന് ഈരാളി പറഞ്ഞു. (ആ കക്ഷിയാണ് ഇന്നത്തെ പ്രശസ്ത നിർമാതാവായ മേനക സുരേഷ്). ഈരാളി സുരേഷിനെയും എന്നെ പരിചയപ്പെടുത്തി. അവർ അൽപസമയം കൂടി സംസാരിച്ചിരുന്നശേഷം എന്തോ ആവശ്യത്തിനായി പുറത്തേക്കു പോയപ്പോൾ ഞാൻ പ്രിയനെക്കുറിച്ചു ചോദിച്ചു. അന്ന് ഈരാളി പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്.

‘‘എന്റെ നദി മുതൽ നദി വരെയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത് പ്രിയനാണ്. നല്ല ഐഡിയയുള്ള, ഹ്യൂമർ സെൻസുള്ള ചെറുപ്പക്കാരനാണ് കക്ഷി. ഭാവിയിൽ മലയാള സിനിമയിലെന്നല്ല ഇന്ത്യൻ സിനിമയിൽത്തന്നെ പ്രിയൻ ഒരു ചലനം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.’’

ഈരാളി ഇങ്ങനെ പറഞ്ഞപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോടുള്ള ഒരു പ്രത്യേക താൽപര്യം കൊണ്ടുള്ള പ്രശംസാ മൊഴികളായിട്ടാണ് എനിക്കത് തോന്നിയത്. പിന്നീട് നാലഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈരാളിയുടെ വാക്കുകൾ പൊന്നായി മാറുന്നതാണ് ഞാൻ കണ്ടത്.

ഈ സമയത്താണ് എന്നെ എവർഷൈൻ മണി വിളിക്കുന്നത്. പ്രിയനെവച്ച് അവർ ചെയ്ത ‘ചെപ്പി’ന്റെ വൻ വിജയത്തിനു ശേഷം അടുത്ത ചിത്രത്തിന് ഞാൻ തിരക്കഥ എഴുതണമെന്ന് പറയാനാണ് മണി വിളിച്ചത്. ഇതിനുമുൻപ് എവർഷൈന്റെ നാലഞ്ചു സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. പ്രിയന്റെ സിനിമ എന്നു കേട്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷം തോന്നി.

ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രിയൻ ഡിസ്കഷനു വേണ്ടി എറണാകുളത്തു വന്നു. ബിടിഎച്ചിലാണ് ഞങ്ങൾക്ക് റൂം പറഞ്ഞിരുന്നത്. പ്രിയന്റേതാണ് കഥ. ഹ്യൂമറും സെന്റിമെന്റ്സും ഒക്കെയുള്ള വളരെ പുതുമയുള്ള ഇതിവൃത്തം കേട്ടപ്പോൾ എനിക്കും ഒത്തിരി ഇഷ്ടപ്പെട്ടു. ഞങ്ങൾക്ക് മൂന്ന് ദിവസം ‍ഇരുന്ന് ഡിസ്കഷൻ നടത്താനേ കഴിഞ്ഞുള്ളു. അപ്പോഴാണ് പ്രിയന് മദ്രാസിൽ നിന്ന് ഒരു ഫോൺ വരുന്നത്. പ്രിയന് പെട്ടെന്നു മദ്രാസിൽ എത്തേണ്ട ആവശ്യമുണ്ടത്രേ. രണ്ടാഴ്ച കഴിഞ്ഞു വരാമെന്നു പറഞ്ഞു പ്രിയൻ മദ്രാസിലേക്ക് പോയി. എന്നാൽ പല കാരണങ്ങൾ കൊണ്ട് പിന്നെ ആ പ്രോജക്ട് നടന്നില്ല.

lal-priyan

വർഷങ്ങൾ പാഴിലകൾ പോലെ കൊഴിഞ്ഞുകൊണ്ടിരുന്നു. 2012 ലെ ഒരു ദിവസം രാത്രി ഒൻപതു മണി കഴിഞ്ഞപ്പോൾ നിർമാതാവും സുഹൃത്തുമായ വിന്ധ്യന്‍ എന്നെ വിളിക്കുന്നു. ഞങ്ങൾ മിക്ക ദിവസങ്ങളിലും രാത്രിയിൽ വിളിച്ചു സിനിമാ വിശേഷങ്ങളും തമാശകളുമൊക്കെ പറയുന്ന ശീലമുള്ളതുകൊണ്ട് അങ്ങെനയുള്ള എന്തെങ്കിലും ശീലക്കഥകൾ പറയാനായിരിക്കണം വിളിക്കുന്നതെന്നാണ് ഞാൻ ആദ്യം കരുതിയത്.

എന്നാൽ അതൊന്നുമല്ലായിരുന്നു ഈ ഫോൺ വിളിയുടെ ഉദ്ദേശ്യം. വിഷയം അൽപം സീരിയസ്സാണ്. ഒന്നു രണ്ടു വർഷം മുൻപ് ഒരു സിനിമ ചെയ്യാൻ വേണ്ടി വിന്ധ്യൻ പ്രിയന് ഒരു അഡ്വാൻസ് കൊടുത്തിരുന്നു. തരക്കേടില്ലാത്ത ഒരു തുകയാണ്. അന്ന് അടുത്തെങ്ങും ഒരു സിനിമ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വിന്ധ്യൻ. പക്ഷേ വിന്ധ്യന് പെട്ടെന്ന് ഒരു സാമ്പത്തിക പ്രതിസന്ധി വന്നതുകൊണ്ട് പ്രിയനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു ചോദിച്ചു.

വിന്ധ്യൻ പെട്ടെന്നു പണം തിരിച്ചു ചോദിക്കുമെന്ന് പ്രിയൻ ഒട്ടും പ്രതീക്ഷിച്ചതല്ല. മറ്റൊരു നിർമ്മാതാവിനു വേണ്ടി ചെയ്യാനിരുന്ന സിനിമയാണ് വിന്ധ്യനോടുള്ള താൽ‌പര്യം കൊണ്ട് ചെയ്യാമെന്ന് തീരുമാനിച്ചത്. അതിന്റെ വിഷമവും ദേഷ്യവുമൊക്കെ പ്രിയനുണ്ടായിരുന്നെകിലും രണ്ടു മാസം കഴിയുമ്പോൾ രൂപ തിരിച്ചു തരാം എന്ന് പറഞ്ഞു പ്രിയൻ ഫോൺ വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ വിന്ധ്യന് വീണ്ടും ഒരു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അപ്പോൾ വിന്ധ്യൻ പ്രിയനെ വിളിക്കാതെ ഒന്നുരണ്ട് അടുത്ത സുഹൃത്തുക്കളെ വിളിച്ച് പ്രിയനോടു പറയണമെന്ന് പറഞ്ഞെങ്കിലും ഫലം തഥൈവ തന്നെയായിരുന്നു. അവസാനത്തെ അത്താണി പോലെയാണ് വിന്ധ്യൻ എന്നെ വിളിച്ചു വിവരം പറയുന്നത്. ഞാനും പ്രിയനുമായി ഇങ്ങനെയുള്ള പണമിടപാടുകളൊന്നും സംസാരിക്കാറില്ലെന്നു പറഞ്ഞെങ്കിലും വിന്ധ്യന്റെ നിർബന്ധം കൂടി വന്നപ്പോൾ ഞാൻ മനസ്സില്ലാമനസ്സോടെ പ്രിയനെ വിളിച്ചു.

‘‘രണ്ടു മാസം കഴിഞ്ഞു പണം കൊടുക്കാമെന്നു ഞാൻ വിന്ധ്യനോട് പറഞ്ഞതാണല്ലോ, പിന്നെ എന്തിനാണ് വീണ്ടും ചോദിക്കുന്നത്. അഡ്വാൻസ് തുക പൊതുവെ അങ്ങനെ ആരും തിരിച്ചുകൊടുക്കാറില്ല. മ്മ് ശരി ഏതായാലും ഡെന്നിച്ചായൻ പറഞ്ഞതുകൊണ്ട് ഞാൻ നാളെത്തന്നെ പണം കൊടുത്തേക്കാം.’’

ഇവിടെയാണ് പ്രിയന്റെ മനസ്സിന്റെ മഹത്വം ഞാൻ മനസ്സിലാക്കിയത്. എന്നോടുള്ള സ്നേഹബഹുമാനം കൊണ്ട് എന്റെ വാക്കിന് നൽകിയ വിലയായിട്ടാണ് ഞാൻ അതിനെ കാണുന്നത്. ഇങ്ങനെയുള്ള സ്വാഭാവ സവിശേഷത കൊണ്ടായിരിക്കാം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാനായി പ്രിയൻ ഇന്നും വാണരുളുന്നത്.

priyan-gireesh
പ്രിയദർശൻ, ഗിരീഷ് പുത്തഞ്ചേരി, ഈരാളി, ലോഹിതദാസ്, കൊച്ചിൻ ഹനീഫ, സിബി മലയിൽ, ഫാസിൽ

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}