ADVERTISEMENT

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രശസ്ത കന്നഡ സംവിധായകൻ കിരൺരാജിന്റെ പേരിൽ വ്യാജ ഫോൺ കോൾ തട്ടിപ്പ്. നടി മാലാ പാർവതിയെയാണ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമം നടന്നത്. ഇന്ത്യയിലാകെ വിജയമായ ‘777 ചാർളി’ എന്ന കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് മലയാളിയായ കിരൺരാജ്.

പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഡേറ്റ് ആവശ്യപ്പെട്ട്, കിരൺരാജ് എന്നു പരിചയപ്പെടുത്തിയ വ്യക്തി മാലാ പാർ‌വതിയെ ‍‌നിരന്തരം ഫോണിൽ വിളിച്ചതോടെ ഇതു സ്ഥിരീകരിക്കാൻ ‘777 ചാർളി’യുടെ സൗണ്ട് ഡിസൈനറും പരിചയക്കാരനുമായ എം.ആർ. രാജാകൃഷ്ണനെ വിളിച്ചു. രാജാകൃഷ്ണൻ വഴി ഈ വിഷയം കിരൺരാജ് അറിഞ്ഞതോടെയാണ് തട്ടിപ്പു പുറത്തായത്. കിരൺരാജിന്റെ നിർദേശ പ്രകാരം അദ്ദേഹത്തെ കോൺഫറൻസ് കോളിൽ ബന്ധിപ്പിച്ചുകൊണ്ട് മാലാ പാർവതി അജ്ഞാതനെ ഫോണിൽ വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

‘‘മാലാ മാഡം കോൺഫറ‌ൻസ് കോളിൽ എന്നെയും കണക്ട് ചെയ്ത് തട്ടിപ്പുകാരനോട് സിനിമയുടെ വിശദവിവരങ്ങൾ ആവശ്യപ്പെട്ടു. അയാൾ‌ സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ഇടപെടുകയും അയാൾ ആരാണെന്നും ഉദ്ദേശ്യമെന്താണെന്നും ചോദിച്ചു. കെണി മനസ്സിലായ അയാൾ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച് ഓഫ് ചെയ്തു. ഫോൺ കോൾ‌ ഞങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്’’ – സിനിമ സ്റ്റൈലിൽ തട്ടിപ്പുകാരനെ കുടുക്കിയ അനുഭവം കിരൺ രാജ് പങ്കുവച്ചു.

‘‘ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ ഇത് എനിക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മാല പാർവതി മാഡം വളരെ ശക്തമായിത്തന്നെ ഈ പ്രശ്നത്തെ നേരിട്ടു. പക്ഷേ ഇത്തരം തട്ടിപ്പുകാരുടെ കുടുക്കിൽ നിരവധി ചെറുപ്പക്കാർ വീഴുമോ എന്ന് ഭയമുണ്ട് പ്രത്യേകിച്ച് യുവതികൾ. ഈ അജ്ഞാതൻ ഇതുപോലെ പലരെയും പറ്റിച്ചിട്ടുണ്ടാകാമെന്നും ഞാൻ കരുതുന്നു’’– കിരൺ രാജ് ആശങ്ക പങ്കുവച്ചു.

തട്ടിപ്പ് അനുഭവം വെളിപ്പെടുത്തി മാലാ പാർവതി പങ്കുവച്ച കുറിപ്പ് താഴെ:

777 ചാർളി എന്ന ചിത്രത്തിന്റെ സംവിധായകനാണ് എന്നു പറഞ്ഞ് എനിക്ക് കോൾ വന്നത് ഈ മാസം 20 നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്‌ഷൻ ആള് വിളിക്കുമെന്നും പറഞ്ഞു.

എന്നാൽ സംശയം തോന്നിയപ്പോൾ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനെ ഫോണിൽ വിളിച്ചു. സംവിധായകൻ കിരൺ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോൾത്തന്നെ രാജാകൃഷ്ണൻ കോൺഫറൻസ് കോൾ ആക്കി കിരൺ രാജിനെ ആഡ് ചെയ്തു. വിഷയം പറഞ്ഞപ്പോൾ, ആൾ ആകെ വിഷമിക്കാൻ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോൾ, എന്നെ വിളിച്ച ആളെ ഞാൻ ആ കോളിൽ ആഡ് ചെയ്യാം എന്ന് പറഞ്ഞു.

കോൾ അയാൾ എടുത്തു. ഞാൻ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാൾ മറുപടി പറഞ്ഞു. 777 ചാർളിയുടെ സംവിധായകൻ, കിരൺ രാജ് അല്ലേ എന്ന ചോദ്യത്തിന് അതെ, കിരൺ രാജ് ആണ് എന്നദ്ദേഹം മറുപടി നൽകി. പ്രൊഡക്‌ഷന്റെ വിവരങ്ങൾ ചോദിച്ചപ്പോൾ, തിരിച്ചു വിളിക്കാമെന്ന് അയാൾ.

ഉടനെ തന്നെ യഥാർഥ സംവിധായകൻ ഇടപെട്ടു. ഞാനാണ് കിരൺ രാജ്, എന്റെ പേരിൽ താൻ ഏത് പ്രൊഡക്‌ഷൻ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോൾ, കട്ട് ചെയ്ത് പോയി.

വേറെയും ആക്ടേഴ്സിനെ ഈ ആൾ കിരൺ രാജിന്റെ പേരിൽ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. 777 ചാർളി എന്ന കന്നഡ സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്. കാസർകോടുകാരനായ കിരണിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.+918848185488 ഈ നമ്പറിൽ നിന്നാണ് വിളി വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com