അഭിനയമോഹവുമായി എത്തിയ സെന്റ് തെരേസാസിലെ റാങ്കുകാരി; തൊട്ടതെല്ലാം പൊന്നാക്കിയ ലിസി

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 57
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
lissy-kids
ലിസി മക്കളായ കല്യാണിക്കും സിദ്ധാർഥിനുമൊപ്പം (ഇടത്), സിദ്ധാർഥും ലിസിയും (വലത്)
SHARE

ഞാൻ മനോരമ ഓൺലൈനിൽ എഴുതിക്കൊണ്ടിരിക്കുന്ന ‘സിനിമയിലെ മായക്കാഴ്ചകൾ’ വായിച്ചിട്ട് ഇപ്പോഴത്തെ ചില ന്യൂജെൻ പിള്ളേര് എന്നെ വിളിച്ചു പറഞ്ഞ ചില വാചകങ്ങളുണ്ട്. അതിന്റെ സാരാംശം ഇങ്ങനെയാണ്. ‘‘സർ, ഞങ്ങൾക്ക് ഇപ്പോഴത്തെ ന്യൂജെൻ ചലച്ചിത്രകാരന്മാരേക്കാൾ പഴയ തലമുറയിൽപെട്ട സിനിമാക്കാരുടെ അറിവടയാളങ്ങൾ അറിയാനാണ് കൂടുതൽ താൽപര്യം. അങ്ങനെയുള്ളവരുടെ രേഖാചിത്രത്തിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നതും.’’ പിന്നെ മൂന്നാലഞ്ചു മുൻകാല താരങ്ങളുടെ പേരും അവർ പറഞ്ഞു.

പഴയ തലമുറയിലെ കലാകാരന്മാരെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞവരെന്നു പറഞ്ഞു പുച്ഛിക്കുന്ന നവതരംഗക്കാരിൽനിന്നു വ്യത്യസ്തമായ ഒരു ശബ്ദം കേട്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. ഇന്ന് ഒരു പരീക്ഷണവും നാളെ ഒരു പ്രതീക്ഷയുമായി കഴിയുമ്പോഴും ഇന്നലെകളുടെ അനുഭവപാഠങ്ങളില്ലാതെ നാളെയുടെ ചരിത്രമെഴുതാനാവില്ല. ചരിത്രം എന്നും ഇന്നലെകളുടെ സൃഷ്ടിയാണ്. ഈ ചെറുപ്പക്കാരുടെ കാഴ്ചപ്പാട് തന്നെയായിരുന്നു എന്റെ മാധ്യമ സുഹൃത്തുക്കൾക്കും എന്നോട് പറയാനുണ്ടായിരുന്നത്. അങ്ങനെയാണ് ഒരു കാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന കലാപ്രതിഭകളെക്കുറിച്ച് എഴുതാനുള്ള പ്രേരണ എന്നിലേക്ക് കടന്നുവരുന്നത്.

എന്റെ യൗവനാരംഭത്തിൽ ഞാൻ അക്ഷരങ്ങളെ സ്നേഹിക്കാൻ തുടങ്ങിയ കാലത്ത് എഴുത്തിന്റെ ബാലപാഠം ചൊല്ലിത്തന്ന എന്റെ ബന്ധുവും എഴുത്തുകാരനും വാഗ്മിയുമായ കെ. എ. പോൾ മാഷിന്റെയും ഞാൻ ആദ്യമായി സിനിമയുടെ മായാലോകത്തേക്ക് കടന്നു ചെന്നപ്പോൾ കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമായ പൂർവസൂരികളായ ചില വ്യക്തിത്വങ്ങളുടെയും ഓർമച്ചിത്രങ്ങൾ ഈ കോളത്തിലൂടെ വരച്ചു വയ്ക്കാമെന്ന് ഞാൻ അങ്ങനെയാണ് തീരുമാനിച്ചത്. ഈ ന്യൂജെൻ കുട്ടികളിൽ കൂടുതൽ പേരും പറഞ്ഞത് എൺപത് കാലഘട്ടത്തിൽ മലയാള സിനിമയിൽ സജീവസാന്നിധ്യമായിരുന്ന, എന്നാൽ അത്രയൊന്നും പഴമയും പ്രായവുമൊന്നും പറയാനാവാത്ത ലിസി എന്ന അഭിനേത്രിയെപ്പറ്റി അറിയണമെന്നായിരുന്നു.

ലിസിയുടെ സിനിമാപ്രവേശവും കരിയർഗ്രാഫും ഇപ്പോൾ ഉള്ള നവമാധ്യമങ്ങളിലൊന്നും കാണാത്തതുകൊണ്ടായിരിക്കാം എന്റെ വരികളിലൂടെ അറിയാൻ അവർ താൽപര്യം കാണിക്കുന്നതെന്ന് എനിക്കു തോന്നി. പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ താളവട്ടവും ചിത്രവുമാണ് ലിസിയുടെ അവർക്ക് അറിയാവുന്ന പ്രധാനപ്പെട്ട രണ്ടു ചിത്രങ്ങൾ. ലിസി ആറു വർഷം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി തൊണ്ണൂറിൽപരം ചിത്രങ്ങളിൽ അഭിനിയിച്ചിട്ടുള്ള കാര്യമൊന്നും അവർക്ക് അറിഞ്ഞുകൂടായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്– തൊണ്ണൂറ് കാലഘട്ടത്തിൽ ലിസി എന്റെ അഞ്ചാറു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ പിന്നീട് എന്റെ ഒരു ചിത്രത്തിലും അഭിനയിക്കാനുള്ള അവസരമുണ്ടായില്ല. 1984 മുതൽ തൊണ്ണൂറിന്റെ പകുതി വരെ മാത്രമേ ലിസിക്ക് അഭിനേത്രിയായി തുടരാൻ കഴിഞ്ഞുള്ളു. 1990ൽ ലിസി പ്രിയദർശന്റെ ഭാര്യാപദം സ്വീകരിച്ച് മദ്രാസിലേക്ക് താവളം മാറ്റുകയും ചെയ്തു. പ്രേമവിവാഹമായിരുന്നു അവരുടേത്.

lissy-kalyani

ലിസി അഭിനയ മേഖലയിൽനിന്നു വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവൃത്തിമണ്ഡലം. സ്വന്തമായി മൂന്നുനാലു റെക്കോർഡിങ് സ്റ്റുഡിയോകളുടെയും ഡബ്ബിങ് തിയറ്ററുകളുടെയും നടത്തിപ്പുമായി ചെന്നൈയിൽ സിനിമയുടെ വട്ടാരത്തിൽ തന്നെ വിരാജിക്കുകയായിരുന്നു.

ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു. അഭൂതപൂർവമായ വളർച്ചയായിരുന്നു പ്രിയദർശന്റേത്. മലയാളത്തിനു പുറമെ ഹിന്ദി–തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയനും ഉയരങ്ങൾ കീഴടക്കി. ഒരു പുരുഷന്റെ വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര.

എനിക്ക് തൊണ്ണൂറുകൾ തിരക്കിന്റെ ഒരു കാലമായിരുന്നു. ലിസിയെ ഒന്ന് നേരിൽ കാണാനോ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാനോ എനിക്കും സമയം കിട്ടിയിരുന്നില്ല. ലിസി ആദ്യമായി എന്നെ കാണാൻ വന്ന ആ മുഹൂർത്തം ഇന്നും എന്റെ മനസ്സില്‍ മായാെത കിടപ്പുണ്ട്. കന്മഷമില്ലാത്ത നല്ല സൗഹൃദങ്ങൾ മനസ്സിൽ രൂപപ്പെടാൻ ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ ഒന്നും വേണമെന്നില്ല, നിമിഷങ്ങളുടെ ദൈർഘ്യം മാത്രം മതി. സ്നേഹവും പ്രണയവുമെല്ലാം അങ്ങനെ തന്നെയാണ്.

lissy-stalin
സ്റ്റാലിനൊപ്പം ലിസി

ലിസി ആദ്യമായി എന്നെ കാണാൻ വന്ന ദിവസത്തെക്കുറിച്ച് ഞാൻ ഓർക്കുകയായിരുന്നു. 1984 ജനുവരിയിലെ രണ്ടാം ശനിയാഴ്ച, ഞാൻ തിരക്കഥ എഴുതി സാജൻ സംവിധാനം ചെയ്യുന്ന ‘ചക്കരയുമ്മ’യുടെ ഷൂട്ടിങ് കലൂരുള്ള എന്റെ വീട്ടിൽ നടക്കുകയാണ്. സമയം ഏകദേശം പതിനൊന്നു മണി കഴിഞ്ഞു കാണും. മമ്മൂട്ടിയും ഹിന്ദി നടി കാജൽ കിരണും ബേബി ശാലിനിയും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനിന്റെ ഷൂട്ട് അകത്തെ മുറിയിൽ നടക്കുന്നുണ്ട്. ഫാസിലിന്റെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യുടെ വൻവിജയത്തിനു ശേഷം ബേബി ശാലിനി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചക്കരയുമ്മ. ബേബി ശാലിനി എന്ന കുഞ്ഞു താരത്തെ ഒരു നോക്കു കാണാൻ കലൂരും പരിസരത്തുമുള്ള സകലമാന ജനങ്ങളും എന്റെ വീടിനു ചുറ്റും കൂടിയിരിക്കുകയാണ്.

ജനം ഗെയ്റ്റിലും മതിലിനു പുറത്തുമൊക്കെ തിക്കിതിരക്കി കയറിയപ്പോൾ മതിലിന്റെ ചെറിയ ഒരു ഭാഗം പൊളിഞ്ഞു വീണതു കൊണ്ട് പൊലീസിന്റെ സംരക്ഷണയിലാണ് ഷൂട്ടിങ് നടക്കുന്നത്. അപ്പോഴാണ് എന്റെ സുഹൃത്തും ‘സംഭവം’ എന്ന ചിത്രത്തിന്റെ സഹനിർമാതാവുമായ ബാബുവിന്റെ അവിചാരിതമായുള്ള കടന്നു വരവ്. കൂടെ ഫ്രോക്കും മിഡിയും ധരിച്ച് വെളുത്ത് സുന്ദരിയായ ഒരു പെൺകുട്ടിയുമുണ്ട്. ബാബുവിന്റെ ബന്ധത്തിൽപ്പെട്ട ഏതോ ഒരു കുട്ടിയെ ബേബി ശാലിനിയെ കാണിക്കാൻ കൊണ്ടു വന്നതാണെന്നാണ് ഞാൻ കരുതിയത്.

lissy-kaloor
കലൂര്‍ ഡെന്നിസ്, ലിസി

ബാബു ഗെയിറ്റിനു മുന്നിൽനിന്ന് അകത്തു നിൽക്കുന്ന എന്നെ കൈ കാട്ടി വിളിച്ചു. ഞാൻ വേഗം ചെന്ന് ഗെയ്റ്റു തുറന്നു കൊടുത്തു. അവർ അകത്തേക്ക് കയറുന്നതിനിടയിൽ ബാബു പറഞ്ഞു: ‘‘ഡെന്നിച്ചായാ, ഇത് എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയാണ്, ലിസി. സെന്റ് തെരേസാസിൽ പത്തിൽ പഠിക്കുകയാണ്. റാങ്ക് ഹോൾഡർ കൂടിയാണ്. ഈ പടത്തിൽ എന്തെങ്കിലും നല്ലൊരു വേഷം ലിസിക്കു കൊടുക്കണം.’’

mammootty-lissy

ബാബു പറഞ്ഞപ്പോഴാണ് പെൺകുട്ടി അഭിനയമോഹവുമായി വന്നതാണെന്ന് എനിക്ക് മനസ്സിലായത്. പക്ഷേ ഇതിലെ എല്ലാ ആർട്ടിസ്റ്റുകളെയും നേരത്തേ തന്നെ ഫിക്സ് ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ കൗമാരത്തിനും യൗവനത്തിനുമിടയിലുള്ള ഒരു കഥാപാത്രവും ഇതിലില്ലെന്ന് ഞാൻ ബാബുവിനോട് പറഞ്ഞു അതുകേട്ടപ്പോൾ ലിസിയുടെ മുഖത്ത് ചെറിയൊരു നിരാശ പരക്കുന്നത് ഞാൻ കണ്ടു.

‘‘ഇതിൽ റോൾ കിട്ടിയില്ലെന്നു കരുതി ലിസി വിഷമിക്കേണ്ട. ഞാൻ എഴുതുന്ന അടുത്ത പടത്തിൽ എന്തായാലും ഒരു വേഷം തന്നിരിക്കും. പ്രോമിസ്.’’

അപ്പോൾ അകത്തെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി എന്റെ അടുത്തേക്ക് വന്നു. ഞാൻ ബാബുവിനെയും ലിസിയെയും മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുത്തു. ബാബുവിനെ കുറിച്ച് മമ്മൂട്ടി നേരത്തേ കേട്ടിട്ടുണ്ട്. ലിസിയെ മമ്മൂട്ടി ആദ്യമായി കാണുകയാണ്. ലിസി ആരാധനയോടെ മമ്മൂട്ടിയോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. മമ്മൂട്ടി കൊച്ചു വാചകത്തിൽ എന്തോ മറുപടി പറഞ്ഞുകൊണ്ട് അപ്പോൾത്തന്നെ അകത്തെ മുറിയിലേക്ക് പോവുകയും ചെയ്തു. അപ്പോൾ ലിസിക്ക് ബേബി ശാലിനിയെ ഒന്നു കാണണമെന്നായി. ഞാൻ ലിസിയേയും ബാബുവിനേയും കൂട്ടി ബേബി ശാലിനി ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. ശാലിനിയുടെ കൂടെ അച്ഛൻ ബാബുവും നിൽപുണ്ടായിരുന്നു. ലിസി ശാലിനിയോട് ചോദിക്കുന്ന ഓരോ കുസൃതി ചോദ്യങ്ങൾക്കും കിലുക്കാംപെട്ടി പോലെ ചിരിച്ചുകൊണ്ട് അതേ ലാഘവത്തോടെ മണി മണിയായി ശാലിനി മറുപടി പറയുന്നുമുണ്ട് പിന്നെയും അല്പസമയം കൂടി അവിടെ ചെലവഴിച്ച ശേഷം അടുത്ത പടത്തിൽ ചാൻസു തരണമെന്ന് ഒന്നുകൂടി ഓർമിപ്പിച്ചു കൊണ്ട് ബാബുവും ലിസിയും പോവുകയും ചെയ്തു.

പിന്നീട് രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ബാബുവിന്റെ ഒരു വിളി വന്നത്. ലിസിക്ക് ബാലചന്ദ്രമേനോന്റെ ‘ഇത്തിരി നേരം ഒത്തിരികാര്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിട്ടുണ്ട്. തരക്കേടില്ലാത്ത ഒരു വേഷമാണ്. അത് കേട്ടപ്പോൾ ബാലചന്ദ്രമേനോന്റെ പടം ആദ്യം കിട്ടിയത് ഭാഗ്യമാണെന്ന് ഞാൻ പറയുകയും ചെയ്തു.

lissy-joshiy

പിന്നെ അഞ്ചാറു മാസത്തേക്ക് ലിസിയെക്കുറിച്ചു ഒരു വിവരവുമുണ്ടായില്ല. ഞാനും ജോഷിയും കൂടി ചെയ്ത, ഓറിയന്റൽ സാജന്റെ പുതിയ ചിത്രമായ 'ഒന്നിങ്ങു വന്നെങ്കിലിന്റെ' പണിപ്പുരയിലായിരിക്കുമ്പോഴാണ് ഒരു ദിവസം ലിസി എന്നെ ഫോണിൽ വിളിക്കുന്നത്. തക്കസമയത്തുള്ള ഒരു ഓർമപ്പെടുത്തലായിരുന്നു അത്. 1985 പകുതിയോടെയായിരുന്നത്. അപ്പോഴേക്കും ലിസി പ്രിയന്റെ പൂച്ചയ്ക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികയും ഉപനായികയുമൊക്കെയായി അഭിനയിച്ചു കഴിഞ്ഞിരുന്നു.

ഒന്നിങ്ങു വന്നെങ്കിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയും നദിയാ മൊയ്തുവുമാണ് നായികാ നായകന്മാർ. അതിൽ നദിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഒരു വേഷമുണ്ട്. അത് ലിസിക്കു കൊടുക്കാമെന്ന് ഞാൻ അപ്പോൾ മനസ്സിൽ കരുതുകയും ചെയ്തു. ജോഷിയോട് കാര്യം പറഞ്ഞിട്ട് പിറ്റേദിവസം തന്നെ ലിസിയെ വിളിച്ച് ഞാൻ സിനിമയുടെ കാര്യം പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ ആദ്യമായിട്ട് അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും ത്രില്ലിലുമായിരുന്നു ലിസി. തേക്കടിയിലായിരുന്നു ഷൂട്ടിങ്. ശങ്കർ, ലാലു അലക്സ്, ജഗതി തുടങ്ങി ഒത്തിരി ആർട്ടിസ്റ്റുകളുള്ള ചിത്രമാണ്.

rajini-lissy

ഷൂട്ടിങിന്റെ തലേന്ന് സന്ധ്യയോടെയാണ് ലിസി തേക്കടിയിലെത്തിയത്. കൂടെ ഒരു ആയയുമുണ്ടായിരുന്നു അവിടുത്തെ ആരണ്യ നിവാസിലായിരുന്നു പ്രധാനപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളും താമസിച്ചിരുന്നത്. ലിസി വന്നപാടെ എന്നെ കാണാൻ വന്നു. ഒരു വർഷം മുൻപ് ചക്കരയുമ്മയുടെ ഷൂട്ടിങ്ങിന് വന്നപ്പോൾ കണ്ടതിൽ നിന്ന് അല്പം കൂടി ഉയരവും പക്വതയുമുള്ള ഒരു സുന്ദര രൂപം. എന്റെ മുന്നിൽ വളരെ വിനയാന്വിതയായി നാലഞ്ചു സിനിമകളുടെ അനുഭവപാഠങ്ങളുമായാണ് ലിസി വന്നിരിക്കുന്നതെന്ന് എനിക്കു തോന്നി. അതിനെക്കുറിച്ചു തമാശയോടെ ഞാൻ ചോദിച്ചപ്പോൾ ലിസി പറഞ്ഞു. ‘‘എല്ലാം ദൈവത്തിന്റെ വരദാനമാണ്.’’ ഇടപ്പള്ളി സെന്റ് ജോർജ് ചർച്ചിൽ പോയി ദിനവും പ്രാർഥിച്ചതിന് കിട്ടിയ വരദാനമാണെന്നാണ് ലിസി വിശ്വസിക്കുന്നത്.

dubbing-studio
ചെന്നൈയിലെ ലിസിയുടെ ഡബ്ബിങ് സ്റ്റുഡിയോ

ഒന്നിങ്ങു വന്നെങ്കിലിനു ശേഷം ഞാൻ തിരക്കഥ എഴുതിയ 'ഒരു വിവാദ വിഷയം', ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്, തമ്മിൽ തമ്മിൽ, അർജുൻ ഡെന്നിസ് തുടങ്ങിയ എന്റെ അപൂർവം ചിത്രങ്ങളിൽ മാത്രമേ ലിസിക്ക് അവസരം കൊടുക്കാൻ എനിക്കായുള്ളൂ. ബാലചന്ദ്രമേനോൻ, പ്രിയദര്‍ശൻ, ഭരതൻ, ജോഷി, ഐ.വി. ശശി, കെ. ജി. ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച അപൂർവം അഭിനേതാക്കളിലൊരാളാണ് ലിസി

lissy-rajamouli

ഇന്ന് ലിസി തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിത, ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിൻ, രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരമാണ് ലിസി.

lissy-kamal

ലിസി പ്രിയദർശന്മാരുടെ മക്കളായ കല്യാണിയും സിദ്ധാർഥും അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയുടെ മായാപ്രപഞ്ചത്തിൽ തന്നെ എത്തിച്ചേർന്നു. മകൾ കല്യാണി ദക്ഷിണേന്ത്യയിലെ തിരക്കുള്ള നായികാതാരമായി മാറിക്കഴിഞ്ഞു. സിദ്ധാർഥ് സിനിമയിൽ അറിയപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ധനാണ്. അച്ഛന്റെ സിനിമയായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ വിഷ്വൽ ഇഫക്ടിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കാനും സിദ്ധാർഥിന് കഴിഞ്ഞു .

ലിസി അഭിനയരംഗത്തു നിന്നും മാറി നിന്നിട്ട് നീണ്ട മുപ്പതു വർഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും ഒരങ്കത്തിന് കൂടി താൽപര്യമുള്ളതായി പറഞ്ഞു കേട്ടല്ലോ എന്ന് ചോദിച്ചപ്പോൾ.

"ജീവിതമല്ലേ ഒന്നും പറയാനാവില്ല. നല്ല കഥാപാത്രങ്ങളും സംവിധായകരും ഒത്തുവന്നാൽ ചിലപ്പോൾ ഇനിയും..." വാക്കുകൾ പൂർത്തീകരിക്കാകാതെ ലിസി ഒരു കുസൃതിച്ചിരി ചിരിച്ചു.

lissy-actress

സ്വപ്നങ്ങൾക്ക് ജീവനില്ലെങ്കിലും നമ്മളെല്ലാവരും ജീവിക്കുന്നത് ഈ സ്വപ്നങ്ങളുളളതുകൊണ്ടാണല്ലോ.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}