ADVERTISEMENT

സിജു വിൽസണെ നായകനാക്കി വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടിനെ പ്രശംസിച്ച് നടി മാലാ പാർവതി. സിനിമ മേഖലയിലെ ആറാട്ടുപുഴ വേലായുധനാണ് വിനയനെന്ന് ഈ ചിത്രം കണ്ടപ്പോൾ തോന്നിയെന്നും വേലായുധനായി എത്തിയ സിജു വിൽസൺ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിെയന്നും മാലാ പാർവതി പറയുന്നു.

 

മാലാ പാർവതിയുടെ വാക്കുകൾ:

 

പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തമസ്ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തിന്റെ ഓരോ മേഖലയും എടുത്ത് പറയേണ്ടതാണ്. ആർട്ട് (അജയൻ ചാലിശ്ശേരി), കോസ്റ്റ്യൂം (ധന്യ ബാലകൃഷ്ണൻ), മേക്കപ്പ് (പട്ടണം റഷീദ് ), ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികൾ കണ്ടിരിക്കേണ്ട ഈഴവർ തൊട്ട് താഴോട്ടുള്ള അധ:കൃതർ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിന്റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നിൽപ്പിന്റെ കഥ. ആറാട്ടുപുഴ വേലായുധന്റെയും നങ്ങേലിയുടെയും കഥ.

 

ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വിൽസൺ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. കയാദു ലോഹർ നങ്ങേലിയായും തിളങ്ങി. സുദേവ് നായർ, അലൻസിയർ, സുനിൽ സുഗദ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം അവനവന്റെ റോളുകൾ കെങ്കേമമാക്കി.

 

എന്നാൽ ഈ കുറിപ്പ് എനിക്ക് എഴുതാൻ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് സംവിധായകൻ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ വിനയൻ എന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയുമ്പോഴും.. സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവർമാർ, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെ കുറിച്ച് നൂറുനാവാണ്.

 

ഈ വ്യക്തി ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോൾ എനിക്കത് വ്യക്തമായി. മാറ്റി നിർത്തപ്പെടുന്നവന്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധന്റെ കഥ ഡയറക്ടർ വിനയൻ എന്ത് കൊണ്ട് സിനിമയാക്കി എന്ന്. പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധൻമാരുണ്ട്. അതാത് കാലത്തെ നാടുവാഴികൾക്കും അവരുടെ പിണിയാളന്മാർക്കും എതിർപ്പ് തോന്നിയാൽ അവർ അങ്ങനെയുള്ളവരെ മാറ്റി നിർത്തും. ഒഴിവാക്കും, വിലക്കേർപ്പെടുത്തും.

 

സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് വിനയൻ എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി. അത് പോലെ തന്നെ, തിളങ്ങി നിൽക്കുന്ന നായക നടന്മാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി. തമസ്ക്കരിക്കപ്പെടാതെ കാത്തു. മണികണ്ഠൻ ആചാരിയെപ്പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിന്റെ ഭാഗമാക്കുന്നതിന്റെ രാഷ്ട്രീയവും വേറെ അല്ല. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിർമാതാവ്  ഗോകുലം ഗോപാലനും അഭിനന്ദനങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com