ADVERTISEMENT

ലോകപ്രശസ്ത സംവിധായകൻ ജോൻ ലൂക് ഗൊദാർദിന്റേത് ‘ഇച്ഛാമരണം’. തൊണ്ണൂറ്റൊന്നുകാരനായ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഡോക്ടറുടെ സഹായത്തോടെയുള്ള സ്വയംഹത്യ നടപ്പാക്കുകയായിരുന്നെന്ന് കുടുംബവുമായി ബന്ധപ്പെട്ട നിയമവക്താവ് വെളിപ്പെടുത്തി. ഒന്നിലേറെ ഗുരുതര രോഗാവസ്ഥകളിലൂടെ കടന്നുപോകുകയായിരുന്ന ഗോദാർദ്, വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള മരണം നിയമവിധേയമായ സ്വിറ്റ്സർലൻഡിൽ ആ മാർഗം തിര‍ഞ്ഞെടുക്കുകയായിരുന്നെന്നും വക്താവ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ വീട്ടിൽ വച്ചാണു ഗൊദാർദ് മരണം വരിച്ചത്. ജീവിതപങ്കാളി മിവിൽ ആ സമയം ഒപ്പമുണ്ടായിരുന്നു. അതേസമയം, ഗൊദാർദ് രോഗഗ്രസ്തനായിരുന്നില്ലെന്നും ജീവിതം മടുത്തതിനാലാണ് ദയാവധം തിരഞ്ഞെടുത്തതെന്നും ഒരു ബന്ധു പറഞ്ഞതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. 2014ൽ നൽകിയ ഒരു അഭിമുഖത്തിൽ ദയാവധത്തിന് അനുകൂലമായി ഗൊദാർദ് സംസാരിച്ചിരുന്നു. 

 

ഗൊദാർദിന്റേത് ‘ദയാവധം’ ആയിരുന്നുവെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തിനെത്തുടർന്നു വൈദ്യസഹായത്തോടെ സ്വയംമരണം വരിക്കുന്ന രീതി വീണ്ടും ലോകരാഷ്ട്രങ്ങളിൽ ചർച്ചയാകുന്നു. ഗൊദാർദിന്റെ വിടവാങ്ങൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നയുടൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കുന്നതു സംബന്ധിച്ചു ജനങ്ങൾക്കിടയിൽ സംവാദം നടത്തുമെന്നു പ്രസ്താവിച്ചു. സ്വിറ്റ്സർലൻഡ്, നെതർലൻഡ്, സ്പെയിൻ, ബൽജിയം, ലക്സംബർഗ്, കാനഡ, കൊളംബിയ എന്നീ രാജ്യങ്ങളാണു യുത്തനേസ്യ (EUTHANASIA) എന്ന ദയാവധം നിയമവിധേയമായ ലോകത്തിലെ പ്രമുഖ രാജ്യങ്ങൾ. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ചില സംസ്ഥാനങ്ങളിൽ കർശന ഉപാധികളോടെ ദയാവധം അനുവദിക്കുന്നു. മറ്റു പല രാജ്യങ്ങളിലും അപൂർവ അവസരങ്ങളിൽ വൈദ്യ സഹായത്തോടെയുള്ള മരണം അനുവദിക്കുന്ന ചില നിയമങ്ങളുണ്ടെങ്കിലും ഈ രാജ്യങ്ങളിലേതു പോലെ ഉദാരമല്ല. സ്വിറ്റ്സർലൻഡിൽ കഴി‍ഞ്ഞ വർഷം മാത്രം ആയിരത്തിഅഞ്ഞൂറോളം പേർ ദയാവധം മുഖേന മരണം വരിച്ചുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 

 

ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് വൈദ്യ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള അവസരം നൽകുന്നതിനെയാണു ദയാവധം എന്നതു കൊണ്ട് അർഥമാക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ദയാവധം നടപ്പിലാക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലെ ദുരുപയോഗം തടയാനാവശ്യമായ കർശന നടപടിക്രമങ്ങൾ ദയാവധം നിയമവിധേയമായ രാജ്യങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. പ്രായപരിധി, ദയാവധത്തിന് ആവശ്യപ്പെടാനുള്ള മാനസികനില തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ ഓരോ രാജ്യങ്ങളിലും വ്യത്യസ്തവുമാണ്. ദയാവധം സംബന്ധിച്ച നടപടിക്രമങ്ങളിൽ എന്തെങ്കിലും സ്വാർഥതാൽപര്യം കണ്ടെത്തിയാൽ കടുത്ത ശിക്ഷയും ഉറപ്പാക്കുന്നു. 

 

രോഗികളെ ചികിത്സയും ജീവൻരക്ഷാഉപകരണങ്ങളും പിൻവലിച്ച് മരണത്തിലേക്ക് വിടുക (PASSIVE EUTHANASIA), ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചും മരണം നടപ്പാക്കുക (ACTIVE EUTHANASIA), ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം വരിക്കുക (Physician Assisted Suicide) തുടങ്ങിയവയാണ് ദയാവധം നടപ്പാക്കുന്ന രീതികൾ. യുത്തനേസ്യ (EUTHANASIA) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം ‘നല്ല മരണം’ എന്നാണ്. ദയാവധം ധാർമികമല്ലെന്നും നടപ്പാക്കരുതെന്നും വാദിക്കുന്ന വലിയൊരു വിഭാഗം ആളുകൾ വിവിധ ലോകരാഷ്ട്രങ്ങളിൽ ഇതിനെതിരെ ക്യാംപയിൻ നടത്തുന്നുമുണ്ട്. 

 

English Summary: French director Jean-Luc Godard dies by assisted suicide: What is it? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com