ADVERTISEMENT

മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് നടി അനുമോൾ. സ്ത്രീകൾ പുരുഷന്മാർക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള സമൂഹമാണ് നമ്മുടേത്. അത് മാറി സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാണ്. ആക്രമണം നേരിട്ട സഹപ്രവർത്തകർക്ക് തന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും അനുമോൾ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘നമ്മൾ ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് സങ്കടകരമായ കാര്യം തന്നെയാണ്. എത്രയോ വർഷങ്ങളായി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്, സ്ത്രീകളുടെ പ്രശ്നം ചർച്ച ചെയ്യാൻ സംഘടനകൾ വരുന്നുണ്ട്. അത് നമ്മുടെ ജോലിസ്ഥലത്ത് ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും സമൂഹം ഇനിയും മാറിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. "അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നും" എന്നൊക്കെ പറയുന്നത് പേടിപ്പിക്കുന്നതാണ്.

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം. ഇങ്ങനെയുള്ളവർക്ക് ഒരടിയൊന്നും പോരാ. ഈ പ്രശ്നത്തിൽ രണ്ടു പെൺകുട്ടികൾ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയിൽ ആയിപ്പോയി, അടുത്ത ആൾ ശക്തമായി പ്രതികരിച്ചു. ഇത് തന്നെ സമൂഹത്തിലെ പെൺകുട്ടികളുടെ ഒരു റിഫ്ലെക്‌ഷൻ ആണ്. പ്രതികരിക്കാൻ കഴിയാതെ തരിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ തൊടാൻ ആർക്കും അവകാശമില്ല.

വസ്ത്രത്തെ കുറ്റം പറയുന്ന ഒരുപാട് പേരെ സമൂഹമാധ്യമങ്ങളിൽ കാണാനിടയായി. കാലങ്ങളായി ഒരു പുരുഷ മേധാവിത്വ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. സ്ത്രീകൾ അടിമകളാണ് അല്ലെങ്കിൽ പുരുഷൻ പറയുന്നതുപോലെ കേൾക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന അടിയുറച്ച വിശ്വാസം ഉള്ള സമൂഹമാണ് നമ്മുടേത്. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്നറിയില്ല. എല്ലാവരും മനുഷ്യരാണ്. ആൺകുട്ടികളെപ്പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് പെൺകുട്ടികളും എന്ന ബോധ്യത്തോടെ ഓരോ മനുഷ്യനും വളർന്നു വരണം. സോഷ്യൽ മീഡിയയുടെ സ്വാധീനം കാരണമാണോ അതോ കൊറോണ വന്നുപോയതിൽ പിന്നെയുള്ള മാനസിക വിഭ്രാന്തി ആണോ എന്നറിയില്ല, ഇന്ന് ആളുകളിൽ ക്രിമിനൽ സ്വഭാവം കൂടി വരുന്നുണ്ട്.

കൊലയും വെട്ടും റേപ്പും ഒക്കെ കൂടിവരുന്നത് നിത്യ സംഭവമായിട്ടുണ്ട്. നിരാശ മൂത്ത് വട്ടായതാണോ എന്ന് അറിയില്ല. എന്തുതന്നെയായാലും നമ്മൾ ഒരു മോശം കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഇനിയും മോശമാകുമോ എന്നാണ് പേടി. ഇനി വളർന്നു വരുന്ന കുട്ടികളെയെങ്കിലും സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യരാണെന്ന് പറഞ്ഞു മനസിലാക്കി വളർത്തണം. പെണ്ണുങ്ങൾ എന്നു പറഞ്ഞാൽ ആണുങ്ങൾക്ക് കയറിപ്പിടിക്കാനുള്ള വസ്തുക്കളല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം എന്നാൽ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ. അതുപോലെ ഇത്തരത്തിൽ പെരുമാറുന്നവരുടെ മാനസിക ആരോഗ്യം കൂടി പരിശോധിക്കണം അവർക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്ന് അറിയില്ലല്ലോ. അങ്ങനെയാണെങ്കിൽ അവർക്ക് ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്നലെ ശാരീരിക പീഡനത്തിനിരയായ സഹപ്രവർത്തകർക്ക് എന്റെ എല്ലാവിധ പിന്തുണയുമുണ്ട്. തളരാതെ ധൈര്യപൂർവം മുന്നോട്ട് പോകണം എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്.’’ അനുമോൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com