ADVERTISEMENT

ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വമാണ് ശശി തരൂരെന്ന് നിർമാതാവ് ആന്റോ ജോസഫ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്ന സമയത്താണ് തരൂരിനെ പിന്തുണച്ചുളള ആന്റോ ജോസഫിന്റെ പ്രതികരണം. ശശി തരൂർ വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്കായി ലോകം കാതോര്‍ക്കാറുണ്ടെന്നും ആന്റോ സമൂമാധ്യമത്തിലൂടെ പറഞ്ഞു.

 

ആന്റോ ജോസഫിന്റെ വാക്കുകൾ:

 

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എന്ന നേതാവിനെ കോണ്‍ഗ്രസ് ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ആ കുറിപ്പ് വായിച്ച ഒരുപാട് പേര്‍ നേരിട്ടും കമന്റിലൂടെയും പങ്കുവച്ച ചോദ്യം ‘അപ്പോള്‍ ശശിതരൂര്‍?’ എന്നതായിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വം എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാം അദ്ദേഹത്തെ. രാഷ്ട്രീയ നേതാവ് എന്ന ചതുരക്കള്ളിക്കുമപ്പുറമാണ് ശശി തരൂരിന്റെ പ്രതിച്ഛായ. ഐക്യരാഷ്ട്രസഭയോളമെത്തിയ നേതൃപാടവം. ബഹുമുഖ പ്രതിഭ എന്ന് പൂര്‍ണ അര്‍ഥത്തില്‍ വിളിക്കാം. എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമെല്ലാമായ നയതന്ത്രജ്ഞനായ രാഷ്ട്രീയപ്രവര്‍ത്തകന്‍. 

 

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നു എന്നത് അതുകൊണ്ടൊരു നല്ലവാര്‍ത്തയുമാണ്. ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയസംഘടനയുടെ തലപ്പത്ത് അദ്ദേഹത്തെപ്പോലൊരാള്‍ തീര്‍ത്തും ഉചിതമാണ്. ഫലം എന്തുമായിക്കൊള്ളട്ടെ. തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തിന്റെ സൂചകമല്ല, മറിച്ച് അത് ഓരോ കണികയിലും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യബോധത്തിന്റെ അടയാളമാണ്. 

 

പാര്‍ട്ടി പദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എന്നും പങ്കുവച്ചിട്ടുള്ളയാളാണ് ശശിതരൂര്‍. ‘പ്രവര്‍ത്തകരാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവിന് സംഘടനാപരമായ വെല്ലുവിളികള്‍ നേരിടാനും പാര്‍ട്ടിയെ പുതുക്കിപ്പണിയാനും കൂടുതല്‍ കരുത്തുണ്ടാകും’ എന്ന നിരീക്ഷണം അദ്ദേഹം രണ്ടുവര്‍ഷം മുമ്പൊരു ലേഖനത്തില്‍ മുന്നോട്ടുവെച്ചിരുന്നു. തരൂര്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കല്‍ക്കൂടി ശക്തമാകുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അദ്ദേഹത്തെപ്പോലെതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏത് നേതാവ് മത്സരിച്ചാലും അതിനെ സ്വാഗതം ചെയ്യണം. യോഗ്യരായ ഒരുപാടുപേരുണ്ട്. രാഹുല്‍ഗാന്ധിയുടെ പേര് പലരും ഉയര്‍ത്തിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് പ്രസക്തിയുമുണ്ട്. 

 

ഒരുപക്ഷേ രാഹുല്‍ സമ്മതമറിയിച്ചാല്‍ മത്സരം തന്നെ ഒഴിവായേക്കാം. സമവായത്തിന്റെ പാത തുറക്കപ്പെടുകയും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമേല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാലും ഇനി അഥവാ തരൂർ മത്സരത്തില്‍ പരാജയപ്പെട്ടാലും  ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്. പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. 'ഫ്‌ളോര്‍ ലീഡര്‍' എന്ന പദവിയില്‍ അദ്ദേഹം വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതല്‍ ദൃഢമാകും. ലോകം കാതോര്‍ക്കാറുണ്ട്, തരൂരിന്റെ വാക്കുകള്‍ക്ക്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിഫലനമായി അതിനെ മാറ്റാനുള്ള വേദിയൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. തരൂര്‍ നയിക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു. അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം ശശിതരൂര്‍ എന്ന നേതാവിന്റെ വിമതസ്വരമായി കാണാതെ അതിനെ കോണ്‍ഗ്രസ് ഗുണപരമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com