ADVERTISEMENT

ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ. പുലർച്ചെ തുടങ്ങിയ പ്രത്യേക പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മണിരത്നത്തിന്റെ ഗംഭീരമേക്കിങും എ.ആർ. റഹ്മാന്റെ സംഗീതവും അഭിനേതാക്കളുടെ പകർന്നാട്ടവും ചിത്രത്തെ ഇതിഹാസതുല്യമാക്കിയെന്നാണ് വിലയിരുത്തൽ.

 

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പത്താം നൂറ്റാണ്ടിലെ കാലഘട്ടങ്ങളെ അതിന്റെ ദൃശ്യചാരുത ഒട്ടും ചോരാതെ ക്യാമറയിലെത്തിക്കാൻ രവി വർമനും കലാസംവിധാനത്തിൽ യാഥാർഥ്യത്തോട് ചേർന്നുനിൽക്കാൻ തോട്ടാധരണിക്കും കഴിഞ്ഞു.

 

പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

 

തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക.

 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്.

 

അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയുമായാണ് മണിരത്നത്തിന്റെ വരവ്. രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com