ബോളിവുഡ് നടന്‍ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരായി. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. മുംബൈയിൽ വച്ചു നടന്ന വിവാഹ റിസപ്ഷനിൽ ഹൃതിക് റോഷൻ, വിക്കി കൗശൽ, തബു, കൽകി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. കാമുകി സബ ആസാദിനൊപ്പമാണ് ഹൃതിക് ചടങ്ങിനെത്തിയത്.
ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ഥന നടത്തി. 2021ൽ വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഹിന്ദിയിലും ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് അലി ഫസൽ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ 7 സിനിമയിൽ അതിഥി വേഷത്തിൽ അലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങൾ.
പഞ്ചാബ് സ്വദേശിയായ റിച്ച 2008ൽ റിലീസ് ചെയ്ത് ഒയ് ലക്കി, ലക്കി ഒയ് സിനിമയിലൂടെ അഭിനയരംഗത്തെത്തി. ഗ്യാങ്സ് ഓഫ് വസേപൂർ, ഫുക്രെ, മസാൻ എന്നിവയാണ് പ്രധാന സിനിമകൾ.