ADVERTISEMENT

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 18 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം പിരിയുകയാണെന്ന് കുറച്ചു മാസം മുന്‍പാണ് ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാല്‍ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തിയതോടെ തീരുമാനം മാറ്റിയെന്നാണ് സൂചന.

രജനികാന്ത് അടക്കം വീട്ടിലെ മുതിര്‍ന്നവര്‍ ഈ വിഷയത്തിൽ നിരന്തരമായി ധനുഷുമായും ഐശ്വര്യയുമായും ചർച്ച നടത്തിയിരുന്നുവെന്നും അവരുടെ ഉപദേശപ്രകാരം ഇരുവരും അനുകൂലമായ തീരുമാനം കൈക്കൊണ്ടുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത വരുമെന്നും കുടുംബാംഗങ്ങളിൽനിന്നു തന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ജനുവരി പതിനേഴിനാണ് തങ്ങൾ വേർപിരിയുകയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതിമാർ അറിയിക്കുന്നത്. ഇരുവർക്കുമിടയിൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നായിരുന്നു വിവാഹമോചന വാർത്തയിൽ ധനുഷിന്റെ അച്ഛന്റെ പ്രതികരിച്ചത്.

dhanush-vijay

വേര്‍പിരിയല്‍ തീരുമാനം അറിയിച്ചതിനു ശേഷവും മക്കളുടെ സ്കൂളിലും മറ്റും ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരുന്നു.

6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാറിന്റെ മരുമകനെന്നത് പ്രേക്ഷക സ്വീകാര്യതയിലും ധനുഷിന് ഗുണമായി. ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.

തങ്ങളുടെ ദാമ്പത്യത്തിലെ ഇഴയടുപ്പം കുറയുന്നതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ ഇവരുടെ വിവാഹമോചന വാർത്ത സൃഷ്ടിച്ച ഞെട്ടൽ ചെറുതായിരുന്നില്ല.

ഇപ്പോൾ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാനുള്ള ഒരുക്കത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com