ADVERTISEMENT

മുപ്പതു വർഷം മുമ്പ്, സംവിധായകൻ പത്മരാജന്റെ ചിത്രത്തിനു മുന്നിൽ നടന്ന ഒരു രഹസ്യ മോതിരംകൈമാറലിന്റെ ചിത്രം പുറത്തുവിട്ട് മകൻ അനന്ത പത്മനാഭൻ. സിനിമയുടെ ഭാഗമല്ലാത്ത ഈ മോതിരം മാറലിലെ അഭിനേതാക്കൾ ജയറാമും പാർവതിയുമാണ്. അവർ വിവാഹിതരാകുന്നതിനു മുൻപ് പത്മരാജന്റെ ചിത്രത്തിനു മുന്നിൽനിന്ന് രഹസ്യമായി മോതിരം മാറിയതിന്റെ ചിത്രമാണ് അനന്ത പദ്മനാഭൻ ഇപ്പോൾ പുറത്തു വിട്ടത്. തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ പത്മരാജനെ ജീവിതത്തിൽ ഏറ്റവുമധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജയറാമിന്റെ മനസ്സു നിറഞ്ഞുള്ള സ്നേഹപ്രകടനമായിരുന്നു ആ മോതിരം കൈമാറൽ. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ആഴ്‌വാർകടിയൻ നമ്പിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിനൊപ്പമായിരുന്നു ഈ അപൂർവ ചിത്രം പങ്കുവച്ചത്. തന്റെ അഭിനയത്തെ പ്രശംസിച്ച അനന്തപത്മനാഭന് ജയറാം നൽകിയ മറുപടി സന്ദേശവും ഇതിനൊപ്പമുണ്ട്.

അനന്ത പത്മനാഭന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണരൂപം:

‘‘നമസ്കാരം അണ്ണാ, ഞാൻ കഴിഞ്ഞ ആഴ്ച പൊന്നിയിൻ സെൽവൻ കണ്ടിരുന്നു. പടവും ഗംഭീരം, അസൽ പെർഫോമൻസ്. നമ്പി എന്ന് പറയുന്നത് ശരിക്കു പറഞ്ഞാൽ മാർത്താണ്ഡവർമ്മയിലെ ഭ്രാന്തൻ ചാന്നാന്റെ ഒരു കോമിക് വേർഷനാണ്. ആ കഥാപാത്രം വരുന്ന ഏരിയയെ അങ്ങ് പ്രകാശമാനമാക്കുകയാണ്. അതുവരെയുണ്ടാകുന്ന മൂഡ് മുഴുവൻ മാറ്റി ലൈറ്റർ മൂഡിലേക്കു കൊണ്ടുവന്നത് നമ്പിയുടെ പ്രകടനമാണ്. എത്രപേർ അത് തിരിച്ചറിഞ്ഞെന്ന് അറിയില്ല. കാർത്തി ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിലും അതിൽ നമ്മൾ കണ്ടിട്ടുള്ള ബോഡി ലാംഗ്വേജ് തന്നെയാണ്. പക്ഷേ നമ്പി ചെയ്യുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂർവം മാറ്റി വച്ചിരിക്കുന്നു.

സാധാരണ എല്ലാത്തിലും ‘ഹേ’ എന്ന് പറഞ്ഞു ഞെട്ടുക, തോള് ഉയർത്തുക അങ്ങനെയൊക്കെയുള്ള സാധനങ്ങൾ ഇതിൽനിന്ന് പൂർണമായി ഒഴിവാക്കിയാണ് ചെയ്തിട്ടുള്ളത്. എനിക്ക് തോന്നുന്നു വലിയൊരു റിസേർച് ഇതിനു പിന്നിലുണ്ടെന്ന്. ഒരുപക്ഷേ പഴയ തമിഴ് പടങ്ങൾ കണ്ടിട്ടോ അല്ലെങ്കിൽ മനോധർമ്മം കൊണ്ട് ചെയ്തതോ ആകാം. എന്തായാലും അതിഗംഭീരമായി. ഇങ്ങനെയൊരു വേഷം ചെയ്യുമ്പോൾ പെട്ടെന്ന് അതിനാടകീയതയിലേക്ക് വന്നേക്കാം. അത് ഒട്ടും വരാതെ കറക്റ്റ് ബാലൻസ് ആയിട്ടുണ്ട്. ഞാൻ മലയാളത്തിലാണ് കണ്ടത്. തമിഴ് ഡബ്ബിങ് മലയാളത്തിൽ കാണുമ്പോൾ നമുക്ക് മടുക്കും. പക്ഷേ ഇത് അങ്ങനെ തോന്നുന്നതേയില്ല. ഞാനും മകനുമൊക്കെ പോയി കണ്ടപ്പോൾ അവൻ ഇരുന്നു ചിരിക്കുകയായിരുന്നു.

അതിഗംഭീരമായ അഭിനയം. എനിക്ക് തോന്നുന്നു തെന്നാലിക്ക് ശേഷം ഇപ്പോഴാണ് തമിഴിൽ ഇങ്ങനെ ഒരു മുഴുനീള ഹാസ്യ കഥാപാത്രം ചെയ്യുന്നതെന്ന്. പടം അസൽ ആയിട്ടുണ്ട് ഇതാണ് ബ്രഹ്മാണ്ഡം. ബ്രഹ്മാണ്ഡം ആകണമെങ്കിൽ ഒരു ക്ലാസ് വേണം ചുമ്മാ ബാഹുബലി, ആർആർആർ, കെജിഎഫ് അതുപോരാ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അസ്സല്‍ വർക്ക്. ശരിക്കും ഒരു തൃശൂർ പൂരം കണ്ടതിന്റെ ഫീൽ ഉണ്ട്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. എന്താണ് നമ്പി, അയാൾ ഇപ്പോഴും ഒരു പ്രഹേളിക ആണല്ലോ. അയാൾ അവധൂതനാണോ, ദൈവത്തിന്റെ പ്രതിപുരുഷനാണോ എന്നറിയാൻ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് അടുത്തതു വരട്ടെ. വളരെ വളരെ ഗംഭീരമായിരുന്നു’’.

ജയറാമിന്റെ മറുപടി:

‘‘നന്ദി പപ്പൻ. ഞാൻ ഒരു സിനിമ ചെയ്തിട്ട് പഴ്‌സനൽ ആയി എന്നെ വിളിച്ച ആളുകളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും. രജനികാന്ത് തൊട്ട് ഇങ്ങോട്ട്, അല്ലെങ്കിൽ മറ്റു ഭാഷകളിൽനിന്ന് നിത്യേന അഭിനന്ദനങ്ങൾ വരികയാണ്. എന്റെ വീട്ടിൽ ഇത്രയും ബൊക്കെയും പൂക്കളും ഇന്നേവരെ ഇങ്ങനെ കൊടുത്തയച്ചിട്ടില്ല. നമ്പി ആഴത്തിൽ ജനങ്ങളിലേക്ക് എത്തി. പപ്പൻ പറഞ്ഞതു ശരിയാണ് ഞാൻ കുറെ ഹോംവർക് ചെയ്തിട്ടാണ് ചെയ്തത്. ഇത് ആ ബുക്കിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതിനു മുൻപ് നാടകമായി ചെയ്തപ്പോഴുമെല്ലാം വന്തിയത്തേവൻ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ആഴ്‌വാർകടിയൻ നമ്പി. അയാൾ സ്പൈ ആണ്, അയാൾ ടെറർ ആണ്. അയാൾ ടെറർ ആണെന്ന് കാണിക്കുന്ന വളരെ മനോഹരമായ ഒരു സീൻ ഉണ്ടായിരുന്നു.

ആ രഥം വെള്ളത്തിനടിയിൽ പോയതിനു ശേഷം ഉയർന്നു വന്നിട്ടുള്ള ഒരു ഫൈറ്റ് ഇല്ലേ, അതിൽ വടിയിൽനിന്ന് വാള് വലിച്ചൂരി നമ്പിയാണ് എല്ലാവരെയും കുത്തുന്നത്. പക്ഷേ ആ സീൻ കാണിച്ചാൽ ചില ഇഷ്യൂ വരാൻ സാധ്യതയുടെന്നു പറഞ്ഞു അത് കട്ട് ചെയ്തുകളഞ്ഞു. നമ്പിയുടെ ഒരുപാട് സീനുകൾ കട്ടായി പോയി. പൊന്നിയിൻ സെൽവൻ രണ്ടാംഭാഗത്തിൽ ഇതിലും ഗംഭീരമാണ്. ഒരുപാട് ശ്രദ്ധിച്ചു ചെയ്തതാണ്. അതുകൊണ്ടാണ് പപ്പൻ പറഞ്ഞതുപോലെ മറ്റു ചേഷ്ടകൾ ഒന്നും വരാതെയിരുന്നത്. എന്തായാലും നന്ദിയുണ്ട്. തമിഴ് വേർഷൻ കൂടി ഒന്ന് കണ്ടുനോക്കുക. പണ്ടത്തെ തമിഴാണ് സംസാരിച്ചിരുന്നത്. തമിഴ് കാണുന്നതായിരിക്കും കുറച്ചുകൂടി ഭംഗി. ഒന്ന് കണ്ടു നോക്കണേ. ഒരുപാട് സന്തോഷമുണ്ട്, അമ്മയോട് അന്വേഷണം പറയണം. ഞാൻ ഇങ്ങനെ നമ്പിയുടെ വിജയം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷപ്പെട്ടേനെ. അദ്ദേഹം കൊണ്ടുവന്ന ഒരാള്‍ മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷവും എന്തെങ്കിലുമൊക്കെ ചെയ്തു നിൽക്കുന്നില്ലേ, നന്നായി എന്ന് ആൾക്കാരെകൊണ്ടു പറയിക്കുന്നില്ലേ. സാർ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷിക്കുമായിരുന്നു. സാറിന്റെ ആത്മാവ് മുകളിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാകും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com