ADVERTISEMENT

മമ്മൂട്ടിയുടെ, പരീക്ഷണ സ്വഭാവമുള്ള ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തിന്റെ പേരിൽ നിരൂപക-പ്രേക്ഷക പ്രശംസ നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. ഒരേ സമയം നായകനായും പ്രതിനായകനായും വേഷപ്പകർച്ച നടത്തുന്ന ലൂക്ക് ആന്റണി തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. അതേസമയം സിനിമയ്ക്കു വേണ്ടി സംവിധായകൻ നിസാമും അണിയറ പ്രവർത്തകരും നടത്തിയ കാസ്റ്റിങ്ങിന്റെ കൂടി പേരിൽ ചർച്ച ചെയ്യേണ്ട ചിത്രമാണ് റോഷാക്ക്. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയും പിന്നീട് താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോകുകയും ചെയ്ത അഭിനേതാക്കളുടെ തിരിച്ചു വരവിനു കൂടി സാക്ഷിയാകുകയാണ് ഈ സിനിമ.

സീതാമ്മ

ക്യാരക്ടർ റോളുകളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ബിന്ദു പണിക്കർ. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമായപ്പോഴും താരതമ്യേന ചെറിയ വേഷങ്ങളാണ് ബിന്ദുവിനെ തേടിയെത്തിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബിന്ദു. റോഷാക്കിൽ സീതയെന്ന അമ്മ കഥാപാത്രത്തെയാണ് ബിന്ദു അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിലേറെ അടരുകളുള്ള കഥാപാത്രം. നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെ സൂക്ഷ്മാഭിനയത്തിലൂടെ അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് ബിന്ദു പണിക്കർ. നിസ്സഹായത, പക, കുടിലത, അഭിമാനബോധം തുടങ്ങി ഒട്ടേറെ ഭാവങ്ങൾ മിന്നി മറയുന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ സ്ക്രീനിലേക്കു പകർത്തിവയ്ക്കുന്നുണ്ട് ബിന്ദു. പ്രവചനാതീതമായ ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് സീതാമ്മ എന്ന കഥാപാത്രം പുരോഗമിക്കുന്നത്. മലയാളികൾ കണ്ടു ശീലിച്ച സർവംസഹയായ ‘പൊന്നമ്മ’ കഥാപാത്രങ്ങളിൽ നിന്നു വേറിട്ടു സഞ്ചരിക്കുന്ന കഥാപാത്രം കൂടിയാണ് സീതാമ്മ.

bindhu-panicker-2

പൊലീസ് ഓഫിസർ അഷ്റഫ്

നായകനായും കോമഡിവേഷങ്ങളിലും ഏറെക്കാലം തിളങ്ങിയ താരമാണ് ജഗദീഷ്. സിനിമയിൽ ഇടക്കാലത്ത് അവസരങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം മിനിസ്ക്രീനിലേക്കു ചുവടുമാറ്റിയിരുന്നു. അവതാരകനായി പേരെടുത്ത അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായപ്പോഴും താരതമ്യേന ചെറിയ വേഷങ്ങളാണ് തേടിയെത്തിയത്. ഏറെ നാളിനു ശേഷം ജഗദീഷിനെ തേടിയെത്തിയ മുഴുനീള വേഷമാണ് റോഷാക്കിലെ സിവിൽ പൊലീസ് ഓഫിസർ അഷ്റഫ്. സിനിമയുടെ കഥാഗതിയിൽ വഴിത്തിരിവാകുമെന്ന പ്രതീതി ജനിപ്പിക്കുന്ന, അൽപം മിസ്റ്റീരിയസ് ഷെയ്ഡുള്ള കഥാപാത്രമാണ് സിപിഒ അഷ്റഫ്. ജഗദീഷ് ക്യാരക്ടർ വേഷങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഇവിടെയും അദ്ദേഹം പതിവ് തെറ്റിക്കുന്നില്ല. ലീലയിലെ തങ്കപ്പൻ നായർക്കു ശേഷം ജഗദീഷിനു ലഭിച്ച മികച്ച ബ്രേക്കുകളിലൊന്നാണ് ഈ വേഷം. സംഭാഷണങ്ങളെക്കാൾ ഭാവങ്ങൾ കൊണ്ടു പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന കഥാപാത്രമാണ് അഷ്റഫ്.

jagadish-32

മരുമകൻ ശശാങ്കൻ

മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് എത്തിപ്പെട്ട ഒട്ടേറെ കലാകാരൻമാരുണ്ട് മലയാള സിനിമയിൽ. അതിൽ നല്ലൊരു ശതമാനവും സിനിമയിൽ തങ്ങളുടേതായ ഒരു ഇടം കണ്ടെത്തി. എന്നാൽ കോട്ടയം നസീറിന്റെ കാര്യം മറിച്ചാണ് മിമിക്രി, കാരിക്കേച്ചർ ഷോകളിലൂടെ അരങ്ങ് വാണിരുന്ന നസീർ സിനിമയിലേക്കു എത്തിയപ്പോൾ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ചെറുതും വലുതുമായി ഒട്ടേറെ സിനിമകളുടെ ഭാഗമായപ്പോഴും നടനെന്ന നിലയിൽ പേരെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കോട്ടയം നസീറിലെ യഥാർഥ നടനെ പുറത്തെടുക്കുന്ന ചിത്രമാണ് റോഷാക്ക്. കുടിലതയും കൗശലവും കൈമുതലാക്കിയ ഒരു കുടുംബത്തിലെ മരുമകന്റെ വേഷത്തിലാണ് നസീറിന്റെ ശശാങ്കൻ എന്ന കഥാപാത്രം എത്തുന്നത്. ചിലപ്പോഴൊക്കെ കുടുംബത്തിന്റെ ഹീന കൃത്യങ്ങൾക്കൊപ്പം നിൽക്കുകയും മറ്റു ചിലപ്പോൾ നിസ്സഹായനായി സ്വയം ഉരുകുകയും പശ്ചാത്താപം കൊണ്ടു നീറുകയും ചെയ്യുന്ന ശശാങ്കൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ കോട്ടയം നസീർ ഗംഭീരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലച്ചിത്ര കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നെന്നു നിസ്സംശയം പറയാം.

kottayam-nazeer-45

സുജാതയുടെ അച്ഛൻ

കിരീടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് മോഹൻരാജ് എന്ന സാക്ഷാൽ കീരിക്കാടൻ ജോസ്. ഒരർഥത്തിൽ മോഹൻരാജിന്റെ ഭാഗ്യവും നിർഭാഗ്യവും കീരിക്കാടൻ ജോസ് തന്നെയാണെന്നു പറയാം. കീരിക്കാടൻ ജോസിനു മികച്ച പ്രതികരണങ്ങൾ ലഭിച്ചെങ്കിലും അതിനു തുടർച്ചകളുണ്ടായില്ല. സിനിമയിൽ സജീവമാകുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് വകുപ്പിലെ ജോലി രാജിവച്ച മോഹൻരാജിനു കിരീടത്തിനു ശേഷം മികച്ച ബ്രേക്കുകളൊന്നും ഉണ്ടായില്ല. ചെറിയ നെഗറ്റീവ് റോളുകൾ മോഹൻരാജിനെ തേടിയെത്തിയെങ്കിലും കീരിക്കാടനു മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം അദ്ദേഹത്തിന് ഇനിയും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നസീർ, ജഗദീഷ്, ബിന്ദു പണിക്കർ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ മോഹൻരാജിനു റോഷാക്ക് സിനിമയിൽ സ്ക്രീൻ സ്പേസ് കുറവാണ്.

bindhu-panicker-main

ഗ്രേസ് ആന്റണി അവതരിപ്പിക്കുന്ന സുജാത എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷത്തിലാണ് മോഹൻരാജ് എത്തുന്നത്. മോഹൻരാജിനു പരിചിതമില്ലാത്ത ഒരു ജോണറാണ് സിനിമയിൽ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. ബിന്ദുവും നസീറും ജഗദീഷും കോമഡിയിൽനിന്ന് മാറി സീരിയസ് റോളുകളാണ് സിനിമയിൽ ചെയ്തിരിക്കുന്നതെങ്കിൽ മോഹൻരാജ് നെഗറ്റീവ് സ്വഭാവമുള്ള സ്ഥിരം പരുക്കൻ വേഷത്തിൽനിന്ന് മാറി നർമത്തിനു പ്രധാന്യമുള്ള വേഷമാണ് ചെയ്തിരിക്കുന്നത്.

jagadish-3

ആയ കാലത്ത് തെരുവു ചട്ടമ്പിയായി വിലസി ഇപ്പോൾ ‘റിട്ടയേർഡ് ഹർട്ടായി’ വീട്ടിലിരിക്കുകയാണ് മോഹൻരാജിന്റെ കഥാപാത്രം. സർവസമയവും ടിവിയിൽ ഗുസ്തി മത്സരം കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രം അപ്രതീക്ഷിതമായ കൗണ്ടറുകളിലൂടെയാണ് കയ്യടി നേടുന്നത്. വളരെ കുറച്ചു സീനുകൾ മാത്രമേ ലഭിച്ചുള്ളുവെങ്കിലും കിട്ടിയ അവസരം മികച്ചതാക്കി മാറ്റാൻ മോഹൻരാജിനു കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയിലെ നടനെ വീണ്ടും പരീക്ഷണ വിധേയമാക്കുകയും ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസീർ, മോഹൻരാജ് എന്നീ അഭിനേതാക്കളുടെ യഥാർഥ പ്രതിഭയെ പുറത്തെടുക്കുകയും ചെയ്ത നിസാം ബഷീറിനും സഹപ്രവർത്തകർക്കും തീർച്ചയായും അഭിമാനിക്കാം. ഈ അഭിനേതാക്കളുടെ അവിസ്മരണീയമായ പ്രകടനങ്ങളുടെ കൂടി തുകയാണ് റോഷാക്കിന്റെ ഗംഭീര വിജയമെന്നു പറയാതെ വയ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com