ADVERTISEMENT

സിനിമ റിലീസ് ചെയ്തതുപോലും ഔദ്യോഗികമായി അറിയാക്കാതെ എങ്ങനെയാണ് ചിത്രത്തിനു വേണ്ടി സഹകരിക്കുന്നതെന്ന് നടൻ വിനു മോഹൻ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയുടെ പ്രമോഷനു വേണ്ടി വിനു മോഹൻ ഉൾപ്പടെയുള്ള താരങ്ങൾ സഹകരിക്കുന്നില്ലെന്ന പരാതിയുമായി സംവിധായകൻ വിനോദ് നെട്ടത്താന്നി രംഗത്തുവന്നിരുന്നു. ഈ ആരോപണത്തിനു മറുപടി പറയുകയായിരുന്നു വിനു.

 

‘‘ഈ സിനിമയുടെ ചീഫ് അസോഷ്യേറ്റ് ആയിരുന്ന വിൻസെന്റ് വഴിയാണ് ഞാൻ ആ സിനിമയിലേക്ക് എത്തുന്നത്. വിനോദ് നെട്ടതാന്നി എന്ന സംവിധായകനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് നിർമാതാവിന്റെ ഭാഗത്തുനിന്നുള്ള ഒരാളെന്ന നിലയിലാണ്. പിന്നീടാണ് അദ്ദേഹമാണ് സംവിധായകൻ എന്ന് ഞാൻ അറിയുന്നത്. കോവിഡിനു മുൻപ് ഷൂട്ട് ചെയ്ത ചിത്രമാണത്. ഞാൻ അതിലൊരു നാല് ദിവസമാണ് വർക്ക് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തെ സംബന്ധിച്ച് നായകനും നായികയും വില്ലനും ഒക്കെ പുതുമുഖങ്ങളാണ്. കുട്ടികളുടെ പ്രായത്തിൽ നിന്നു തുടങ്ങി പിന്നീട് അവരുടെ കൗമാരകാല കഥ പറയുന്ന തരത്തിലുള്ള ഒരു നരേഷൻ ആണ് സിനിമയും. ആ നരേഷൻ പറയുന്നൊരു രംഗത്തിനു വേണ്ടിയാണ് ഞാനും വിദ്യയും അഭിനയിച്ചത്. വിദ്യ അതിലഭിനയിക്കാൻ തന്നെ കാരണം ആ സമയത്ത് ആ വേഷം ചെയ്യാനിരുന്ന അഭിനേത്രിക്ക് വരാൻ കഴിയാതായതോടെയാണ്. അവരെല്ലാം നിർബന്ധിച്ചു കൊണ്ടാണ് അന്ന് വിദ്യ അഭിനയിച്ചതും. വിദ്യ തമിഴിൽ അഭിനയിക്കുന്നത് കൊണ്ട് അന്ന് ഡേറ്റിനൊക്കെ പ്രശ്നമുണ്ടായിരുന്നു. ആ ഒരു കാരണം കൊണ്ട് ഷൂട്ട് മുടങ്ങേണ്ട എന്ന് കരുതി അവസാനം അഭിനയിക്കുകയായിരുന്നു.

 

കഥ പറഞ്ഞപ്പോൾ ആ പ്ലോട്ടിൽ ഒരു രസം തോന്നി. കുറെ പുതിയ ആളുകൾ ചെയ്യുന്ന സിനിമ. പിന്നെ ഞാൻ അതിൽ ഡബ്ബും ചെയ്തിട്ടില്ല, കാരണം ഒരു ഊമയുടെ ക്യാരക്ടർ ആണ്. ആറുമാസം മുൻപേയാണ് പ്രമോഷന് വേണ്ടി എന്നെ അദ്ദേഹം സമീപിച്ചിട്ടുള്ളത്. അന്ന് അദ്ദേഹം എന്റെ അടുത്ത് വന്ന് ടീസറും ട്രെയിലറും കാണിച്ചിരുന്നു. ഞാനപ്പോൾ എന്റെ കുറച്ച് സജഷൻസും പങ്കുവച്ചിരുന്നു. ഷൂട്ട് അല്ലാത്ത സമയത്താണെങ്കിൽ പ്രമോഷനുവേണ്ട എല്ലാ സഹായവും ചെയ്യാം എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓൺലൈൻ വാർത്തകൾ അയക്കാറുണ്ടായിരുന്നു. അതല്ലാതെ എനിക്ക് മറ്റ് റെസ്പോൺസ് ഒന്നും കിട്ടിയിരുന്നില്ല. പടം ഇറങ്ങിയത് ഔദ്യോഗികമായി എന്നെ ഇപ്പോഴും അറിയിച്ചിട്ടില്ല. പടം റിലീസ് ചെയ്തതുപോലും ഞാൻ അറിഞ്ഞിട്ടില്ല. പിന്നെ എന്താണ് അദ്ദേഹം ഇങ്ങനെ പറയുന്നത് എന്നൊന്നും അറിയില്ല. പിന്നെ വല്യച്ഛൻ മരിച്ചിട്ട് രണ്ടുമൂന്നു ദിവസമായി. ഞാൻ അതിന്റെ തിരക്കിലുമായിരുന്നു.’’–വിനു മോഹന്‍ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com