ADVERTISEMENT

മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നിർമാതാവും നടനുമായ ജോളി ജോസഫ്. ചിത്രത്തിൽ ഹരിയാനക്കാരനായ പവൻ ചാഹർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജോളി അഭിനയിച്ചത്. മോൺസ്റ്റർ എന്ന ചിത്രം ഗംഭീരകലാകാരിയായ ഹണി റോസ് എന്ന പ്രതിഭാശാലിയുടേതാണെന്നും ജോളി പറയുന്നു.

ജോളി ജോസഫിന്റെ വാക്കുകൾ:

സാക്ഷാൽ എംടി സാറിന്റെ തിരക്കഥയിൽ പ്രശസ്ത സംവിധായകൻ ജയരാജ് സർ ചെയ്യുന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചത് ചെങ്ങായിയായ നടൻ കൈലാഷിനായിരുന്നു. എംടി സാറ് അവന് അനുഗ്രഹിച്ചു നൽകിയ രണ്ടാമത്തെ വേഷം. അതിന്റെ ചർച്ചകൾക്കായി കൊച്ചിയിൽനിന്നു പുറപ്പെട്ട അവന്റെ വണ്ടിയിൽ കിളിയായി ഞാനും കോട്ടയത്തേക്കു പുറപ്പെട്ടു. എഴുത്തുകാരനും പ്രഭാഷകനും ചലച്ചിത്ര നിരൂപകനും സംവിധായകനും എംജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രഫസറുമായ അജു കെ. നാരായണൻ എന്ന ഞങ്ങളുടെ സ്വന്തം അജുമാഷിനെ വീട്ടിൽ പോകാൻ വിടാതെ യൂണിവേഴ്സിറ്റിയിൽനിന്നു പൊക്കി വണ്ടിയിലിട്ട്‌ ജയരാജ് സാറിന്റെ വീട്ടിലേക്കു വിട്ടു. പിന്നെ എന്നും ഓർക്കാൻ കഴിയുന്ന ഒരുപാടു കാര്യഗൗരവ ചർച്ചകൾക്കു ശേഷം പിറ്റേ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്ന കൈലാഷ് തനിയെ കൊച്ചിയിലേക്കു പോയി.

ചുമ്മാ മിണ്ടാനും പറയാനും ജയരാജ് സാറുമായി രാത്രി ഭക്ഷണത്തിനു കൂടാനും വേണ്ടി ഞാനും അജുമാഷും കോട്ടയത്ത് ഹോട്ടലിൽ മുറിയെടുത്തു. എന്റെ അന്തരീക്ഷം മലിനമാവാതിരിക്കാൻ വേണ്ടി മാത്രം കറുത്ത വാണിജ്യചിഹ്നം പതിച്ച സാനിറ്റൈസർ പൊട്ടിക്കാൻ തുടങ്ങുമ്പോഴേക്കും ഫോണിൽ പ്രശസ്ത തിരക്കഥാകൃത്തും ചെങ്ങായിയുമായ ഉദയ് കൃഷ്ണയുടെ വിളി. ‘അത്യാവശ്യമായി കൊച്ചിയിൽ എത്തണം, വളരെ സീരിയസായ കാര്യമാണ്.’ പെട്ടെന്നുള്ള വിളിയിൽ ഭയന്നെങ്കിലും, നടന്നു കൊണ്ടിരിക്കുന്ന സിനിമയിൽ നടിക്കാമെന്നേറ്റ നടന് കോവിഡ് ആയതിനാൽ വൃത്തികെട്ട പൊലീസ് വേഷത്തിന് ‘മണ്ടൻ’ മുഖമുള്ള എന്നെ വേണമെന്ന ആവശ്യത്തിന് സമ്മതം മൂളുകയും, സാനിറ്റൈസർ അടിക്കാതെ വെറും പച്ചയായി ഹോട്ടലിൽനിന്നു ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങാൻ തുടങ്ങുമ്പോൾത്തന്നെ, ഒട്ടും തന്നെ സമയം കളയാതെ എന്നെ പൊക്കികൊണ്ടുവരാനുള്ള സിനിമാക്കാരുടെ ആജ്ഞ അച്ചട്ടം നിറവേറ്റി കയ്യടി വാങ്ങാനുള്ള ദൗത്യവുമായി, കൊച്ചിയിലേക്ക് നേരെത്തേ പോയ കൈലാഷിന്റെ കാറ് തിരികെ വരുന്നു.

joly-honey
ജോളി ജോസഫ്, ഹണി റോസ്

എല്ലാം മനസ്സിലായി എന്നു നടിച്ച അജുമാഷ് ടാക്സി പിടിച്ച് വീട്ടിലേക്കു പോയപ്പോൾ ഞങ്ങൾ കൊച്ചിക്ക് വച്ചടിച്ചു. വണ്ടിയിൽ വെച്ചവൻ കാര്യം പറഞ്ഞു, സിനിമ മോൺസ്റ്റർ, ചെറിയ വേഷം ക്രൂരനായ ഹരിയാനക്കാരൻ പൊലീസ് ഓഫിസർ, വെറും രണ്ടു മണിക്കൂറിൽ ഷൂട്ടിങ് തീരും, ഡയലോഗ് ഒന്നുമില്ല. അവനറിയാതെ ഞാൻ മനസ്സിൽ പറഞ്ഞു, ഈ പടത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയിട്ട് വേണം ലാലേട്ടനോട് വളരെ അടുപ്പമുള്ള ഇവനെ പുകച്ച് പുറത്ത് ചാടിച്ച് അദ്ദേഹത്തോട് അടുപ്പമുണ്ടാക്കാൻ.

മട്ടാഞ്ചേരിയിൽ പടുത്തുയർത്തിയ പടുകൂറ്റൻ മാർക്കറ്റ് സെറ്റിൽ ഏകദേശം ഇരുനൂറിൽ പരം ജൂനിയർ ആർട്ടിസ്റ്റുമാരുടെ ഇടയിലൂടെ ഞങ്ങൾ ചെങ്ങായിമാരും പടത്തിന്റെ എഴുത്തുകാരൻ ഉദയ് കൃഷ്ണയുടെയും സംവിധായകൻ വൈശാഖിന്റെയും മുൻപിലെത്തി. അവർ എന്നെ അടിമുടി നോക്കിയിട്ട് അസിസ്റ്റന്റുമാരെ വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിനിടയിൽ ഗൂഢാലോചനക്കാരായ ഉദയ്‌യും കൈലാഷും സ്ഥലം കാലിയാക്കി. എന്നെ യാതൊരു പരിചയമില്ലാത്ത, കുറേ സിനിമകൾ നിർമിച്ച ആളെന്ന പരിഗണന ലവലേശം കാട്ടാത്ത മോൺസ്റ്റർ സിനിമയുടെ സാങ്കേതിക പ്രവർത്തകർ നിഷ്കരുണം എന്റെ തലമുടി വെട്ടി വെടിപ്പാക്കി, പുതിയ കുപ്പായം അണിയിപ്പിച്ച് മേക്കപ്പ് ചെയ്തു ഹരിയാനക്കാരൻ പവൻ ചാഹർ എന്ന പൊലീസ് ഓഫിസറാക്കി. പിന്നെയാണ് എന്നെ ഞെട്ടിച്ച വാർത്തയുമായി അസോഷ്യേറ്റ് ഡയറക്ടർ രംഗത്തേക്കു വന്നത്. ഡയലോഗ് ഇല്ലെന്നു കരുതിവന്ന എനിക്ക് ഹിന്ദിയിൽ അദ്ദേഹം ഡയലോഗ് തന്നു, അതും ചുരുളിയെ വെല്ലുന്ന പച്ചത്തെറികൾ.

സദാചാര കമ്മറ്റി കൂട്ടത്തിൽനിന്നു രണ്ട് പെൺകുട്ടികളെ രക്ഷിക്കാമായിരുന്നിട്ടും, അതിലൊരു പെൺകുട്ടിയെ നിർദാക്ഷിണ്യം വിവസ്ത്രയാക്കി അടിച്ച് അപമാനിച്ച ഹരിയാന പൊലീസ് ഓഫിസറായി ഞാൻ വെറ്റിലയും പാക്കും ചുണ്ണാമ്പും ചേർത്ത് അരിമണികൾ പെറുക്കിയടുക്കി. അർധനഗ്നയായി അഭിനയിക്കുമ്പോഴും വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്ന്, അതിക്രൂരതയോടെ അഭിനയിക്കാൻ കഴിയാതെ തികഞ്ഞ സങ്കോചത്തോടെ നിന്ന എന്നെ പ്രോത്സാഹിപ്പിച്ച് കൂടെ നിർത്തിയ പ്രശസ്ത നടി ഹണി റോസിന് എന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ സിനിമ അതിസുന്ദരിയായ, ഗംഭീരകലാകാരിയായ, മിടുക്കിയായ ഹണി റോസ് എന്ന അതീവ പ്രതിഭാശാലിയുടേതാണ് എന്നതാണ് വാസ്തവം.

വെറും രണ്ടുമണിക്കൂർ ഷൂട്ടിങ്ങിന് വൈകിട്ടു വന്ന ഞാൻ വീട്ടിലിലേക്കു പോയത് രാവിലെ അഞ്ചുമണിക്ക്. എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇതിനിടയിൽ നടന്നു. (ഒന്ന്) നമ്മുടെ പ്രിയങ്കരനായിരുന്ന ജോൺ പോൾ സാർ കട്ടിലിൽനിന്നു താഴെ വീണപ്പോൾ സഹായത്തിനായി എന്നെ വിളിച്ചതും ഞാൻ ഷൂട്ടിങ്ങിൽ ആയതിനാൽ കൈലാഷിനെ പറഞ്ഞുവിട്ടതും ഈ രാത്രിയിലായിരുന്നു. അതിന്മേലുണ്ടായ അദ്ദേഹത്തിന്റെ മരണവും ഞാനും കൈലാഷും കേട്ട തെറികളും ബാക്കി ചരിത്രം. (രണ്ട്) ഷൂട്ടിങ്ങിന്റെ പിറ്റേ ദിവസം എനിക്ക് മൂന്നാമത്തെ പ്രാവശ്യം കോവിഡ് വന്നു, പിന്നെ ക്വാറന്റീൻ എന്ന സുഖവാസം. (മൂന്ന് ) ആദ്യമായി ഞാനൊരു ലാലേട്ടൻ പടത്തിൽ അഭിനയിച്ചു. സിനിമയ്ക്കും ഉദയ് കൃഷ്ണയ്ക്കും വൈശാഖിനും കൈലാഷിനും സുന്ദരിക്കുട്ടി ഹണി റോസിനും എല്ലാ നന്മകളും നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com