ADVERTISEMENT

നടൻ ഗൗതം കാർത്തിക്കുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹൻ. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു. മഞ്ജിമയുമായുള്ള പ്രണയം ഗൗതവും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

 

മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഗോസിപ്പ് കോളങ്ങളിലൂടെ പ്രണയവാര്‍ത്ത പ്രചരിച്ചപ്പോള്‍ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതം അതേക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു. അഭിമുഖങ്ങളിലെല്ലാം ഇരുവരോടും പ്രണയത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. പക്ഷേ അപ്പോഴൊക്കെ ഇരുവരും ഒഴിഞ്ഞുമാറി. അവസാനം ഇരുവരും ഒരുമിച്ചുതന്നെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിക്കുകയായിരുന്നു.

 

ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. ‌അതിനു ശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ.

 

പിന്നീട് 2015ൽ നായികയായിട്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ.

 

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആർ. മുരു​ഗദോസ് നിർമിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തിൽ ​ഗൗതം കാർത്തിക്ക് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com