ADVERTISEMENT

പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കാണുമ്പോൾ കൂടെ നിന്ന് സെൽഫി എടുക്കണമെന്ന് ആഗ്രഹം തോന്നുന്ന ഒരുപാട് ആരാധകരുണ്ട്.  എന്നാൽ താരങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയും സാഹചര്യവും പലരും തിരിച്ചറിയാറില്ല. ചിലപ്പോഴൊക്കെ സെൽഫി ചോദിക്കുന്ന ആരാധകരോട് താരങ്ങൾ വികാരപരമായി പ്രതികരിക്കാറുണ്ട്. ഇങ്ങനെയൊരു സംഭവം നടി ലക്ഷ്മി പ്രിയയുടെ ജീവിതത്തിലും സംഭവിച്ചു. സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ച ആരാധകനോട് ‘ഒന്നു ശ്വാസം വിടട്ടെ’ എന്നായിരുന്നു ലക്ഷ്മി പ്രിയ മറുപടിയായി പറഞ്ഞത്. നടിയുടെ കൂടെ സെൽഫി എടുക്കാൻ സാധിക്കാതിരുന്ന ആരാധകന്‍ ഇക്കാര്യം നടിയുടെ ഫെയ്സ്ബുക്ക് പേജിൽ കമന്റ് ആയി രേഖപ്പെടുത്തുകയും ചെയ്തു. ആ ആരാധകന് ലക്ഷ്മി പ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. യാത്രാക്ലേശമനുഭവിച്ച് ഏറെ ബുദ്ധിമുട്ടി ഒരു പരിപാടിക്ക് വൈകി എത്തിയപ്പോഴാണ് അദ്ദേഹം സെൽഫി ചോദിച്ചതെന്നും ആ സാഹചര്യം കൊണ്ടാണ് അങ്ങനെ പറയാനിടയയാതെന്നും ലക്ഷ്മി പ്രിയ പറയുന്നു. നടിയുടെ മറുപടിയെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി.

 

ആരാധകന്റെ കമന്റ് ഇങ്ങനെ: ‘ഞാൻ ഒന്നു ശ്വാസം വിടട്ടെ’, ഒരു സെൽഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ മാഡത്തിന്റെ മറുപടി. കോഴിക്കോട് ടാഗോർ ഓഡിറ്റോറിയത്തിൽ ഓർമ കാണില്ല. എന്ത് സമയം നിങ്ങൾക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത്. നടൻ ഇന്ദ്രൻസേട്ടനെ കണ്ട് പഠിക്കണം, ഫോട്ടോ എടുക്കാൻ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കേഷൻ വണ്ടി വന്നു നിന്നിട്ട് അതിൽ തന്റെ ബാഗുകൾ വച്ച് കാറിൽ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കാഴ്ച്ച ഉണ്ടല്ലോ മാഡം, അതാണ് കണ്ട് പഠിക്കേണ്ടത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

 

ലക്ഷ്മി പ്രിയയുടെ മറുപടി:

 

ഡിയർ അനൂപ് ചന്ദ്രൻ, ഞാൻ ഫെയ്സ്ബുക്ക് അങ്ങനെ നോക്കാറില്ല, ഇപ്പൊ സോഷ്യൽ മീഡിയയിൽ തീരെ ആക്റ്റീവ് അല്ല. ഇതിൽ പോസ്റ്റുകൾ ഇടുന്നത് എന്റെ ഫെയ്സ്ബുക്ക് അഡ്മിൻ മനുവും എന്റെ ഭർത്താവ് ജയ് ദേവും ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കമന്റ് ഇപ്പോഴാണ് കാണുന്നത്. അതിനാലാണ് റിപ്ലൈ വൈകിയത് എന്നറിയിച്ചു കൊണ്ടു പറയട്ടെ? അന്ന് ടാഗോർ ഹാളിൽ ഞങ്ങൾ പ്രോഗ്രാമിന് ഒരുപാട് വൈകിയാണ് എത്തിയത്. അത് താങ്കൾക്കും അറിയാമല്ലോ? അതായത് 9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങൾ എത്തിയത് 8.55ന് മാത്രമാണ്. 

 

രാവിലെ 10.30ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഞങ്ങൾ ഉച്ചക്ക് ലഞ്ചിനു അര മണിക്കൂർ മാത്രമാണ് വണ്ടി നിർത്തിയത്. അതിഭീകരമായ ബ്ലോക്ക്‌ മൂലം ഒരുപാട് കഷ്ട്ടപ്പെട്ടും വഴി അറിയാതെ ഒരേ വഴി തന്നെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്. മണിക്കൂറുകളോളം വണ്ടിയിൽ ഇരുന്നും വഴിയറിയാതെ വിഷമിച്ചും സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെൻഷനടിച്ചുമാണ് ഒരുവിധം ആ സമയത്തു അവിടെ എത്തിച്ചേർന്നത്. നാലു മണിക്കെങ്കിലും എത്തും എന്ന് കരുതി അവർ അവിടെ ഹോട്ടൽ വരെ അറേഞ്ച് ചെയ്തിരുന്നു. എന്റെ കുഞ്ഞു മകൾ അടക്കം തളർന്നു പോയിരുന്നു. അങ്ങനെ ഉലകം ചുറ്റും വാലിബൻ ആയി എത്തിച്ചേർന്ന ഉടനെ ആണ് അനൂപ് കാറിൽ നിന്നു ഇറങ്ങിയ ഉടനെ എന്റെ മുന്നിൽ വന്നത്.

 

ശരിക്കും തല കറങ്ങിയത് കൊണ്ടാണ്, ‘‘ഞാനൊന്നു ശ്വാസം വിടട്ടെ’’ എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളിൽ കയറി 5 മിനിറ്റിന്റെ ഉള്ളിൽ പരിപാടി അവസാനിക്കുകയും ചെയ്തു. ശേഷം അവിടെ ഉള്ള എന്റെ അടുത്ത് ഫോട്ടോ എടുക്കാൻ വന്ന എല്ലാവർക്കുമൊപ്പം ഞാൻ ഫോട്ടോ എടുക്കാൻ നിന്നിട്ടുമുണ്ട്. താങ്കൾക്ക് മനസ്സിലായി കാണും എന്ന് കരുതുന്നു. എങ്കിലും താങ്കൾക്ക് എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായി എങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com