ADVERTISEMENT

സിനിമയെപ്പറ്റിയുള്ള പ്രേക്ഷകരുടെ വിമർശനങ്ങൾ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നു വിനീത് ശ്രീനിവാസൻ. ഹൃദയം എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ചില വിമർശനങ്ങൾ കണ്ടപ്പോൾ പ്രേക്ഷകർ പറഞ്ഞത് ശരിയാണല്ലോ എന്നാണു തോന്നിയത്. ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടാണ്. സോഷ്യൽ മീഡിയയിലെ ചർച്ചകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അത്തരം ചർച്ചകൾ ഒരുപാട് സഹായിക്കാറുണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു വിനീത്.

‘‘ഓരോ കാര്യത്തെപ്പറ്റിയും ഓരോരുത്തർക്ക് ഓരോ കാഴ്ചപ്പാടാണ്. നമ്മുടെ പടം ഇറങ്ങിക്കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞാകും വിഡിയോ, പ്രിന്റ് നിരൂപണങ്ങൾ ശ്രദ്ധിക്കുക. അതൊക്കെ കാണുമ്പോൾ കുറെ കാര്യങ്ങൾ മനസ്സിലാകാറുണ്ട്. ഹൃദയം എന്ന എന്റെ സിനിമയിൽ രണ്ടാം പകുതി കഴിയുമ്പോൾ നായക കഥാപാത്രത്തിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറെ കുട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. പത്തിരുപത്തിയെട്ട് വയസ്സിൽ ഇയാൾക്ക് വീണ്ടും ഒരാളെ കാണുമ്പോൾത്തന്നെ പ്രേമം ഉണ്ടാകുന്നോ എന്നായിരുന്നു അവരുടെ വിമർശനം. അതു കേട്ടപ്പോൾ ഞാനും അത്തരത്തിൽ ചിന്തിച്ചു. ഇരുപത്തിയെട്ടു വയസ്സായ ഒരാൾ അങ്ങനെ ചിന്തിക്കുന്നതിൽ ഒരു പ്രശ്നമുണ്ടെന്ന് എനിക്കും തോന്നി.

സോഷ്യൽ മീഡിയ ചർച്ചകൾ ശ്രദ്ധിക്കുന്നതുകൊണ്ട് എനിക്ക് അങ്ങനെ ഒരുപാടു ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. മലർവാടി എന്ന സിനിമ ചെയ്യുമ്പോൾ ഓർക്കുട്ട് സജീവമായ സമയമാണ്. അതിൽ ഒരുപാടു സിനിമാ ചർച്ചകൾ നടക്കാറുണ്ട്. അതൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഒരു ഓഡിയൻസ് കൂടി ഉണ്ട് എന്ന ഓർമ മനസ്സിൽ വച്ചുകൊണ്ടു മുന്നോട്ടുപോകാൻ അതു സഹായിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ഇങ്ങനെയൊരു കഥാപാത്രം വേണ്ട എന്ന തീരുമാനമെടുക്കാൻ ഇത്തരത്തിലുള്ള വിമർശനങ്ങൾ സഹായിച്ചിട്ടുണ്ട്. സിനിമ ഇറങ്ങുന്ന സമയത്ത് മോശം റിവ്യൂ കാണുമ്പോൾ വിഷമം തോന്നുമെങ്കിലും പിന്നീട് അത് ഗുണം ചെയ്യുകയേ ഉള്ളൂ. കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകൾക്ക് വിമർശിക്കാം. ഓരോ ആളിനും ഇക്കാര്യത്തിൽ ഓരോ കാഴ്ചപ്പാടുണ്ടാകും. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്.’’– വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com