ADVERTISEMENT

നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. ആരെയും പെട്ടെന്ന് അംഗീകരിച്ചു കൊടുക്കില്ല. സിനിമാലോകത്താണ് ഈ പ്രവണത കൂടുതലായും കണ്ടു വരുന്നത്. പ്രത്യേകിച്ചു മലയാള സിനിമയിൽ. ഇവിടുത്തെ ആർട്– മധ്യവർത്തി സിനിമകളെടുക്കുന്ന ബുദ്ധിജീവികൾക്ക് കമേഴ്സ്യൽ സിനിമകൾ ചെയ്യുന്ന നിർമാതാക്കളെയും സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുമൊക്കെ പുച്ഛമാണ്. ജനപ്രിയ സിനിമകളിലൂടെ ഓരോ കോപ്രായം കാണിച്ച്, പണംവാരി ചിത്രങ്ങളെടുക്കുന്നത് മലയാള സിനിമയ്ക്കg തന്നെ അപമാനകരമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഇവരുടെ ആർട് സിനിമകൾ കാണാൻ ആരും വരാത്തതുകൊണ്ട് കച്ചവട സിനിമയെടുക്കുന്നവരെ പഴിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പൈസ മുടക്കുന്ന നിർമാതാവിനു മുതൽമുടക്ക് തിരിച്ചു കിട്ടുന്ന പടമെടുക്കുന്ന സംവിധായകരെ കുറ്റപ്പെടുത്തുന്നതാണ് എനിക്കg മനസ്സിലാകാത്തത്. ഈ ജനുസ്സിൽ പെട്ട സംവിധായകരിൽ ഏറ്റവും കൂടുതൽ ആരോപണം കേട്ടിട്ടുള്ളത് ജനപ്രിയ സംവിധായകനായ ശശികുമാർ സാറിനെക്കുറിച്ചാണ്. അദ്ദേഹത്തെക്കുറിച്ച് ഈയിടെ എന്നെ കാണാൻ വന്നൊരു ന്യൂജൻ സംവിധായകൻ കൂടി ഇങ്ങനെ പറയുന്നത് കേട്ടപ്പോൾ ശശികുമാർ സർ ആരാണെന്നും അദ്ദേഹം മലയാള സിനിമയ്ക്കു നൽകിയ സംഭാവനയെന്താണെന്നും പ്രേക്ഷകരെ ഒന്നു ബോധ്യപ്പെടുത്തണമെന്ന് എനിക്കു തോന്നി.

1927 ഒക്ടോബർ 14 നാണ് ശശികുമാർ എന്ന വർക്കി ജോണിന്റെ ജനനം. 2014 ജൂലൈ 17 നാണ് അദ്ദേഹം യാത്രയായത്. ഇതിനിടയിൽ, എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും, കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ അവാർഡും അദ്ദേഹത്തെത്തേടി എത്തുകയുണ്ടായി. മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിട്ടുള്ള അനുഗൃഹീതനായ ചലച്ചിത്രകാരനാണ് ശശികുമാർ സർ. 141 ചിത്രങ്ങൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്, അതിൽ എൺപതു ശതമാനവും വൻ വിജയങ്ങളായിരുന്നു. ഇന്ത്യയിൽ മറ്റൊരു ഭാഷയിലും ഇത്രയധികം ചിത്രങ്ങൾ ചെയ്തിട്ടുള്ള മറ്റൊരു ചലച്ചിത്രകാരൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. നിത്യഹരിതനായകനായ പ്രേംനസീർ അദ്ദേഹത്തിന്റെ ചിത്രങ്ങളിലാണ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

1960 ൽ അസോഷ്യേറ്റ് ഡയറക്ടറും തിരക്കഥാകാരനും നടനുമൊക്കെയായി പ്രവർത്തിച്ചതിനു ശേഷം 1965 ൽ ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെയാണ് ശശികുമാർ സർ സ്വതന്ത്ര സംവിധായകനായത്. ആ വര്‍ഷം തന്നെ ‘ജീവിതയാത്ര’, ‘കാവാലം ചുണ്ടൻ’ എന്നീ രണ്ടു ചലച്ചിത്രങ്ങൾ കൂടി ചെയ്തു. ‘കാവാലം ചുണ്ടനി’ൽ സത്യനും മധുവുമായിരുന്നു നായകന്മാർ. വർഷങ്ങൾക്കു ശേഷം ആ സിനിമ ‘ബന്ധമെവിടെ സ്വന്തമെവിടെ’ എന്ന പേരിൽ മോഹൻലാലിനെയും ലാലു അലക്സിനെയും വച്ച് അദ്ദേഹം തന്നെ വീണ്ടും ചെയ്യുകയുണ്ടായി. ആ രണ്ടു ചിത്രങ്ങളും വൻവിജയങ്ങളായിരുന്നു. അതോടെ ശശികുമാറിനെത്തേടി നിർമാതാക്കളുടെ ഒരു പട തന്നെ എത്തി. 1966 ൽ അദ്ദേഹം ചെയ്ത ‘പെൺമക്കളിലൂടെ’യാണ് ജയഭാരതി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ജയഭാരതിക്കും അത് ഒരു വിഷുക്കൈനീട്ടം പോലെയായിരുന്നു. പിന്നെ ജയഭാരതിക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് ജയഭാരതിയും അദ്ദേഹത്തിന്റെ സ്ഥിരം നായികയായി.

lankadahanam

പി. ഭാസ്കരൻ, കെ.എസ്. സേതുമാധവന്‍, എ. വിൻസന്റ് തുടങ്ങി മലയാള സിനിമയിലെ സർഗധനരായ ചലച്ചിത്രകാരന്മാടൊപ്പമുള്ള ശശികുമാറിന്റെ കമേഴ്സ്യൽ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. കൂട്ടുകാർ, കാവാലം ചുണ്ടന്‍, ബാല്യകാലസഖി, വെളുത്ത കത്രീന, റസ്റ്റ്ഹൗസ്, ലങ്കാദഹനം, ബ്രഹ്മചാരി, തെക്കൻ കാറ്റ്, സമ്മാനം, പുഷ്പാഞ്ജലി, പത്മവ്യൂഹം, സിന്ധു, തുറുപ്പുഗുലാൻ, പാലാഴിമഥനം, ചട്ടമ്പിക്കല്യാണി, വിഷുക്കണി, ചൂള, ഇത്തിക്കര പക്കി, മദ്രാസിലെ മോൻ, യുദ്ധം, എന്റെ എന്റേതു മാത്രം, ആട്ടക്കലാശം, സ്വന്തമെവിടെ ബന്ധമെവിടെ, അഴിയാത്ത ബന്ധങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ജനപ്രിയ സംവിധായകനെന്ന പേര് നേടിയെടുത്തത്. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടീനടന്മാരായ സത്യൻ, നസീർ, മധു, ജയൻ, രതീഷ്, മോഹൻലാൽ, ശങ്കർ, ഷീല, ശാരദ, വിധുബാല, ജയഭാരതി തുടങ്ങിയ എല്ലാ താരങ്ങളെയും അണിനിരത്തി സിനിമ പിടിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു സംവിധായകൻ ഒരുപക്ഷേ ശശികുമാർ സാറായിരിക്കും. ഇതിനിടയിൽ ‘ചൂള’ എന്ന ചിത്രം അദ്ദേഹം വഴിമാറ്റ സഞ്ചാരം നടത്തിയ കലാമൂല്യമുള്ള ഒരു സിനിമയായിരുന്നു. രവീന്ദ്രൻ ആദ്യമായി സംഗീതസംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘ചൂള’.

എന്റെ യൗവനാരംഭത്തിൽ അദ്ദേഹം സംവിധാനം ചെയ്ത തൊമ്മന്റെ മക്കൾ, കാവാലം ചുണ്ടൻ, റസ്റ്റ് ഹൗസ്, ലങ്കാദഹനം, പത്മവ്യൂഹം, തുടങ്ങിയ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ കാണാൻ വേണ്ടി കൂട്ടുകാരോടൊപ്പം ക്യൂ നിന്ന് തിക്കിത്തിരക്കി ടിക്കറ്റ് കൗണ്ടറിനു മുന്നിലെത്തിയപ്പോൾ ഹൗസ്ഫുൾ ബോർഡ്. അങ്ങനെ ബ്ലാക്കിൽ ടിക്കറ്റെടുത്തു. അന്നുമുതൽ ആ ഹിറ്റ്മേക്കറെ നേരില്‍ കാണാൻ കൊതിച്ചിട്ടുള്ളവനാണ് ഞാൻ. സാധാരണക്കാരന്റെ മനസ്സറിഞ്ഞ് വിനോദത്തിനു മാത്രം പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

kavalam-chundan

പിന്നീട് ഒത്തിരി വർഷങ്ങൾക്കു ശേഷം ഒരു സ്വപ്നത്തിലെന്നപോലെ അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ എഴുതാനുള്ള ഭാഗ്യമാണ് എനിക്ക് വന്നു ചേർന്നത്. ആ നല്ല കാലത്തിന്റെ നാൾവഴികളിലേക്ക് ഒന്നു പോകാം.

ജോഷി സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രമായ ‘രക്ത’ത്തിന്റെ വിജയത്തിനു ശേഷം അതിന്റെ നിർമാതാവായ ജഗൻ പിക്ചേഴ്സ് അപ്പച്ചന്റെ പുതിയ പടമായ ‘കർത്തവ്യ’ത്തിന്റെ ജോലികളുമായി ഞാൻ മദ്രാസിൽ ചെന്നപ്പോഴാണ് ശശികുമാർ സാറിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് മുരുകാലയ സ്റ്റുഡിയോയിൽ നടക്കുന്നുണ്ടെന്നറിഞ്ഞത്. എന്റെ ദീർഘകാല ആഗ്രഹമായിരുന്നു ശശികുമാർ സാറിനെ നേരിട്ടു കാണണമെന്നതും പരിചയപ്പെടണമെന്നതും സമയം കിട്ടിയാൽ ചിത്രപൗർണമിക്കുവേണ്ടി ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ എടുക്കണമെന്നതും. അതിനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.

എന്റെ സുഹൃത്തും ചിത്രപൗർണമിയുടെ മദ്രാസ് ലേഖകനുമായ രഘുരാജ് നെട്ടൂരിനെയും വിളിച്ചുകൊണ്ട് ഞാൻ ഉടനെ മുരുകാലയ സ്റ്റുഡിയോയിലെത്തി. അവിടെ ആദ്യം എന്റെ കണ്ണുകൾ ഉടക്കിയത് വെള്ളമുണ്ടും വെള്ള ജൂബ്ബയും ധരിച്ച് ഓൾറൗണ്ടർ ആയി ഓടി നടക്കുന്ന ശശികുമാറിൽ തന്നെയായിരുന്നു. കവിയൂർ പൊന്നമ്മ നടന്നുവരേണ്ട ഒരു പൊസിഷൻ കാണിച്ചുകൊടുക്കുകയിരുന്നു അദ്ദേഹം. എടുത്തു കൊണ്ടിരിക്കുന്ന ആ സീൻ തീർന്നതിനു ശേഷം ചെന്ന് പരിചയപ്പെടാമെന്നു കരുതി ഞങ്ങൾ ഒരു മൂലയിൽ ഒതുങ്ങി നിന്നു

പത്തു മിനിറ്റു കഴിഞ്ഞ് ആ സീൻ എടുത്തതിനു ശേഷം അടുത്ത സീൻ എടുക്കാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടയിൽ ഞാനും രഘുരാജും കൂടി അദ്ദേഹത്തിനടുത്തേക്കു ചെന്നു. രഘു എന്നെ പരിചയപ്പെടുത്തി. എന്റെ പേരു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഒന്നു വികസിക്കുന്നത് ഞാൻ കണ്ടു. ഒരു ആമുഖവുമില്ലാതെ അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു: ‘‘അന്വേഷിപ്പിൻ കണ്ടെത്തുമെന്നാണല്ലോ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. ദാ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലാതെ ഇതാ ആ ആൾ തന്നെ എന്റെ മുന്നിൽ വന്നു നിൽക്കുന്നു.’’

അതുകേട്ട് ഞാനും രഘുരാജും മുഖത്തോടു മുഖം നോക്കി. അദ്ദേഹം എന്താണു പറയുന്നതെന്ന് ഞങ്ങൾക്കു മനസ്സിലായില്ല. അദ്ദേഹം തുടർന്നു: ‘‘ഞാൻ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു. ഫോൺ നമ്പർ വാങ്ങി വച്ചിരിക്കുകയാണ്.’’
അതുകേട്ട് ഞാൻ ഒന്നുകൂടി വിനയാന്വിതനായി നിന്നു.
‘‘ഞാൻ അടുത്തു ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് നിങ്ങളെക്കൊണ്ട് എഴുതിക്കണമെന്നാണ് എന്റെയും നിര്‍മാതാവായ കെ.പി.കൊട്ടാരക്കരയുടെയും ആഗ്രഹം. നിങ്ങൾക്ക് ഇപ്പോൾ തിരക്കുള്ള സമയമാണെന്ന് അറിയാം എന്നാലും ഞങ്ങളെപ്പോലെയുള്ള പഴയ സംവിധായകർക്കും നിങ്ങളുടെ സ്ക്രിപ്റ്റ് ആവശ്യമുണ്ട്’’.

padmavyuham

ശശികുമാറിന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു കൊണ്ടു പറഞ്ഞു: ‘‘സാറിനെപ്പോലെയുള്ള ഒരു ലെജൻഡ് ഇങ്ങനെയൊന്നും പറയരുത്. സാറിന്റെ സിനിമകൾ കണ്ടാണ് ഞാനൊക്കെ തിരക്കഥ എഴുതാൻ തുടങ്ങിയത്. സാർ പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും ഞാൻ സ്ക്രിപ്റ്റ് എഴുതാൻ തയാറാണ്.’’

അതുകേട്ട് അദ്ദേഹം വിശാലമായി ചിരിച്ചു കൊണ്ട് പറഞ്ഞു: ‘‘നിങ്ങളെക്കുറിച്ചു നസീറാണ് എന്നോടു പറഞ്ഞത്. നിങ്ങൾ എഴുതിയ ‘രക്ത’ത്തിൽ അഭിനയിച്ചു കഴിഞ്ഞ് നസീർ ഇവിടെ വന്നപ്പോൾ പുതിയ പടത്തെക്കുറിച്ചുള്ള ഡിസ്കഷൻ സമയത്താണ് നസീർ നിങ്ങളെക്കൊണ്ടെഴുതിക്കാൻ പറഞ്ഞത്.’’
‘‘താങ്ക്യൂ സാർ’’ അതുകേട്ട് ഞാൻ ഭവ്യതയോടെ മൊഴിഞ്ഞു.
‘‘താങ്ക്സ് പറയേണ്ടത് എന്നോടല്ല നസീറിനോടാണ്.’’ അദ്ദേഹത്തിന്റെ സംസാരത്തിലെ എളിമയും വിനയവും പക്വതയും പാകതയുമൊക്കെ കണ്ട് ഞാൻ നമിച്ചു നിൽക്കുകയാണ്.

അൽപനേരം കൂടി പുതിയ സിനിമയുടെ കഥയും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു. ഇറങ്ങാൻ നേരത്ത് ചിത്രപൗർണമിക്കു വേണ്ടി ഇന്റർവ്യൂ തരുന്ന കാര്യം സൂചിപ്പിച്ചപ്പോൾ ബ്രേക്ക് ടൈമിൽ ആകാമെന്ന് അദ്ദേഹം പറഞ്ഞു. ബ്രേക്ക് ടൈം ആയപ്പോൾ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ എടുത്തുകൊണ്ടാണ് ഞങ്ങൾ തിരിച്ചു പോയത്. വൈകുന്നേരമായപ്പോൾ പുതിയ ചിത്രത്തിന്റെ നിർമാതാവ് കെ.പി. കൊട്ടാരക്കര മുറിയിൽ വന്ന് സ്ക്രിപ്റ്റിനെക്കുറിച്ച് സംസാരിച്ച ശേഷം ഒരു ടോക്കൺ അഡ്വാൻസും തന്നു.
പോകാൻ നേരം അദ്ദേഹം പറഞ്ഞു: ‘‘ഒരുകണക്കിന് നിങ്ങൾ വലിയൊരു ഭാഗ്യവാനാണ്. എന്റെ പുതിയ ചിത്രത്തിലും നസീറും മധുവുമാണ് നായകന്മാർ. ഇതുപോലെയൊരു അവസരം മറ്റൊരു റൈറ്ററിനും കിട്ടിക്കാണുമെന്നു തോന്നുന്നില്ല.’’

അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ എനിക്കു വലിയ അഭിമാനമാണ് തോന്നിയത്. മലയാളത്തിലെ രണ്ടു സൂപ്പർ നടൻമാർ ഒരുമിച്ച് വീണ്ടും ഒരു ചിത്രം ചെയ്യാൻ പോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെയാണ് ശശികുമാർ സാറിന്റെ ‘യുദ്ധം’ എന്ന സിനിമ ഞാൻ ചെയ്യുന്നത്. കെ.ആർ. വിജയയും ജയപ്രഭയുമായിരുന്നു മധുവിന്റെയും നസീറിന്റെയും നായികമാർ.

ഇതിനു ശേഷം 1987 ലാണ് പിന്നീട് ഞാൻ അദ്ദേഹത്തിനു വേണ്ടി ഒരു സ്ക്രിപ്റ്റ് എഴുതുന്നത്. മോഹൻലാലും കാർത്തികയുമായിരുന്നു നായകനും നായികയും. ലാലിന്റെ മകളായി അഭിനയിച്ചത് ബേബി ശാലിനിയായിരുന്നു. എറണാകുളത്ത് എംജി റോഡിലുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ട്. അന്ന് ഉച്ചകഴിഞ്ഞ് ഞാൻ ശശികുമാർ സാറിനെ കാണാൻ ലൊക്കേഷനിൽ ചെന്നു. മോഹൻലാലും കാർത്തികയും തമ്മിലുളള ഒരു സീൻ എടുത്തുകൊണ്ടിരിക്കുകയായിരുന്ന ശശികുമാർ സാർ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു: ‘‘ജോഷിയുടെ ഷൂട്ടിങ് സ്ഥലത്തു മാത്രം പോയാൽ പോരാ, ഇടയ്ക്ക് എന്റെ ലൊക്കേഷനിലുമൊക്കെ ഒന്നു വരണം അസ്സേ.’’
നസീർ സാറിനെപ്പോലെ തന്നെ അദ്ദേഹവും എന്നെ ‘‘അസ്സേ’’ എന്നാണ് വിളിച്ചിരുന്നത്. എടുത്തുകൊണ്ടിരുന്ന സീൻ കഴിഞ്ഞപ്പോൾ ഞാൻ സാറിനോട് ചോദിച്ചു: ‘‘ഇനി എങ്ങോട്ടാ സാറേ ഷിഫ്റ്റ്?’’
‘‘ഷിഫ്റ്റൊന്നുമില്ല. ഇവിടെത്തന്നെയാണ് എടുക്കാൻ പോകുന്നത്. ഷിഫ്റ്റ് ചെയ്യാൻ പോയാൽ സമയം ഒത്തിരി പോകും.’’

അതുകേട്ട് മോഹൻലാലും ഞാനും ചിരിച്ചു. ശശികുമാർ സാർ എന്നെ വിളിച്ച് ആ വീടിന്റെ മൂലയിലുള്ള ഒരു ചെറിയ മുറിയിലേക്കു കൊണ്ടുപോയി. ആ മുറിയിൽ ഒരു പശുവിനെ കെട്ടിയിട്ടുണ്ട്. കൂടെ ഒരു ചെമ്പിൽ കാടിവെള്ളവും ഇരിക്കുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു– ഇങ്ങനെയെടുത്താൽ സീൻ ബോറാകുമോ?

ചിത്രം റിലീസായപ്പോൾ ഞാൻ ആദ്യ ഷോ തന്നെ കണ്ടു. ഒരു കുഴപ്പവുമില്ല. സാധാരണ നാട്ടിൻപുറത്തൊക്കെ കാണുന്ന ഒരു പശുത്തൊഴുത്ത് ആയിട്ടേ തോന്നുകയുള്ളൂ. ഇതേപോലെ മദ്രാസിൽ ‘യുദ്ധ’ത്തിന്റെ എഡിറ്റിങ് നടക്കുമ്പോൾ ഞാൻ ശശികുമാർ സാറിനെ കാണാൻ ചെന്നു. ഒരു സീനിൽ നസീർ സാറിന്റെ ഒരു ക്ലോസപ്പ് വേണം. അത് കാണുന്നില്ല. എഡിറ്റർ എല്ലായിടത്തും തപ്പുകയാണ്. അതുകണ്ട് ശശികുമാർ പറഞ്ഞു: ‘‘ഇനി തപ്പാനൊന്നും നിൽക്കണ്ട, നസീറിന്റെ സിന്ധു എന്ന ചിത്രത്തിന്റെ ക്ലോസപ്പ് എടുത്തിട്ടാൽ മതി.’’

അവിടെത്തന്നെയാണ് സിന്ധുവിന്റെയും എഡിറ്റിങ് നടന്നത്. ചിത്രം റിലീസ് ആയപ്പോൾ രണ്ടു പടത്തിന്റെയും ക്ലോസപ്പ് ഒരേപോലെ എനിക്കു തോന്നിയെങ്കിലും ഓഡിയൻസിനൊന്നും മനസ്സിലായില്ല.

ഇതാണ് ശശികുമാർ സാർ. ഇത്രയ്ക്ക് പ്രാക്ടിക്കലായി പടം ചെയ്യുന്ന ഒരു സംവിധായകൻ മറ്റൊരു ഭാഷയിലും കാണുമെന്നു തോന്നുന്നില്ല. നിർമാതാവിനു നഷ്ടം വരുന്ന ഒരു കാര്യത്തിനു വേണ്ടിയും അദ്ദേഹം നിൽക്കില്ല. സിനിമ ഒരു ആസ്വാദന കലാരൂപമാണെന്നും ഒരു ജനപ്രിയ ചിത്രത്തിന് അത്ര വലിയ നാച്വറാലിറ്റിയൊന്നും വേണ്ടെന്നുമുള്ള പക്ഷക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ അഡ്ജസ്റ്റ്മെന്റ് തിയറികൊണ്ട് ഒരു നിർമാതാവിനും കുത്തുപാള എടുക്കേണ്ടി വന്നിട്ടില്ലെന്നാണ് സിനിമപുരാണം പറയുന്നത്. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം ശശികുമാർ എന്ന സംവിധായകന്റെ പേര് പരാമർശിക്കാതെ ഒരു സിനിമാചരിത്രവും എഴുതാനാകില്ല എന്നാണ് എന്റെ വിശ്വാസം.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com