കോളിവുഡിൽ പുതിയ വിജയ സമവാക്യവുമായി ലവ് ടുഡേ. 5 കോടി ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 60 കോടി നേടിയാണ് ബോക്സ്ഓഫിസിൽ പുതിയ ചരിത്രം കുറിച്ചത്. ജയം രവി നായകനായ ‘കോമാളി’യുടെ സംവിധായകൻ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമാണ് ‘ലവ് ടുഡേ’. നവംബര്‍ നാലിന് തിയറ്ററിൽ എത്തിയ ചിത്രത്തിൽ നായകനായതും 29കാരനായ പ്രദീപ് തന്നെയാണ്. വിജയ് നായകനായെത്തിയ ‘ബിഗിൽ’ എന്ന ചിത്രം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ‘എജിഎസ്’ എന്റർടെയ്ൻമെന്റാണ് ‘ലവ് ടുഡേ’ നിർമിച്ചിരിക്കുന്നത്.
‘ലവ് ടുഡേ’യുടെ നിർമാണ ചെലവ് ഏകദേശം 5 കോടി രൂപ മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുളിൽ ചിത്രം 60 കോടിയിലധികം കലക്‌ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. പ്രദീപ് രംഗനാഥനും ഇവാനയും നായകനും നായികയുമായി എത്തിയ സിനിമയിൽ സത്യരാജും, രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പുതിയ തലമുറയ്ക്ക് ഏറെ പ്രിയമുള്ള വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഐടി.കമ്പനിയിൽ ജോലി ചെയ്യുന്ന നായകനും നായകിയും പ്രണയത്തിലാവുകയും നായികയുടെ പിതാവ് മകളുടെ പ്രണയത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. പ്രണയബന്ധം വിവാഹത്തിൽ കലാശിക്കണമെങ്കിൽ താൻ പറയുന്ന നിബന്ധന അംഗീകരിക്കണമെന്ന് പിതാവ് പറയുന്നു. ഒരു ദിവസത്തേക്ക് രണ്ടു പേരും തങ്ങളുടെ മൊബൈൽ ഫോൺ കൈമാറ്റം ചെയ്യണം. അതിനു ശേഷവും അവരുടെ ബന്ധം പഴയതുപോലെ മുന്നോട്ടു പോകുകയാണെങ്കിൽ വിവാഹത്തിനു സമ്മതിക്കാം എന്ന വിചിത്ര നിബന്ധനയാണ് പിതാവ് മുന്നോട്ടു വയ്ക്കുന്നത്. പിതാവിന്റെ നിർദേശമനുസരിച്ച് കമിതാക്കൾ ഫോൺ കൈമാറുന്നതും അതിന് ശേഷം ഉണ്ടാകുന്ന സംഭവബഹുലമായ സന്ദർഭങ്ങളുമാണ് ‘ലവ് ടുഡേ’യുടെ ഇതിവൃത്തം. ചിരിക്കാനും, ചിന്തിക്കാനുമുതകുന്ന വളരെ ലളിതമായ കഥാപരിസരമുള്ള ചിത്രം നല്ലൊരു മെസ്സേജ് കൂടി പകർന്നു നൽകുന്നുണ്ട്.
ഉദയനിധിയുടെ ‘റെഡ് ജയന്റ്’ മൂവീസാണ് 'ലവ് ടുഡേ' റിലീസിനെത്തിച്ചത്. തമിഴ്‌നാട്ടിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് കിട്ടുന്ന വമ്പൻ സ്വീകാര്യതയെത്തുടർന്ന് ഇപ്പോൾ ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. തിയറ്ററുകളിൽ ആളെ നിറച്ച് പ്രദർശനം തുടരുന്ന ചിത്രം മൊഴിമാറ്റം ചെയ്തു മറ്റു ഭാഷകളിൽ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്. സിനിമയുടെ തെലുങ്ക് പതിപ്പും കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള അവസരവും പ്രദീപ് രംഗനാഥന് കൈവന്നിട്ടുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.