ADVERTISEMENT

ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമിച്ച്, നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ തിയേറ്ററുകളിലെത്തുകയാണ്. മലയാളികൾക്കു പ്രിയങ്കരനായ ഉണ്ണി മുകുന്ദനാണ് ഷെഫീക്കായി എത്തുന്നത്. ആത്മീയ രാജൻ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, ബാല, രാഹുൽ മാധവ്, ഷഹീൻ സിദ്ദീഖ്, സ്മിനു സിജോ, മിഥുൻ രമേശ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോസഫ്, കോൾഡ് കേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആത്മീയയുടെ പുതുമയുള്ള വേഷം കൂടിയായിരിക്കും ഈ ചിത്രത്തില്‍ കാണാനാവുക. പ്രേക്ഷകരിൽ പുഞ്ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കുമിതെന്നും ട്രെയിലറിൽനിന്നു വ്യക്തം.

 

‘‘ഒരു ചെറിയ സിനിമയാണ് ഇത്. ഷെഫീക്കിന്റെ കഥ മാത്രമല്ല, ഷെഫീക്കിന്റെ ചുറ്റുമുള്ള കുറേ ആൾക്കാരുടെ കഥ കൂടിയാണ്. അവരുടെ അഭിനയം മികച്ചതായതു കൊണ്ടാണ് ഈ സിനിമ എനിക്ക് 200 ശതമാനവും  ഓക്കെ ആണെന്നു തോന്നുന്നത്. കാണുന്നവരിൽ ഒരു പുഞ്ചിരി എങ്കിലും കൊണ്ടുവരാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഷെഫീക്ക് എന്ന കഥാപാത്രത്തിനു പൈൽസുണ്ട്. അതു സംബന്ധിച്ചുള്ള തമാശകൾ സിനിമയിൽ ഉണ്ട്, എങ്കിലും ആ വിഷയത്തിന്റെ സീരിയസ്നസ് ഒട്ടും കളയാതെ പക്വതയോടു കൂടിയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിലീസായ പാട്ടുകളിൽനിന്ന്, ഷെഫീക്കിനുള്ള ബുദ്ധിമുട്ടുകളും ആത്മീയയുടെ ക്യാരക്ടറുമായുള്ള ബന്ധവും മനസ്സിലാക്കാനാവും’’ – ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ചുള്ള അഭിമുഖത്തിൽ ഉണ്ണി പറഞ്ഞു

 

താൻ അഭിനയിച്ചിരുന്ന ഒരേ രീതിയിലുള്ള സിനിമകളിൽനിന്ന് ഒരു മാറ്റമാണ് ഈ ചിത്രമെന്ന് ആത്മീയ പറയുന്നു. ഷൂട്ടിങ് എക്സ്പീരിയൻസ് രസകരമായിരുന്നുവെന്നും നല്ലൊരു ടീമിനൊപ്പമാണ് അഭിനയിക്കാൻ കഴിഞ്ഞതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

 

ഗൾഫിൽനിന്നും പാറത്തോട് എന്ന തന്റെ നാട്ടിലേക്കു മടങ്ങിയെത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനും അയാളുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. പലപ്പോഴും തമാശ രൂപേണ മാത്രം സംസാരിക്കുന്ന ഒരു ആരോഗ്യപ്രശ്നത്തെ പ്രാധാന്യം ഒട്ടും കുറയാതെ തന്നെ സിനിമ ചർച്ച ചെയ്യുന്നു. സിനിമയുടെ ട്രെയിലറിനും ടീസറുകൾക്കും മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ചിത്രത്തിലെ ‘ഖൽബിലെ ഹൂറി’, ‘പൊൻപുലരികൾ പോരുന്നേ’ എന്നീ രണ്ടു പാട്ടുകളും ഉണ്ണി മുകുന്ദൻ തന്നെയാണ് പാടിയിരിക്കുന്നത്. ഉണ്ണി യുടെ അച്ഛനും ഈ സിനിമയിൽ അഭിനയിക്കുന്നു.

 

ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുല്ല എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‍ക്കറ്റ്, അസോഷ്യേറ്റ് ഡയറക്ടര്‍ രാജേഷ് കെ.രാജൻ, പ്രമോഷൻ കൺസൽറ്റന്റ് വിപിൻ കുമാർ. ഡിസ്ട്രിബ്യൂഷൻ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്. പ്രൊഡക്‌ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പിആർഒ എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com