പെരുമാറ്റം കൊണ്ട് കൊച്ചുപ്രേമനെ അദ്ഭുതപ്പെടുത്തിയ മോഹൻലാൽ

kochupreman-aaraattu
SHARE

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടി’ലൂടെ, ഒരിടവേളയ്ക്കു ശേഷം മുഴുനീള വേഷവുമായി എത്തുകയാണ് മലയാളികളുടെ പ്രിയങ്കരനായ കൊച്ചുപ്രേമൻ. നെയ്യാറ്റിൻകര ഗോപനൊപ്പം ജനപ്രതിനിധിയായി തിളങ്ങിയതിന്റെ സന്തോഷത്തിലാണ് താരം. ആറാട്ടിന്റെ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു...(പുന പ്രസിദ്ധീകരിച്ചത്)

● ആറാട്ടിലേക്ക്‌

സംവിധായകനായ ബി.ഉണ്ണികൃഷ്ണൻ സർ ആണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഞാൻ ചെയ്ത വേഷങ്ങൾ കണ്ടതുകൊണ്ടാവാം, വളരെക്കാലം മുൻപു തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരു വേഷം ചെയ്യണമെന്ന് എന്നോടു പറഞ്ഞിരുന്നു. അത് നീണ്ടുപോയി. ഇപ്പോൾ സാഹചര്യങ്ങളനുകൂലമായപ്പോൾ ആറാട്ടിൽ ഞാനും ഒരു ഭാഗമായി. അതിൽ സന്തോഷമുണ്ട്. കാരണം ആറാട്ട് പോലെ ഒരു ചിത്രത്തിലാണ് അഭിനയിക്കാൻ സാധിച്ചത്. സത്യത്തിൽ ഈ കെട്ട കാലത്ത് അത് വലിയൊരു അനുഗ്രഹമാണ്.
.
● ലാൽ എന്ന മോഹൻലാൽ

നമ്മുടെ മുന്നിൽ ലാൽ എന്നു പറയുന്നത് ഒരു സൂപ്പർസ്റ്റാറാണ്. പക്ഷേ അദ്ദേഹം സെറ്റിൽ എത്തിക്കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റുകളോട് പോലും ചേർന്നുനിൽക്കുന്ന ഒരു സാധാരണ വ്യക്തിയാണ്. ലാലുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ്. മുതിർന്നപ്പോൾ ലാൽ സിനിമയിലും ഞാൻ നാടകത്തിലും സജീവമായി. തിരക്കുകൾ മൂലം പിന്നെ കാണാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം ‘പക്ഷേ’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ലാലിനെ കാണുന്നത്. നാടകം കഴിഞ്ഞു ഞാൻ ലൊക്കേഷനിലെത്തിയപ്പോഴേക്കും ലാൽ ഷൂട്ട് കഴിഞ്ഞ് കാരവാനിലേക്ക് പോയിരുന്നു. ലാലിന്റെ കാരവനിൽ പോയി കാണാം എന്ന് കൂടെയുള്ളവർ പറഞ്ഞു. ലാൽ മറന്നു കാണും എന്ന് കരുതി പോകാൻ മടിച്ചു. എങ്കിലും ഒന്ന് കാണാം എന്നു കരുതി കാരവനിലേക്ക് പോയി.

kochupreman-21

എന്നെ അദ്ഭുതപ്പെടുത്തിയ പെരുമാറ്റമായിരുന്നു ലാലിന്റേത്. വർഷങ്ങളായി കണ്ടു പിരിഞ്ഞിട്ടെന്ന ഭാവമേതുമില്ലാതെയാണ് ലാൽ എന്നോടു സംസാരിച്ചത്. പിന്നീട് ‘ഗുരു’ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ചഭിനയിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ.

ഇതുവരെയുള്ള ചിത്രങ്ങൾ പോലെയായിരുന്നില്ല ആറാട്ട്. ഇത്രയധികം ദിവസങ്ങൾ ലാലിനൊപ്പം അഭിനയിക്കാനും ഇടപെടാനും സാധിച്ചത് നല്ലൊരു അനുഭവമായിരുന്നു. ‘ഗുരു’ വിൽ പോലും ഏകദേശം 40 ദിവസം ഷെഡ്യൂൾ ആണെങ്കിൽ ആറാട്ടിൽ അത് എൺപത്തിയഞ്ചിലധികം ദിവസങ്ങളാണ്. മിക്കതും ലാലുമായുള്ള കോംബിനേഷൻ സീനുകളുമായിരുന്നു.

● ഭരണപക്ഷവും പ്രതിപക്ഷവും

ക്യാമറയുടെ മുന്നിൽ ഭരണപക്ഷവും പ്രതിപക്ഷവുമായിരുന്നെങ്കിലും അതിനു പുറത്ത് എല്ലാവരും ഒറ്റക്കെട്ടായിരുന്നു. താമസവും പോക്കും വരവും ഞങ്ങൾ എല്ലാം ഒരുമിച്ചു തന്നെയായിരുന്നു. ക്യാരക്ടർ അനുസരിച്ചുള്ള ഇണക്കങ്ങളും പിണക്കങ്ങളും മാത്രമേ ഞങ്ങളുടെ ഇടയിലും ഉണ്ടായിരുന്നുള്ളൂ.

● ഷൂട്ടിങ് ഇടവേളകൾ

കോവിഡ് കാലം നൽകിയ ഭീതി മറന്ന ദിവസങ്ങളായിരുന്നു അവയെല്ലാം. രാവിലെ ആറു മണിക്ക് സെറ്റിലേക്ക് പോയാൽ രാത്രി 11 മണി വരെയൊക്കെ അവിടെ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇടവേളകൾ ലഭിച്ചിരുന്നു, അവയെല്ലാം രസകരവുമായിരുന്നു. പാലക്കാടൻ ചൂടിനെ മറികടക്കാനായത് ഇടവേളകളിൽ ഉണ്ടാകാറുള്ള സൗഹൃദസംഭാഷണങ്ങളിലൂടെയാണ്. തമാശകൾ പറയാനിഷ്ടമായതു കൊണ്ടും എന്റെ രീതികൾ ഇങ്ങനെയായതുകൊണ്ടുമൊക്കെ അവിടെ ഞാനൊരു ജോക്കർ ആയിരുന്നു. അൽപം വിശ്രമിക്കാം എന്നു കരുതി ഞാൻ മാറിയിരിക്കുകയാണെങ്കിൽ പോലും എന്നെ ലാൽ ഉൾപ്പെടെയുള്ളവർ പലരെയും വിട്ട് വിളിപ്പിക്കുകയും അടുത്തിരുത്തി കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുമായിരുന്നു.

● പൊതുവേ ഫൈറ്റ് സീനുകളിൽ കാണാറില്ലല്ലോ?

kochu
രൂപാന്തരം സിനിമയിൽ നിന്നും (വലത്)

എനിക്ക് എന്റെ ശരീരഘടനയെപ്പറ്റി ബോധ്യം ഉള്ളതുകൊണ്ട് സംവിധായരോട് ഫൈറ്റിൽനിന്ന് ഒഴിവാക്കണമെന്നു പറയാറുണ്ട് (ചിരിക്കുന്നു). തുടക്കകാലം മുതൽ സംഘട്ടന രംഗങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രമിച്ചിരുന്നു.

അവസരങ്ങൾ കുറയുന്നുണ്ടോ?

അങ്ങനെ ചോദിച്ചാൽ ഒരു കാര്യം പറയാനുണ്ട്. ഞങ്ങളെപ്പോലുള്ള ചെറിയ കലാകാരന്മാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് പല്ലുവേദന, ചെവിവേദന പോലെയുള്ള അസുഖങ്ങൾ പോലും അവസരം കുറയ്ക്കുന്നുവെന്നതാണ്. ഇതേപോലെയുള്ള നിസ്സാര കാരണങ്ങൾ കൊണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ പോലും അതിനെ പർവതീകരിച്ച്, ഗുരുതരമായ രോഗങ്ങൾ കൊണ്ട് മല്ലിടുന്നു എന്ന തരത്തിൽ വാർത്തകൾ വരുകയും അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്തുപറയാൻ സിനിമ ഉപജീവനമാർഗമാക്കിയ പലരും മടിക്കുന്നുമുണ്ട്.

● നെയ്യാറ്റിൻകര ഗോപന്റെ ഭാഷ

തിരുവനന്തപുരത്ത് ജനിച്ചു വളർന്ന മോഹൻലാലിന് അത് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞതായി തോന്നി. തിരുവനന്തപുരത്തുകാരുടെ സംസാരത്തെ വികലമായി അനുകരിക്കുന്നവരുമുണ്ട്.

● ഫ്രീക്കൻ ആയി തിളങ്ങി. പക്ഷേ പിന്നീട്‌ കുറച്ച് കഴിഞ്ഞാണ് വെള്ളിത്തിരയിൽ..

മുമ്പ് എന്നെപ്പോലെ ഒരു നടന് സിനിമയിലേക്കു വരാനുള്ള സാഹചര്യമില്ല എന്നു ഞാൻ കരുതി. സിനിമ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ലോകമാണ് എന്നാണ് ഞാൻ തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ കുറച്ചു വർഷങ്ങൾക്കുശേഷം ആ ചിന്താഗതി മാറി. പിന്നീടാണ് ഗ്ലാമറിന്റെ പശ്ചാത്തലം മാറി കഴിവുള്ള ആർക്കും വേഷം ചെയ്യാം എന്നുള്ള അവസ്ഥയിലേക്ക് ഇൻഡസ്ട്രിയും വളർന്നത്. ഇന്ന് സിനിമയിലെ നിലനിൽപിനു പ്രധാന കാരണം അഭിനയമികവും കഴിവുമാണ് എന്ന് ഞാനുൾപ്പടെയുള്ള എല്ലാവരും തിരിച്ചറിയുന്നുമുണ്ട്.

● രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടല്ലോ. അതിലൊന്നായ അരിമ്പാറയിലെ അനുഭവം കൂടി പങ്കുവയ്ക്കാമോ?

മുരളി നായരാണ് ‘അരിമ്പാറ’യുടെ സംവിധായകൻ. ഷൂട്ടിങ് ചമ്രവട്ടത്ത് ആയിരുന്നു. ഞാനന്ന് നാടകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്. ഷൂട്ടിന് വിളിച്ച ദിവസം എനിക്ക് ഇവിടെ ഒരു നാടകവുമുണ്ട്. അതുകൊണ്ട് നാടകം കഴിഞ്ഞു രാത്രിയിലാണ് ഷൂട്ടിങ്ങിന് പോയത്. ഇന്നത്തെപ്പോലെ വാഹന സൗകര്യവും അന്നില്ല. ആദ്യകാല സ്പോട്ട് ഡബ്ബിങ് ചിത്രമാണത്. സെറ്റിൽ ചെന്നപ്പോഴാണ് സ്പോട്ട് ഡബ്ബിങ് ആണ് എന്നറിയുന്നതുപോലും. അതിനായി വളരെയേറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. പക്ഷേ നല്ല വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷമാണ് പ്രധാനം. ഇനി കുറച്ചു സീരിയസ് വേഷങ്ങൾ കൂടി ചെയ്യണമെന്ന ആഗ്രഹവുമുണ്ട്.

● ആറാട്ടിനെപ്പറ്റി

ഈ സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ ഞാൻ മനസ്സിലാക്കിയത് ലാൽ മുൻപു ചെയ്തിട്ടുള്ള, അല്ലെങ്കിൽ അതേ സ്വഭാവമുള്ള ഒരു ക്യാരക്ടർ ആണ് നെയ്യാറ്റിൻകര ഗോപൻ എന്നതാണ്. മുൻപു ചെയ്തിട്ടുള്ളതു കൊണ്ടുതന്നെ ജനപ്രീതി ലഭിക്കാനുള്ള സാധ്യതയും ഞാൻ പ്രതീക്ഷിച്ചു. കാരണം ലാൽ സീരിയസും കോമഡിയും ഒരേപോലെ കൈകാര്യം ചെയ്തിട്ടുള്ള ചിത്രങ്ങളിൽ പലതും തിയറ്ററിൽ വിജയമാണ്. അതുകൊണ്ട് ആറാട്ടും ഒരു വിജയചിത്രം ആണെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. അത് അതേപോലെ സംഭവിച്ചിട്ടുണ്ടെന്ന് കേൾക്കുന്നതിലും സന്തോഷം.

● പുതിയ സിനിമകൾ

നവാഗത സംവിധായകരുടെ മൂന്ന് ചിത്രങ്ങൾ റീലീസിനൊരുങ്ങുന്നു. ആറാട്ട് കണ്ടിട്ട് നിരവധി പേർ വിളിച്ചു. കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS